ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നുവെന്നും ടൈം മാഗസിന്‍ പറഞ്ഞു.

വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ 2020ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടം പിടിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരനായ നിലയില്‍.

എന്ത് കൊണ്ട് മോദിയെ തെരഞ്ഞെടുത്തു എന്ന് വിശദീകരിച്ച് കൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കുറിപ്പിലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ് എന്നാണ് ടൈം മാഗസിന്‍ പറയുന്നത്.

സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ-ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്‍ത്തലിന് മറയായി. ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നുവെന്നും ടൈം മാഗസിന്‍ പറഞ്ഞു.

അതേസമയം മോദിക്ക് പുറമെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസും ഇടം പിടിച്ചിട്ടുണ്ട്. 82 കാരിയായ ബില്‍കീസ് പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നു.

ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ബാനും ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബില്‍കീസ് ലോകത്തിന്റെ ആദരം അര്‍ഹിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് പ്രതികരിച്ചു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു.

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, പ്രഫസര്‍ രവീന്ദ്ര ഗുപ്ത എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയിലുള്ള മറ്റു ഇന്ത്യക്കാര്‍.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ ഡോക്ടര്‍ അന്റോണിയോ ഫൗസി, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏംഗല മെര്‍ക്കല്‍, ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍ എന്നീ പ്രമുഖരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

മോദിയെ കുറിച്ചുള്ള ടൈം മാഗസിന്റെ കുറിപ്പ് പൂര്‍ണരൂപം,

ജനാധിപത്യത്തിലേയ്ക്കുള്ള വഴി ശരിക്കും സ്വതന്ത്രമായ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല. ആര്‍ക്കാണ് ഏറ്റവുമധികം വോട്ടു ലഭിച്ചത് എന്നു മാത്രമാണ് തിരഞ്ഞെടുപ്പുകള്‍ പറയുക. വിജയിക്ക് വോട്ട് ചെയ്യാത്ത ചെയ്യാത്ത മനുഷ്യരുടെ അവകാശങ്ങള്‍ അതിലേറെ പ്രധാനമാണ്. ഏഴു പതിറ്റാണ്ടിലേറെയായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യ. 130 കോടി ജനങ്ങളില്‍ ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈന മതക്കാരും മറ്റ് മത സമൂഹങ്ങളും ഉള്‍പ്പെടുന്നു. ‘ഐക്യത്തിന്റേയും സ്ഥിരതയുടേയും ഉത്തമോദാഹരണം’ എന്നാണ് (ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ അഭയാര്‍ത്ഥിയായ കഴിഞ്ഞ) ദലൈലാമ ഇന്ത്യയെ കുറിച്ച് പറഞ്ഞത്.

ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. ഇന്ത്യയിലിന്നേവരെയുണ്ടായിട്ടുള്ള ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ്. സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ -ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്‌ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മഹാമാരിയുടെ തീച്ചൂള അടിച്ചമര്‍ത്തലിന് മറയായി. ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം വീണ്ടും കരിനിഴലിലാണ്ടുപോയിരിക്കുന്നു,


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *