സച്ചിനെക്കുറിച്ചും ഹാർദ്ദിക്കിനെക്കുറിച്ചും.
ക്രിക്കറ്റ് കളിക്കാരെപ്പറ്റിയല്ല. സച്ചിൻ പൈലറ്റിനെക്കുറിച്ചും ഹാർദ്ദിക്‌ പട്ടേലിനെക്കുറിച്ചുമാണ് പറയാനുള്ളത്. കോൺഗ്രസിലെ കളിക്കാരെപ്പറ്റിയും ആ പാർടിയുടെ ഇന്നത്തെ ‘അവസ്ഥ’യെപ്പറ്റിയുമെന്ന് ചുരുക്കം.
മാർച്ച് 9 നാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഏതാണ്ട് അതേ സമയം തന്നെ സച്ചിൻ പൈലറ്റും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചാടാൻ തീരുമാനിച്ചുറച്ചതായിരുന്നുവെന്നാണ് വിവരം. എന്നാൽ തന്റെ ഭാര്യയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളുമായ സാറാ അബ്ദുള്ള, സഹോദരനായ ഒമർ അബ്ദുള്ളയെ അന്യായമായി തടവിൽ പാർപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ പോയത് ഫെബ്രുവരിയിലായിരുന്നു. സിന്ധ്യ കോൺഗ്രസ് കൂടാരം വിട്ട് ബിജെപിയിലേക്ക് ചാടുന്ന സമയത്ത് സച്ചിൻ പൈലറ്റ് മനസ്സുകൊണ്ട് അയാൾക്കൊപ്പമായിരുന്നുവെങ്കിലും കോൺഗ്രസ്സിൽ തുടരാൻ അയാൾ അങ്ങനെ നിർബന്ധിതനാവുകയായിരുന്നു.
ഒമർ അബ്ദുള്ള വീട്ടുതടങ്കലിൽ കിടക്കുകയും ഭാര്യ അതിനെതിരെ നിയമപോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സമയത്ത് താൻ ബിജെപിയിൽ ചേരുന്നത് നന്നാവില്ലെന്ന് പൈലറ്റ് കണക്കുകൂട്ടിക്കാണണം. അതായത്, സാറയുടെ നിയമയുദ്ധം നീണ്ടുപോയതുകൊണ്ടുമാത്രമാണ് മധ്യപ്രദേശ് സർക്കാർ വീണപ്പോഴും രാജസ്‌ഥാനിൽ കോൺഗ്രസ് ഭരണത്തിൽ തുടർന്നത്. ഒടുവിൽ സാറയുടെ ഇടപെടലിന്റെ ഫലമായി എട്ട് മാസത്തെ തടവുജീവിതവും കഴിഞ്ഞ് മാർച്ച് അവസാനയാഴ്ച ഒമർ അബ്ദുള്ള പുറംലോകം കണ്ടു. തൊട്ടുപിന്നാലെ രാജ്യമാകെ ലോക്ക്ഡൗണിലേക്ക് പോവുകയും ചെയ്തു. മൂന്നുമാസങ്ങൾക്കുശേഷം ഡൽഹിയിലേക്ക് ഫ്ലൈറ്റ് സർവ്വീസൊക്കെ ആരംഭിച്ചപ്പോഴേക്കും സച്ചിൻ പൈലറ്റ് ബിജെപിയിലേക്കുള്ള സേഫ് ലാൻഡിംഗിന് ശ്രമിക്കുകയാണ്. ഒരുപക്ഷേ, അല്പകാലം കൂടി അയാൾ കോൺഗ്രസ്സിൽ തുടർന്നേക്കാനും മതി. അപ്പോഴും അയാളുടെ ആത്യന്തിക ലക്ഷ്യം ബിജെപിയിലൂടെയുള്ള മുഖ്യമന്ത്രി കസേരയാണ്.
ഇനി തനിക്ക് ബിജെപി മുഖ്യമന്ത്രി കസേര ഓഫർ ചെയ്യുന്നില്ലെങ്കിൽ കാത്തിരിക്കാനും പൈലറ്റ് തയ്യാറാണ്. ബിജെപിയിൽ ചേക്കേറി കാത്തിരിക്കാനാണോ അതല്ല കോൺഗ്രസ്സിൽ തുടർന്നുകൊണ്ട് അമിത് ഷായുടെ വിളിക്കായി കാത്തിരിക്കാനാണോ അയാളുടെ തീരുമാനം എന്നേ അറിയേണ്ടതുള്ളൂ.
കോൺഗ്രസ്സിൽ തുടർന്നാണ് ആ കാത്തിരിപ്പെങ്കിൽപ്പോലും പൈലറ്റിന്റെ ആദ്യദൗത്യം ഉറ്റ സുഹൃത്തായ ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായി വസുന്ധരാ രാജ സിന്ധ്യയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നതാവും. അതിനുവേണ്ടി സ്വന്തം എംഎൽഎമാരെ കച്ചവടം ചെയ്യാനും പൈലറ്റിന് മടിയുണ്ടാവില്ല.
ഇനി ഹാർദ്ദിക്‌ പട്ടേലിലേക്ക് വരാം.
സംവരണ വിരുദ്ധനും ഗുജറാത്തിലെ പട്ടേൽ സമരനേതാവുമായ ഹാർദ്ദിക്‌ പട്ടേലിനെ സോണിയാ ഗാന്ധി ഗുജറാത്ത്‌ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചെന്നാണ് വാർത്ത. സംഘപരിവാർ ഫ്രിഞ്ച് ഗ്രൂപ്പായ Patidar Anamat Andolan Samiti യുടെ നേതാവായിരുന്ന ഹാർദ്ദിക്കിനെ പാർടി വർക്കിങ് പ്രസിഡന്റാക്കുന്നതുവഴി പട്ടേൽ വോട്ടുകളും സംവരണവിരുദ്ധവോട്ടുകളും സമാഹരിക്കാമെന്നാണ് കോൺഗ്രസ്സിന്റെ കണക്കുകൂട്ടൽ. അധികാരം കിട്ടാൻ ഇതുപോലുള്ള ഓരോ എളുപ്പപ്പണികൾ ചെയ്തുകൂട്ടിയാണ് തങ്ങളിവിടെ പരിവാറിന് വളം വെച്ചുകൊടുത്തതെന്ന് കോൺഗ്രസ്സുകാർ പിന്നെയും മറക്കുകയാണ്.
ഒരുവശത്ത് ഭാവി ദേശീയ അധ്യക്ഷൻമാരായി ആഘോഷിക്കപ്പെട്ട രാഹുൽ ബ്രിഗേഡിലെ ഏറ്റവും പ്രധാനികൾ ബിജെപിയിലേക്ക് ചാടുന്നു. മറുവശത്ത് തനി സവർണസംഘിയെ പാർടി സംസ്‌ഥാന വർക്കിങ് പ്രസിഡന്റായി വാഴിക്കുന്നു. വല്ലാത്ത പാർടി തന്നപ്പോ. സംഘ്പരിവാറിനുള്ള ബദൽ കോൺഗ്രസ്സ് മാത്രമാണെന്ന് ലിബറൽ ബുദ്ധിജീവികൾ പിന്നെയും പിന്നെയും പറഞ്ഞോണ്ടിരിക്കുമെന്നതാണ് തമാശ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *