https://www.cpimkerala.org/decentralization-20.php?n=1

ജനകീയാസൂത്രണം
ഇന്ത്യന്‍ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികള്‍ ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണമാണ്‌ ലക്ഷ്യമാക്കുന്നത്‌. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ ആസൂത്രണ നിര്‍വഹണ പ്രക്രിയയില്‍ അധികാരം നല്‍കുന്ന ഈ ഭരണഘടനാഭേദഗതികളുടെ അന്ത:സത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒമ്പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീകൃതാസൂത്രണത്തിലൂടെ നടപ്പാക്കാന്‍ കേരളത്തില്‍ 1996-ല്‍ സ:ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ ഇതു സംബന്ധമായ എല്‍ഡിഎഫ്‌ സമീപനം ആവിഷ്‌കരിക്കുന്നതിലും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്ക്‌ വഹിച്ചു. ആസൂത്രണഘട്ടം മുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്‌ നടപ്പാക്കുന്ന വികേന്ദ്രീകൃതാസൂത്രണ പ്രസ്ഥാനത്തിന്‌ 1996 ആഗസ്റ്റ്‌ 17-ന്‌ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. സംസ്ഥാന പദ്ധതിയുടെ 35 – 40 ശതമാനം പ്രാദേശിക പദ്ധതികളിലൂടെ നടപ്പാക്കാനുള്ള സുപ്രധാനമായ തീരുമാനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. ഇത്‌ ഇന്ത്യയിലെ തന്നെ ആദ്യ അനുഭവമായിരുന്നു.

ലക്ഷ്യം

സാമൂഹ്യക്ഷേമ രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ഒരു സംസ്ഥാനമാണെങ്കിലും സാമ്പത്തിക വളര്‍ച്ചയില്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ കേരളം പിന്നിലാണെന്ന വികസന വെല്ലുവിളിയെ എങ്ങനെ നേരിടാമെന്നതാണ്‌ ജനകീയാസൂത്രണത്തിന്റെ ഒരു ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടത്‌. മറ്റു പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു.

– തൊഴിലില്ലായ്‌മയുടെ രൂക്ഷത എങ്ങനെ കുറയ്‌ക്കാം.

– വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ കേരളം നേടിയ ഗുണനിലവാരം എങ്ങനെ നിലനിര്‍ത്താം?

– സ്‌ത്രീകളെ വികസന പ്രക്രിയയില്‍ എങ്ങനെ ഫലപ്രദമായി പങ്കാളികളാക്കാം?

–  വികസനപ്രക്രിയയുടെ മുഖ്യധാരയിലേക്ക്‌ ആദിവാസികള്‍, പട്ടിക ജാതിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെ എങ്ങനെ പൂര്‍ണമായും കൊണ്ടുവരാം?

– ദാരിദ്ര്യ – ജന്യരോഗങ്ങള്‍ ,കുടിവെള്ള ക്ഷാമം, ഭവനരാഹിത്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങളെ  എങ്ങനെയൊക്കെ സഹായിക്കുന്നു?

– പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസന പ്രക്രിയ എങ്ങനെ നടപ്പാക്കാം?

വിവിധഘട്ടങ്ങള്‍ – ഒരു വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന ആറു ഘട്ടങ്ങളിലായി നടന്ന ആസൂത്രണ പ്രക്രിയയുടെ അവസാനഘട്ടത്തിലാണ്‌ ഒന്‍പതാം പദ്ധതിയുടെ ഒന്നാം വര്‍ഷത്തെ (1997-98) പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കയ്യില്‍ ജനപങ്കാളിത്ത ത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനമായതിനാല്‍ ഇതിനായി ജനപ്രതി നിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പ്രാപ്‌തരാക്കു ന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ സംഘടിപ്പിച്ചു. രാജ്യമിന്നേവരെ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും വിപുലമായ ആ പഠനപ്രക്രിയയില്‍ അരലക്ഷത്തിലധികം ആളുകള്‍ പങ്കാളികളായി. പരിശീലനത്തിനായി നിരവധി കൈപ്പുസ്‌തകങ്ങളും പ്രസിദ്ധീ കരിക്കപ്പെട്ടു.

ആസൂത്രണപ്രക്രിയയുടെ ഭാഗമായി നടന്ന ആറു ഘട്ടങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

ഒന്ന്‌ – ആസൂത്രണ ഗ്രാമസഭ
ഗ്രാമസഭയില്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന്‌ നേതൃത്വം കൊടുക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കി. ഗ്രാമസഭയില്‍ വിവിധ വിഷയഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന ജനങ്ങള്‍ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്‌ക്കുകയും ചെയ്‌തു.

രണ്ട്‌ – വികസന സെമിനാര്‍

പ്രാദേശിക വിഭവ സാദ്ധ്യതകളും വികസന പ്രശ്‌നങ്ങളും വിലയിരുത്തിക്കൊണ്ടുള്ള വികസന റിപ്പോര്‍ട്ടുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമസഭയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍കൂടി ചര്‍ച്ച ചെയ്യുന്ന വികസന സെമിനാറില്‍ വെച്ച്‌ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്‌ രൂപം നല്‍കി.

മൂന്ന്‌ – കര്‍മ്മ സമിതികള്‍

വികസനസെമിനാറില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട വിദഗ്‌ധരടങ്ങുന്ന കര്‍മ്മ സമിതികള്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ പ്രോജക്‌ടുകളായി എഴുതി തയ്യാറാക്കി.

നാല്‌ – പദ്ധതിരേഖ

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കുന്ന സംസ്ഥാനപദ്ധതി വിഹിതത്തിന്റേയും മറ്റ്‌ വിഭവസാധ്യതകളുടേയും അടിസ്ഥാനത്തില്‍ പ്രോജക്‌റ്റുകളുടെ മുന്‍ഗണന തീരുമാനിച്ച്‌ ഭരണസമിതികള്‍ പദ്ധതി രേഖയ്‌ക്കു രൂപം നല്‍കി.

അഞ്ച്‌ – ബ്ലോക്ക്‌ – ജില്ലാ പഞ്ചായത്തു പദ്ധതികള്‍

താഴെ നിന്നുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുഗുണമായി ബ്ലോക്ക്‌ – ജില്ലാ പഞ്ചായത്തുകള്‍ അവരുടെ പദ്ധതിക്ക്‌ രൂപം നല്‍കി.

ആറ്‌ – ജില്ലാ ആസൂത്രണസമിതി

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖകളും പ്രോജക്‌റ്റുകളും വിദഗ്‌ധസമിതികള്‍ പരിശോധിച്ച്‌ ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആസൂത്രണസമിതികള്‍ പദ്ധതി രേഖകള്‍ക്ക്‌ അംഗീകാരം നല്‍കുകയും നിര്‍വഹണത്തിനുള്ള പണം ലഭ്യമാക്കുകയും ചെയ്‌തു.

ആസൂത്രണഘട്ടത്തിലെ ഈ വിവിധ ഘട്ടങ്ങള്‍ പോലെ നിര്‍വഹണത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിക്കപ്പെട്ടു. ഗുണഭോക്താക്കളെ തെരഞ്ഞെ ടുക്കാനുള്ള ഗ്രാമസഭകളും നിര്‍വ്വഹണത്തിനായുള്ള ഗുണഭോക്തൃസമിതികളും പ്രോജക്‌ട്‌ പരിശോധനയ്‌ക്കായുള്ള മോണിറ്ററിംഗ്‌ സമിതികളും പോലെ നിര്‍വഹണത്തിന്റെ ഭാഗമായും ജനപങ്കാളിത്തവും, സുതാര്യതയും ഉറപ്പാക്കുന്ന ഘട്ടങ്ങള്‍ സ്വീകരിക്കപ്പെട്ടു.

ഈ ഘട്ടങ്ങളൊക്കെത്തന്നെ 1996 മുതല്‍ കേരളത്തിന്റെ വികേന്ദ്രീകൃതാ സൂത്രത്തണത്തിന്റെ ഭാഗമായി ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ 2001 ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ അധികാരത്തില്‍ വന്നപ്പോള്‍ ജനകീയാസൂത്രണപദ്ധതിയെ
കേരളവികസനപദ്ധതി എന്നു പേരുമാറ്റി അവതരിപ്പിച്ചു. പേരു മാത്രമല്ല അവര്‍ മാറ്റിയത്‌; ആസൂത്രണനിര്‍വ്വഹണ പ്രക്രിയയിലെ ജനപങ്കാളിത്തത്തെ അവഗണിച്ച യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണപ്രക്രിയക്ക്‌ നിരവധി തടസ്സങ്ങള്‍ സൃഷ്‌ടിച്ചു. 2006 ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ ജനകീയാ സൂത്രണപ്രക്രിയയ്‌ക്ക്‌ പുനര്‍ജീവന്‍ നല്‍കാനാണ്‌ ശ്രമിക്കുന്നത്‌. കേരളത്തിന്റെ പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിനും വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ഗുണപരമായ മാറ്റത്തിനും, ഉല്‍പ്പാദനരംഗത്തെ പുതിയ ഉണര്‍വ്വിനും ശ്രദ്ദേയമായ സംഭാവനയാണ്‌ ജനകീയാസൂത്രണം നല്‍കിയിട്ടുള്ളത്‌. ഇന്ത്യയിലാദ്യമായി സ്‌ത്രീകള്‍ക്ക്‌ മാത്രമായി പദ്ധതി വിഹിതത്തിന്റെ 10 ശതമാനം ഫണ്ട്‌ വകയിരുത്തുന്ന വനിതാഘടകപദ്ധതി നടപ്പാക്കിക്കൊണ്ടും, കുടുംബശ്രീയിലൂടെ 37 ലക്ഷം സ്‌ത്രീകളെ പ്രാദേശിക വികസനപ്രക്രിയയില്‍ പങ്കാളികളാക്കിക്കൊണ്ടും കേരളത്തില്‍ സ്‌ത്രീ മുന്നേറ്റത്തിന്‌ പുതിയ അധ്യായം എഴുതിച്ചേര്‍ത#്‌തു ജനകീയാസൂത്രണം. കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്‌തതയിലേയ്‌ക്ക്‌ നയിക്കാന്‍ ലക്ഷ്യമിടുന്ന ഭക്ഷ്യ സുരക്ഷാപദ്ധതിയും സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും, വീടും നല്‍കുന്ന ഇ.എം.എസ്‌ ഭവനപദ്ധതി യുമടക്കം രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതികള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിക്കൊണ്ടിരി ക്കുകയാണ്‌.

അധികാരവികേന്ദ്രീകരണവും, വികേന്ദ്രീകൃതാസൂത്രണവും എന്തുകൊണ്ട്‌ പ്രധാനമെന്ന്‌ സി.പി.ഐ(എം) കരുതുന്നു?

സ: ഇ.എം.എസിന്റെ മറുപടി ഇതാണ്‌

“കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലൊന്നായ ജനകീയാസൂത്രണം വഴി നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന വ്യാമോഹം പാര്‍ടിക്കില്ല. അതുകൊണ്ടാണ്‌ ഇന്നത്തെ സാമൂഹ്യ-സമ്പദ്‌ വ്യവസ്ഥയാകെ മാറ്റി ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യം പാര്‍ടി മുമ്പില്‍ വയ്‌ക്കുന്നത്‌. പക്ഷേ, അതിനുവേണ്ടിയുള്ള സമരത്തില്‍ ഫലപ്രദങ്ങളായ ആയുധങ്ങളാണ്‌ സംസ്ഥാനഗവണ്‍മെന്റും പ്രാദേശികഭരണ സ്ഥാപനങ്ങളും അവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയാസൂത്രണം പോലുള്ള പരിപാടികളും. അവയിലൂടെ താല്‍ക്കാലികമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. അതുപയോഗിച്ച്‌ ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരം ശക്തിപ്പെടുത്താനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌..”(ചിന്ത വാരിക, 8, നവംബര്‍ 1996)
” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ജനാധിപത്യ വികേന്ദ്രീകരണത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമിതാണ്‌: മര്‍ദ്ദകര്‍ക്കും, ചൂഷകര്‍ക്കുമെതിരെ യുള്ള അധ്വാനിക്കുന്നവരുടെ ദൈനംദിനസമരത്തില്‍ ഇത്തരമൊരു വ്യവസ്ഥ കൂടുതല്‍ സഹായകകരമായിരിക്കും.” (അശോക്‌ മേത്ത കമ്മിറ്റി റിപ്പോര്‍ട്ടിന്‌ എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ്‌ – 1978).


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *