ലോക കമ്യൂണിസ്റ്റ് ചരിത്രത്തിൽ ജൂലൈ 26 വെറുമൊരു ദിവസമല്ല, ക്യൂബയെ കൈപ്പിടിയിലൊതുക്കിവച്ചിരുന്ന ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റക്കെതിരായ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ കാഹളം മുഴങ്ങിയ ദിവസമാണത്. 1953 ജൂലൈ 26 നു ക്യൂബയിലെ മൊങ്കാദ ബാരക്കുകൾ ആക്രമിച്ചാണു സഖാവ് ഫിദൽ കാസ്ട്രോയും സംഘവും ബാറ്റിസ്റ്റക്കെതിരായ സായുധവിപ്ലവപോരാട്ടം ആരംഭിക്കുന്നത്. 1952 മാർച്ച് 10 നു പട്ടാള അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ ബാറ്റിസ്റ്റക്കെതിരെ കൃത്യമായ ആസൂത്രണത്തോടെ തന്നെയാണു കാസ്ട്രോയും കൂട്ടരും ജൂലൈ 26 നു മൊങ്കാദ ബാരക്കുകൾ ആക്രമിക്കാൻ തീരുമാനിച്ചത്. ഇതിനായി ഒരു വർഷത്തോളം വിപ്ലവകാരികൾക്ക് തീവ്രമായ പരിശീലനം നൽകുകയും വിപ്ലവ പ്രവർത്തനങ്ങൾക്ക് വേണ്ടി പട്ടാള യൂനിഫോം, തോക്കുകൾ ഉൾപ്പെടെ സംഭരിക്കുകയും ചെയ്തിരുന്നു.
1953 ജൂലൈ 26ന് ഫിദൽ കാസ്ട്രോയും റൗൾ കാസ്ട്രോയും നയിക്കുന്ന 135 അംഗ സംഘം പുലർച്ചെ ആറു മണിയോടെ മൊങ്കാദ ബാരക്കുകൾ പിടിച്ചടക്കാൻ നീക്കം ആരംഭിച്ചു. 3 ഗ്രൂപ്പുകളായി പിരിഞ്ഞ് ഓരോ ഗ്രൂപ്പിനും ഓരോ കമാന്റർ എന്ന രീതിയിൽ അദ്യത്തെ ഗ്രൂപ്പ് ബാരക്കുകൾക്ക് സമീപമുള്ള സിവിൽ ആശുപത്രിയുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നായിരുന്നു നിർദേശം. ആദ്യ ഗ്രൂപ്പിന്റെ കമാന്ററായിരുന്ന ‘ആബേൽ സാന്റമറിയ’ ക്യൂബൻ വിപ്ലവ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത പേരുകളിൽ ഒന്നാണു.
എന്നാൽ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായിട്ടായിരുന്നു കാര്യങ്ങൾ സംഭവിച്ചത്. ബാറ്റിസ്റ്റക്കെതിരായ ഈ വിപ്ലവ ശ്രമം വിജയത്തിലെത്തിയില്ല. ആയുധങ്ങളുമായി വന്ന വാഹനങ്ങൾ ഇടക്ക് വച്ച് വഴി മാറിപ്പോയി. ബാരക്കുകൾക്കുള്ളിൽ എത്തുന്നതിനു മുന്നേ ആശയക്കുഴപ്പം സംഭവിച്ച് ചില വിപ്ലവകാരികൾ പട്ടാളക്കാർക്കിടയിലേക്ക് ചാടി വീണതും ജൂലൈ 26 ലെ ദൗത്യത്തിനെ പ്രതികൂലമായി ബാധിച്ചു. 135 പോരാളികളിൽ 61 പേർ കൊലപ്പെടുകയും 51 പേർ പിടിയിലാവുകയും ചെയ്തു. ബാക്കിയുള്ളവർക്ക് പലായനം ചെയ്യേണ്ടി വന്നു. സഖാക്കൾ ഫിദലും റൗളും 15 വർഷത്തേക്കാണ് ജയിലിലടക്കപ്പെട്ടത്. എന്നാൽ ഇവർക്കായി ക്യൂബയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ ഇവരെ 2 വർഷം കൊണ്ട് മോചിപ്പിക്കേണ്ടി വന്നു. 1955ൽ മോചിതരായ ഇവർ മെക്സിക്കോയിലേക്ക് പോവുകയും വിപ്ലവത്തിനായുള്ള ആസൂത്രണം നടത്തുകയും ചെയ്തു. മെക്സിക്കോയിൽ വച്ചാണ് സഖാവ് ചെഗുവേര ക്യൂബൻ വിപ്ലവസംഘത്തിലേക്ക് കടന്നുവരുന്നത്.
ബാറ്റിസ്റ്റ ഭരണകൂടം നിർമിച്ച മൊങ്കാദ ബാരക്കുകളുടെ മതിലുകൾ ക്യൂബൻ വിപ്ലവാനന്തരം ഫിദൽ കാസ്ട്രോ നേരിട്ട് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും അവിടെ പിന്നീട് “ജൂലൈ 26 ചരിത്ര മ്യൂസിയം” നിർമ്മിക്കുകയും ചെയ്തു.
Courtesy: കാട്ടുകടന്നൽ
0 Comments