വിഎസ് സർക്കാരിന്റെ കാലത്ത് പൊഴിയിൽ 10 കോടി രൂപയ്ക്ക് 100 മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകൾ പണിത് ഹാർബറിന്റെ ഉദ്ഘാടനo നടത്തി. മദിരാശി ഐഐറ്റി സാങ്കേതിക പരിശോധന നടത്തിയതാണ്. പക്ഷെ, എന്തു ചെയ്യാൻ മണ്ണ് കയറി പൊഴിതന്നെ അടഞ്ഞുപോയി. വടക്കുവശത്ത് കടലാക്രമണവും തെക്കുവശത്ത് കരവയ്ക്കലുമായി എന്ന പ്രതിഭാസവും രൂപംകൊണ്ടു. പിന്നീടുള്ള യുഡിഎഫിന്റെ അഞ്ചു വർഷം ഹാർബർ ഇങ്ങനെ തന്നെ അടഞ്ഞു കിടന്നു. പിണറായി വിജയൻ സർക്കാർ വന്നു, പൂനൈ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നരവർഷമെടുത്ത് വിശദമായ പഠനം നടത്തി. തെക്കുവശത്തുള്ള പുലിമുട്ട് ഏതാണ്ട് 1000 മീറ്റർ കടലിലേയ്ക്കു നീട്ടണം. വടക്കുവശത്തെ പുലിമുട്ട് 600 മീറ്ററും നീട്ടണം. തെക്കുവശത്തെ പുലിമുട്ട് വൃത്താകൃതിയിൽ വളഞ്ഞ് വടക്കുവശത്തെ പുലിമുട്ട് ഭാഗത്തേയ്ക്കു വരണം. അങ്ങനെയുണ്ടാകുന്ന തുറമുഖത്തിന് 150 മീറ്ററെങ്കിലുമുള്ള പ്രവേശന വീതിയുണ്ടാവണം. തെക്കൻ പുലിമുട്ടിന്റെ ഓരത്ത് 150 മീറ്റർ വാർഫിൽ ബോട്ടുകൾ അടുക്കാം. ലേലഹാളും മറ്റും ഇവിടെയാണ്. ഹാർബറിലുള്ള കടപ്പുറത്ത് വള്ളങ്ങളും അടുക്കാം. ഇതാണ് ഏതാണ്ട് 100 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ പോകുന്ന പുതിയ ഹാർബറിന്റെ രൂപരേഖ.സാധാരണഗതിയിൽ 100 കോടി രൂപയുടെ പുതിയൊരു ഹാർബർ ബജറ്റിൽ ഏറ്റെടുക്കാൻ കഴിയില്ല. ഏറ്റെടുത്താൽ തന്നെ കേരളത്തിലെ മറ്റു ഹാർബറുകളെപ്പോലെ ദശാബ്ദങ്ങളെടുക്കും. പക്ഷെ, കിഫ്ബി ഇതിന് ഉത്തരം നൽകിയിരിക്കുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി, ചെത്തി എന്നിവിടങ്ങളിൽ രണ്ട് പുതിയ ഹാർബറുകൾക്ക് അനുമതിയായി. പരപ്പനങ്ങാടി ഹാർബർ പാതിവഴിയിലെത്തി. ചെത്തി ഹാർബറിനു പിന്നെയും ചില അവസാനവട്ട സാങ്കേതിക പരിശോധനകൾ വേണ്ടിവന്നു. പരിശോധനയ്ക്കു വന്ന ബോട്ടുതന്നെ കടൽക്ഷോഭത്തിൽ തകർന്നു. അങ്ങനെ നീണ്ടുപോയ നിർമ്മാണം അവസാനം ഇപ്പോൾ ടെണ്ടർ വിളിച്ചു, കരാർ വച്ച് നിർമ്മാണം തുടങ്ങി. കടപ്പുറത്ത് ഉത്സവമായിരുന്നു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *