കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലി, രാജ്യ തലസ്ഥാനത്തെ യുദ്ധക്കളമാക്കി മാറ്റിയിരുന്നു. ഒരു കൂട്ടം കര്‍ഷകര്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ എത്തുകയും, സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഖലിസ്ഥാന്‍ പതാകയാണ് കര്‍ഷകര്‍ ഉയര്‍ത്തിയത് എന്നും ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുമുള്ള തരത്തില്‍ നിരവധി പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ‘ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ന്നു, ഇന്ന് ഇന്ത്യയുടെ കറുത്ത ദിനം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് പ്രചാരണം.
എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് മത വിഭാഗത്തിന്റെ പതാകയാണ്. ഗുരുദ്വാരകള്‍ മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായ സിഖ് റെജിമെന്റ് വരെ ഉയര്‍ത്തുന്ന വിശുദ്ധ പതാകയാണിത്. സിഖ് പതാകയിലുള്ള ഘണ്ഡയുടെ ചിഹ്നം കാവി നിറത്തിലുള്ള ഈ പതാകയിലും വ്യക്തമായി കാണാം. ഖലിസ്ഥാന്‍ പതാകയില്‍ ഖലിസ്ഥാന്‍ എന്ന് ആലേഖനം ചെയ്യാറാണ് പതിവ്. കൂടാതെ, കര്‍ഷകര്‍ ഇന്ത്യന്‍ പതാകയ്ക്ക് പകരമായല്ല സിഖ് പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ ദേശീയ പതാക മാറ്റമില്ലാതെ അപ്പോഴും പാറിപ്പറക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്.

0 Comments