‘കോട്ടക്കല്‍ കഷായ’ത്തില്‍ ‘പരിശുദ്ധ നെയ്യ്’ ചേര്‍ക്കുമ്പോള്‍
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്ന ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി ആരിഫലിയുടെ പേരില്‍ മാധ്യമം പത്രത്തില്‍ (നവം. 21, 2008) പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ തലക്കെട്ട് “ചരിത്രത്തില്‍ സ്തംഭിച്ചുനില്‍ക്കാന്‍ കഴിയില്ല’ എന്നായിരുന്നു. “”ചില ധീരമായ ചുവടുകള്‍ എടുത്തേ മതിയാകൂ. അൽപ്പം കൂടി കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ എന്ന ചിന്ത സ്വാഭാവികമായും ജമാഅത്ത് നേതൃത്വത്തിനും വന്നിട്ടുണ്ടാകും. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാഭാവികവും അനിവാര്യവുമായ ഒരു വികാസമായിട്ടാണ് അതിനെ മനസ്സിലാക്കേണ്ടത്. കാലം ചിലത് ആവശ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ പറ്റില്ല.”- ഇങ്ങനെയൊക്കെ വാദിച്ചാണ് വെല്‍ഫയര്‍ പാര്‍ട്ടി രൂപവത്കരണത്തെ ആരിഫലി ന്യായീകരിച്ചെടുക്കുന്നത്.
സത്യമാണ്, ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഒരു “കടന്ന പ്രവൃത്തി’ തന്നെയാണ് ആധുനിക ജനാധിപത്യ വ്യവസ്ഥക്കനുസൃതമായി ഒരു പാര്‍ട്ടി രൂപവത്കരിക്കുക എന്നത്. അങ്ങനെയാണല്ലോ ആചാര്യന്‍ പറഞ്ഞുവെച്ചതും: “”മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്ക് വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കൊടുംവഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലായിരിക്കും. യഥാര്‍ഥ ഇസ്‌ലാമിക വ്യവസ്ഥക്ക് പകരം ഈ കുഫ്റ് വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല”(ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം-1971, പേജ് 32)
ഇതൊക്കെ കേട്ട് പണ്ട് കുറേ പാവം ജമാഅത്തുകാര്‍ ജനാധിപത്യ ഭരണകൂടത്തെ അനുസരിക്കുന്നതിനെ പേടിച്ച് സര്‍ക്കാര്‍ ഉദ്യോഗം വേണ്ടെന്ന് വെച്ചു. കുഞ്ചിക സ്ഥാനം എന്നൊക്കെ പല മാപ്പിളമാരും കേള്‍ക്കുന്നത് അന്നത്തെ ജമാഅത്തെ ഇസ്‌ലാമിക്കാരുടെ സംവാദങ്ങളില്‍ നിന്നാണ്. (ഇപ്പോഴും ഗൂഗിളില്‍ കുഞ്ചിക സ്ഥാനം എന്നടിച്ചാല്‍ വരുന്നത് ജമാഅത്തിനെക്കുറിച്ചാണ്.) ജനാധിപത്യ വ്യവസ്ഥയില്‍ ഒരു കുഞ്ചിക സ്ഥാനം വഹിക്കുന്നത് പോലും മതവിരുദ്ധമാണ് എന്നായിരുന്നു അക്കാലത്തെ സൈദ്ധാന്തിക വീരവാദങ്ങള്‍. അങ്ങനെ വരുമ്പോള്‍ വോട്ട് ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാലക്രമത്തില്‍ അമീറുമാരും ശൂറാ അംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി വന്നു. ഒരു ഖത്വറില്‍ മാത്രം ജോലി നോക്കി ജീവിക്കാന്‍ എത്ര പേര്‍ക്ക് കഴിയും! മെല്ലെ മെല്ലെ വോട്ട് ഹലാലായിത്തീര്‍ന്നു. മൂല്യം നോക്കി വോട്ട് ചെയ്യലായി. ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമദാനിയേക്കാള്‍ പി ടി കുഞ്ഞിമുഹമ്മദിന് മൂല്യം കണ്ടെത്തി. വ്യക്തികളുടെ മൂല്യത്തില്‍ വലിയ കാര്യമില്ല, പാര്‍ട്ടികളുടെ മൂല്യത്തിലാണ് കളി എന്ന് കുറച്ച് കഴിഞ്ഞ് മനസ്സിലായി. പിന്നെ സ്വന്തം പാര്‍ട്ടി തന്നെ ഉണ്ടാക്കാമെന്നായി.
അങ്ങനെയാണ്, ദൈവത്തിനെതിരെ രാജ്യദ്രോഹ കൊടി ഉയര്‍ത്തലെന്നും തിരുദൂതരോട് ചെയ്യുന്ന കൊടും വഞ്ചനയെന്നും പറഞ്ഞ് ആചാര്യന്‍ ഉത്ബുദ്ധരാക്കുകയും തിരിച്ചു ചെയ്യുകയാണെങ്കില്‍ എനിക്കൊന്നും പറയാനില്ലെന്ന് ചൊടിക്കുകയും ചെയ്ത സംഗതി നെഞ്ചേറ്റുന്നതിനെക്കുറിച്ച് “ധീരമായ ചുവടുവെപ്പുകള്‍’ എന്നും “സ്വാഭാവികവും അനിവാര്യവുമായ വികാസ’മെന്നുമൊക്കെ അമീര്‍ വിശേഷിപ്പിച്ചുകളഞ്ഞത്. ഇതേകുറിച്ച് വല്ലതും ചോദിച്ചാല്‍ പഴകിപ്പുളിച്ച ആരോപണം എന്ന ആ പുളിച്ച മറുപടി മാത്രമാണ് സൈദ്ധാന്തിക പോരാളികള്‍ മുതല്‍ സൈബര്‍ സഹോദരന്മാര്‍ വരെ നല്‍കുക. അതൊക്കെ പഴയ കഥ.
ഇന്നിപ്പോള്‍ അന്നത്തേക്കാള്‍ അല്‍പ്പം കൂടി “കടന്നു പ്രവര്‍ത്തിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ’ എന്ന് തോന്നിയിരിക്കുന്നു. അങ്ങനെയാണ് മുസ്‌ലിം ലീഗിന്റെ കെയറോഫില്‍ യു ഡി എഫില്‍ കയറിപ്പറ്റാന്‍ നോക്കുന്നത്. ചർച്ചകൾ നടന്നു എന്നാണ് വാർത്തകൾ. തീവ്രവാദ സംഘടന, വര്‍ഗീയ കൂട്ടുകെട്ട് എന്നൊക്കെ ചില ആക്ഷേപങ്ങള്‍ അങ്ങുമിങ്ങും ഉയര്‍ന്നുവരുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇത് പുതിയതൊന്നുമല്ല. അതൊക്കെ കാലക്രമത്തില്‍ അടങ്ങിക്കോളും. പണ്ട്, കോണ്‍ഗ്രസ്- ലീഗ്- പി എസ് പി മുന്നണിയായി മത്സരിച്ച് ജയിച്ചിട്ടും വര്‍ഗീയ കക്ഷിയെ മന്ത്രിസഭയിലെടുക്കാനാകില്ല എന്നായിരുന്നല്ലോ കോണ്‍ഗ്രസ് തിട്ടൂരം. അങ്ങനെയാണ് ലീഗ് നേതാവ് കെ എം സീതിയും ശേഷം സി എച്ച് മുഹമ്മദ് കോയയും സ്പീക്കര്‍മാരായത്. സ്പീക്കറാകാന്‍ വര്‍ഗീയ കക്ഷി പറ്റുമെന്നായിരുന്നല്ലോ അന്നത്തെ കോൺഗ്രസ് റൂളിംഗ്. അതു വെച്ച് ഇന്ന് ലീഗിന് വല്ല ചെതക്കുറവും ഉണ്ടോ?
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നത് സാര്‍വകാലികവും സാര്‍വജനീനവുമായ ഒരു സിദ്ധാന്തമാണ്. അല്ലെങ്കില്‍ നോക്കൂ, സദുപദേശമെന്ന വ്യാജേന ലീഗിനെതിരെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്‌ലാമി മുഖപത്രം ചെലവഴിച്ച മഷി വെള്ളിമാട്കുന്ന് ഭാഗത്തെ പൂനൂര്‍ പുഴയിലൊഴിച്ചാല്‍ വെള്ളപ്പൊക്കം തന്നെയുണ്ടാകാന്‍ മാത്രമുണ്ട്. എം കെ മുനീറിന്റെ എക്സ്പ്രസ്സ് ഹൈവേക്കും കുഞ്ഞാലിക്കുട്ടിയുടെ കരിമണല്‍ ഖനനത്തിനും എതിരെ സാംസ്‌കാരിക നായകന്മാരെക്കൊണ്ടും സാഹിത്യകാരന്മാരെക്കൊണ്ടും എഴുതിക്കുന്നതില്‍ പരിമിതമായിരുന്നില്ല അത്. ബാബരി മസ്ജിദ്, അയോധ്യാ ശിലാന്യാസം, കോണ്‍ഗ്രസ് – യു ഡി എഫ് സര്‍ക്കാറുകളുടെ ആഗോളവത്കരണ നയങ്ങള്‍, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, നരസിംഹ റാവുവിന്റെ സമീപനങ്ങള്‍, കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം, അമേരിക്കയോടുള്ള ചങ്ങാത്തം, ടാഡയും കരിനിയമങ്ങളും, ഇസ്റാഈലുമായി നയതന്ത്രം, മുത്തങ്ങ- മാറാട് സംഭവങ്ങള്‍, എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന, ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപം തുടങ്ങി നൂറുനൂറായിരം വിഷയങ്ങളില്‍ അവര്‍ നിരന്തരം എഴുതി. പുറമേ കോണ്‍ഗ്രസ് വിമര്‍ശനം എന്ന് തോന്നുമെങ്കിലും മുന ലീഗിലേക്കായിരുന്നു. പറഞ്ഞുപറഞ്ഞ്, അമേരിക്ക അഫ്ഗാനില്‍ ബോംബിട്ടാല്‍ മലപ്പുറത്ത് ലീഗ് മറുപടി പറയണം എന്നിടത്തായി കാര്യങ്ങള്‍. ലീഗിന് സാമുദായിക ബോധം പോരാ, ലീഗ് പോരാ എന്ന് നിരന്തരം അവര്‍ പായ്യാരം പറഞ്ഞുകൊണ്ടിരുന്നു. അക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ഒളിക്കണ്ണ് ഇടത്തോട്ടായിരുന്നു.
അപവാദത്തില്‍ സഹികെട്ട് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി പാര്‍ട്ടി പത്രത്തില്‍ പരമ്പര തന്നെ എഴുതി. അതാണ് ‘ജമാഅത്തെ ഇസ്‌ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’ എന്ന പേരില്‍ പുസ്തകരൂപം പൂണ്ടത്. മുട്ടുശാന്തിക്ക് മാധ്യമത്തില്‍ നിന്ന് പുറത്താക്കിയ ഒ അബ്ദുല്ലയുടെ ജമാഅത്ത് വിമര്‍ശനങ്ങളും ചന്ദ്രിക പ്രസിദ്ധീകരിച്ചു. ഓര്‍ക്കിഡ് ദുരന്തം വരെ അബ്ദുല്ല ചന്ദ്രികയിലെ കോളത്തില്‍ ലേഖനമാക്കി.
ലീഗ് നന്നാകില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ഇടതുപക്ഷത്തിന് ട്യൂഷനെടുക്കാന്‍ തുടങ്ങി ജമാഅത്തെ ഇസ്‌ലാമിക്കാര്‍. അത് സോളിഡാരിറ്റിക്കാലമായിരുന്നു. ഡി വൈ എഫ് ഐക്ക് വിപ്ലവബോധം പോരാ എന്നായി. അങ്ങനെ ഡി വൈ എഫ് ഐയേക്കാള്‍ വലിയ ഡി വൈ എഫ് ഐ ആയി സോളിഡാരിറ്റി. നാട്ടുകാര്‍ നടത്തുന്ന എല്ലാ സമരങ്ങളുടെയും മുന്‍നിരയില്‍ കൊടിയുമായി മഫ്തയിട്ട രണ്ട് ഇത്താത്തമാരെ കൊണ്ടിരുത്തി. സി പി എമ്മിന് ഇടതുപക്ഷ ബോധം ചോര്‍ന്നു പോയെന്നായി പെരുമ്പറ. അതോടെ ബര്‍ലിന്‍ നായര്‍ മുതല്‍ ഉമേഷ് ബാബു, ആസാദ് തുടങ്ങിയവര്‍ വരെ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ക്ക് ഇഷ്ടപാത്രങ്ങളായി. ഇടതു പദാവലികള്‍ തരാതരം എടുത്തുവീശാന്‍ പെന്‍ഷന്‍ പറ്റിയ നക്സലുകളും സ്വയം റദ്ദായിപ്പോയ ഇടതുപക്ഷക്കാരും ജോലിക്കാരായി ഉണ്ടായിരുന്നു താനും. തീവ്ര ഇടതുപക്ഷക്കാര്‍ക്കും ജമാഅത്തുകാര്‍ക്കും ഒരു പ്രസിദ്ധീകരണം പോരേ എന്ന തമാശകള്‍ ഉള്ളില്‍ നിന്നു തന്നെയുണ്ടായി. കെ രാജേശ്വരി എന്ന പേരില്‍ അഡ്വ. ജയശങ്കര്‍ മാധ്യമത്തില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. സി പി എം ഗ്രൂപ്പിസത്തില്‍ കൂടെ കൈവെച്ചതോടെ പാര്‍ട്ടി തിരിച്ചടി തുടങ്ങി. ഇടതു സര്‍ക്കാര്‍ ഭരിച്ചുകൊണ്ടിരിക്കെ കോഴിക്കോട്ടെ സംസ്ഥാന ഓഫീസ് ലൈബ്രറി പോലീസ് റെയ്ഡ് നടത്തിയത് ജമാഅത്തുകാരെ വേദനിപ്പിച്ചു. ഇടതുപക്ഷവും നന്നാകില്ല എന്ന് കണ്ടപ്പോള്‍ പിന്നെ ഒറ്റയും തെറ്റയുമായി ചില തിരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ നടത്തി. അങ്ങനെ ഏതാനും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഹുകൂമത്തേ ഇലാഹി നിലവില്‍വന്നു. അപ്പോഴേക്കും നോട്ടം വലത്തോട്ട് തുടങ്ങിയിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന പ്രഭാവത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതോടെ, അഹമഹമിഹയാ പിന്തുണ യു ഡി എഫിന് കൊടുത്തു. ചന്ദ്രികയും വീക്ഷണവും എന്തിന് മനോരമ പോലും മാധ്യമത്തോട് തോറ്റുപോയി. യു ഡി എഫിന്റെ വന്‍ മുന്നേറ്റത്തില്‍ ജമാഅത്തുകാര്‍ നെഗളിച്ചുനടന്നു. അപ്പോഴേക്കും സാമൂഹിക മാധ്യമങ്ങളിലും പുറത്തും “ഇസ്‌ലാമിക പ്രവര്‍ത്തകരും’ യു ഡി എഫുകാരും ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു.
ഓരോന്ന് പറഞ്ഞ് ലീഗിനെ നിരന്തരം സ്വാസ്ഥ്യം കെടുത്തുന്ന ഘട്ടത്തിലും ലീഗ് വിളിക്കുന്ന മത സംഘടനകളുടെ യോഗത്തില്‍ ജമാഅത്തുകാര്‍ കാതോര്‍ത്തിരുന്നു. മാറാട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ആദ്യമായി ജമാഅത്തിന് ഇരിപ്പിടം ലഭിക്കുന്നത്. പിന്നെയും ഇത്തരം യോഗങ്ങളില്‍ നിന്ന് എന്‍ ഡി എഫിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും ഒഴിവാക്കപ്പെട്ടു. തീവ്രവാദ പ്രവണതകള്‍ക്കെതിരെയായിരുന്നു മുഖ്യമായും ഇത്തരം കൂട്ടായ്മകള്‍ എന്നതായിരുന്നു കാരണം. ഇതില്‍ പ്രകോപിതനായാണ് അക്കാലത്തെ എസ് ഐ ഒ പോരാളി സി ദാവൂദ് “തീവ്രവാദത്തിനെതിരെ കോട്ടക്കല്‍ കഷായം’ എഴുതുന്നത്. മുസ്‌ലിം തീവ്രവാദത്തിന് താത്വിക മാനങ്ങള്‍ നല്‍കിയത് സയ്യിദ് ഖുതുബും മൗദൂദിയുമാണെന്ന് എം കെ മുനീര്‍ സ്റ്റേജിലും എം ഐ തങ്ങള്‍ പേജിലും പ്രചരിപ്പിച്ചിരുന്ന കാലമായിരുന്നു. കുറച്ച് കഴിഞ്ഞ് സലഫികളുമായി ബന്ധപ്പെട്ട വിവാദം വന്നതോടെ പോരാട്ടം ഉച്ചസ്ഥായിയിലെത്തി. ഐ എസിനെ പോലുള്ള സംഘടനകള്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രവാദത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ താത്വികാടിത്തറ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് വരെ ഷാജി പറഞ്ഞുകളഞ്ഞു (മാതൃഭൂമി, ഒക്ടോബര്‍ 13, 2016). സലഫി തീവ്രവാദത്തിന്റെ ഹാകിമിയ്യത്ത് എന്ന സങ്കല്‍പ്പത്തിന്റെ ആശയ സ്രോതസ്സ് മൗദൂദിയാണെന്നും അദ്ദേഹം ആരോപിച്ചു. ആയിരം തിരഞ്ഞെടുപ്പുകള്‍ തോറ്റാലും മതതീവ്രവാദികളുടെ വോട്ട് വേണ്ട എന്ന് അഴീക്കോട്ട് പ്രഖ്യാപിച്ചവനാണ് താനെന്ന വീമ്പും പറഞ്ഞു. “ഇസ്‌ലാമിക പ്രസ്ഥാനത്തെ താറടിക്കാന്‍ സലഫിസത്തെ വെള്ള പൂശുമ്പോള്‍’ എന്ന പേരിലായിരുന്നു ഷാജിക്ക് ഒ അബ്ദുര്‍റഹ്മാന്റെ മറുപടി.
0 Comments