കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ നാഴികക്കല്ലായ ജനകീയാസൂത്രണം ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും ലക്ഷ്യമിട്ടുകൊണ്ട് 1996 ആഗസ്ത്‌ 17ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ പരീക്ഷണമാണിത്. ജനകീയാസൂത്രണം സംബന്ധിച്ച കാഴ്ചപ്പാടും സമീപനവും രൂപീകരിക്കുന്നതിൽ സ. ഇ എം എസ് വഹിച്ച പങ്ക് നിർണായകമാണ്. അന്നത്തെ മുഖ്യമന്ത്രി സ. ഇ കെ നായനാർ, തദ്ദേശമന്ത്രി സ. പാലൊളി മുഹമ്മദ് കുട്ടി എന്നിവർ നൽകിയ ധീരമായ നേതൃത്വം അവിസ്മരണീയമാണ്.

1996ൽ എൽഡിഎഫ്‌ സർക്കാരിന്റെ പ്രധാന വികസന മുൻഗണനകളിൽ ഒന്നായിരുന്നു അധികാര വികേന്ദ്രീകരണം. ബജറ്റിന്റെ മൂന്നിൽ ഒരു ഭാഗം സമ്പൂർണ ആസൂത്രണാധികാരത്തോടെ തദ്ദേശസ്ഥാപനങ്ങൾക്ക്‌ കൈമാറാനുള്ള എൽഡിഎഫിന്റെ തീരുമാനം ജനകീയാസൂത്രണത്തിന് തുടക്കമിട്ടു. പദ്ധതി രൂപീകരണവും നിർവഹണവും അതുവരെ ഉദ്യോഗസ്ഥ കേന്ദ്രീകൃതവും പരസ്പരം വെള്ളം കയറാത്ത അറകളുമായിട്ടാണ് നിലനിന്നിരുന്നത്. ഈ കാഴ്ചപ്പാടും രീതികളും ഏറെക്കുറെ ജനങ്ങളും അംഗീകരിച്ച മട്ടായിരുന്നു. ഈ ശീലങ്ങളെ പൊളിച്ചെഴുതുന്നതിന്‌ ജനകീയാസൂത്രണത്തിനു കഴിഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അനുഭവമായിരുന്നു ജനകീയാസൂത്രണം. മുഴുവൻ ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കിയ ജനകീയ ക്യാമ്പയിനിലൂടെയാണ് അതിന് തുടക്കം കുറിച്ചത്. രാജ്യം മുഴുവൻ പകർത്താനാഗ്രഹിക്കുന്ന ഒരു വികസന പന്ഥാവായി ജനകീയാസൂത്രണം അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2018ലാണ് കേന്ദ്രം ഈ മാതൃകയിൽ തദ്ദേശവികസന പ്ലാൻ തയ്യാറാക്കുന്നതിനായി ഒരു പദ്ധതി ആവിഷ്കരിച്ചത്.

അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്ന ശക്തമായ നിയമനിർമാണങ്ങൾ നടത്താൻ ഭൂരിപക്ഷം സംസ്ഥാനങ്ങളും തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിലെ ചുമതലകൾ വിശദമായി മറ്റൊരു സംസ്ഥാനവും നിർവചിച്ചിട്ടില്ല. നവോത്ഥാനത്തിന്റെയും ഇടതുപക്ഷ ബദൽ വികസന മാതൃകയുടെയും തുടർച്ചയിലാണ് ജനകീയാസൂത്രണവും സാധ്യമായത്.

ജനകീയാസൂത്രണത്തെ ആരംഭംമുതൽതന്നെ ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കേരള വികസനപദ്ധതി എന്ന പേരിൽ ഉള്ളടക്കം ചോർത്തിക്കളയാൻ ശ്രമിച്ചു. ജനശ്രീയുടെ മറവിൽ കുടുംബശ്രീ സംഘങ്ങളെ ഭിന്നിപ്പിച്ചു. ആദ്യത്തെ സമ്പൂർണ പാർപ്പിടപദ്ധതിയായ ഇ എം എസ് ഭവനപദ്ധതി ദുർബലപ്പെടുത്താൻ ശ്രമിച്ചു. പദ്ധതി ആസൂത്രണത്തിൽ ഉദ്യോഗസ്ഥ കേന്ദ്രീകരണം തിരിച്ചുകൊണ്ടുവരാനും ശ്രമങ്ങളുണ്ടായി. എൽഡിഎഫിന്റെ വികസന കാഴ്ചപ്പാടും ജനകീയ സമ്മർദവുമാണ് ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കരുത്തുപകർന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *