കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ സ്വാധീനപ്രദേശങ്ങളിലൊന്നായ നാദാപുരത്തെ, ഇടതുപക്ഷ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനെതിരായ ഒരായുധമാക്കി മാറ്റാന്‍ കഴിഞ്ഞ കുറെ ദശകങ്ങളായി വലതുപക്ഷശക്തികള്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ തൂണേരിയിലെ ഷിബിന്‍ എന്ന 19-കാരന്‍റെ ദാരുണമായ വധത്തെത്തുടര്‍ന്ന് തൂണേരി-വെള്ളൂര്‍ പ്രദേശങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി സി.പി.ഐ(എം)ന്‍റെ മതനിരപേക്ഷതയില്‍ സംശയം പടര്‍ത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നവമാധ്യമങ്ങളിലൂടെയും മറ്റും വലതുപക്ഷ ശക്തികള്‍ ആരംഭിച്ചിരിക്കുന്നത്. അക്രമങ്ങളും കൊലപാതകങ്ങളും അനുസ്യൂതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപഭൂമിയായിട്ടാണ് നാദാപുരത്തെ മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും എന്നും അവതരിപ്പിച്ചുപോന്നത്. മുസ്ലീംലീഗ്-മാര്‍ക്സിസ്റ്റ് പാര്‍ടി സംഘട്ടനങ്ങളാണ് നാദാപുരത്തെ കലാപഭൂമിയായി അവതരിപ്പിക്കുന്നതിന് ഹേതുവായത്. നാദാപുരം സംഭവങ്ങളില്‍ അന്തര്‍ഹിതമായിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളെ അവഗണിക്കുന്ന സമീപനമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാകാലത്തും പുലര്‍ത്തിപോന്നത്. കേരളത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ നാദാപുരത്തും ജാതി-ജന്മിമേധാവിത്വശക്തികള്‍ മണ്ണില്‍ പണിയെടുക്കുന്നവനെ മൃഗീയമായി അടിച്ചമര്‍ത്തിയിരുന്നു. മാനുഷികമായ ഒരന്തസ്സും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും അനുവദിച്ചുകൊടുത്തിരുന്നില്ല. കുറുമ്പ്രനാട് താലൂക്ക് കര്‍ഷകസംഘത്തിന്‍റെ രൂപീകരണത്തോടെയാണ് കൊളോണിയല്‍ ശക്തികളുടെയും ഭൂവുടമകളുടെയും അടിച്ചമര്‍ത്തലുകള്‍ക്കും കര്‍ഷകദ്രോഹനയങ്ങള്‍ക്കുമെതിരെ ഈ പ്രദേശത്ത് സംഘടിതമായ ദിശാബോധത്തോടെയുള്ള പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നത്.
ഈ പ്രക്ഷോഭ സമരങ്ങളിലെല്ലാം ഹിന്ദു-മുസ്ലീം കൃഷിക്കാര്‍ ഒന്നിച്ചണിനിരന്നിരുന്നു. എന്നാല്‍ മറുഭാഗത്ത് പുനംകൃഷിക്കാരുടെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മുസ്ലീം ഭൂവുടമകളും നായര്‍ ഭൂവുടമകളും ഭരണകൂട സഹായത്തോടെ കൈകോര്‍ത്ത് പിടിക്കുകയാണുണ്ടായത്. കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാദാപുരം മേഖലയില്‍ മുസ്ലീംപ്രമാണിമാര്‍ ഭൂവുടമകളായിരുന്നു. കടത്തനാട് രാജാവില്‍ നിന്നും വന്‍കിട ജന്മി കുടുംബങ്ങളില്‍ നിന്നും ഇക്കൂട്ടര്‍ ഭൂമി വാങ്ങി കൈവശം വെച്ചിരുന്നു. നാദാപുരത്തെ സവിശേഷമായ ഭൂവുടമാബന്ധങ്ങളുടെ വികാസപരിണാമങ്ങള്‍ ഈ ലേഖനത്തില്‍ പിറകെ സൂചിപ്പിക്കുന്നുണ്ട്. ജന്മിത്വവിരുദ്ധ സമരങ്ങളെ വഴിതെറ്റിക്കാന്‍ ഹിന്ദു-മുസ്ലീം വേര്‍തിരിവുണ്ടാക്കുക എന്ന തന്ത്രം മുസ്ലീം ഭൂവുടമകള്‍ ഈ പ്രദേശത്ത് സമര്‍ത്ഥമായി നടത്തിയിരുന്നു. ഭൂമിയില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികളില്‍ ഭൂരിപക്ഷവും ഹിന്ദുസമുദായത്തില്‍പെട്ടവരായിരുന്നത് വര്‍ഗപരമായ പ്രശ്നങ്ങളെ എളുപ്പം വര്‍ഗീയവല്‍ക്കരിക്കുന്നതിന് പ്രമാണിവര്‍ഗങ്ങള്‍ക്ക് സഹായകരമായി. കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃത്വത്തില്‍ വര്‍ഗപരമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെ വര്‍ഗീയമായി നേരിടാനാണ് നാദാപുരം പ്രദേശത്തെ വന്‍കിട ഭൂവുടമകള്‍ ശ്രമിച്ചത്. 1940-കളോടുകൂടി പ്രവര്‍ത്തനമാരംഭിച്ച മുസ്ലീംലീഗ് ഈ പ്രദേശത്ത് പ്രമാണിവര്‍ഗങ്ങളുടെ പാര്‍ടിയായിട്ടാണ് രംഗപ്രവേശം ചെയ്തത്. പ്രമാണിവര്‍ഗ അധീശത്വത്തെ ചോദ്യം ചെയ്ത ഉശിരന്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരങ്ങളെ നേരിടാനാണ് ഭൂപ്രമാണിമാര്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കിയതെന്ന് ഈ പ്രദേശത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളെ നിഷ്പക്ഷമായി പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും.
ജന്മിവര്‍ഗങ്ങളുടെയും ഭൂവുടമകളുടെയും താല്പര്യമാണ് വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കി, തങ്ങളുടെ ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി വളര്‍ന്നുവരുന്ന ജനകീയശക്തിയെ തകര്‍ക്കുക എന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ മതനിരപേക്ഷതയില്‍ സംശയം ഉയര്‍ത്തി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിമോചനപോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ കുത്സിത നീക്കങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗപരമായ ഐക്യത്തെ ശിഥിലമാക്കുന്ന വര്‍ഗീയവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താന്‍ നമ്മുടേതുപോലുള്ള സങ്കീര്‍ണമായ ജാതിമതാധിഷ്ഠിത സാമൂഹ്യബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ കമ്യൂണിസ്റ്റുകാര്‍ വീഴ്ചവരുത്തിക്കൂടാത്തതാണ്.
1970-കള്‍ മുതല്‍ ജന്മിത്വത്തിനും ഭൂപ്രമാണിവര്‍ഗത്തിനുമെതിരെ ഉയര്‍ന്നുവന്ന കര്‍ഷകത്തൊഴിലാളി സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന് മുസ്ലീംലീഗ് സംഘടിതമായ ക്രിമിനല്‍സംഘങ്ങളെ ഈ പ്രദേശത്ത് വളര്‍ത്തിയെടുക്കുകയായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഒരു സംഘടിതസമരശക്തിയായി വളര്‍ന്നുവന്നതോടെ പ്രമാണിവര്‍ഗം ജാതിമതവര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ക്രിമിനല്‍സംഘങ്ങളെ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളുമാണ് ഈ പ്രദേശത്തെ കലാപഭൂമിയാക്കിയത്. ഹിന്ദുസമുദായത്തിലും മുസ്ലീം സമുദായത്തിലും പെട്ട ഭൂവുടമാവര്‍ഗങ്ങള്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന മര്‍ദ്ദിത ജനസമൂഹങ്ങളുടെ സമരങ്ങളെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചത്. വളയം, വാണിമേല്‍, ചെക്യാട് പ്രദേശങ്ങളില്‍ ജന്മിത്വത്തിനും പ്രമാണിവര്‍ഗ താല്‍പര്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന സമരമുഖത്താണ് കര്‍ഷകസംഘം നേതാവായ ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷിയാവുന്നത്.
മുത്തങ്ങച്ചാല്‍മലയിലെ കര്‍ഷകരുടെ കൈവശഭൂമി സംരക്ഷിക്കാന്‍ ആലക്കൽ കുഞ്ഞിക്കണ്ണന്‍റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് വളയത്തെ ഹിന്ദുജന്മികുടുംബങ്ങളുടെ ശത്രുവാക്കി അദ്ദേഹത്തെ മാറ്റിയത്. പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കണമെന്ന് വ്യാമോഹിച്ച പ്രമാണിവര്‍ഗം ഗൂഢാലോചന നടത്തി സഖാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇത്തരം പ്രമാണി കുടുംബങ്ങളാണ് ഈ പ്രദേശത്ത് ആര്‍.എസ്.എസും ജനസംഘവും രൂപീകരിക്കുന്നതിനും വളര്‍ത്തുന്നതിനും എല്ലാ സഹായവും ചെയ്തുകൊടുത്തത്. വാണിമേലിലെ മുസ്ലീം പ്രമാണിവര്‍ഗങ്ങളുടെ അധീശത്വാധികാരങ്ങളെ ചോദ്യം ചെയ്തതിനാണ് കെ.പി.കുഞ്ഞിരാമന്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. പണിയെടുക്കുന്നവരുടെ കൂലിക്കും ആത്മാഭിമാനത്തിനുംവേണ്ടി ശബ്ദമുയര്‍ത്തിയ കുഞ്ഞിരാമനെ ലീഗിലെ വര്‍ഗീയക്രിമിനലുകള്‍ കൊലചെയ്തത് പ്രമാണിവര്‍ഗ താല്പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. കുഞ്ഞിരാമന്‍റെ രക്തസാക്ഷിത്വത്തോടെയാണ് വാണിമേല്‍പ്രദേശത്തെ ‘ചെക്കന്‍’ വിളിയും അടിമപ്പണിയും അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടായത്. മുസ്ലീം ഭൂപ്രമാണിമാര്‍ക്കും ഹിന്ദു ഭൂവുടമകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത വര്‍ഗസമരനിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് നാദാപുരം മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനസ്വാധീനം ഉറപ്പിച്ചത്. ജന്മിവര്‍ഗങ്ങളുടെയും ഭൂവുടമകളുടെയും താല്പര്യമാണ് വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കി, തങ്ങളുടെ ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരായി വളര്‍ന്നുവരുന്ന ജനകീയശക്തിയെ തകര്‍ക്കുക എന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ മതനിരപേക്ഷതയില്‍ സംശയം ഉയര്‍ത്തി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ വിമോചനപോരാട്ടങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ കുത്സിത നീക്കങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. വര്‍ഗപരമായ ഐക്യത്തെ ശിഥിലമാക്കുന്ന വര്‍ഗീയവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താന്‍ നമ്മുടേതുപോലുള്ള സങ്കീര്‍ണമായ ജാതിമതാധിഷ്ഠിത സാമൂഹ്യബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ കമ്യൂണിസ്റ്റുകാര്‍ വീഴ്ചവരുത്തിക്കൂടാത്തതാണ്. സഖാവ് ഇ.എം.എസ് ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയിലെ വര്‍ഗബന്ധങ്ങളുമായി ചേര്‍ന്നുകിടക്കുന്ന ജാതിസാമുദായികഘടകങ്ങളെ ശരിയായി മനസ്സിലാക്കി സാമൂഹികവും വര്‍ഗപരവുമായ അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരെ എല്ലാവിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചിട്ടുള്ളത്.
മലബാര്‍കലാപത്തെ മാപ്പിളലഹളയായി ചിത്രീകരിച്ച ഔദ്യോഗിക ചരിത്രസമീപനത്തെ തുറന്നുകാണിച്ചതും അതിന്‍റെ കാര്‍ഷികവര്‍ഗ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിച്ചതും കമ്യൂണിസ്റ്റുകാരും ദേശീയ പ്രസ്ഥാനത്തിനകത്തെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലുള്ള ഇടതുപക്ഷക്കാരുമായിരുന്നു. ജന്മി-ഭൂപ്രഭുവര്‍ഗങ്ങള്‍ക്കെതിരായ വര്‍ഗസമരത്തില്‍ സംഭവിക്കുന്ന പാളിച്ചകളെ നിശിതമായി വിലയിരുത്താനും സ്വയംവിമര്‍ശനപരമായി തിരുത്തി മുന്നോട്ടുപോകാനും പുരോഗമനശക്തികള്‍ എന്നും ബദ്ധശ്രദ്ധരായിരുന്നിട്ടുണ്ട്. ഹൈദരാബാദിലെ നൈസാമിനും റസാക്കര്‍മാര്‍ക്കുമെതിരെ ഉയര്‍ന്നുവന്ന തെലങ്കാന സമരം ഉള്‍പ്പെടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രം കറകളഞ്ഞ മതനിരപേക്ഷ നിലപാടില്‍ അടിയുറച്ചുനിന്നുകൊണ്ട് വര്‍ഗശത്രുക്കള്‍ക്കെതിരായി ജനങ്ങളെയാകെ ഒന്നിപ്പിച്ചതിന്‍റേതാണ്. വര്‍ഗീയഫാസിസം രാജ്യത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളെയാകെ കൈയടക്കാന്‍ നടത്തുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശത്രുവര്‍ഗങ്ങളുടെ ചതിക്കുഴികളെയും കെണികളെയും കണ്ടെത്താനും മറികടക്കാനും പ്രാപ്തമായ രാഷ്ട്രീയ സമീപനമാണ് ഇടതുപക്ഷശക്തികള്‍ നാദാപുരംപോലുള്ള പ്രദേശങ്ങളില്‍ ശ്രദ്ധാപൂര്‍വം വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
നാദാപുരം സംഭവങ്ങളുടെ പൊതുചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനും സംഘര്‍ഷാവസ്ഥയില്‍ നിന്ന് ജനങ്ങളെ മുക്തമാക്കാനും ബാധ്യതപ്പെട്ട സര്‍ക്കാറിന്‍റെയും പോലീസിന്‍റെയും സമീപനങ്ങള്‍ എക്കാലത്തും ജനങ്ങള്‍ക്കിടയിലെ മുറിവുണക്കുന്നതിനുപകരം സംഘര്‍ഷം നിലനിര്‍ത്തി അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിനു മാത്രം സഹായിക്കുന്നതായിരുന്നു എന്നാണ്. ഏറ്റവും ഒടുവില്‍ തൂണേരിയിലെ ഷിബിന്‍റെ നിഷ്ഠൂരമായ കൊലപാതകത്തിനു ശേഷം ആ പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളെ പ്രതിരോധിക്കാന്‍ യാതൊരുവിധ മുന്‍കരുതലും പോലീസിന്‍റെയും ജില്ലാഭരണകൂടത്തിന്‍റെയും ഭാഗത്തുനിന്നുണ്ടായില്ല. നാദാപുരത്ത് സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ട എല്ലാ ഘട്ടങ്ങളിലും സമയോചിതമായി ഇടപെട്ട് അവ തടയുന്നതിനുള്ള ഫലപ്രദമായ നടപടി കൈക്കൊള്ളുന്നതില്‍ പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളതെന്ന് കാണാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനം തുടര്‍ച്ചയായി നാദാപുരത്ത് പരാജയപ്പെടുന്നതെന്തുകൊണ്ടാണെന്ന് ഗൗരവാവഹമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സമ്പന്നവര്‍ഗങ്ങളുടെയും അധോലോക സാമ്പത്തിക ശക്തികളുടെയും താല്പര്യങ്ങള്‍ക്ക് വഴിപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പോലീസ് സേന യു.ഡി.എഫ് ഭരണകാലത്ത് നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. അശരണരും സാധാരണക്കാരുമായ ജനങ്ങളുടെ സുരക്ഷയേക്കാള്‍ ക്രിമിനല്‍ ശക്തികളുടെ സംരക്ഷണമാണ് നാദാപുരം പ്രദേശത്ത് എല്ലാക്കാലത്തും പോലീസ് ഉദ്യോഗസ്ഥന്മാര്‍ നടത്തിപ്പോന്നിട്ടുള്ളത്. സ്വതന്ത്രമായ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെ എല്ലാകാലത്തും ഭരണാധികാരത്തിലുള്ള സ്വാധീനമുപയോഗിച്ച് പ്രമാണിവര്‍ഗങ്ങള്‍ തടയുകയും ചെയ്തിരുന്നു.
തെയ്യമ്പാടി ഇസ്മായിലിനെ പോലെയുള്ള ഒരു ക്രിമിനല്‍ ആയുധപരിശീലനമടക്കം നല്‍കി ഗുണ്ടാസംഘങ്ങളെ ഈ പ്രദേശത്ത് വളര്‍ത്തിയെടുത്തത് പോലീസിന്‍റെയും ഉന്നത ഭരണ രാഷ്ട്രീയക്കാരുടെയും അറിവോടെയും സമ്മതത്തോടെയുമാണെന്ന കാര്യം നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നതാണ്. ആയുധങ്ങള്‍ സംഭരിച്ചും അന്താരാഷ്ട്ര വേരുകളുള്ള തീവ്രവാദപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നാദാപുരം പ്രദേശത്തിന്‍റെ സമാധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ കഴിഞ്ഞ കുറെ കാലമായി ഇവിടെ വിഹരിക്കുകയാണ്. എന്‍.ഡി.എഫ്, എസ്.ഡി.പി.ഐ, മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളിലായി പ്രവര്‍ത്തിക്കുന്ന ഈ ക്രിമിനലുകളെ ആവശ്യാനുസരണം ഏകോപിപ്പിക്കുകയും കൊലപാതകമുള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. തൂണേരി സംഭവങ്ങള്‍ക്കുശേഷം നവമാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ സംഘങ്ങളെ സ്തുതിക്കുന്ന പോസ്റ്റുകള്‍ വ്യാപകമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തികവും മറ്റുമായ സഹായം ഇത്തരം ക്രിമിനലുകള്‍ക്കുണ്ട് എന്ന കാര്യവും വ്യക്തമായിരിക്കുകയാണ്. ഈ പ്രദേശത്ത് കടുത്ത വര്‍ഗീയത പടര്‍ത്താനും ജനങ്ങളെ സാമുദായികമായി ചേരിതിരിക്കാനും കെ.എം.സി.സി ഉള്‍പ്പെടെയുള്ള, ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും ഗ്രൂപ്പുകളും ശ്രമിക്കുന്നുണ്ടെന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചില ഒഡിയോ ടേപ്പുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തെ ഉപയോഗിച്ച് ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ഈ പ്രദേശത്ത് വിധ്വംസകമായ ഇടപെടലുകള്‍ക്ക് കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം തീവ്രവാദികള്‍ ഒരുപോലെ ലക്ഷ്യംവെക്കുന്നത് സി.പി.ഐ(എം)നെയാണ്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളുടെ നിഷ്കാസനത്തിലൂടെ താന്താങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഇരുവര്‍ഗീയ ശക്തികളും അതിന്‍റെ മുന്നുപാധിയായി ലക്ഷ്യമിടുന്നത് സി.പി.ഐ(എം)ന്‍റെ തകര്‍ച്ചയാണ്.
സംഘടിത കുറ്റവാളി സംഘങ്ങള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന കാര്യം എന്തുകൊണ്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോകുന്നത്. ഇത്തരം ക്രിമിനലുകളെ അമര്‍ച്ചചെയ്യാനും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനും ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ മാത്രമെ സംഘര്‍ഷാവസ്ഥക്ക് അയവുവരുത്താനും നാദാപുരം പ്രദേശത്ത് ശാശ്വതമായ സമാധാനം സ്ഥാപിക്കാനും കഴിയൂ. അക്രമസംഭവങ്ങളെ വര്‍ഗീയവത്കരിച്ച് സാമുദായികമായ വിഭജനം സൃഷ്ടിക്കാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ നീക്കങ്ങളെ മതനിരപേക്ഷജനാധിപത്യനിലപാടുകളില്‍ നിന്ന് പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തേണ്ടതുണ്ട്. കൊലപാതകങ്ങളുടെയും സംഘട്ടനങ്ങളുടെയും കാരണങ്ങളെ സംബന്ധിച്ച നിശിതമായ വിലയിരുത്തലുകളും സ്വയംവിമര്‍ശനപരമായ നിലപാടുകളും സ്വീകരിച്ചുകൊണ്ടാണ് 2001-ന് ശേഷം നീണ്ട 14 വര്‍ഷക്കാലം നാദാപുരം പ്രദേശത്ത് സമാധാനം സൃഷ്ടിക്കാന്‍ ഇടതുപക്ഷശക്തികള്‍ വിജയകരമായ ശ്രമങ്ങള്‍ നടത്തിയത്. അതിന് ഈ പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. 2015 ജനുവരി 22-ന് ലീഗ് വര്‍ഗീയ ക്രിമിനലുകള്‍ 14 വര്‍ഷക്കാലമായി ഈ പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിന് അന്ത്യംകുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിബിനെയും കൂട്ടുകാരെയും ആക്രമിച്ചത്. അത് പൈശാചികമായൊരു കൂട്ടക്കൊലക്കുവേണ്ടിയുള്ള ആസൂത്രിത നീക്കമായിരുന്നു.
http://bodhicommons.org/article/what-happens-in-nadapuram-kt-kunjikkannan-part-one
0 Comments