#Thalasseri_Riot

കെ.പി. കുഞ്ഞിമ്മൂസ

#തലശ്ശേരി_കലാപത്തിൽ മുപ്പത്തിമൂന്ന് മുസ്‌ലിം പള്ളികൾ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തകർത്തു എന്ന് പ്രസംഗിക്കുന്ന മതമൗലികവാദികളെ ഒട്ടും വൈകാതെ കടിഞ്ഞാണിടണം. സാമുദായിക സൗഹാർദവും മതമൈത്രിയും നിലനിന്നു കാണാനാഗ്രഹിക്കുന്ന കേരളീയ സമൂഹത്തിന് ഭീഷണിയുയർത്തുകയാണ് ഈ മതപ്രഭാഷകർ.
തലശ്ശേരി കലാപ കാലത്ത് എന്താണ് സംഭവിച്ചതെന്ന് നേരിൽ കണ്ടവരാണ് പിണറായി വിജയനും ഈ ലേഖകനും. കലാപത്തെ തുടർന്ന് ദുരിതമനുഭവിച്ചവർക്ക് ഉടുതുണി മുതൽ ചോറ്റരി വരെ എത്തിക്കാൻ പാടുപെട്ടവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വന്തം ജീവൻ പോലും പണയം വെച്ചു ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയവർ രാഷ്ട്രീയത്തിന്റെ കത്തിയേറ് ഭയന്നിരുന്നില്ല. പി.കെ ഉമർ ഖാൻ, വി.പി. മഹമൂദ് ഹാജി, ഇ.കെ.കെ മുഹമ്മദ്, ഇ.അഹമ്മദ്, ബി.പി. കുഞ്ഞമ്മദ് ഹാജി തുടങ്ങിയ ലീഗ് നേതാക്കളും പാട്യം ഗോപാലൻ, എൻ.ഇ. ബാലറാം, എം.പി അച്യുതൻ, പാട്യം കുമാരൻ, കെ.എം. സൂപ്പി, എൻ.സി. മമ്മുട്ടി തുടങ്ങിയ സോഷ്യലിസ്റ്റ് ഇടതുപക്ഷ സഹയാത്രികരും കലാപത്തെ ഊതിക്കെടുത്താൻ മിനക്കെട്ടവരായിരുന്നു. രാജ്യസഭാംഗം ബി.വി. അബ്ദുല്ലക്കോയയും ചീഫ് എഞ്ചിനീയർ ടി.പി. കുട്ട്യമ്മു സാഹിബും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സി.കെ.പി. ചെറിയ മമ്മുക്കേയിയും ടി.എം. സാവാൻ കുട്ടിയുമൊക്കെ ചെയ്ത പ്രവർത്തനം മറക്കാനാവില്ല.
പള്ളികൾ ആക്രമിക്കപ്പെട്ടുവെന്നും മുസ്‌ലിം സ്ത്രീകളെ  കൂട്ടമാനഭംഗം നടത്തിയെന്നുമുള്ള വ്യാപകമായ പ്രചാരണത്തെ തടുത്തുനിർത്തിയത് നല്ലവരായ കോൺഗ്രസുകാരും സഖാക്കളും മതവിശ്വാസികളായ മഹല്ല് ഭാരവാഹികളുമായിരുന്നു.
വർഗീയവാദികളായ സാമൂഹ്യ ദ്രോഹികൾ തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലും ചേക്കേറി നടത്തിയ കൊള്ളയും കൊള്ളിവെപ്പും ഇപ്പോൾ ചിലർ പിണറായി വിജയന്റെ കഴുത്തിൽ കെട്ടിവെക്കുന്നതിന്റെ കാരണം ദുരൂഹമാണ്.
മാർക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് അക്രമം കൊടികുത്തി വാണത്. തലായി പ്രദേശത്തെ കൊള്ളയും തീവെപ്പും പള്ളിയാക്രമണവും മാത്രം നോക്കിയാൽ മതി ആരാണിതൊക്കെ ചെയ്തതെന്ന് മനസ്സിലാക്കാൻ. ആബു ഹാജിയുടെ വീട് രാപ്പകൽ കൊള്ള ചെയ്തു പളുങ്ക് കോളാമ്പിയിൽ തലായി കടപ്പുറത്ത് കഞ്ഞിവെച്ചു കുടിച്ചത് അവിടെയുള്ള ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. അന്ന് ഇവിടെനിന്ന് അഭയാർത്ഥികളായി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആലമ്പത്ത് മാപ്പിള സ്‌കൂളിന്റെ പൂട്ട് പൊളിച്ച് അഭയം നൽകിയത് ബ്രണ്ണൻ കോളേജ് പൂർവ്വവിദ്യാർത്ഥിയായിരുന്ന അടിയേരി ഗംഗാധരനാണ്. മൈത്രീഫോറം അവാർഡ് ദാനച്ചടങ്ങ് ഇക്കഴിഞ്ഞ സെപ്തംബറിൽ മയ്യഴിയിൽ സംഘടിപ്പിച്ചപ്പോൾ പഴയകാല അനുഭവങ്ങൾ മയ്യഴി, ചെറുകല്ലായി പ്രദേശത്തുകാർ അയവിറക്കിയപ്പോൾ ഈ വസ്തുതകൾ വെളിപ്പെടുകയുണ്ടായി. 
തലശ്ശേരി സൈദാർ പള്ളിക്ക് നേരെ അക്രമം നടത്തുമെന്ന പ്രചാരണമുണ്ടായപ്പോൾ സി.കെ. രേവതിയമ്മ പള്ളിക്ക് മുമ്പിൽ കസേരയിട്ടിരുന്ന് തന്റെ ശവത്തിന്റെ മേലെ ചവിട്ടി മാത്രമേ പള്ളി തൊടാനാവൂ എന്ന് പറഞ്ഞത് മറക്കാനാവില്ല. സഹസ്ര പൂർണിമ പ്രകാശനച്ചടങ്ങിൽ മൂർക്കോത്ത് കുമാരന്റെ സാന്നിധ്യത്തിൽ ഈ സംഭവം അയവിറക്കിയപ്പോൾ ബ്രണ്ണൻ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ. കെ.മമ്മുട്ടി ഇതിന് അടിവരയിടുകയുണ്ടായി. പുന്നോൽ-മാക്കൂട്ടം പ്രദേശങ്ങൾ ഇടതുപക്ഷത്തിന്റെ പാരമ്പര്യവും മഹത്വവുമുള്ള കോടിയേരിയുടെ മർമ്മപ്രധാന കേന്ദ്രങ്ങളാണ്. ഇവിടെ പള്ളികൾ ആക്രമിക്കപ്പെട്ടിട്ടില്ല. ജുമാഅത്ത് പള്ളിയുടെയും തലായി കുഞ്ഞിപ്പള്ളിയുടെയും ഇടയിൽ റെയിൽ പാളത്തിനപ്പുറത്ത് കടന്നുവന്നവർ നടത്തിയ കൊള്ളക്കിരയായ വീടുകളിൽ ചുമലിൽ അരി ചുമന്ന് പോകുമ്പോൾ ഒരു താങ്ങായി നിന്നത് പിണറായി വിജയനാണ്. ഫ്രഞ്ച് ഭരണ പ്രദേശങ്ങളിൽ ആക്രമിക്കപ്പെട്ട പള്ളികൾക്ക് സംരക്ഷണം നൽകുകയായിരുന്നു ഇടതുപക്ഷക്കാർ.
അന്ന് പള്ളികൾ ആൾദൈവങ്ങളെ സൃഷ്ടിക്കാൻ മിനക്കെട്ടിരുന്നില്ല. മതാനുയായികൾ. പ്രകൃതിയെ അവരെല്ലാം ആദരിച്ചു. കണ്ണടച്ചു അന്ധവിശ്വാസങ്ങൾ വിഴുങ്ങാൻ തയ്യാറല്ലാത്ത വിദ്യാസമ്പന്നരായ തലമുറ ആൾദൈവങ്ങളെ ചോദ്യം ചെയ്തു.
നമുക്ക് പള്ളികളിലേക്ക് തന്നെ മടങ്ങാം. പിണറായി മുതൽ പെരിങ്ങാടി വരെയുള്ള പള്ളികൾക്ക് പോറലേൽക്കാതിരിക്കാൻ പാടുപെട്ടു പണിയെടുത്ത പിണറായിയെയും സഹപ്രവർത്തകരെയും തള്ളിപ്പറയുന്നവർ തലശ്ശേരി കലാപത്തിൽ മനംനൊന്ത് പാർട്ടി വിട്ട ഉളിയിൽ മൂസക്കുട്ടിയെപ്പോലുള്ളവർ എഴുതിവെച്ചത് ഒരാവർത്തി വായിച്ചുനോക്കണം. വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടും മനസ്സിരുത്തി വായിക്കണം. രാഷ്ട്രീയ ദുരുദ്ദേശ്യം മുൻനിർത്തി കുപ്രചാരണത്തിന് മുതിരുന്നവർ എത്ര ഉന്നതരായിരുന്നാലും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുകയും വേണം.

https://www.malayalamnewsdaily.com/node/120136/articles/thalasseri-riot


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *