
കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയതിന് കുടുംബത്തെയടക്കം വകവരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എറണാകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് കളമശ്ശേരി മണ്ഡലം മുൻ സെക്രട്ടറിയും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമായിരുന്ന അഡ്വ. ജിയാസ് ജമാലാണ് ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെയും ഭാര്യയെയും മർദ്ദിച്ച കളമശ്ശേരി നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാലിനും ഭർത്താവും കോൺഗ്രസ് നേതാവുമായ ജമാൽ മണക്കാടനും എതിരെ പരാതി നൽകിയതിന് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ജിയാസിന്റെ ആരോപണം. റുഖിയയുടെ സഹോദരൻ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഫേസ്‌ബുക്കിലൂടെയാണ് ജിയാസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
ജിയാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
കോൺഗ്രസ്സ് നേതാക്കൾ വായിച്ചറിയുവാൻ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു പ്രവർത്തകന്റെ കത്ത്..
കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം എന്റെ സുഹൃത്തിന്റെ കല്യാണ ചടങ്ങിനിടെ കോൺഗ്രസ് നേതാവ് ജമാൽ മണക്കാടന്റെ ഭാര്യ റുഖിയ ജമാൽ എന്ന സ്ത്രീയുടെ നേതൃത്വത്തിൽ എന്നെ ക്രൂരമായി മർദ്ദിച്ച സംഭവം നിങ്ങൾ അറിഞ്ഞതാണല്ലോ.അവർക്ക് കോൺഗ്രസ് പാർട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ,എന്റെ ഭാഗം കേൾക്കാതെ കോൺഗ്രസ് നേതൃത്വം എന്നെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.എന്നെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദിന് പരാതി നൽകിയിട്ടും കണ്ട ഭാവം നടിച്ചില്ല.എന്നെയും എന്റെ ഭാര്യയെയും മർദ്ദിച്ചതിന് 2 കേസുകൾ നിലവിലുണ്ട്.
ഞാൻ കൊടുത്ത പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് മുതൽ ഇന്നുവരെ കേസ് പിൻവലിപ്പിക്കാൻ അവർ പല തരത്തിൽ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ജമാൽ മണക്കാടൻ പറയുന്ന രീതിയിൽ പ്രവർത്തിക്കുകയും അയാൾക്കും ഭാര്യക്കുമെതിരെ കൊടുത്ത കേസുകൾ പിൻവലിച്ചാൽ പാർട്ടിയിൽ തിരിച്ചെടുക്കാമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്.ഇതിനെതിരെ നാല് മാസം മുമ്പ് കെപിസിസി പ്രസിഡന്റിന് ഞാൻ പരാതി നൽകുകയും അദ്ദേഹം നടപടിയെടുക്കുവാൻ ഡിസിസിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു . ജമാൽ മണക്കാടനും ഭാര്യക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാതിരുന്നതിനാൽ ഡിസിസി നേതൃത്വം എന്നോട് പ്രതികാരം വീട്ടുകയാണ്..
എന്നെ ആക്രമിച്ച റുഖിയയുടെ സഹോദരൻ സിദ്ധിക്ക് എന്നെ നിരവധി തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാൻ ജോലിക്ക് പോകുമ്പോൾ വാഹനമിടിപ്പിച്ച് എന്നെ അപായപ്പെടുത്താൻ നിരവധി തവണ ശ്രമമുണ്ടായി. എനിക്കുമുണ്ട് കുടുംബവും കുട്ടിയും. ഒന്ന് രണ്ട് വട്ടം വീട്ടിൽ വന്ന് ആക്രമിക്കാൻ ശ്രമമുണ്ടായത് കൊണ്ട് ഇപ്പോൾ വീട്ടിൽ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. എനിക്ക് സ്വസ്ഥമായി ജീവിക്കണം..പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിലും എന്റെ ജീവൻ എടുക്കരുതെന്ന് ഇവരോട് പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.
0 Comments