മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ.

ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ 202 പേരും കോൺഗ്രസ്സ് അംഗങ്ങൾ ആയിരുന്നു. 78 മുസ്ലിം സംവരണ സീറ്റുകളിൽ 73ഉം മുസ്ലിം ലീഗ് സീറ്റുകൾ. സഭയിലെ നല്ലൊരു ശതമാനം കോൺഗ്രസ്സുകാരും സംഘപരിവാരത്തിന്റെ ഭാഷയിലാണ് സംസാരിച്ചിരുന്നത്. എന്നാൽ ഇക്കൂട്ടരുടെ ഹിന്ദു നാഷണലിസ്റ്റ് ചിന്താപദ്ധതികളെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലി വോട്ടിനിട്ട് തള്ളുകയായിരുന്നു. അതായത് കോൺഗ്രസ്സുകാരായ അന്നത്തെ സംഘികളും ഹിന്ദു മഹാസഭക്കാരും നല്ലതുപോലെ വിചാരിച്ചിട്ടും സഭയുടെ പ്രാതിനിധ്യസ്വഭാവം കാരണം ഭരണഘടനാ നിയമനിർമാണസഭയിലെ അവസാനത്തെ ചിരി നെഹ്‌റുവിന്റേതും അംബേദ്കറിന്റേതുമായിരുന്നു.

ഭരണഘടനയുടെ ആമുഖം (Preamble) “In the name of God, We the people of India” എന്നു തുടങ്ങണമെന്നായിരുന്നു എച്ച്. വി. കാമത്ത് ഭരണഘടനാ നിയമനിര്‍മാണസഭയിൽ അവതരിപ്പിച്ച ഭേദഗതി. കെ. എം. മുൻഷി, മഹാവീർ ത്യാഗി, അനന്തശയനം അയ്യങ്കാർ തുടങ്ങിയവർ ഇതിനെ അനുകൂലിച്ചു സംസാരിക്കുകയുണ്ടായി. നാല്പത്തിയൊന്നിനെതിരെ അറുപത്തിയെട്ട് വോട്ടുകൾക്കാണ് ആ ഭേദഗതിയെ അസംബ്ലി വോട്ടിനിട്ടു തള്ളിയത്. “We the People of India” എന്ന ആദ്യവാചകത്തോടെ തന്നെ ഭരണഘടനയുടെ ആമുഖം എഴുതപ്പെട്ടു. സഭയിലെ അംഗങ്ങളുടെ ജാഗ്രതയിൽ ഹിന്ദുത്വ അജന്‍ഡ തോറ്റുപോയപ്പോൾ “ജനാധിപത്യ ഇന്ത്യയിലെ കറുത്ത ദിനം” എന്നാണ് എച്ച്. വി. കാമത്ത് ഇതിനെയോർത്ത് വിലപിച്ചത്.


ഹിന്ദു വര്‍ഗീയത എങ്ങനെയാണ് ഇന്ത്യയില്‍ രാഷ്ട്രീയശക്തിയായത്?


ഭരണഘടനാ നിയമനിര്‍മാണസഭയിലെ പൗരത്വത്തെ സംബന്ധിച്ച ചർച്ചകളിലും പരിവാറിന്റെ ഭാഷയിൽ സംസാരിക്കാൻ കോൺഗ്രസ്സുകാരുണ്ടായി. ഇന്ത്യയിൽ ജനിച്ച വ്യക്തി, മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചതായിട്ടുള്ള വ്യക്തി, കുറഞ്ഞത് അഞ്ചു വർഷമെങ്കിലുമായി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ പെട്ടവരെയാണ് ഇന്ത്യൻ പൗരത്വത്തിനായി പരിഗണിച്ചത്. വിഭജനകാലത്ത് പാകിസ്താനിലേക്ക് പലായനം ചെയ്തവരെ പ്രത്യേകമായി പരിഗണിക്കാനും ഭരണഘടനയിൽ വകുപ്പുകളുണ്ടായിരുന്നു. പാകിസ്താനിലേക്ക് പോയവരിൽ 1948 ജൂലൈ 19ന് മുന്‍പായി ഇന്ത്യയിലേക്ക് തിരിച്ചുവന്നവർക്ക് സ്വാഭാവികരീതിയിൽ തന്നെ പൗരത്വം നൽകുന്നതായിരുന്നു ഭരണഘടയുടെ പൗരത്വം സംബന്ധിച്ച വകുപ്പുകൾ.  1948 ജൂലൈ 19ന് ശേഷം തിരിച്ചെത്തിയവർ പൗരത്വത്തിനായി പ്രത്യേകം അപേക്ഷിക്കണമെന്നും. ഹിന്ദുത്വവാദികൾക്ക് ഇവയൊന്നും സ്വീകാര്യമല്ലായിരുന്നു.

പൗരത്വത്തെ സംബന്ധിച്ച ഭരണഘടനയുടെ 5, 6 ആർട്ടിക്കിളുകളിൽ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതി, ചർച്ചയ്ക്കായി പരിഗണിച്ചത് 1949 ആഗസ്ത് 11 മുതലായിരുന്നു. പി. എസ്. ദേശ്മുഖ് എന്ന മഹാരാഷ്ട്രക്കാരനായ കോൺഗ്രസ്സ് നേതാവായിരുന്നു ഭേദഗതിയുമായി എത്തിയവരിൽ ഒരാൾ. അയാൾ പറഞ്ഞത് നോക്കുക:

“പൗരത്വപ്രശ്നത്തെ സംബന്ധിച്ച ആർട്ടിക്കിൾ ഭരണഘടനയിലെ തന്നെ എറ്റവും ഭാഗ്യഹീനമായതാണ്. പൗരത്വത്തെ സംബന്ധിച്ച് ഭരണഘടനയിൽ അംബേദ്കർ നൽകിയിരിക്കുന്ന നിർവചനവും പ്രസ്തുത ആർട്ടിക്കിളും ഇന്ത്യൻ പൗരത്വമെന്നതിനെ ലോകത്തെ ഏറ്റവും വിലയില്ലാത്ത വസ്തുവാക്കി മാറ്റുമെന്ന് ഞാൻ ഭയപ്പെടുന്നു.”


ഗാന്ധിജിയും ഹിന്ദുരാഷ്ട്രവും


തന്റെ വാദം സാധൂകരിക്കാൻ ഗമണ്ടനൊരു ഉദാഹരണവും അയാൾ പറയുകയുണ്ടായി:

“വിമാനത്തിൽ സഞ്ചരിക്കുന്ന വിദേശദമ്പതികളുടെ വിമാനം മുംബൈയിൽ ഏതാനും മണിക്കൂർ നേരത്തേക്ക് നിർത്തിയിട്ടിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക. ആ സമയത്തിനിടയിൽ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകുന്നുവെന്നും കരുതുക. അച്ഛനമ്മമാരുടെ പൗരത്വം ഏതുതന്നെയാണെങ്കിലും ഈ ജനിക്കുന്ന കുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭ്യമാവുന്ന സ്ഥിതിയാണ്. ഇത് ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങൾക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.”

പി. എസ്. ദേശ്മുഖ് നിർത്താനുള്ള ഭാവത്തിലേയല്ലായിരുന്നു. ഹിന്ദുക്കൾക്കും സിഖുകൾക്കുമുള്ള സ്വാഭാവികരാജ്യമാകണം ഇന്ത്യയെന്നുവരെ അയാൾ പറഞ്ഞു:

“If the Muslims want an exclusive place for themselves called Pakistan, why should not Hindus and Sikhs have India as their home?”

പി. എസ്. ദേശ്മുഖ് അംബേദ്കറുടെ ഇൻഡിപെൻഡന്റ് ലേബർ പാർടിയുടെ മുൻ നേതാവും മഹാത്മാ ഫൂലെ സ്ഥാപിച്ച സത്യശോധക്‍ സാമാജിന്റെ ഉല്പന്നവുമൊക്കെ ആണെങ്കിലും ഉള്ളിലിരിപ്പ് ഇങ്ങനെയൊക്കെയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർടി പ്രതിനിധികളായി കോൺസ്റ്റിറ്റ്യുയന്റ് അസംബ്ലി അംഗങ്ങളായ അംഗങ്ങളുടെ ഹൈന്ദവ സ്പിരിറ്റും വർഗീയപക്ഷപാതിത്വവും കണ്ട സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ ഫ്രാങ്ക് ആന്റണി ഇപ്രകാരം തുറന്നടിക്കുകയുണ്ടായി:


ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ആവശ്യകത എന്താണ്? – ഭാഗം 1


“കോൺഗ്രസ്സ് നേതാക്കൾ സാങ്കേതികമായി ആ പാർടിയിലെ അംഗങ്ങളാണെങ്കിലും ആത്മീയമായി അവർ ആര്‍.എസ്.എസിന്റെയോ ഹിന്ദു മഹാസഭയുടെയോ അംഗങ്ങളാണ്. ദൗർഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യൻ സ്വാതന്ത്ര്യമെന്നത് ഹിന്ദു രാജും ഇന്ത്യൻ സംസ്കാരമെന്നത് ഹിന്ദു സംസ്കാരവുമെന്നുമാണ് കോൺഗ്രസ്സിലെ ഉത്തരവാദപ്പെട്ട പല നേതാക്കളുടേയും ദിനം തോറുമുള്ള പ്രസംഗങ്ങൾ. ഇവ അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് സംശയങ്ങളുയർത്തുന്നു.”

ഫ്രാങ്ക് ആന്റണിയെപ്പോലെ കുറേപ്പേരുണ്ടായി മേൽപ്പറഞ്ഞ വാദങ്ങളെ സഭയിൽ തുറന്നെതിർക്കാൻ. ഇന്ത്യ മതനിരപേക്ഷരാജ്യമായി തുടരുമെന്ന് പൗരത്വനിർവചനഘട്ടത്തിലും തുടർന്നും അവർ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ദേശ്മുഖിനെപ്പോലുള്ളവർക്ക് വോട്ടെടുപ്പിൽ പരാജയം അനുഭവിക്കേണ്ടിയും വന്നു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളോട് കലഹിച്ച ദേശ്മുഖ് 1952ൽ നെഹ്‌റു മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ കൃഷിമന്ത്രിയായി എന്നത് വേറെ കാര്യം.

കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ അവതരിപ്പിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 25ൽ ഇന്ത്യൻ പൗരന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതാനുഷ്ഠാനങ്ങൾ ചെയ്യാനും മതപ്രചരണം നടത്താനും അവകാശം നൽകിയിരുന്നു. ഒറീസ്സയിലെ കോൺഗ്രസ്സിന്റെ സ്ഥാപകനേതാവായ ഗോദാബരിദാസ് മിശ്രയുടെ മകനും കോൺഗ്രസ്സ് നേതാവുമായ ലോക്നാഥ് മിശ്രയാണ് ആർട്ടിക്കിൾ 25നെതിരെ ആദ്യം വാളെടുത്തത്. ഇസ്ലാം മതം ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ത്യ യഥാർത്ഥത്തിൽ ഏകതാനമായ സമൂഹവും  “മതേതര”രാഷ്ട്രവുമായേനെയെന്നാണ് അയാൾ അല്പം പരിഹാസച്ചുവയോടെ പ്രസംഗിച്ചത്. ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു ഭേദഗതി ചർച്ചയിലിടപെട്ടുകൊണ്ട് ലോക്നാഥ് മിശ്ര സംസാരിച്ചത്. മിശ്രയുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉയർന്നതിന് തൊട്ടടുത്ത നിമിഷം സഭയിലെ മുസ്ലിം വിശ്വാസികളായ അംഗങ്ങൾക്ക് നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ടതിനാൽ സഭ നേരത്തെ പിരിയുകയുണ്ടായി. ഉച്ച കഴിഞ്ഞ് സഭ വീണ്ടും സമ്മേളിച്ചപ്പോൾ ലോക്നാഥ് മിശ്ര സഭ നേരത്തേ പിരിഞ്ഞതുൾപ്പെടെ സൂചിപ്പിച്ചുകൊണ്ട് തന്റെ വിദ്വേഷപ്രസംഗം തുടർന്നു:

“Islam has declared its hostility to Hindu thought. Christianity has worked out the policy of peaceful penetration by the back-door on the outskirts of our social life.”


രാജ്യദ്രോഹിയായ സവര്‍ക്കര്‍ സംപൂജ്യനായതെങ്ങനെ?


പരിവര്‍ത്തനവിഷയത്തിൽ ഹൈന്ദവ സംസ്കാരവും മതവും സംരക്ഷിച്ചേതീരൂ എന്നാണ് അയാൾ ആക്രോശിച്ചത്. “…Hindu generosity has been misused and politics has overrun Hindu culture” എന്നും അയാൾ പിറുപിറുത്തു. എന്നാൽ ഇക്കൂട്ടരുടെ വാദങ്ങളോട് കോൺസ്റ്റിറ്റ്യുയന്റ് അസംബ്ലിയിലെ ബഹുഭൂരിപക്ഷവും യോജിച്ചില്ല. ‘Freedom of conscience and free profession, practice and propagation of religion’ എന്നുതന്നെ ആർട്ടിക്കിൾ 25 ൽ അവർ എഴുതിച്ചേർത്തു.

എസ്. പി. ദേശ്മുഖുമാരും ലോക്നാഥ് മിശ്രമാരും ഒറ്റപ്പെട്ട വ്യക്തികളല്ല. അവർ ഈ സംവിധാനത്തിനകത്തെ സ്വാഭാവിക അധികാരകേന്ദ്രങ്ങളാണ്. ഇന്ത്യൻ വരേണ്യവർഗത്തിന്റെ വലതുപിന്തിരിപ്പൻ രാഷ്ട്രീയം നിയമനിര്‍മാണസഭകളിലും ജുഡീഷ്യറിയിലും ഒക്കെ പ്രതിഫലിപ്പിക്കാൻ ഇങ്ങനെ കുറേപ്പേർ എല്ലാകാലത്തും ഉണ്ടെങ്കിലും നമ്മളതിനെ അതിജീവിക്കുന്നത് ചലിക്കുന്ന ഒരു ഭരണഘടനയുള്ളതുകൊണ്ടാണ്. എന്നാലും കിട്ടാവുന്ന പഴുതുകളിലൂടെ അവർ കടന്നുവരുന്നുണ്ട്. ഭരണഘടനാ നിയമനിര്‍മാണ സഭയിൽ അംഗമായിരുന്ന ലോക്നാഥ് മിശ്രയുടെ രണ്ട് ഇളയ സഹോദരന്മാരിൽ ഒരാളായ രംഗനാഥ്‌ മിശ്ര 1990-91ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. സിഖ് വിരുദ്ധകലാപത്തിൽ കോൺഗ്രസ്സിനെ രക്ഷിച്ചെടുത്ത രംഗനാഥ് മിശ്രയെ ഉപകാരസ്മരണയ്ക്ക് 1993ൽ നാഷണൽ ഹ്യുമൻ റൈറ്റ്സ് കമ്മീഷന്റെ ആദ്യ അധ്യക്ഷനായി നരസിംഹറാവു സർക്കാർ നിയമിക്കുകയുമുണ്ടായി. പിന്നീട് സോണിയ ഗാന്ധിയുടെ കോൺഗ്രസ്സ് രംഗനാഥ്‌ മിശ്രയെ രാജ്യസഭാ അംഗവുമാക്കി. ലോക്‌നാഥ്‌ മിശ്രയുടെ മറ്റൊരു സഹോദരൻ രഘുനാഥ്‌ മിശ്ര കോൺഗ്രസ്സ് എംഎൽഎയായിരുന്നു. അയാളുടെ മകനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഒരുവർഷം മുൻപ് വിരമിച്ച ദീപക് മിശ്ര. സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് വിമർശിക്കേണ്ടി വന്ന ദീപക് മിശ്ര. ജസ്റ്റിസ് ലോയ കേസിലുൾപ്പെടെ അമിത് ഷായെയും ബിജെപിയെയും രക്ഷിച്ചെടുത്ത അതേ ദീപക് മിശ്ര. ഒരേ കുടുംബത്തിൽ നിന്നുതന്നെ നിയമനിര്‍മാണ-നീതി നിർവഹണസഭകളിലെ വലതുപക്ഷ ചട്ടുകങ്ങളെ ചൂണ്ടിക്കാണിക്കാൻ പറ്റുന്നതിലെ എളുപ്പം കാരണം ഇവരെക്കുറിച്ചുകൂടി പറഞ്ഞൂവെന്നേയുള്ളൂ.

ഭരണഘടനാമൂല്യങ്ങൾ ചവിട്ടിയരയ്ക്കാനുള്ള വ്യഗ്രതയിലാണിന്ന് രാജ്യം ഭരിക്കുന്ന സംഘ്പരിവാരമുള്ളത്. ഭരണഘടനാ നിയമനിര്‍മാണസഭയുടെ കാലം മുതൽ അതിനവർ ശ്രമിച്ചതാണ്. എന്നാൽ സഭകളിൽ അവർക്കന്ന് അംഗബലം കുറവായിരുന്നു. ഇന്ന് ലോക്സഭയിലെ അംഗസംഖ്യയും അനുദിനം വർദ്ധിച്ചുവരുന്ന രാജ്യസഭയിലെ അംഗസംഖ്യയും വെച്ചാണ് സംഘപരിവാരത്തിന്റെ കളി. കാശ്മീർ വിഷയത്തിലും പൗരത്വഭേദഗതി നിയമത്തിന്റെ വിഷയത്തിലും നാമത് കണ്ടതാണ്. ഭരണഘടനയെ കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് പോരാടുക എന്നതാണ് നമുക്കു മുന്നിലെ വഴി. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ചരിത്രസമരം നടക്കുന്ന നാളുകളാണ്.

വലതുപിന്തിരിപ്പൻ ചിന്താപദ്ധതികളെ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങൾ കീഴ്‌പ്പെടുത്തിയ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലി സംവാദങ്ങള്‍ നമ്മുടെ പോരാട്ടങ്ങൾക്കുള്ള ഊർജവും കരുത്തുമാകട്ടെ.

http://bodhicommons.org/constituent-assembly-debates-republic-India


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *