ഫെബ്രുവരി 1 : 10.30

ഫെബ്രുവരി 4 : 7.26

ഫെബ്രുവരി 9 : 7.47

ഫെബ്രുവരി 15 : 7.31

ഫെബ്രുവരി 19 : 6.67

ഫെബ്രുവരി 25 : 5.78

കേരളത്തിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെയാണ് കഴിഞ്ഞ ഒരു മാസം കുറഞ്ഞത്. ആക്ടിവ് കേസുകളുടെ എണ്ണം 69207ൽ നിന്നും 51879 ആയാണ് ഈ കാലയളവിൽ കുറഞ്ഞത്. വളരെ ആശ്വാസകരമായ രീതിയിലാണ് കോവിഡ് ഭീഷണിയിൽ നിന്നും നാം കരകയറുന്നത്.

ഈ കാലയളവിൽ പ്രധാനപ്പെട്ട രണ്ട് വിവരങ്ങൾ പുറത്തു വന്നു.

  1. 2020ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 2019ലെ മരണങ്ങളെക്കാൾ 29,365 എണ്ണം കുറവാണ്. മുഴുവൻ ജനന-മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനം എന്ന നിലയിൽ ഈ കണക്ക് ഒരു സൂചനയാണ്. കോവിഡ് കാരണമുള്ള മരണങ്ങൾ കൂടുതലായി സംഭവിക്കാൻ കാരണമായേക്കാവുന്ന നിരവധി റിസ്ക് ഫാക്ടറുകളുള്ള നമ്മുടെ സംസ്ഥാനത്ത് കോവിഡ് കാലത്ത് മുൻവർഷത്തെക്കാൾ മരണം കുറഞ്ഞിരിക്കുന്നു. നമ്മുടെ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചു എന്നതിന്റെ ഏറ്റവും നല്ല സൂചകമാണിത്.
  2. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലാണ് മൂന്നാമത് സിറൊ പ്രിവലൻസ് സർവെ ഐസിഎംആർ നടത്തിയത്. രാജ്യത്ത് നൂറിൽ 22 പേർക്ക് കോവിഡ് വന്നതായാണ് സർവെ റിപ്പോർട്ട് പറയുന്നത്. എന്നാൽ, കേരളത്തിൽ ഇത് 11.4 ശതമാനം മാത്രമാണ്. അതായത്, കർശനമായ കോവിഡ് പ്രതിരോധ നടപടികൾ രോഗപ്പകർച്ചയെ കൃത്യമായി പ്രതിരോധിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെടുന്നത്. സർവെ പ്രകാരം തമിഴ്നാട്ടിൽ പത്തിൽ മൂന്ന് പേർക്കും തെലങ്കാനയിൽ പത്തിൽ നാല് പേർക്കും രോഗം വന്ന് പോയിട്ടുണ്ടെങ്കിൽ കേരളത്തിൽ അത് പത്തിൽ ഒരാൾക്ക് മാത്രമാണ്. ഇനിയും കോവിഡ് രോഗപ്പകർച്ചയുടെ ഭീഷണി നിലനിൽക്കും എന്നതും അത് മനസിലാക്കി പ്രതിരോധ നടപടികൾ തുടരണം എന്നതുമാണ് ഇതിന്റെ മറുവശം.

വളരെയധികം വെല്ലുവിളികളുള്ള ഒരു ദൗത്യമാണ് കേരളസർക്കാർ ഏറ്റെടുത്തിരുന്നത്. തുടക്കം മുതൽ തന്നെ ഇക്കാര്യത്തിലെ സർക്കാരിന്റെ ഇടപെടൽ വലിയ അംഗീകാരം നേടിയെടുത്തു. ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങൾ അയഞ്ഞു തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചതു പോലെ വ്യാപനം സംഭവിച്ചു. ആ വ്യാപനത്തിനിടയിലും മരണനിരക്ക് കുറച്ച് നിർത്താനും രാജ്യത്തെത്തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉണ്ടായിട്ടും പകർച്ചയെ തടയാനും ആരോഗ്യവകുപ്പിന് സാധിച്ചു.

ഈ നേട്ടങ്ങളെ വില കുറച്ച് കാട്ടാൻ യുഡിഎഫ് സീറ്റ് മോഹികളായ ചില വിദഗ്ദർ ആദ്യം മുതൽ തന്നെ ശ്രമിച്ചു കൊണ്ടേയിരുന്നു. മരണനിരക്ക് കുറച്ചു കാണിക്കുന്നു എന്നായിരുന്നു ആദ്യ ആരോപണം. രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണത്തിലെ കുറവിനെപ്പറ്റി വിവരങ്ങൾ പുറത്തുവന്നതോടെ ആ വാദം പറഞ്ഞ് ജനത്തെ ആശങ്കപ്പെടുത്താണുള്ള ഐഡിയ ചീറ്റി.

രാജ്യത്തെ പകുതിയിലേറെ രോഗികൾ കേരളത്തിലാണ് എന്ന രീതിയിലുള്ള പ്രചാരണമായി അടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ടെസ്റ്റിങ്ങ് പരിപാടികളിലെ വിശ്വസ്യതയൊക്കെ ബിഹാറിലെ ടെസ്റ്റ് തട്ടിപ്പ് വാർത്തകൾ വന്നതോടെ പൊളിഞ്ഞു. സിറോ സർവെ റിസൾട്ടിൽ ദില്ലിയിലൊക്കെ പകുതിയോളം പേർക്കും വന്ന് പോയി എന്നാണ് പറയുന്നത്. ദേശീയ ശരാശരിയിലും പകുതി മാത്രം പേർക്ക് രോഗം വന്നതായി ഐസിഎംആർ പഠനത്തിൽ പറയുന്ന കേരളത്തെ ഇനി എന്ത് പറഞ്ഞ് കുറ്റപ്പെടുത്തും.

അപ്പോഴാണ് വിദഗ്ദൻ സിറോ സർവെയെത്തന്നെ തള്ളിക്കളയാൻ ഇറങ്ങിയിട്ടുള്ളത്. അതിന് ചൂട്ടു പിടിച്ചു കൊടുക്കാൻ യുഡിഎഫ് പത്രം മനോരമയും. പണ്ടൊരു തെരഞ്ഞെടുപ്പ് സർവെ റിസൾട്ട് വന്നപ്പോഴാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനിയൊരു പ്രളയം വരും, വരൾച്ച വരും എന്നൊക്കെ പ്രതീക്ഷ വെച്ചത്. അതുപോലെ, കേരളമാകെ കോവിഡ് 19 വൈറസ് ആക്രമണത്തിൽ തകർന്നു പോകുമെന്ന് കരുതിയാണ് യുഡിഎഫിലെ വിദഗ്ദരും പത്രവും ഓരോ ദിവസവും കാത്തിരുന്നത്. ആധികാരിക ഏജൻസികളുടെ പഠനവിവരങ്ങൾ കണ്ട് ആ പ്രതീക്ഷ പൊളിഞ്ഞപ്പോൾ സിറോ പ്രിവലൻസ് സർവെ തന്നെ മോശമെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് പത്രം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *