ആറ് കെപിസിസി ജനറൽ സെക്രട്ടറിമാരുമായി സുരേന്ദ്രന്റെ രഹസ്യചർച്ച….
കെപിസിസി അധ്യക്ഷസ്ഥാനം കൈവിട്ടുപോകാതിരിക്കാനുള്ള പെടാപ്പാടിൽ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ സി ജോസഫിനും കെ ബാബുവിനും സീറ്റിന് സമ്മർദം ചെലുത്തി ഉമ്മൻചാണ്ടി. മുല്ലപ്പള്ളിയെ ഏതുവിധേനയും മത്സരക്കളത്തിലിറക്കി പ്രസിഡന്റ് സ്ഥാനം കൈയാളാനുള്ള തന്ത്രവുമായി കെ സുധാകരൻ. സീറ്റ് ചർച്ചകളിൽ സജീവമാകാതെ കെ മുരളീധരൻ. ഒളിപ്പോരിൽ ഉലഞ്ഞ് കോൺഗ്രസ് സ്ഥാനാർഥി നിർണയം കരയ്‌ക്കടുക്കാതെ നീളുമ്പോൾ മുസ്ലിംലീഗിലും കേരള കോൺഗ്രസിലും നിരാശ.
കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ്, പന്തളം സുധാകരന്റെ അനുജനും കെപിസിസി സെക്രട്ടറിയുമായ പന്തളം പ്രതാപൻ എന്നിവർക്ക് പിന്നാലെ കൂടുതൽ പേർ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണ്. ആറ് ജനറൽ സെക്രട്ടറിമാരുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രഹസ്യ ചർച്ച നടത്തി. സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നശേഷം കൂടുതൽ ആശയവിനിമയത്തിന് തയ്യാറാണെന്ന് പലരും അറിയിച്ചു. കെ സുരേന്ദ്രൻ ക്ഷണിച്ചതായി വിജയൻ തോമസ് വെളിപ്പെടുത്തി. എൽഡിഎഫിന് തുടർ ഭരണമെന്ന് നിരന്തരം പുറത്തുവരുന്ന സർവേ ഫലങ്ങളും യുഡിഎഫ് വിടാൻ പലരെയും പ്രേരിപ്പിക്കുന്നു.
0 Comments