കേരളത്തിലേക്ക് അനുവദിക്കപ്പെടുന്ന പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല എന്ന ധാരണയാണ് ഗെയിൽ പദ്ധതിയുടെ കമ്മീഷനിങ്ങോടെ തിരുത്തിക്കുറിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വ്യാവസായികവികസനത്തിൽ നേരിട്ടിരുന്ന വലിയ പ്രതിബന്ധത്തെയാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ തരണം ചെയ്തത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമായ പെട്രോനെറ്റ്, എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ദ്രവീകൃത LNG ടെർമിനലുകൾ സ്ഥാപിച്ചതിന്റെ തുടർച്ചയായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (GAIL) നടപ്പാക്കുന്നതിനുദ്ദേശിച്ച പദ്ധതിയാണ് ഗെയിൽ വാതക പൈപ്പ് ലൈൻ. വൈദ്യുതിഗ്രിഡ് മാതൃകയിലാണ് രാജ്യമൊട്ടാകെ പ്രകൃതിവാതക പൈപ്പ് ലൈൻ സംവിധാനം GAIL ഒരുക്കുന്നത്. കൊച്ചിയിലെ മുഖ്യടെർമിനലിൽ നിന്നും കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെ വ്യവസായങ്ങൾക്ക് ആവശ്യമായ വാതക ഇന്ധനം എൽ എൻ ജി പൈപ്പുകൾ വഴി വിതരണം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതേ പൈപ്പ് ലൈനുകളിൽ നിന്നും വീടുകളിലേക്കും പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും ഇതോടൊപ്പം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടു. കൊച്ചി – കൂറ്റനാട്, കൂറ്റനാട് – മാംഗളൂരു, കൂറ്റനാട് – ബംഗളുരു പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്. 
പൈപ്പ് ലൈൻ പദ്ധതിക്കായി 2007 ലാണ് കേരളം ഗെയ്ലുമായി കരാറിൽ ഏർപ്പെടുന്നത്. 2010 ൽ പുതു വൈപ്പിനിൽ നിന്നും അമ്പലമുകളിലേക്കുള്ള ആദ്യ പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായി . 2013ൽ തന്നെ ആദ്യപദ്ധതി കമ്മീഷൻ ചെയ്യാനായി. 2012 ലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം തുടക്കമിടുന്നത്. കൊച്ചി-മംഗലുരു,  കൊച്ചി-കോയമ്പത്തൂർ-ബംഗളൂരു പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് ഇനീ ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നു പോകുന്നത്. മുൻ യു.ഡി.എഫ് സർക്കാർ ഗെയ്ലിന് വേണ്ട ഭൂമി ഏറ്റെടുത്തു നൽകാൻ ജനകീയ പ്രക്ഷോഭങ്ങളുടെ മറ പിടിച്ചു വിമുഖത കാട്ടി. ഇതോടെ 2014 ആഗസ്റ്റിൽ മുഴുവൻ കരാറുകളും ഉപേക്ഷിച്ചു ഗെയിൽ കേരളം വിട്ടു. പിനീട് വന്ന എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് എതിർപ്പുകളെ അവഗണിച്ച് പദ്ധതി തുടർപ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നത്. സ്ഥലമേറ്റെടുക്കലിനെതിരെ വലിയ പ്രക്ഷോഭം ഉയർന്നെങ്കിലും ഗെയിൽ അധികൃതരിൽ നിന്നും കൂടുതൽ നഷ്ടപരിഹാരത്തുക ലഭ്യമാക്കി ഭൂവുടമകളെ അനുനയിപ്പിച്ച് സ്ഥലമേറ്റെടുപ്പ് വളരെ വേഗം പൂർത്തിയാക്കി. സർക്കാരിന്റെ ആയിരം ദിനങ്ങൾക്കിടെ തന്നെ പദ്ധതിക്ക് വേണ്ട 440 ൽ 380 കിലോമീറ്റർ സ്ഥലവും ഏറ്റെടുത്തു നൽകാനായി. ഗെയിൽ പദ്ധതിയുടെ കൊച്ചി – മംഗലാപുരം ലൈനിൽ 2020 നവംബർ മുതൽ വാതകം കടത്തിവിട്ടു തുടങ്ങി. 2021 ജനുവരി 5നാണ് ഈ ലൈൻ രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയുള്ള 97 കി മീ 2019 ജൂണിൽ തന്നെ കമ്മീഷൻ ചെയ്തിരുന്നു. കൂറ്റനാട് – ബംഗളുരു ലൈനിലെ വാളയാർ വരെയുള്ള ഭാഗവും ഉടൻ തന്നെ കമ്മീഷൻ ചെയ്യപ്പെടാൻ പോകുകയാണ്. ഇതോടെ, വാളയാറിലെ വ്യവസായ മേഖലയിൽ പ്രകൃതിവാതകലഭ്യത ഉറപ്പാക്കപ്പെടും.
മംഗളുരുവിലെ വ്യവസായശാലകളാണ് പദ്ധതിയുടെ പ്രാഥമിക ഉപഭോക്താക്കളെങ്കിലും പൈപ്പ് ലൈൻ കടന്നു പോകുന്ന  വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന വാൽവ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയും. മലബാറിലെ ഏഴ് ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതിയുടെ ഒന്നാം ഘട്ടം മെയ് മാസത്തോടെ പൂർത്തിയാകും. ഇതോടെ, മലബാറിലെ പ്രമുഖ നഗരങ്ങളിൽ വീടുകളിലേക്ക് പൈപ്പ് വഴിയുള്ള പ്രകൃതിവാതകം പാചകാവശ്യത്തിനായി ലഭിച്ചു തുടങ്ങും.  ഈ പ്രദേശങ്ങളിലെ വ്യവസായങ്ങൾക്കും LNGയെ ഇന്ധനമാക്കുന്നത് വഴി ചെലവ് കുറക്കാം. ഇതിന് പുറമെ, മലബാർ മേഖലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന 597 CNG പമ്പുകൾ വഴി വാഹനങ്ങൾക്കും പ്രയോജനം ലഭിക്കും. പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേനെ ചെലവ് കുറഞ്ഞതുമായ ഒരു ഊർജ്ജസ്രോതസിന്റെ  സ്ഥിരം സാന്നിധ്യം കേരളത്തിൽ ഉറപ്പ് വരുത്തുകയാണ്. കേരളത്തിലെ വ്യവസായമേഖലക്ക് വലിയ ഊർജ്ജം പകരുന്ന ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം ആയിരം കോടിയിലേറെ രൂപ നികുതിയിനത്തിലും സർക്കാരിന് ലഭ്യമാകും. എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നൽകി ഒരു ഘട്ടത്തിൽ ഉപേക്ഷിക്കപ്പെടുക പോലും ചെയ്ത  ഒരു പദ്ധതിയെ പുനരുജ്ജീവിപ്പിച്ചത് പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രമാണ്. വൻകിടനിക്ഷേപങ്ങൾക്ക് കേരളത്തിൽ സാധ്യതയില്ല എന്ന ധാരണയെ തകർത്തുകളയാനും  ഗെയിൽ പദ്ധതിയുടെ കമ്മീഷനിങ്ങോടെ സാധിച്ചു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *