ഹിന്ദുത്വവാദികള്‍ ഗാന്ധിയെ വെടിവച്ച് കൊന്നത് അവര്‍ വിഡ്ഢികളായതു കൊണ്ടൊന്നുമല്ല. മറിച്ച് ഗാന്ധി അവരുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നതു കൊണ്ടാണ്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധി സജീവമായ കാലം മുതല്‍ ഹിന്ദുത്വയുടെ ശത്രുവായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പൊതുജീവിതത്തിന്റെ ഒരു ഗ്രാഫ് പരിശോധിച്ചാല്‍ ഹിന്ദ് സ്വരാജ് എഴുതുന്ന കാലം മുതല്‍ ഹിന്ദുത്വയുടെ വെടിയേറ്റു രക്തസാക്ഷിയാവുന്ന കാലം വരെ ഗാന്ധി ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ അദ്ദേഹം എതെങ്കിലും കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലായെങ്കില്‍, സാമ്രാജ്യത്വവിരുദ്ധതയോടും സാമുദായികസൗഹാര്‍ദത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ആത്മസമര്‍പ്പണം മാത്രമായിരിക്കും.
ആധുനിക രാഷ്ട്ര-സാമൂഹികസങ്കല്പനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഹിന്ദ് സ്വരാജ് ഒരു പിന്തിരിപ്പന്‍ സൃഷ്ടിയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷേ ഹിന്ദ് സ്വരാജ് പോലും മതരാഷ്ട്രത്തിനു വേണ്ടിയല്ല വാദിക്കുന്നത്. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തിന്റെ പേരില്‍ മാത്രം അടയാളപ്പെടുത്തപ്പെടരുത് എന്നാണു 1909ല്‍ പോലും ഗാന്ധി വാദിച്ചത്. ഇക്കാര്യത്തില്‍ അവസാനം വരെ അദ്ദേഹം ഉറച്ചു നിന്നിട്ടുമുണ്ട്. അതുകൊണ്ട് ഗാന്ധിയുടെ മരണം ഹിന്ദുത്വക്കാരുടെ മണ്ടത്തരമല്ല മറിച്ച് ദൗര്‍ഭാഗ്യകരമാണെങ്കിലും സ്വന്തം നിലപാടിന് അദ്ദേഹം കൊടുത്ത വിലയാണ് എന്നു തന്നെയാണ് കരുതപ്പെടേണ്ടത്.
ഗാന്ധിയേയും നെഹ്രുവിനേയും രാഷ്ട്രീയമായി പൂര്‍ണമായും വേര്‍തിരിച്ചു കാണാനുള്ള ശ്രമങ്ങള്‍ ഇന്നുണ്ട്. ഗാന്ധി ആധുനിക വിരുദ്ധനും നെഹ്രു ആധുനികനുമാണു എന്നതാണു ഈ വാദം. ആധുനിക ജനാധിപത്യ മതേതര ഇന്ത്യ എന്നത് നെഹ്രു വിഭാവനം ചെയ്തതാണെന്നു. ഇത്തരം വിശകലനം ചരിത്രവിരുദ്ധമാണു. അതു ചരിത്രത്തിന്റെ വലിയ കോണ്ടക്സ്റ്റീല്‍ നിന്നും നമ്മള്‍ വ്യക്തികളെ മാത്രമെടുത്ത് വിശകലനം ചെയ്യുന്നതിന്റെ പ്രശ്നമാണ്. പട്ടേലിനെ നെഹ്രുവില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും വേര്‍ത്തിരിച്ചെടുത്ത് തങ്ങളുടെ ഹീറോ ആക്കാന്‍ ഹിന്ദുത്വ ഇന്ന് ശ്രമിക്കുന്നത് ഇതേ രീതിശാസ്ത്രമുപയോഗിച്ചാണ്. തീര്‍ച്ചയായും ഗാന്ധിക്കും നെഹ്രുവിനും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പക്ഷേ ഇങ്ങനെ പലവിധ ഡയലക്റ്റിക്സാണ് ദേശീയപ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചത്. ഗാന്ധിയുടെ പൂര്‍ണപിന്തുണയോടെ തന്നെയാണു നെഹ്രു ദേശീയ കോണ്‍ഗ്രസിന്റെ അമരത്തേക്കു വരുന്നതും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതും. 1909ല്‍ ഹിന്ദ് സ്വരാജ് പ്രസിദ്ധീകരിച്ച ഗാന്ധിയെ അല്ല നമ്മള്‍ 1920കളില്‍ കാണുന്നത്. ദിക്ക് തെറ്റിയ പട്ടം പോലെ എങ്ങുമെത്താതെ അയഞ്ഞു നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിനു ഖിലാഫത്തിലൂടെ, സ്വരാജിലൂടെ ഒരു ദേശീയ ഐക്യവും സംഘടിതമാനവും നല്‍കുന്നത് ഗാന്ധിയാണ്. സ്ത്രീകള്‍ വീട്ടിലിരിക്കണം എന്ന് ഹിന്ദ് സ്വരാജില്‍ പറഞ്ഞ ഗാന്ധിയല്ല 1924ല്‍ എല്ലാവര്‍ക്കും വോട്ടവകാശം വേണം എന്ന് ആവശ്യപ്പെടുന്നത്. പിന്നേയും നാലു കൊല്ലം കഴിഞ്ഞാണു ബ്രിട്ടണില്‍ സ്ത്രീകള്‍ക്ക് വോട്ടകവാശം കിട്ടുന്നത് എന്നോര്‍ക്കണം.
ഖിലാഫത്തും ഗാന്ധിയും, ജിന്നയും മോഡിയും: ആനന്ദിന്റെ കാഴ്ചയിലെ പ്രശ്നങ്ങള്‍
കോണ്‍ഗ്രസ്സ് പാര്‍ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പുരോഗമനസ്വഭാവമുള്ള രേഖയാണ് കറാച്ചി പ്രമേയം. Freedom of association and combination; Freedom of speech and press, Freedom of conscience and the free profession and practice of religion; No disability to attach to any person of religion, caste or creed In regard to public employment, office of power honour and the excercise of any trade or calling; Equal rights and obligations of all citizens, No civic bar on account of sex; Equal rights to all citizens of access to and use of public roads, public wells and all other places of public resort എന്നിങ്ങനെയായിരുന്നു കറാച്ചി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍. 1931ല്‍ ആണെന്നോര്‍ക്കണം. പല കൊളോണിയല്‍ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് അപ്പോഴും വോട്ടവകാശമില്ല. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്ക് രാജ്യവ്യാപകമായി വോട്ടവകാശമില്ല. അത്തരമൊരു സാഹചര്യത്തില്‍, ഗ്രേറ്റ് ഇക്കണോമിക്‍ ഡിപ്രഷന്റെ കോണ്ടക്സ്റ്റീല്‍, കറാച്ചി പ്രമേയം ഒരു റാഡിക്കല്‍ ചുവടുവെയ്പ്പായിരുന്നു. ഭരണകൂടം പൂര്‍ണമായും മതവിമുക്തമായിരിക്കണം എന്നതായിരുന്നു മറ്റൊരു പ്രധാനപ്പെട്ട ആവശ്യം.
കറാച്ചി കോണ്‍ഗ്രസിലെ കരടു പ്രമേയം തയ്യാറാക്കിയത് നെഹ്രുവായിരുന്നെങ്കില്‍ അത് അവതരിപ്പിച്ചത് ഗാന്ധിയായിരുന്നു. നമ്മള്‍ ആധുനികവിരുദ്ധന്‍ എന്ന് പറഞ്ഞ് ഇന്നും പരിഹസിക്കുന്ന അതേ ഗാന്ധി.
ഇന്ത്യന്‍ ഭരണഘടനയുടെ വേരുകള്‍ കറാച്ചി പ്രമേയത്തില്‍ കാണാം. ഭരണഘടന അംബേദ്കറും കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയും ചേര്‍ന്ന് അവരുടെ പുരോഗമനഭാവനയില്‍ നിന്ന് ഒരു ദിവസം ഉണ്ടാക്കിയെടുത്തതല്ല. അത് നെഹ്രു മാത്രമായി കണ്ടെത്തിയ ആധുനിക ഇന്ത്യയുമല്ല. അത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ്. ആ ദേശീയപ്രസ്ഥാനത്തില്‍ പല ധാരകളുണ്ടായിരുന്നു താനും — ദേശീയ കോണ്‍ഗ്രസും, സോഷ്യലിസ്റ്റുകളും, കമ്യൂണിസ്റ്റുകളും. ഇവരുടെ തന്ത്രങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു. പക്ഷേ ഇവരെല്ലാവരും സാമ്രാജ്യത്വവിരുദ്ധരായിരുന്നു. എന്നാല്‍, ഹിന്ദുത്വ അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സ്വാതന്ത്യ പോരാളി പോലും ഒരു ബ്രിട്ടീഷ് അപോളജിസ്റ്റ് ആവുന്നത്.
ഗാന്ധിജിയും ഹിന്ദുരാഷ്ട്രവും
ദേശീയപ്രസ്ഥാനത്തില്‍ നേരിട്ട് പങ്കാളികളായിരുന്നില്ലെങ്കിലും ഇന്ത്യയിലെ സാമൂഹ്യനീതി പ്രസ്ഥാനങ്ങളും ഈ ദേശനിര്‍മിതിക്ക് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രഭാത് പട്നായിക്‍ എഴുതിയതു പോലെ ഗാന്ധിയുടെ ദേശീയപ്രസ്ഥാനവും അംബേദ്കറും മറ്റും നേതൃത്വം നല്‍കിയിരുന്ന സാമൂഹ്യനീതി പ്രസ്ഥാനവും തമ്മില്‍ ഒരു വൈരുദ്ധ്യാത്മകബന്ധം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമാണു നമ്മള്‍ ആധുനിക ഇന്ത്യ എന്ന് വിളിക്കുന്ന സംഗതി.
മൂന്നാമതായി, ഗാന്ധിയെ ഹിന്ദുത്വക്കാര്‍ വെടിവച്ച് കൊന്നില്ലായിരുന്നുവെങ്കില്‍ ഗാന്ധി തന്നെ ആധുനിക ഇന്ത്യയെ പൊളിച്ചു കൊടുക്കുമായിരുന്നു എന്നത് കൗണ്ടര്‍-ഫാച്ച്വലി പോലും നിലനില്‍ക്കുന്ന വാദമല്ല. വാസ്തവത്തില്‍ സ്വാതന്ത്ര്യാനന്തര ഗാന്ധിയാണ് ഏറ്റവും പ്രോഗ്രസീവായ ഗാന്ധി. അവസാന നിമിഷം വരെ ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി പൊരുതിയ മനുഷ്യനാണു അയാള്‍. 1946ല്‍ നവഖാലിയിലും വിഭജനസമയത്ത് ദില്ലിയിലും ഗാന്ധി നടത്തിയ ഇടപെടലുകള്‍ ഗാന്ധിക്കു മാത്രം ചെയ്യാന്‍ കഴിയുന്നവയായിരുന്നു. ഒന്നാം ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത് ദില്ലിയിലെ വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട മുസ്ലിം കുടുംബങ്ങളെ തിരിച്ച് കൊണ്ട് വരാന്‍ സമരം ചെയ്ത ആളാണു ഗാന്ധി. ഒന്നാം ലോകയുദ്ധക്കാലത്ത് റഷ്യന്‍ പട്ടാളക്കാരോട് യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട ലെനിനോട് താരതമ്യപ്പെടുത്താവുന്നതാണ് ഈ നിലപാട്. അതുകൊണ്ടാണു ഇര്‍ഫാന്‍ ഹബീബ് എഴുതിയത്, “Here in practice, [his last great act] was a real assertion of internationalism and sheer humanity.” എന്തുകൊണ്ടാണു ഹിന്ദുത്വ ഗാന്ധിയെ വെടിവച്ച് കൊന്നത് എന്നതിനു വേറെ കാരണം തിരക്കണമോ?
http://bodhicommons.org/mahatma-gandhi-assassination-hindutva-terrorists-reasons
0 Comments