തിരുവനന്തപുരം > കോവിഡ് ബാധിച്ച് മരിച്ചവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നുവെന്നും എൻഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴി എടുത്തെന്നും രണ്ട് നുണ വാർത്ത ഒന്നാംപേജിൽ നിരത്തി മനോരമ. കോവിഡ് പ്രതിരോധത്തിന് തുരങ്കംവയ്‌ക്കാൻ കെട്ടിച്ചമച്ച കള്ളവാർത്തകളുടെ പട്ടികയിൽ ഒടുവിലത്തേതാണ് ‘തിരുത്തരുത് മരണസംഖ്യ’എന്ന പേരിൽ വ്യാഴാഴ്‌ച ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച ലീഡ് വാർത്ത.
നയതന്ത്ര ചാനൽവഴി യുഎഇ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളുടെയും ഹാജരാക്കിയ സർട്ടിഫിക്കറ്റുകളുടെയും വിവരം തേടി എൻഐഎ ഉദ്യോഗസ്ഥൻ കത്ത് നൽകാനെത്തിയതിനെ ‘പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്ത് എൻഐഎ’ എന്ന തലക്കെട്ടിൽ വളച്ചൊടിച്ചു. ഒരു ലജ്ജയുമില്ലാതെ സർക്കാരിനെതിരെ നിരന്തരം നുണവാർത്ത നൽകാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മനോരമ.
കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്‌ക്കാൻ സർക്കാർ തരംതിരിവ് നടത്തുന്നുവെന്ന ‘കണ്ടെത്തൽ’ നേരത്തേ പൊളിഞ്ഞതാണ്. എന്നിട്ടും ഉളുപ്പില്ലാതെയാണ്, സർക്കാരിനെതിരെ വിദഗ്‌ധ സമിതി രംഗത്ത് എന്ന് ഇല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അടുത്ത നുണ. കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 129 പേരേ മരിച്ചിട്ടുള്ളൂ. മറ്റ് രോഗങ്ങളുള്ളവർ ഏതെങ്കിലും സാഹചര്യത്തിൽ കോവിഡിനുകൂടി ഇരയാകുകയും മരിക്കുകയും ചെയ്‌താൽ അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് മരണത്തിന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കോവിഡ് ബാധിച്ച് വലിയതോതിൽ മരണം നടക്കുകയാണെന്നും സർക്കാർ വിവരം മറച്ചുവയ്‌ക്കുകയാണെന്നും വരുത്തുകയാണ് ലക്ഷ്യം. കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ ആരോപണം ശരിയെന്നു വരുത്തി ജനങ്ങളെ അസ്വസ്ഥരാക്കുകയാണ് ലക്ഷ്യം. ഈ പ്രചാരണത്തിൽ അന്തംവിട്ടിരിക്കുകയാണ് ആരോഗ്യരംഗത്തുള്ളവർ.
കത്ത് നൽകിയതും വളച്ചൊടിച്ചു
കഴിഞ്ഞ രണ്ടു വർഷത്തിനിടെ എത്തിയ നയതന്ത്ര ബാഗേജുകൾ സംബന്ധിച്ച് കൈവശമുള്ള രേഖകളുടെ വിവരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ പ്രോട്ടോകോൾ ഓഫീസർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഇതിനെയാണ് പാഴ്‌സലിന്റെ പിന്നാമ്പുറം ചികഞ്ഞ് എൻഐഎ സെക്രട്ടറിയറ്റിലെത്തിയെന്ന് വ്യാഖാനം ചമച്ചത്. ഈ മാസം 19നുള്ളിൽ വിവരം അറിയിക്കാമെന്ന് പ്രോട്ടോകോൾ ഓഫീസർ അറിയിക്കുകയും ചെയ്‌തു.
ബാഗേജുകൾക്ക് ക്ലിയറൻസ് നൽകിയത് സംബന്ധിച്ച് ഒരു സർട്ടിഫിക്കറ്റും കസ്റ്റംസ് പ്രോട്ടോകോൾ വിഭാഗത്തിൽ അറിയിച്ചിട്ടില്ല. പാഴ്‌സൽ എത്തിയ വിവരമോ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ട വിവരമോ കോൺസുലേറ്റും അറിയിച്ചിട്ടില്ല. വസ്‌തുത ഇതായിരിക്കെയാണ് എൻഐഎയുടെ ചോദ്യംചെയ്യൽ നുണ.
മനോരമയുടെ പുതിയ നുണ കോസ്റ്റ്ഫോര്‍ഡിന്റെ പേരിൽ
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിവഴിയുള്ള ഫ്ളാറ്റ് സമുച്ചയ നിർമാണത്തിന് യൂണിടാക്കിന് വഴിയൊരുക്കിയത് സർക്കാർ ഏജൻസിയായ കോസ്റ്റ്ഫോർഡിന്റെ എസ്റ്റിമേറ്റ് തള്ളിയാണെന്ന് മലയാളമനോരമയുടെ പുതിയ നുണ. ഫ്ളാറ്റ് സമുച്ചയ നിർമാണത്തിന്റെ ഒരുഘട്ടത്തിലും കോസ്റ്റ് ഫോർഡ് ഇടപെട്ടിട്ടില്ലെന്ന് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടർ പി പി രാജീവ് പറഞ്ഞു.
എസ്റ്റിമേറ്റ് തയ്യാറാക്കാൻ കോസ്‌റ്റ് ഫോർഡിനെ ആരും ഒരു ഘട്ടത്തിലും ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എസ്‌റ്റിമേറ്റ് സമർപ്പിച്ചെന്നും തള്ളിയെന്നും മറ്റുമുള്ള വാദങ്ങൾ അസംബന്ധമാണ്. 20 കോടിയുടെ എസ്‌റ്റിമേറ്റ് കോസ്‌റ്റ്‌ഫോർഡ് സമർപ്പിച്ചുവെന്നുവരെ മനോരമ തട്ടിവിട്ടു. ആകെയുണ്ടായത്, ടി ആർ ചന്ദ്രദത്ത് കോസ്റ്റ്ഫോർഡ് ഡയറക്ടറായിരിക്കേ ലൈഫ് മിഷൻ പദ്ധതിയുടെ ആരംഭകാലത്ത് ചില ആലോചനകൾ നടന്നുവെന്നത് മാത്രമാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭൂമിഗീതം പരിപാടിയിലൂടെ സമാഹരിച്ച 2.5 കോടി രൂപ ഉപയോഗിച്ചാണ് വടക്കാഞ്ചേരിയിൽ 2.5 ഏക്കർ ഭൂമി വാങ്ങിയത്. സംസ്ഥാന സർക്കാരും യുഎഇ റെഡ്ക്രസന്റും ചേർന്നുണ്ടാക്കിയ എംഒയുവിന്റെ അടിസ്ഥാനത്തിൽ സുതാര്യമായാണ് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണം മുന്നോട്ടുപോകുന്നത്.
Read more: https://www.deshabhimani.com/special/news-articles-14-08-2020/888889
0 Comments