ഊരാളുങ്കൽ സൊസൈറ്റിയെന്ന് കേൾക്കുമ്പോൾ ചിലോർക്ക് നല്ല ചൊറിച്ചിലാണ്. നവോത്ഥാനനായകനായ വാഗ്ഭടാനന്ദ ഗുരു ആരംഭിച്ച സഹകരണപ്രസ്ഥാനം ഇന്ന് ലോകമാകെ അറിയപ്പെടുന്നതായി മാറിയത് അവർ ഏറ്റെടുത്ത മേഖലകളിലെ സേവനതൽപരതയും അർപ്പണബോധവും കൊണ്ടാണ്. നിർമ്മാണമേഖലയിലെ വമ്പൻ കമ്പനികളോടൊപ്പം ഊരാളുങ്കലിന് എത്താൻ കഴിഞ്ഞത് നവോത്ഥാനപാരമ്പര്യം ഇന്നും അവർ തുടരുന്നത് കൊണ്ടാണ്. ഇന്ന് ഇലക്ഷൻ ഡ്യൂട്ടിക്കാർ എന്തോ ചോദിക്കാൻ ഊരാളുങ്കലിന്റെ ഓഫീസിൽ ചെന്നതിന് അവിടെ റെയ്ഡ് നടത്തി എന്നൊക്കെ ചാനലുകൾ വെണ്ടക്കയുരുട്ടുന്നത് എണ്ണി വാങ്ങിയ കാശിനുള്ള കൂറാണ്. അത് നടക്കട്ടെ.

പക്ഷെ, ഊരാളുങ്കലിനെപ്പറ്റി ചിലർ നടത്തുന്ന പരദൂഷണങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. ഇടതു ഭരണകാലത്ത് ഊരാളുങ്കലിന് ടെൻഡറില്ലാതെ ചില പദ്ധതികളുടെ നിർമ്മാണക്കരാർ നൽകിയതാണ് ഈ പരദൂഷണങ്ങളുടെ ചുരുക്കം. സിപിഐഎമ്മിന് ഈ സൊസൈറ്റിയുമായുള്ള ബന്ധം മുതൽ നേതാക്കളുടെ ബിനാമി ആയി വരെ നീളുന്നു ആരോപണങ്ങൾ.

ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ ചില നിർമ്മാണക്കരാറുകൾ ഈ സർക്കാർ നൽകിയിട്ടുണ്ട്. പക്ഷെ, അത് നിയമവിരുദ്ധമായല്ല. പൊതുമരാമത്ത് വകുപ്പിലുൾപ്പെടെ പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള അക്രഡിറ്റഡ് ഏജൻസികളെ സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ 07.08.2015ലെ ജി.ഒ. (പി) 339/2015/ഫിൻ നമ്പർ സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ അക്രഡിറ്റഡ് ഏജൻസികളെ തെരഞ്ഞെടുത്തത്. ധനകാര്യവകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറി, പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ, തിരുവനന്തപുരം സിഇടി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം തലവൻ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ ഏജൻസികളെ തെരഞ്ഞെടുത്തത്. ഈ ഉത്തരവിലെ അക്രഡിറ്റഡ് ഏജൻസികളുടെ കൂട്ടത്തിൽ രണ്ടാമത്തെ പേര് ഊരാളുങ്കലിന്റേതാണ്. അഞ്ച് വർഷത്തേക്കാണ് ഊരാളുങ്കലിനെ അക്രഡിറ്റഡ് ഏജൻസിയായി തെരഞ്ഞെടുത്തത്. ഈ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വളരെ വേഗം നടത്തേണ്ട പ്രവൃത്തികൾ ടെൻഡറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ചിരുന്നത്.

2015 ഓഗസ്റ്റിൽ കേരളം ഭരിക്കുന്നത് സിപിഐഎമ്മോ ആ പാർട്ടി നയിക്കുന്ന സർക്കാരോ അല്ല. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ആ സർക്കാർ നിയോഗിച്ച ഒരു വിദഗ്ദസമിതിയുടെ തെരഞ്ഞെടുപ്പിൽ രണ്ടാമതായി ഉൾപ്പെട്ടത് തന്നെയാണ് ഊരാളുങ്കലിന്റെ നിർമ്മാണവൈദഗ്ദ്യത്തിന്റെ തെളിവ്. 2016 മെയ് മാസത്തിൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ അഞ്ച് വർഷത്തെ ഡിഫക്ട് ലയബിലിറ്റി നിബന്ധന ഉൾപ്പെടെ വെച്ച് മേൽ ഉത്തരവിനെ പരിഷ്ക്കരിക്കുകയാണ് ചെയ്തത്. (27.07.2016ലെ ജി.ഒ. (പി) 107/2016/ഫിൻ ഉത്തരവ്). അതുകൊണ്ട്, സിപിഐഎമ്മിന്റെയോ ഇപ്പോഴത്തെ സർക്കാരിന്റെയോ സ്വജനപക്ഷപാതമായി ഊരാളുങ്കലിന് ലഭിക്കുന്ന കരാറുകളെ വില കുറച്ച് കാണിക്കാനുള്ള ശ്രമങ്ങൾ ഒട്ടും നിഷ്ക്കളങ്കമല്ല. കേരളത്തിന്റെ അഭിമാനമായി മാറിയ എന്തിനെയും താറടിച്ചുകാണിക്കുന്ന സ്ഥിരംപരിപാടിയുടെ ഭാഗമാണിതും.

കോഴിക്കോട് തൊണ്ടയാട്, രാമനാട്ടുകര ഫ്ലൈഓവറുകളുടെ നിർമ്മാണം എസ്റ്റിമേറ്റിലും കുറവ് തുകയിൽ നിർമ്മാണം പൂർത്തിയാക്കി 17 കോടി രൂപ സർക്കാർ ഖജനാവിലേക്ക് തിരികെ അടച്ച നേട്ടവും ഊരാളുങ്കലിന് സ്വന്തമാണ്.

ഊരാളുങ്കൽ ഇന്ന് കേരളത്തിൽ മികവിന്റെ പര്യായമാണ്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ സ്വന്തം പ്രദേശത്തെ നിർമ്മാണം ഊരാളുങ്കലിന് കിട്ടണമെന്ന് മലയാളികൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് അവർക്കുള്ള സാക്ഷ്യപത്രം. യുഡിഎഫുകാർ കുറെ പരദൂഷണം പറഞ്ഞതു കൊണ്ടോ സുരേന്ദ്രൻ ഇലക്ഷൻ ഡ്യൂട്ടിക്കാരെ പറഞ്ഞുവിട്ടതു കൊണ്ടോ ഊരാളുങ്കലിന്റെ പേരിന് ഒരു ചുക്കും സംഭവിക്കില്ല


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *