ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകങ്ങളായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നിവരുടെ വീരസ്മരണ നാളെ നാം വീണ്ടും പുതുക്കുകയാണ്. മനുഷ്യത്വം മരവിച്ച ഒരുപറ്റം കോണ്‍ഗ്രസുകാര്‍ ഇവരെ കുത്തിയും വെട്ടിയും തീയിട്ടും അരുംകൊലചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതാണ്.
1987 മാര്‍ച്ച് 23ന് വൈകിട്ട് അഞ്ചിനുശേഷമാണ് കൂട്ടക്കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പുദിവസം ചീമേനിയിലെ പാര്‍ടി ഓഫീസില്‍ പ്രവര്‍ത്തകര്‍ വോട്ടുകണക്ക് പരിശോധിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അറുപതോളം പേരാണ് പാര്‍ടി ഓഫീസില്‍ ഉണ്ടായിരുന്നത്. അഞ്ചുമണി കഴിഞ്ഞതോടെ തൊട്ടടുത്ത കോണ്‍ഗ്രസ് ഐ ഓഫീസില്‍നിന്ന് ആയുധങ്ങളുമായി ഒരുകൂട്ടം ഓടിക്കയറി. കൈയില്‍ കടലാസും പെന്‍സിലുമായിനിന്ന സഖാക്കള്‍ക്ക് പെട്ടെന്നുള്ള ആക്രമണം ചെറുക്കാന്‍ കഴിയുമായിരുന്നില്ല. ചിലര്‍ ഓടി. മറ്റുള്ളവര്‍ പാര്‍ടി ഓഫീസിനകത്ത് അഭയംതേടി. വാതിലും ജനാലകളും അടച്ചു. അക്രമികള്‍ ഓഫീസ് തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. വാതില്‍ തുറക്കുന്നത് ബെഞ്ചും ഡസ്കുമിട്ട് അകത്തുള്ള സഖാക്കള്‍ തടഞ്ഞു. അക്രമികള്‍ ജനലഴികള്‍ അറുത്തുമാറ്റി കല്ലുകളും കുപ്പിച്ചില്ലുകളും വീശിയെറിഞ്ഞു.
ഓഫീസിന് ഇരുനൂറുവാരയകലെ പൊലീസ് പിക്കറ്റുണ്ടായിരുന്നു. ഇത്രയും വലിയ കുഴപ്പം നടന്നിട്ടും അവരാരും തിരിഞ്ഞുനോക്കിയില്ല. അകത്തുള്ളവര്‍ പുറത്തുവരാതിരുന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ക്രൂരതയുടെ മൂര്‍ത്തീകരണമായി മാറി. പുരമേയാന്‍ വച്ചിരുന്ന പുല്ലിന്‍കെട്ടുകള്‍ കൊണ്ടുവന്ന് ജനലുകള്‍ വഴി അകത്തേക്കിട്ട് പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി. നിമിഷങ്ങള്‍ക്കകം പാര്‍ടി ഓഫീസ് അഗ്നിഗോളമായി. ഒന്നുകില്‍ അകത്ത് വെന്തുമരിക്കണം; അല്ലെങ്കില്‍ നരഭോജികളുടെ മുന്നിലേക്കിറങ്ങിച്ചെലണ്ണം. കമ്യൂണിസ്റ്റ് ധീരതയുടെ പ്രതീകമായി മാറിയ സഖാക്കള്‍ തീരുമാനിച്ചു– എല്ലാവരും ഒരുമിച്ച് കൊലചെയ്യപ്പെട്ടുകൂടാ. ചിലരെങ്കിലും ശേഷിക്കണം. കൂട്ടത്തിലെ തലമുതിര്‍ന്ന ആളായ സ. ആലവളപ്പില്‍ അമ്പുവാണ് ആദ്യം പുറത്തുചാടിയത്. നരഭോജികള്‍ ചാടിവീണു. നിമിഷങ്ങള്‍ക്കകം കുത്തിയും വെട്ടിയും കൊലപ്പെടുത്തി. സ്വന്തം പിതാവ് കൊലചെയ്യപ്പെടുന്നത് നേരിട്ടുകണ്ട് അമ്പുവിന്റെ മക്കള്‍ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ നടുവില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. പിന്നാലെ പുറത്തുചാടിയ ചാലില്‍ കോരനെ വലതുകൈ അറുത്തുമാറ്റിയശേഷം കൊലചെയ്തു. അകത്തുള്ളവര്‍ ഇതൊക്കെ കാണുകയായിരുന്നു. മൂന്നാമത് പുറത്തുവന്നത് പഞ്ചായത്ത് മെമ്പറും ബാങ്ക് ഡയറക്ടറുമായിരുന്ന, വീടും കുടുംബവും സമ്പത്തുമൊക്കെ പാര്‍ടി ഓഫീസാക്കി മാറ്റിയ പി കുഞ്ഞപ്പന്‍. ഘാതകര്‍ തല തല്ലിപ്പൊളിച്ചു. തൃപ്തിവരാതെ, പാര്‍ടി ഓഫീസിന്റെ പിന്നിലേക്ക് വലിച്ചിഴച്ച് പുല്ലില്‍പൊതിഞ്ഞ് തീയിട്ടുകൊന്നു.
തുടര്‍ന്ന് പുറത്തുചാടിയ എം കോരനെ കൊലയാളികള്‍ ആഞ്ഞുവെട്ടി. കോരന്‍ കുറെ ദൂരം ഓടി. പിന്നാലെ പാഞ്ഞ ഘാതകര്‍ കാല്‍ വെട്ടിമുറിച്ചു. ഓടാന്‍ കഴിയാതെ വീണ കോരനെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് പുറത്തുചാടിയ ബാലകൃഷ്ണനെയും കൈക്കും കാലിനും വെട്ടി. കുറെ ദൂരം ഓടിയ ബാലകൃഷ്ണന്‍ ബോധംകെട്ട് വീണു. മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിച്ചു. ഇതിനിടെ, കൊലചെയ്യപ്പെടുമെന്ന ധാരണയില്‍ത്തന്നെ ഓഫീസിനകത്തുണ്ടായിരുന്നവര്‍ ഓരോരുത്തരായി പുറത്തേക്ക് ചാടി ഓടി. അക്രമിസംഘം പിന്തുടര്‍ന്ന് പരിക്കേല്‍പ്പിച്ചു. പലരും പല സ്ഥലങ്ങളിലും വീണു. പരിക്കേറ്റ പലരെയും മരിച്ചെന്ന ധാരണയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ചീമേനിയിലെ തെരഞ്ഞെടുപ്പ് ചുമതല ലോക്കല്‍ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണനായിരുന്നു. പോളിങ് സമാധാനപരമായി കഴിഞ്ഞശേഷം കയ്യൂരിലേക്ക് മടങ്ങുന്നതിന് ബസ് കാത്തുനില്‍ക്കുമ്പോഴാണ് നരനായാട്ട് അരങ്ങേറിയത്. അടുത്ത കടയില്‍ അഭയംതേടി. കടയുടമയുടെ എതിര്‍പ്പ് വകവയ്ക്കാതെ, വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദിച്ചു. എന്നിട്ടും കലിയടങ്ങാത്ത അക്രമികള്‍ കടവരാന്തയിലുണ്ടായിരുന്ന അമ്മിക്കല്ലെടുത്ത് തലയ്ക്കടിച്ച് അത്യന്തം പൈശാചികമായാണ് സഖാവിനെ കൊലപ്പെടുത്തിയത്.
മനസാക്ഷി മരവിപ്പിക്കുന്ന കൊടുംപാതകമറിഞ്ഞ്, ഇ എം എസും ഇ കെ നായനാരും ഉള്‍പ്പെടെയുള്ള ജനനേതാക്കള്‍ ചീമേനിയിലെത്തി. ജാലിയന്‍വാലാബാഗിനു സമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്.
കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഇ കെ നായനാരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നു. അഞ്ച് ധീരരെ നഷ്ടപ്പെട്ടെങ്കിലും ചീമേനിയിലും കാസര്‍കോട് ജില്ലയിലും ഉത്തരോത്തരം കരുത്താര്‍ജിക്കുകയാണ് സിപിഐ എം. മഹത്തായ ആ രക്തസാക്ഷിത്വം പാര്‍ടിയുടെ മുന്നേറ്റപ്പാതയില്‍ തലമുറകളെ ത്രസിപ്പിക്കുന്ന ഊര്‍ജസ്രോതസ്സായി.
കേരളനിയമസഭയിലേക്ക് വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ് ഇത്തവണ ചീമേനി രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കുന്നത്. ചീമേനിയില്‍ ഉയര്‍ത്തിയ കൊലക്കത്തി കോണ്‍ഗ്രസ് ഇന്നും താഴെവച്ചിട്ടില്ല. അവസരം കിട്ടുമ്പോഴെല്ലാം സിപിഐ എമ്മിനെതിരെ അവര്‍ ആയുധമുയര്‍ത്തുന്നു. അക്രമം പ്രവര്‍ത്തനപദ്ധതിയാക്കിയ സംഘപരിവാര്‍ ശക്തികള്‍ക്ക് കോണ്‍ഗ്രസ് അരുനില്‍ക്കുന്നു. സിപിഐ എം വിരുദ്ധതയില്‍ ഒരേ മനസ്സുള്ള കോണ്‍ഗ്രസും ബിജെപിയും അണിയറയില്‍ വോട്ടുകച്ചവടത്തിന് കരുക്കള്‍ നീക്കിത്തുടങ്ങി.
ഇടതുപക്ഷ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ചരിത്ര ദൗത്യം നമുക്ക് നിറവേറ്റേണ്ടതുണ്ട്. ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓര്‍മ ഈ പോരാട്ടത്തിന് കരുത്തു പകരും. ധീര രക്തസാക്ഷികളുടെ സ്മരണയ്ക്കുമുന്നില്‍ ആദരാഞ്ജലികൾ…


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *