ന്യൂഡൽഹി > അമ്പതിലേറെ പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് വഴിമരുന്നിട്ടത് സംഘപരിവാർ നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ ഫെബ്രുവരി എട്ടുമുതല്‍ ഷഹീൻബാഗ് പ്രക്ഷോഭകരെ ലക്ഷ്യമിട്ട് സംഘപരിവാർ വര്‍ഗീയധ്രുവീകരണം തീവ്രമാക്കി. ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകർക്ക് ആവേശമായി. അസ്വസ്ഥരായ സംഘപരിവാർ ക്യാമ്പ് കൂടുതല്‍ വീര്യത്തോടെ വിദ്വേഷം പരത്തിയപ്പോള്‍ ഫെബ്രുവരി 23ന് വടക്ക്കിഴക്കന്‍ ഡല്‍ഹി കത്തി.
നിയമം കൈയിലെടുക്കുമെന്ന് പറഞ്ഞത് കപിൽ മിശ്ര
ആംആദ്‌മി വിട്ട് ബിജെപിയിൽ ചേക്കേറിയ നേതാവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. ഡൽഹി തെരഞ്ഞെടുപ്പിനെ ഇന്ത്യാ–- പാക് മത്സരമെന്ന് വിശേഷിപ്പിച്ചതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്. ഫെബ്രുവരി 23ന് വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്‌പ്പുരിൽ കലാപ പ്രഖ്യാപനം നടത്തി.
“ജഫ്രാബാദിലെയും ഷഹീൻബാഗിലെയും സമരക്കാരെ എത്രയും വേഗം പൊലീസ് ഒഴിപ്പിക്കണം. ട്രംപ് മടങ്ങുന്നതുവരെ ഞങ്ങളൊന്നും ചെയ്യില്ല. അതിനുള്ളിൽ അവരെ ഒഴിപ്പിക്കണം. സാധിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കും. പൊലീസിനെ പിന്നെ ജനങ്ങൾ കേൾക്കില്ല. എന്ത് ചെയ്യണമെന്ന് അവർക്കറിയാം’–- മിശ്ര പറഞ്ഞു. മണിക്കൂറുകൾക്കകം കലാപം ആരംഭിച്ചു.
പള്ളി ഇടിച്ചുനിരത്തുമെന്ന് പറഞ്ഞത് പർവേഷ് ശർമ്മ
വെസ്‌റ്റ്‌ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ മുഖ്യമന്ത്രി സാഹിബ്‌സിങ് വർമ്മയുടെ മകൻ. പ്രചാരണവേളയിൽ പ്രകോപനപരമായ പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തി. ‘ഷഹീൻബാഗ് തുടർന്നാൽ കശ്‌മീരിന് സമാനമാകും കാര്യങ്ങൾ. ബിജെപിയെ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ വീടുകളിൽ കയറി സഹോദരിമാരെയും പെൺമക്കളെയും അവർ ബലാത്സംഗം ചെയ്യും. ബിജെപി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനകം ഷഹീൻബാഗ് ഒഴിപ്പിക്കും. സർക്കാർ ഭൂമിയിലെ എല്ലാ പള്ളിയും ഇടിച്ചുനിരത്തും’.
കൊല്ലാന്‍ ആക്രോശിച്ചത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
പ്രകോപന പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേർപ്പെടുത്തി. ജനുവരി 27 റിത്താലയിലെ റാലിയിൽ ഠാക്കൂർ ആക്രോശിച്ചത് ഇങ്ങനെ: ‘ രാജ്യദ്രോഹി പരിഷകളെ വെടിവച്ചു കൊല്ലുക’. അമിത് ഷാ, ഗിരിരാജ് സിങ് തുടങ്ങിയവരും പിന്നാലെ പ്രസംഗിച്ചു.
https://www.deshabhimani.com/news/national/delhi-police/894955
0 Comments