ഗെയ്ൽ വാതകക്കുഴൽപദ്ധതിക്ക് ഇനി കേരളമാതൃക

തൃശ്ശൂർ: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതകക്കുഴൽ ഇനി രാജ്യത്തെ ഇത്തരം പദ്ധതികൾക്ക് മാതൃകയാകും. വ്യാപക പ്രതിഷേധവും രണ്ടു പ്രളയവും കോവിഡും അതിജീവിച്ച് സമയബന്ധിതമായി പൂർത്തിയാക്കിയ പദ്ധതിയുടെ മാതൃക മറ്റ് പല സംസ്ഥാനങ്ങളും സ്വീകരിച്ചുകഴിഞ്ഞു. പ്രതിഷേധക്കാരെ പദ്ധതിക്ക് അനുകൂലമാക്കിയതും ചുരുങ്ങിയ സ്ഥലമെടുപ്പും വലിയ നഷ്ടപരിഹാരത്തുകയും പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചതുമാണ് കേരള മോഡലിനെ പ്രശസ്തമാക്കിയത്.

പ്രത്യേകതകൾ

മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്റർ സ്ഥലമാണ് ഗെയ്ൽ ഉപയോഗ അവകാശത്തിനായെടുക്കുന്നത്. കേരളത്തിലെ സ്ഥലദൗർലഭ്യത പരിഗണിച്ച് 20 മീറ്ററായി ചുരുക്കി, പിന്നീട് 10 മീറ്ററായി പരിമിതപ്പെടുത്തി.
നിർമാണസമയത്ത് 20 മീറ്റർ ആവശ്യമായതിനാൽ 20 മീറ്റർ കണക്കാക്കി വിളകൾക്കുള്ള നഷ്ടപരിഹാരം നൽകി. ഇത് ജനങ്ങളെ പദ്ധതിക്ക് അനുകൂലമാക്കി.
നഷ്ടപരിഹാരം നൽകുന്നത് ഗെയ്ൽ ആണെങ്കിലും അത് നിശ്ചയിച്ച സംസ്ഥാന സർക്കാർ ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കി. ഇൗ നടപടി പ്രതിഷേധങ്ങൾക്ക് അയവ് വരുത്തി
10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീടുവെക്കാനുള്ള സ്ഥലം തിട്ടപ്പെടുത്തി ഗെയ്ലിന്റെ ഉപയോഗാവകാശം രണ്ട്് മീറ്ററായി ചുരുക്കുകയും ഒപ്പം ആശ്വാസധനമായി അഞ്ച് ലക്ഷം രൂപയും നൽകി.
കുറച്ചുസ്ഥലം മാത്രമുള്ളവർക്ക് നഷ്ടപരിഹാരം ഇരട്ടിയാക്കി. വിളകൾക്കുള്ള നഷ്ടപരിഹാരവും ഉയർത്തി.
ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കാൻ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പോലീസ് കർമസേന രൂപവത്കരിച്ചു.
അഞ്ചംഗങ്ങൾ വീതമുള്ള പോലീസ് കർമസേന ഭൂവുടമകളെ കാണുകയും നഷ്ടപരിഹാരത്തെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുള്ള ആശങ്കകൾ ദുരീകരിക്കുകയും ചെയ്തു.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ജലാശയങ്ങളിലും ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി പൈപ്പ് വലിച്ചെടുക്കുന്ന ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ്ങിലൂടെയാണ് കുഴൽ സ്ഥാപിച്ചത്. 96 ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് ഈ പദ്ധതിയിൽ ചെയ്തിട്ടുണ്ട്.
ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലത് തണ്ണീർത്തടത്തിലായിരുന്നതിനാൽ നിർമാണതടസ്സം ഒഴിവാക്കാൻ കേരള പാഡി ആൻഡ് വെറ്റ്ലാൻഡ് കൺസർവേഷൻ നിയമം സർക്കാർ ഭേദഗതി ചെയ്തു.
പദ്ധതിയുടെ നായകൻ അടുത്ത ഉദ്യമത്തിന്
കോതമംഗലത്തെ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ ബി.ടെക് നേടിയ ടോണി മാത്യുവാണ് കേരളത്തിൽ ഗെയ്ൽ പദ്ധതി പൂർത്തിയാക്കിയത്. ഗെയ്ൽ കൺസ്ട്രക്ഷൻ ജനറൽ മാനേജരായ ഇദ്ദേഹം 720 കിലോമീറ്ററിലുള്ള മുംബൈ – നാഗ്പുർ പൈപ്പ് ലൈൻ പദ്ധതിയുടെ ചുമതലയേറ്റു. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപറമ്പിൽ പി.വി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്.

https://www.mathrubhumi.com/money/business-news/gail-pipeline-1.5230349


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *