തിരുവനന്തപുരം സമ്പൂർണ്ണ ശുചിത്വത്തിലേയ്ക്ക്. ഇപ്പോൾ തന്നെ നഗരത്തിലെ നല്ലൊരു ഭാഗം പ്രദേശം വൃത്തിയാണ്. വഴിയോരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ കാണാനാവില്ല. എന്നാൽ നഗരപ്രാന്തപ്രദേശങ്ങളിലും ചില കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെയെല്ലാം ഒരു ഒറ്റത്തവണ ശുചീകരണ പരിപാടി 19-ാം തീയതി മുതൽ 25-ാം തീയതി വരെയുള്ള ദിവസങ്ങളിൽ നഗരസഭ നടത്തുകയാണ്. നാലിടങ്ങൾ ഞാൻ ഇന്ന് സന്ദർശിച്ചു. അഞ്ചു വർഷം മുമ്പ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാലിന്യ കേന്ദ്രങ്ങൾ ശുചിയാക്കുന്നതിന് നടത്തിയ ജനകീയ യജ്ഞം ഞാൻ ഓർത്തുപോയി. അതിൽ എരുമക്കുഴി പോലുള്ള സ്ഥലങ്ങൾ ഇന്ന് സുന്ദരമായ പാർക്കുകളാണ്. പുതിയ മേയറുടെ നേതൃത്വത്തിലുള്ള ഈ ശുചീകരണ യജ്ഞം ഒരുപക്ഷെ തിരുവനന്തപുരത്തെ സമ്പൂർണ്ണ ശുചിത്വ പദവിയിലേയ്ക്ക് എത്തിക്കാം.ഇതിനു താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്.
നിലവിലുള്ള എയ്റോബിക് ബിന്നുകൾ പൂർണ്ണ പ്രവർത്തനക്ഷമമാക്കുക, പുതിയ നിർമ്മിക്കുക.
50 ശതമാനം വീടുകളിലെങ്കിലും കിച്ചൺ ബിന്നുകൾ സ്ഥാപിക്കുക. ജൈവമാലിന്യം പരമാവധി വീടുകളിൽത്തന്നെ സംസ്കരിക്കുക.
അജൈവമാലിന്യം ഹരിതകർമ്മസേന വഴി ശേഖരിക്കുക. ഇന്ന് സർവ്വീസ് പ്രൊവൈഡേഴ്സ് ഫലപ്രദമായി പ്രവർത്തിക്കുന്ന ഇടങ്ങളിൽ അവർ തന്നെ തുടരുക.
എല്ലാ കടക്കാരെയും കർശനമായി യൂസർഫീ അടിസ്ഥാനത്തിൽ ശേഖരണ വലയത്തിൽ കൊണ്ടുവരിക.
എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്തുക.
മുട്ടത്തറ സ്വീവേജ് പ്ലാന്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക. സ്വീവേജ് ലൈനുകൾ നഗരം മുഴുവൻ വ്യാപിപ്പിക്കുക.
ശുചീകരണത്തിലെ ജനകീയത ശക്തിപ്പെടുത്തുക.
0 Comments