പൊതുബോധനിര്‍മ്മിതിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലർത്തുന്നുണ്ടോ? സമീപ ദിവസങ്ങളിലെ രണ്ട് വാർത്തകളെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ നമുക്കൊന്ന് പരിശോധിക്കാം. ഒന്ന് ലോക ശ്രദ്ധ ആകർഷിച്ച കർഷക സമരവും മറ്റൊന്ന് രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധന വില വർധനയുമാണ്.

ഇരുപത്തിനാല് മണിക്കൂർ വാർത്താ ചാനലുകൾ പൊതുബോധ നിർമ്മിതിയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു മാധ്യമമാണ്. ഇരുപത്തിനാല് മണിക്കൂറും വിവരങ്ങൾ പങ്കുവെക്കുന്നു എന്ന അവകാശവാദത്തോടെ പ്രവർത്തിക്കുന്നവർ. ഫ്ലാഷ് ന്യൂസ്, ബ്രേക്കിങ് ന്യൂസ് എന്നിവ കൂടാതെ പൊതുജനങ്ങളെ മുൾമുനയിൽ നിർത്തിയുള്ള റിപ്പോർട്ടിങ് രീതികളും ഇരുപത്തിനാല് മണിക്കൂർ ന്യൂസ് ചാനലുകളുടെ പ്രത്യേകതയാണ്.

പ്രൈം ടൈം ഡിബേറ്റുകളാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പരിപാടികൾ. അതുകൊണ്ടാണല്ലോ പ്രൈംടൈം എന്ന വിശേഷണം തന്നെ വൈകുന്നേരങ്ങളിലെ ചർച്ചകൾക്ക് ലഭിക്കുന്നത്. അന്നേ ദിവസത്തെ പ്രധാന വിഷയമാണ് പ്രൈം ടൈമിൽ ചർച്ചക്കെടുക്കുന്നത്. അതായത് പ്രധാനപ്പെട്ടതെന്ന് ചാനൽ എഡിറ്റോറിയൽ ടീമിന് തോന്നുന്നത്. പറഞ്ഞു വന്നത് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങളായി ചാനലുകൾ കണ്ടെത്തിയ വിഷയങ്ങൾ തന്നെയായിരുന്നോ സാധാരണ ജനങ്ങളെ സംബന്ധിച്ചു പ്രധാനപ്പെട്ടത് .

ലോകം മുഴുവൻ ചർച്ചയാകുന്ന, രാജ്യം മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച കർഷക സമരം ഒന്നെടുത്ത് പരിശോധിക്കാം. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമഭേദഗതി പിൻവലിക്കണം എന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്തേക്ക് കർഷകർ ഒഴുകിയെത്തുകയാണ്. ആദ്യഘട്ടത്തിൽ സുരക്ഷാ സേനകൾ ഉപയോഗിച്ചു സമരത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. പിന്നീട് സമരക്കാരുടെ വഴി തടഞ്ഞു. ശക്തമായ ചെറുത്ത് നില്പിനെത്തുടർന്ന് ചർച്ചയാകാം എന്ന നിലയിലേക്ക് കേന്ദ്ര സർക്കാർ പിൻവാങ്ങി.

ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യന്‍ കർഷക പ്രക്ഷോഭം. കർഷക സമരത്തിന് ശക്തമായ പിന്തുണയുമായി ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ‘‘ഇന്ത്യയിലെ‌ സ്ഥിതി ആശങ്കാജനകമാണ്‌. ഇന്ത്യയിലുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഓർത്ത്‌ എല്ലാവർക്കും ആശങ്കയുണ്ട്‌. പല മാർഗങ്ങളിലൂടെ ക്യാനഡയുടെ ആശങ്ക ഇന്ത്യയെ അറിയിച്ചു‌. സമാധാനപൂർവം പ്രതിഷേധിക്കുന്നവരുടെ അവകാശം സംരക്ഷിക്കാൻ ക്യാനഡ മുന്നിലുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളില്‍ വിശ്വസിക്കുന്നവരാണ്‌ നമ്മൾ. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട അവസരമാണിത്‌’’–- ഗുരുനാനാക്ക്‌ ജയന്തി ദിവസം ക്യാനഡയിലെ പഞ്ചാബിസമൂഹത്തെ അഭിസംബോധന ചെയ്യവെ‌ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

പകൽ സമയങ്ങളിൽ വാർത്തകളും ദൃശ്യങ്ങളും നിരന്തരം കാണിച്ചുകൊണ്ടിരിക്കുന്ന ചാലുകൾ അവരുടെ പ്രൈം ടൈം എന്ന് അവർ അവകാശപ്പെടുന്ന സമയത്തേക്ക് വരുമ്പോൾ സമരത്തെ എങ്ങനെ ഒഴിവാക്കുന്നു എന്നത് പ്രധാനമാണ്. സമരത്തിന്റെ സംഭവബഹുലമായ അഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ പ്രധാന ദൃശ്യമാധ്യമങ്ങൾ അവരുടെ പ്രൈം ടൈം ഡിബേറ്റിൽ ഈ വിഷയം ചർച്ചക്കെടുത്തത് ഒരു ദിവസമാണ്. അപ്പൊ ഉയരുന്ന സ്വാഭാവിക സംശയംണ് അതിലും പ്രധാനപ്പെട്ട എന്താണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങൾ സംഭവിച്ചതെന്ന്. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുതട്ടിലോ? പാർട്ടി പിണറായിക്കൊപ്പമോ? തോമസ് ഐസക്കിനൊപ്പമോ? മുഖ്യമന്ത്രി ധനമന്ത്രിയെ തള്ളുന്നോ? തുടങ്ങിയവയാണ് മലയാള മാധ്യമങ്ങളുടെ ന്യൂസ് റൂമുകൾ അലോസരപ്പെടുത്തിയ അവർക്ക് ചർച്ച ചെയ്തേ മതിയാകൂ എന്ന് തോന്നിയ വിഷയങ്ങൾ.

രണ്ടാമത്തേത് ഈ മഹാമാരിയുടെ കാലത്ത് വരുമാനം നിലച്ചുപോയവരും പ്രതിസന്ധികൾ അനുഭവിക്കുന്നവരും ഏറെ വ്യാകുലതയോടെ കാണുന്ന ഇന്ധന വിലവർധനയാണ്. തുടർച്ചയായ പത്താം ദിവസം പെട്രോൾ വില കൂടിയിരിക്കുകയാണ്. ലിറ്ററിന് 0.32 പൈസയാണ് ഇന്ന് കൂടിയത്. പത്തു ദിവസം തുടർച്ചയായി വില ഉയരുന്നു. 1/12/20 ൽ വാണിജ്യ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചു. ഇന്നേക്ക് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 50 രൂപ ഉയർത്തി. വരുമാനം നിലച്ചിരിക്കുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത ഈ മഹാമരിക്കാലത്തും ഇന്ധന വില വർദ്ധനവ് പൊതു വിപണിയിൽ വിലക്കയറ്റത്തിന് വരെ കാരണമാകും. വരുമാനം നിലച്ചിരിക്കുമ്പോഴും ജീവിത ചിലവ് ഉയർത്തുന്ന നടപടിയാണ് ഇന്ധന വിലവർദ്ധനവ്.

ഇത്തരം ജനദ്രോഹ നിലപാടുമായി മുന്നോട്ട്പോകുന്ന കേന്ദ്ര സർക്കാരിനോട് എന്തെ മലയാള വാർത്ത മാധ്യമങ്ങൾക്ക് വിമർശനമില്ലാത്തത്? ഉത്തരം ഒന്നേ ഉള്ളു അവർ ഭയത്തിലാണ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന സമയത്ത് കേരളത്തിലെ രണ്ടു വാര്‍ത്താചാനലുകളുടെ പ്രക്ഷേപണം മണിക്കൂറുകളോളം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിച്ചത് ഓര്‍മ്മയില്ലേ?

അതെ അവർ ഭയത്തിലാണ്. അതോടൊപ്പം സ്ഥാപിത താല്പര്യക്കാരുടെ അജണ്ട നടപ്പാക്കേണ്ട ഉത്തരവാദിത്വം നിർവഹിക്കുന്നവാരായി മാറുകയും ചെയ്യുന്നു. ജനക്ഷേമകരമായ നിലപാടെടുക്കുന്ന ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽനിന്ന് അകറ്റി നിർത്തുക എന്ന പ്രതിപക്ഷ പാർട്ടികളുടെ ലക്‌ഷ്യം നടപ്പിലാക്കാൻ തങ്ങളുടെ പ്രൈം ടൈം അവർ ഉപയോഗപ്പെടുത്തികൊണ്ടേ ഇരിക്കുകയാണ്.

അന്നമൂട്ടുന്നവർ തെരുവിൽ പോരാടുമ്പോൾ കോട്ടിട്ട മാധ്യമ ജഡ്ജിമാർ ശീതികരിച്ച മുറികളിലിരുന്ന് വിവാദങ്ങളെ സത്യമെന്ന് സ്ഥാപിച്ചെടുക്കാൻ പാരിശ്രമിക്കുകയാണ്. ഊഹാപോഹങ്ങളുടെ മാത്രം പിൻബലത്തിലാണ് ഈ വിചാരണ നടത്തുന്നത് എന്നത് കൗതുകകരമാണ്. വിവാദങ്ങളെ സത്യമെന്ന് സ്ഥാപിച്ചെടുക്കാൻ വേണ്ടി കർഷക സമരം പോലെയുള്ളവയെ മനഃപൂർവം തമസ്കരിക്കുന്നു. ഇന്ധന വിലവര്ധനവിനെ ഒരു വരിയിൽ വായിച്ച് പോകേണ്ടത് മാത്രമാണെന്ന് തീരുമാനിക്കുന്നു.

ഈ ചർച്ച മുന്നോട്ട് വെക്കുമ്പോൾ ഒന്നേ പറയാനുള്ളു. മാധ്യമങ്ങൾ വിശുദ്ധ പശുക്കളല്ല. വിമര്‍ശിക്കുന്നവരാണ് മാധ്യമങ്ങള്‍. അവര്‍ ഓഡിറ്റ് ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും വേണം. വിമർശനങ്ങളിലൂടെമാത്രമേ വിവാദങ്ങളിൽ അഭിരമിക്കുന്ന രീതിയിൽനിന്നും വിവേകപൂർണ്ണമായ വസ്തുതാപരമായ വർത്തകളിലേക്കും വിശകലനത്തിലേക്കും മാധ്യമ സ്ഥാപനങ്ങളെ കൊണ്ടെത്തിക്കാൻ കഴിയൂ.

ലോകമെമ്പാടും മനുഷ്യന്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു ഘട്ടത്തില്‍, മൗലികവിഷയങ്ങള്‍ തമസ്‌കരിച്ചും പൊള്ളയായ വിവാദങ്ങളിലേക്ക് ശ്രദ്ധ തിരിച്ചും തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിന്താശൂന്യമായ ഈ മാധ്യമപ്രവര്‍ത്തന രീതി വിമർശനങ്ങൾക്ക് അതീതമായയി എത്രനാൾ തുടരാൻ കഴിയും. അതുകൊണ്ടുതന്നെ സ്വയംവിമര്‍ശനാത്മകമായ ഒരു പുനര്‍വായനക്ക് മാധ്യമങ്ങൾ തയ്യാറാകേണ്ടതുണ്ട്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *