കേരളത്തിൽ നാളിതുവരെ ടാപ്പ് കണക്ഷൻ നൽകാൻ കഴിഞ്ഞിട്ടുള്ളത് ആകെ 25 ലക്ഷം കുടുംബങ്ങൾക്കാണ്. ഇത്ര തന്നെ ആളുകൾക്ക് അടുത്തൊരു വർഷംകൊണ്ട് കണക്ഷൻ നൽകാനായാൽ അത് വലിയൊരു കുതിപ്പല്ലേ? ഇതാണ് ജലജീവൻ മിഷനിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. സാധാരണഗതിയിൽ വാട്ടർ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ നിന്നും വ്യത്യസ്തമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയായിരിക്കും ഈ ചെറുകിട പദ്ധതികൾ നടപ്പാക്കുക.

ജലജീവൻ മിഷൻ ഗ്രാമീണ മേഖലയിൽ കുടിവെള്ളം എത്തിക്കാനുള്ള ബൃഹത്പദ്ധതിയാണ്. പക്ഷെ, ഞാൻ പറയുക ഇതിന്റെ തുടക്കം കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലായിരുന്നുവെന്നാണ്. ഇന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയായിരുന്നു അന്ന് ഒളവണ്ണയിലെ പഞ്ചായത്ത് പ്രസിഡന്റ്. ഒളവണ്ണയിലെ ഉയർന്നപ്രദേശങ്ങളിലും മറ്റുമായി അവർ ടാങ്കുകൾ പണിത് ചുറ്റുപാടും ജലവിതരണം ഉറപ്പാക്കി. നിർമ്മാണവും നടത്തിപ്പുമെല്ലാം ഗുണഭോക്തൃ കമ്മിറ്റികൾ വഴിയായിരുന്നു. തുടക്കത്തിലെ മുതൽമുടക്ക് പഞ്ചായത്തിനാണ്. പിന്നീടെല്ലാം ജനകീയമായി. ഇത് വൻ വിജയമായി.

അതോടെ ലോകബാങ്ക് ഈ മാതൃക ഏറ്റെടുത്തു. 1999ൽ അവർ 452 കോടി രൂപ അടങ്കലിൽ ജലനിധിക്ക് രൂപം നൽകി. 2011 ൽ ജലനിധിയുടെ രണ്ടാംഘട്ടം ആയിരത്തിൽപ്പരം കോടി രൂപയ്ക്ക് നടപ്പാക്കി. കേരളത്തിൽ മാത്രമല്ല, ജലനിധി മാതൃക ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും നടപ്പാക്കി. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോൾ കേന്ദ്രസർക്കാർ ജലജീവൻ മിഷനു രൂപം നൽകിയത്.

സംസ്ഥാനങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്ന പ്രോജക്ടുകൾക്ക് അനുസരിച്ചാണ് പണം അനുവദിക്കുക. കേരളം ഇപ്പോൾ 6377 കോടി രൂപയുടെ 564 പ്രോജക്ടുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ 45% കേന്ദ്രം തരും. 30% സംസ്ഥാനം വഹിക്കണം. 15% പഞ്ചായത്ത്. 10% ഗുണഭോക്തൃ വിഹിതവുമാണ്. മുന്നോട്ടു വന്ന പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് 2020-21ലെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തങ്ങളുടെ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെങ്കിൽ ചെറിയ തുക മുടക്കി വലിയ തോതിൽ കേന്ദ്ര-സംസ്ഥാന സഹായം വാങ്ങാൻ ഈ പദ്ധതി സഹായിക്കും.

കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. പ്രാദേശികതലത്തിൽ പഞ്ചായത്ത് സമിതിയാണ് കേരളത്തിന്റെ മിഷന്റെ കീഴ്ത്തല ഘടകം. എഞ്ചിനീയർമാരും മറ്റും അടങ്ങുന്ന വില്ലേജ് വാട്ടർ ആന്റ് സാനിറ്റേഷൻ കമ്മിറ്റി പഞ്ചായത്ത് സമിതിക്കു കീഴിലായിരിക്കും. ഇന്ത്യയിൽ മറ്റെല്ലായിടത്തും പഞ്ചായത്തിന്റെ പങ്കാളിത്തം നാമമാത്രമാണ്. ജലനിധി പദ്ധതിലെന്നപോലെ തന്നെ പഞ്ചായത്തിന് നേരിട്ട് ടെണ്ടർ വിളിച്ച് പദ്ധതി നടപ്പാക്കാം, അല്ലെങ്കിൽ അക്രെഡിറ്റഡ് ഏജൻസികളെയോ സന്നദ്ധസംഘടനകളെയോ ഉപയോഗപ്പെടുത്താം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *