സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് സ്ത്രീകള്‍ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വിശാലമായ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വളര്‍ന്നു വന്നത്. ആ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്, ഈ സര്‍ക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

പുരുഷാധിപത്യലോകത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നല്‍കുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീര്‍ണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങള്‍ അടിമുടി പരിഷ്‌കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ.

ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ആരംഭദശയില്‍ തന്നെ വളരെ ഗൗരവത്തോടെ കണ്ടൊരു പ്രമേയമാണത്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വിശാലമായ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വളര്‍ന്നു വന്നത്. ആ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്, ഈ സര്‍ക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളത്.

പരിമിതികളെ മറികടന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടപ്പിലാക്കുകയുണ്ടായി. സത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ഇടതുപക്ഷം സ്ത്രീ മുന്നേറ്റത്തിനു നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പ്രത്യേക വകുപ്പ് സ്ഥാപിച്ചത്.

കുടുംബശ്രീ പ്രസ്ഥാനത്തിന് ഇക്കാലയളവില്‍ ഉണ്ടായ പുരോഗതി പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കു വേണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ വ്യക്തമാകും. 2015-16-ലെ യുഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയുടെ ബജറ്റ് വിഹിതമായ 75 കോടി രൂപ, 2021-22 ബജറ്റില്‍ 260 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ഉള്ള വ്യത്യാസം സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്ക് ഈ സര്‍ക്കാര്‍ എന്തുമാത്രം പ്രാധാന്യം നല്‍കുന്നുണ്ട് എന്നതിന്റെ തെളിവാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടി കുടുംബശ്രീ വഴി നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായി 1749 കോടി രൂപയായി ബജറ്റ് വിഹിതം വീണ്ടും ഉയരുന്നു. 40000 തൊഴില്‍ സംരംഭങ്ങളാണ് കുടുംബശ്രീ വഴി മാത്രം നമ്മള്‍ പുതുതായി ആരംഭിച്ചത്. 1000 വീടുകളാണ് കുടുംബശ്രീ മുഖാന്തരം പണിതത്. 22000 സ്ത്രീകള്‍ക്കായി ഈ സര്‍ക്കാര്‍ നല്‍കിയത് 480 കോടി രൂപയുടെ വായ്പയാണ്.

സ്ത്രീകളുടെ പോഷകാഹര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘സമ്പുഷ്ട കേരളം’, ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ‘എന്റെ കൂട്’, വിധവകളുടെ മക്കള്‍ക്ക് പഠിക്കാന്‍ ധനസഹായം, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ക്കായി ‘ഷീ ടോയ്‌ലറ്റ്’, സ്വയംസംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ‘നാനോ സ്റ്റാര്‍ട്ടപ്പുകള്‍’, ഒരു ഫോണ്‍കോളില്‍ സുരക്ഷ ഉറപ്പാക്കുന്ന ‘മിത്ര ഹെല്‍പ്ലൈന്‍’, ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകള്‍ക്ക് അടിയന്തര ധനസഹായം, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘വണ്‍സ്റ്റോപ് സെന്ററുകള്‍’ തുടങ്ങി അനവധി പദ്ധതികളാണ് സര്‍ക്കാര്‍ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കിയത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോയത്. അവരുടെ സുരക്ഷയും ആത്മവിശ്വാസവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ഇതൊരു ദീര്‍ഘമായ പോരാട്ടമാണ്. നമ്മുടെ സമൂഹവും, ഈ ലോകം തന്നെയും കൂടുതല്‍ ഊര്‍ജ്ജത്തോടെ അത് ഏറ്റെടുത്തു കൊണ്ടുപോകേണ്ടതുണ്ട്.

ഇടതുപക്ഷം, കൂടുതല്‍ കരുത്തോടെ തുല്യനീതിക്കായുള്ള ഈ മുന്നേറ്റത്തിന്റെ മുന്നണിയില്‍ തന്നെ ഉണ്ടാകും. ഇതുവരെയുള്ള ശ്രമങ്ങളെ കൂടുതല്‍ വിപുലപ്പെടുത്തിയും, പുതിയവ ആരംഭിച്ചും, സ്ത്രീകളോടൊപ്പം ഉറച്ച കാല്‍വെയ്പുകളുമായി ഇനിയും മുന്നോട്ടു പോകും. എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിന ആശംസകള്‍ ഹൃദയപൂര്‍വം നേരുന്നു.
Read more: https://www.deshabhimani.com/news/kerala/women-s-day-pinarayi-vijayan-ldf/929015

സ്ത്രീ ശാക്തീകരണം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *