സാധാരണ ധനകാര്യ വർഷത്തിന്റെ അവസാനമാകുമ്പോൾ പണമില്ലാതെയാണ് ട്രഷറി അടയ്ക്കുക. അല്ലെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇത്തവണ ഒരു അപൂർവ്വ വർഷമാണ്. പണത്തിന് ഒരു പ്രയാസവുമില്ല. ഒരുവിധ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ, ഫലം മറ്റേതു വർഷത്തെയും പോലെയാണ്. ട്രഷറിയിൽ നിന്നും സുഗമമായി പണം പിൻവലിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ഇതു സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. അന്നു മുതൽ പരിശ്രമിക്കുന്നതാണ്. പക്ഷെ, പ്രശ്നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) സോഫ്ടുവെയറിലുണ്ടായ തകരാറുകളാണ് കാരണം. ഇതു പരിഹരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട എൻഐസി, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങൾ ഞാൻ നേരിട്ട് വിളിച്ചു ചേർത്തു. എന്താണ് പ്രശ്നമെന്നു വ്യക്തമായിട്ടില്ല. എൻഐസി ഉദ്യോഗസ്ഥരുടെ ഒരു ടീം ഒരാഴ്ചയായി അശ്രാന്ത പരിശ്രമം നടത്തുകയാണ്. ഇന്നലെ ഒരു പ്രധാനം തീരുമാനമെടുത്തു. ഐബിഎം, ടെക്‌നോപാർക്ക് എന്നിവടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു വിദഗ്ധ സമിതിക്കു രൂപം നൽകി. അവർകൂടി സമാന്തരമായി പരിശോധിക്കട്ടെ.ഇതിനിടയിലും ട്രഷറി സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ താഴെപ്പറയുന്ന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

1. ട്രഷറി പ്രവർത്തന സമയം രാത്രി 9 മണിവരെയാക്കി.

2. ട്രഷറിയിലെ പണവിതരണം രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ. ഈ സമയം പണം വിതരണം ചെയ്യുന്നതിനുള്ള സോഫ്ട്വെഉയർ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. രണ്ടു മണി മുതൽ രാത്രി ഒൻപത് മണിവരെ ട്രഷറിയിൽ ബില്ല് സമർപ്പിക്കുന്നതിനുള്ള സോഫ്ടുവെയറുകൾ പ്രവർത്തിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബില്ലുകൾ സമർപ്പിക്കാം. ഈ പുനക്രമീകരണംകൊണ്ട് ട്രഷറി സർവ്വറിലുള്ള ലോഡ് കുറയ്ക്കാനും കമ്പ്യൂട്ടർ സ്തംഭനം ഒഴിവാക്കാനും കഴിയും.

3. ഈ മാസം അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കും.

4. അടുത്ത മാസത്തെ ആദ്യത്തെ ആഴ്ച അവധി ആയതിനാൽ പുതുക്കിയ ശമ്പള ബില്ലുകൾ ഈ മാസം തന്നെ സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാപേർക്കും അടുത്ത മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തന്നെ വാഗ്ദാനം ചെയ്തതുപോലെ പുതുക്കിയ ശമ്പളവും പെൻഷനും ലഭിക്കും.

5. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും വിഷുവിന്റെ സാമൂഹ്യ സുരക്ഷാ പെൻഷനും അവധി ദിവസങ്ങൾ പരിഗണിച്ച് നേരത്തെ നൽകാനുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണ്.

6. വർഷാവസാനത്തിലെ ബില്ലുകൾ സമർപ്പിക്കുന്നതിനുള്ള തിരക്കൊഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ട്രഷറികളിൽ ആവശ്യത്തിന് പണമുള്ളയതിനാൽ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീർക്കും.വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്.

ഈ സർക്കാർ നിങ്ങളോടൊപ്പമുണ്ട്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *