Dr.T.M Thomas Isaac

തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ശശി തരൂറിന്റെ നിലപാട് പുതിയതല്ല. തന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് എന്റെ ട്വീറ്റിന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്.

Dear @drthomasisaac, thanks4yr thoughtful criticism of my stand on Tvm Airport. I think you miss the point, which is not about revenue. It is about expanding the potential of the airport to its fullest, thereby providing a better facility to businesses & locals &attracting investors.

ശരി. റവന്യുവിന്റെകാര്യം തൽക്കാലം മാറ്റിവയ്ക്കാം. തിരുവനന്തപുരത്തിന്റെ വികസന സാധ്യതകളാണ് പ്രധാനപ്പെട്ടത്. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ച് ശശിതരൂറിനുള്ള കാഴ്ചപ്പാട് എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ, കേരള സർക്കാരിനു വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അതിൽ വിഴിഞ്ഞം പോർട്ടും വിമാനത്താവളവുമെല്ലാം വരും. വളരെ ചുരുക്കി ഞാൻ അത് വിശദീകരിക്കട്ടെ.

വിഴിഞ്ഞത്തിന്റെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധപൂർവ്വമായ പരിശ്രമമാണ് ഇതിൽ പ്രധാനം. ഇതിനായി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 93 കിലോമീറ്റർ (മംഗലപുരം ലിങ്ക് റോഡ്) കിഴക്കൻമേഖല വഴിയുള്ള ആറുവരിപ്പാത. 3 മേജർ ബ്രിഡ്ജുകൾ, 16 മൈനർ ബ്രിഡ്ജുകൾ, 5 വയാ ഡറ്റുകൾ, 90 അണ്ടർ പാസുകളോ ഓവർ പാസുകളോ, 9 ഫ്ലൈഓവറുകൾ, 54 പൈപ്പ് കൾവർട്ടുകൾ, 44 ബോക്സ് കൾവർട്ടുകൾ, കൂടാതെ ബാലരാമപുരത്ത് റോഡ് ഓവർബ്രിഡ്ജ് എല്ലാമടങ്ങുന്ന സങ്കീർണ്ണമായ ഒരു നിർമ്മാണ പദ്ധതിയാണിത്.

1500 ഏക്കർ ഭൂമി റോഡിനു വേണ്ടി മാത്രം വേണ്ടിവരും. മൊത്തം ചെലവ് 8136 കോടി രൂപ. ഡിപിആർ തയ്യാറായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഹൈവേ അതോറിറ്റിയുമായി കൂടിയാലോചന നടക്കുകയാണ്. തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഭൂമി നമ്മൾ ഏറ്റെടുക്കുക, റോഡ് അവർ പണിയുക. ഇതാണ് സമീപനം.

ഈ റോഡിന് സമീപത്തായി ടൌൺഷിപ്പുകളും വ്യവസായ പാർക്കുകളും വികസിപ്പിച്ച് ഒരു ഗ്രോത്ത് കോറിഡോറിനു രൂപം നൽകും. റിംങ് റോഡിന് 5 കിലോമീറ്റർ ഇരുവശത്തുമായിട്ടാണ് സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണിന് ഭൂമി കണ്ടെത്തുക. വിഴിഞ്ഞത്തോട് അടുത്ത് വിപുലമായ ലോജിസ്റ്റിക് പാർക്ക്, ഐസർ, വിളപ്പിൽശാലയിൽ സ്പെയ്സ് റിസർച്ച് സെന്റർ, സാങ്കേതിക സർവ്വകലാശാല എന്നിവയുമായി ബന്ധപ്പെടുത്തി നോളജ് സിറ്റി, മറ്റു വ്യവസായ പാർക്കുകൾ എന്നിവ ആലോചിച്ചുകൊണ്ടിരിക്കുന്നു. സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണിൽ 25,000 കോടി രൂപയുടെ നിക്ഷേപം. ഭൂമി ഏറ്റെടുക്കുന്നതിന് ലാന്റ് പൂളിംഗ്, ലാന്റ് ബോണ്ടുകൾ, ലാന്റ് മോണിറ്റൈസേഷൻ തുടങ്ങിയ നൂനത സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തും.

നഗരത്തിനുള്ളിൽ കിഫ്ബിയുമായി ബന്ധപ്പെടുത്തി ഏതാണ്ട് 1000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുണ്ട്. ശ്രീകാര്യം, ഉള്ളൂർ, പട്ടം, പേരൂർക്കട ഫ്ലൈഓവറുകൾ, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, ആക്കുളം ടൂറിസം പദ്ധതി എന്നിവയാണ് ഇവയിൽ പ്രധാനം. ഇതിനു പുറമേ ഗ്രീനിംഗ് സിറ്റി പദ്ധതി, ജലാശയങ്ങളുടെ ശുചീകരണം, മ്യൂസിക് ആന്റ് ആർട് സർക്യൂട്ട്, ഹെറിറ്റേജ് സർക്യൂട്ടുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമ്പൂർണ്ണ കുടിവെള്ളവും സീവേജും, വികേന്ദ്രീകൃത സാനിട്ടേഷനും പദ്ധതികൾ നടപ്പാക്കിവരുന്നു. വിജയകരമായ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് മാതൃക കൂടുതൽ പ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിന് പദ്ധതി തയ്യാറാവുകയാണ്. ഇതിന്റെ ഭാഗമായി അണ്ടർഗ്രൌണ്ട് കേബിളിംഗും പാർക്കിംഗ് സൗകര്യവും ഉണ്ട്.

ഇത്തരത്തിൽ നഗരത്തിന്റെ പൈതൃകം, വിദ്യാഭ്യാസപാരമ്പര്യം, വിജ്ഞാന വ്യവസായത്തിന്റെയും ടൂറിസത്തിന്റെയും സാധ്യതകൾ എന്നിവയെ ആസ്പദമാക്കിയുള്ള നഗരവികസനത്തോടൊപ്പം കിഴക്കൻ ഗ്രോത്ത് കോറിഡോറിലൂടെ ഒരു വ്യവസായ പിന്തുണ പ്രദേശംകൂടി സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇതാണ്.

ഇതിൽ അദാനിക്ക് വിഴിഞ്ഞം പോർട്ടിൽ മുഖ്യപങ്കുണ്ട്. അതുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പാടില്ല എന്നുപറയുമ്പോൾ ആ കോർപ്പറേറ്റിനോടുള്ള ശത്രുതയല്ല. മറിച്ച്, വിമാനത്താവള വികസനത്തിന് അവരുടെ സഹായം അനിവാര്യമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.

ശശി തരൂർ ഒന്നു പറഞ്ഞു മനസ്സിലാക്കി തരിക – കൊച്ചിൻ എയർപോർട്ട് ഏറ്റവും കാര്യക്ഷമമായി നടത്തുന്ന ഒരു മാതൃക നമുക്കുണ്ടല്ലോ. അത് എന്തുകൊണ്ട് തിരുവനന്തപുരത്തിന് അനുയോജ്യമാകുന്നില്ല? കേരളത്തിലെ ഭരണകൂടം നൽകിയ ഏറ്റവും കണ്ണായ 365 ഏക്കർ ഭൂമി എന്തിന് ഒരു കോർപ്പറേറ്റിനു തീറെഴുതണം? ആത്മനിർഭർ എന്നു പറയുന്നത് രാജ്യത്തിനു മാത്രമല്ല, സംസ്ഥാനത്തിനും ഉണ്ടെന്നുള്ളത് പ്രധാനമന്ത്രി മോദിക്കും കൂട്ടർക്കും മനസ്സിലാകുന്നില്ലെന്നു വ്യക്തം. ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ തകർത്തുകൊണ്ടിരിക്കുകയാണ് അവർ. പക്ഷെ, അത് തിരുവനന്തപുരത്തിന്റെ എംപി ശശി തരൂറിനു മനസ്സിലാകാതെ പോകുന്നത് വലിയൊരു ദുര്യോഗമാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *