നാദാപുരത്തെ ചോരക്കളമാക്കാനുള്ള ലീഗ് വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടാണ് 2015 ജനുവരി 22-ന് സി.പി.ഐ(എം) റെഡ് വോളന്റിയറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ഷിബിന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നത്. തൂണേരിക്കടുത്ത വെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്കൂളിന് സമീപമുള്ള റോഡില്‍ വെച്ചായിരുന്നു ഏകദേശം രാത്രി ഒമ്പതരമണിയോടെ ഷിബിനെയും മറ്റ് ആറ് പേരെയും തെയ്യമ്പാടി ഇസ്മായില്‍ എന്ന ലീഗ് ക്രിമിനല്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ കൈമഴുവും വാളും ഉപയോഗിച്ച് അക്രമിച്ചത്. കൂട്ടക്കൊലപാതകം ലക്ഷ്യംവെച്ച് നടത്തിയ ആക്രമണമായിരുന്നു ഇത്. ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ഗുഹാജീവികളെപ്പോലെയാണ് അക്രമി സംഘം ബോലോ തക്ബീര്‍ വിളികളോടെ ഈ യുവാക്കളെ വളഞ്ഞുപിടിച്ച് ആക്രമിച്ചത്. നാദാപുരത്തെ വീണ്ടും കലാപകലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ആക്രമണവും കൊലപാതകവുമായിരുന്നു ഇതെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മുസ്ലീംലീഗിലെ ഒരു വിഭാഗം പുലര്‍ത്തിപോരുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഒരു പ്രകോപനവുമില്ലാതെ ഇത്തരമൊരു ആക്രമണമുണ്ടായത്. സ്കൂളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള രാത്രികാല ക്ലാസിനുപോയ അനുജനെ ഇരിങ്ങണ്ണൂര്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിച്ച് പുറത്തേക്കിറങ്ങിയ ഷിബിനും ഒപ്പമുണ്ടായിരുന്ന രഖിലും സംസാരിച്ചുനില്‍ക്കുന്നതിനിടയിലാണ് ഇസ്മായിലും സംഘവും ഇവിടെയെത്തി അവരോട് തട്ടിക്കയറിയത്. യാതൊരുവിധ പ്രകോപനവുമില്ലാതെ ഈ ക്രിമിനല്‍ സംഘം ഷിബിനോടും രഖിലിനോടും തട്ടിക്കയറിയത് ആസൂത്രിതമായൊരു ആക്രമണനീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു. അക്രമികളുടെ ശബ്ദം കേട്ടാണ് മറ്റ് 5 പേരും അവരുടെ വീടുകളില്‍ നിന്ന് തൊട്ടടുത്തുള്ള സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഇവരെയും അക്രമികള്‍ കൈയേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയത്താണ് നേരത്തെതന്നെ ആസൂത്രണം ചെയ്തതനുസരിച്ച് തൊട്ടടുത്തെവിടെയോ ആയുധസജ്ജരായി കാത്തിരിക്കുന്ന ക്രിമിനലുകളെ അക്രമിസംഘം ഫോണ്‍ ചെയ്ത് വരുത്തുന്നത്. ബൈക്കുകളില്‍ തുരുതുരാ എത്തിയ ഈ അക്രമികള്‍ ലീഗ് തീവ്രവാദക്യാമ്പുകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു. നാദാപുരത്തും പരിസരപ്രദേശങ്ങളിലും ഒമ്പതോളം വോളന്റിയര്‍ പരിശീലനക്യാമ്പുകള്‍ കൊടുംക്രിമിനല്‍ തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അക്രമത്തിന് തൊട്ടുമുമ്പ് ഈ പ്രദേശത്തെ ലീഗ് കേന്ദ്രത്തില്‍ ക്രിമിനലുകള്‍ കേന്ദ്രീകരിച്ചു എന്നുവേണം കരുതാന്‍. തൂണേരി വെള്ളൂര്‍റോഡിന്റെ ഇരുവശങ്ങളില്‍ നിന്ന് ബൈക്കുകളില്‍ എത്തിയ സംഘം രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഉള്‍പ്പെടെയുളള ഷിബിനെയും സുഹൃത്തുക്കളെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വധിക്കപ്പെട്ട ഷിബിന്റെയും ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവരുടെയും ദേഹത്തുള്ള മുറിവുകളും അക്രമത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. നല്ല പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൂട്ടക്കൊല ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. തീവ്രവാദക്യാമ്പുകളില്‍ പരിശീലനം നേടിയവരുള്‍പ്പെട്ടതാണ് ഈ അക്രമിസംഘം. കൈമഴുവും വാളും ഉപയോഗിച്ച് യുവാക്കളുടെ തലക്കും നെഞ്ചിനുമാണ് സംഘം വെട്ടിയത്. നെഞ്ച് നെടുകെപിളര്‍ന്നതും കഴുത്തിന് പിറകിലേറ്റ ആഴത്തിലുള്ള മുറിവുമാണ് ഷിബിന്റെ ദാരുണമായ മരണത്തിന് കാരണമായത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന കരിയിലാട്ട് രഖിലിന്റെ നട്ടെല്ലിന് സമീപത്താണ് വെട്ടേറ്റത്. രഖിലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പുത്തലത്ത് അഖിലിന്റെ മുഖവും താടിയെല്ലുമാണ് വെട്ടേറ്റ് തകര്‍ന്നത്. കരുവന്‍റവിട രാജേഷിന് മുതുകിനാണ് കുത്തേറ്റത്. തലശ്ശേരി സഹകരണാശുപത്രിയില്‍ കഴിയുന്ന രാജേഷിന്റെ ശരീരത്തില്‍ 24-ഓളം തുന്നിക്കെട്ടുകളുണ്ട്. വട്ടക്കുനി വിജീഷിന് തലക്കാണ് വെട്ടേറ്റത്. മീത്തലെ പിള്ളാണ്ടി അനീഷിന്റെയും ഈശ്വരംവരിയത്ത് ലിനീഷിന്റെയും തലക്ക് നേരെയാണ് അക്രമം ഉണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെട്ട മുസ്ലീംലീഗ് ക്രിമിനലുമായ ഇസ്മായിലിന്റെയും സഹോദരന്‍ മുനീറിന്റെയും നേതൃത്വത്തില്‍ നടന്ന ഈ അക്രമണത്തില്‍ പങ്കെടുത്തവരെല്ലാം ലീഗ്-തീവ്രവാദബന്ധമുള്ള ക്രിമിനലുകളാണ്.

നാദാപുരം മേഖലയില്‍ നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ പലതിലും പ്രതിയാണ് ഇസ്മായില്‍. ഈ ക്രിമിനലിന്റെ ജ്യേഷ്ഠന്‍ മുനീറും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാദാപുരം മേഖലയിലും കോഴിക്കോട് ജില്ലക്കകത്തും പുറത്തും ലീഗ് നടത്തിയ പല ഓപ്പറേഷനുകളുടെയും മുഖ്യസൂത്രധാരന്മാരാണ് ഇസ്മായിലും മുനീറും. ആയുധങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകപരിശീലനം നേടിയ ഇരുവരും കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തവരാണ്. നാദാപുരം മേഖലയിലെ ലീഗ് ഗുണ്ടാപ്പടക്ക് പരിശീലനം നല്‍കുന്നതും അക്രമങ്ങൾക്കായി ക്രിമിനലുകളെ ഏകോപിപ്പിക്കുന്നതും ഇവരാണ്. അത്യന്തം പൈശാചികമായ കൊലപാതകത്തിന് ഈ ക്രിമിനല്‍ സംഘം മുതിര്‍ന്നത് മുസ്ലീംലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. നാദാപുരം മേഖലയിലെ സമ്പന്നവര്‍ഗങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന തൊഴിലാളി കര്‍ഷകപ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ലീഗ് നേതൃത്വം എന്നും ക്രിമിനല്‍ സംഘങ്ങളെ പോറ്റിവളര്‍ത്തിയിട്ടുണ്ട്.

മുസ്ലീംലീഗും ക്രിമിനല്‍ സംഘങ്ങളും

ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ പോലീസ് പിടിയിലാകുമ്പോഴെല്ലാം രക്ഷക്കായി അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചത് ലീഗ് നേതൃത്വമാണ്. തെയ്യമ്പാടി ഇസ്മായിലിനെതിരെ പോലീസ് നടപടിയുണ്ടായ എല്ലാ ഘട്ടങ്ങളിലും ലീഗിന്റെ സംസ്ഥാനനേതൃത്വം തന്നെ രംഗത്തെത്തിയിരുന്നുവെന്നത് പരസ്യമായ യാഥാര്‍ത്ഥ്യമാണ്. ഷിബിന്‍ വധത്തിനുശേഷം ഇപ്പോള്‍ പിടിയിലായ പ്രതികളെ രക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് ലീഗ് നേതൃത്വമാണ്. ജനുവരി 22-ന് വെള്ളൂരിലെ ആക്രമണത്തിനും ഷിബിന്റെ കൊലക്കും ശേഷം എര്‍ട്ടിഗ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരുവള്ളൂരിനടുത്തുവെച്ച് പിടിയിലായ സിദ്ദിഖ്, സുഹൈബ്, അനീസ്, അസീബ് എന്നിവര്‍ക്ക് വാഹനമേര്‍പ്പെടുത്തിക്കൊടുത്തതും രക്ഷപ്പെടാന്‍ സഹായം ചെയ്തുകൊടുത്തതും വില്യാപ്പള്ളിയിലെ ലീഗ് നേതാവായ യൂനുസ് ആണ്. കാറിന്റെ ഉടമയും ഈ കൊലപാതകക്കേസിലെ പ്രതിയുടെ സഹോദരനുമായ ലീഗ് പ്രവര്‍ത്തകനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ലീഗ് നേതൃത്വം പരസ്യമായി കൊലപാതകത്തെ അപലപിക്കുമ്പോഴും ക്രിമിനലുകളെ രക്ഷിക്കാനുള്ള രഹസ്യനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്ന പ്രതികളില്‍ യൂത്ത് ലീഗിന്റെ തൂണേരി പഞ്ചായത്ത് സെക്രട്ടറി മഠത്തില്‍ സുഹൈബ്, പ്രധാന യൂത്ത് ലീഗ് പ്രവര്‍ത്തകരായ എടാടി ഫസല്‍, പേരോട് സ്വദേശി മെട്ടേമല്‍ നാസര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കൊലപാതകത്തിലെ മുഖ്യപ്രതികളായ ഇസ്മായിലിനേയും മുനീറിനെയും ഇപ്പോള്‍ ഗൂഡല്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തുവെന്നാണ് പോലീസ് ഭാഷ്യം. ഇവരെ സംരക്ഷിച്ചത് എസ്.ഡി.പി.ഐക്കാരായിരുന്നുപോലും. ലീഗും എന്‍.ഡി.എഫും എസ്.ഡി.പി.ഐയും എല്ലാമൊന്നിച്ചാണ് ഇടതുപക്ഷ ശക്തികള്‍ക്കെതിരെ ക്രിമിനല്‍ സംഘങ്ങളെ പോറ്റിവളര്‍ത്തുന്നതെന്ന കാര്യം ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണ്.

ലീഗ് സംസ്ഥാന നേതൃത്വം തെയ്യമ്പാടി ഇസ്മായിലിനുവേണ്ടി എല്ലാ കാലത്തും രംഗത്തിറങ്ങിയിരുന്നു. കൊടും ക്രിമിനലായ ഇസ്മായിലിനെ സംരക്ഷിക്കാന്‍ ലീഗ് നേതൃത്വത്തെ നിര്‍ബന്ധിക്കുന്ന ചേതോവികാരം എന്താണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അന്യസംസ്ഥാന തൊഴിലാളി താമസിച്ച മുറിയില്‍ നിന്നും ഭക്ഷണം കഴിച്ചതിന് സ്വന്തം ബാപ്പയെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചവനാണ് ലീഗ് നേതാക്കളുടെ അരുമയായ ഇസ്മായില്‍. മര്‍ദ്ദനത്തെ തുടര്‍ന്ന് രോഗശയ്യയിലായ ബാപ്പ മരണപ്പെടുകയായിരുന്നു. കേസില്‍ സാക്ഷി പറഞ്ഞതിന് സ്വന്തം നാട്ടുകാരനായ കല്ലാച്ചിപ്പൊയില്‍ അഹമ്മദ്ഹാജിയോട് ഈ ഇസ്മായില്‍ പകരം വീട്ടിയത് വീട്ടുകിണറ്റില്‍ മലം കലക്കിയൊഴിച്ചും വീട്ടുചുമരില്‍ മലാഭിഷേകം നടത്തിയുമാണ്. അഹമ്മദ്ഹാജിയുടെ വീട്ടിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ഇതുപോലെ നിന്റെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സി.പി.ഐ(എം)കാര്‍ക്കെതിരെ ഇത്രയും സാമൂഹ്യവിരുദ്ധനായ ഒരു ക്രിമിനലിനെ ലീഗ് നേതാക്കള്‍ സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു. നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായതോടെയാണ് 2009-ല്‍ പോലീസ് ഇസ്മായിലിനെ ഗുണ്ടാലിസ്റ്റിൽപ്പെടുത്തിയത്. ജില്ലയിലെ ആദ്യത്തെ കാപ്പ നിയമം അനുസരിച്ച് ഗുണ്ടാപട്ടികയില്‍ വന്ന ആളാണ് ഇസ്മായില്‍. ഈ സംഭവം ലീഗ് ഗുണ്ടാ സംഘങ്ങള്‍ അങ്ങേയറ്റം ഭീകരത അഴിച്ചുവിട്ടാണ് നേരിട്ടത്. കൊടുംക്രിമിനലായ ഇസ്മായിലിനെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തുന്ന നടപടിക്ക് നേതൃത്വം കൊടുത്ത അന്നത്തെ നാദാപുരം സി.ഐ ബിജുരാജിനെ വകവരുത്താന്‍ വരെ നീക്കമുണ്ടായി. സി.ഐയും പോലീസുകാരും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ബോംബേറുണ്ടായി. ഗുണ്ടാനിയമം ചുമത്തി ജയിലിലടക്കപ്പെട്ട ഇസ്മായിലിനെ രക്ഷിക്കാന്‍ പരസ്യമായി തന്നെ മുസ്ലീംലീഗിന്റെ സംസ്ഥാനനേതൃത്വം രംഗത്തുവന്നു. നാദാപുരത്ത് കുഞ്ഞാലിക്കുട്ടി പങ്കെടുത്ത ലീഗ് റാലിക്കിടയില്‍ പോലീസിനും സി.പി.ഐ(എം) ഓഫീസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ലീഗ് സംസ്ഥാന നേതൃത്വം ഷിബിന്‍ വധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട്. എസ്.ഡി.പി.ഐക്കാര്‍ ഒരു പടികൂടി കടന്ന് സി.പി.ഐ(എം) ഉം ലീഗുമാണ് നാദാപുരത്ത് സമാധാനം തകര്‍ക്കുന്നതെന്ന് ജനങ്ങളെ കബളിപ്പിക്കാനായി പ്രസ്താവന ഇറക്കിയിരിക്കുകയാണ്. ലീഗ് നേതൃത്വത്തിന്റെ സംരക്ഷണവും എസ്.ഡി.പി.ഐയുടെ പരിചരണവുമാണ് നാദാപുരത്തെ ക്രിമിനലുകള്‍ക്കുള്ളതെന്ന കാര്യം മറച്ചുപിടിക്കാനാവാത്തവിധം പുറത്തുവന്നിരിക്കുകയാണ്. ലീഗിന്റെ തൂണേരി പഞ്ചായത്ത് റാലിയില്‍ അറബിവേഷത്തില്‍ റാലിയുടെ മുന്നില്‍ നിന്ന് നയിക്കുന്നത് ഷിബിന്റെ കൊലയാളിയായ തെയ്യമ്പാടി ഇസ്മായിലാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുള്ള ലീഗ് നേതാവെന്ന പരിവേഷത്തില്‍ കഴിയുന്ന കെ.എം. ഷാജി എം.എല്‍.എ ഇസ്മായിലിന് പഞ്ചായത്ത് റാലിയില്‍ ഏറ്റവും നല്ല പ്ലോട്ട് അവതരിപ്പിച്ചതിനുള്ള ഉപഹാരം നല്‍കിയിട്ടുമുണ്ടല്ലോ!

വര്‍ഗീയവല്‍ക്കരണത്തെ പ്രതിരോധിക്കുക

ഇപ്പോള്‍ ഷിബിന്‍ വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള യൂത്ത് ലീഗ് നേതാക്കളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. പ്രതികളെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ യൂത്ത് ലീഗ് നേതാവ് രാമത്ത് യൂനസ് (വില്യാപ്പള്ളി കൊളത്തൂര്‍ സ്വദേശി) പിടിയിലായതോടെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കുമേല്‍ വലിയ സമ്മര്‍ദമാണ് ഉണ്ടായിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ വിട്ടയക്കണമെന്ന് റൂറല്‍ എസ്.പി പി.എച്ച്.അഷ്റഫ് നാദാപുരത്തെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഫോണ്‍വഴി നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. 19 വയസ്സ് മാത്രം പ്രായമുള്ള നിഷ്കളങ്ക യൗവനത്തെ വെട്ടിവീഴ്ത്തിയ ലീഗ് ക്രിമിനലുകളെ ന്യായീകരിക്കാനും സംരക്ഷിക്കാനും മുസ്ലീംലീഗ് നേതൃത്വം നാദാപുരത്തും പരിസരപ്രദേശങ്ങളിലും കിംവദന്തികള്‍ പ്രചരിപ്പിച്ച് വര്‍ഗീയവികാരം ഇളക്കിവിടുകയാണ്. ആസൂത്രിതമായ ആക്രമണവും ഷിബിന്റെ ദാരുണമായ വധവും വെള്ളൂര്‍, തൂണേരി പ്രദേശങ്ങളില്‍ അങ്ങേയറ്റം രോഷമുണര്‍ത്തിയിട്ടുണ്ട്. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് കാലെടുത്തുവെച്ച ഷിബിന്റെ ഇളം ശരീരം കൈമഴുകൊണ്ടും വാളുകൊണ്ടും വെട്ടിനുറുക്കിയ വര്‍ഗീയ ക്രിമിനലുകള്‍ക്കുനേരെ അടങ്ങാത്ത പ്രതിഷേധമാണ് ഇവിടുത്തെ സാധാരണ ജനങ്ങളുടെ മനസ്സിലുള്ളത്. മനുഷ്യമോചനത്തിന്റെ മഹാശയങ്ങളെ ഹൃദയത്തിലേറ്റിയ ഷിബിന്‍ വെള്ളൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ഇരുട്ടിന്റെ മറവില്‍ ലീഗ് ക്രിമിനലുകള്‍ നെഞ്ചില്‍വെട്ടി ഹൃദയത്തെ കീറിയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഷിബിനെ വകവരുത്തിയത്. ഒരു ധീരയൗവനത്തെ ഇല്ലാതാക്കിയത്.

സംഘപരിവാറും ലീഗ്-തീവ്രവാദ സംഘങ്ങളും ഉയര്‍ത്തുന്ന വര്‍ഗീയ ഭീഷണിക്കെതിരെ മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തി മാനവികതക്ക് വേണ്ടി നിലകൊണ്ട ഈ ചെറുപ്പക്കാരനെ എന്തിനാണ് വെട്ടിക്കൊന്നതെന്ന ചോദ്യം അമര്‍ത്തിപ്പിടിച്ച അമര്‍ഷത്തോടെ നാദാപുരത്തെ ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാപരാധത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുക മാത്രമല്ല വര്‍ഗീയമായ കഥകള്‍ പ്രചരിപ്പിച്ച് ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് ചില ലീഗ് നേതാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളൂരിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ചില അനിഷ്ടകരമായ സംഭവങ്ങളെ പെരുപ്പിച്ച് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ആര്‍.എസ്.എസിനെപോലെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്ന മുസ്ലീംലീഗിന്റെ കൊലയാളിസംഘത്തെ രക്ഷിക്കാന്‍ സി.പി.ഐ(എം) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്ലീം വീടുകള്‍ ആക്രമിച്ചു എന്ന് പ്രചാരണം നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള കുത്സിതനീക്കമാണ് നടത്തുന്നത്. ഒരു കാരണവശാലും അക്രമങ്ങളെ അക്രമംകൊണ്ട് നേരിടുക എന്ന രാഷ്ട്രീയത്തെ സി.പി.ഐ(എം) പിന്തുണക്കുന്നില്ല. ഷിബിന്റെ ദാരുണമായ വധവും ആക്രമണവും സൃഷ്ടിച്ച സ്തോഭജനകമായ സാഹചര്യത്തെ ഉപയോഗിച്ച് സാമൂഹ്യവിരുദ്ധശക്തികള്‍ നടത്തിയ ആക്രമണങ്ങളെ സി.പി.ഐ(എം) ശക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളെ മുതലെടുത്ത് കുഴപ്പങ്ങളുണ്ടാക്കുന്ന നിക്ഷിപ്തതാല്പര്യക്കാരെ ജാതിമതകക്ഷിഭേദമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് നേരിടുകയാണ് വേണ്ടത്. വര്‍ഗീയമായ ചേരിതിരിവിന് അവസരം കൊടുക്കാതെ വെള്ളൂരിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളെ മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് നേരിടാനാണ് എല്ലാവിഭാഗം ജനാധിപത്യ ശക്തികളും ഒന്നിച്ച് ശ്രമിക്കേണ്ടത്. മുസ്ലീം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയെന്നതുപോലുള്ള പ്രചാരണങ്ങള്‍ വര്‍ഗീയധ്രുവീകരണം ലക്ഷ്യംവെച്ചുള്ളതാണ്. നാദാപുരം സംഭവങ്ങളുടെ പേരില്‍ സി.പി.ഐ(എം)ന്റെ മതനിരപേക്ഷതയെ ചോദ്യംചെയ്യുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ മാത്രമല്ല. അവര്‍ ആര്‍.എസ്.എസിന്റെയും മുസ്ലീം വര്‍ഗീയ സംഘടനകളുടെയും കുഴലൂത്തുകാര്‍ കൂടിയാണ്. അക്രമരാഷ്ട്രീയത്തെ കുറിച്ച് ഓരിയിട്ട് നടന്ന പലരും ഷിബിന്റെ ദാരുണമായ കൊലപാതകത്തില്‍ മൗനം പാലിക്കുകയാണല്ലോ.

നാദാപുരത്തെ ചോരക്കളമാക്കാനുള്ള ആസൂത്രിതനീക്കം

2001-ലെ തെരഞ്ഞെടുപ്പിന്റെ കാലത്തായിരുന്നല്ലോ നാദാപുരത്തെയും പരിസരപ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. ഇന്നെന്നപോലെ അന്നും ഒരു പ്രകോപനവുമില്ലാതെ ലീഗ് ക്രിമിനലുകള്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സന്തോഷിനെ 2001 ജനുവരി 13-നാണ് ലീഗ് ഗുണ്ടാസംഘം പാറക്കടവില്‍ വെച്ച് കൊലചെയ്യുന്നത്. പ്രമാണിവര്‍ഗ താല്പര്യങ്ങളുടെ സംരക്ഷകരായ ലീഗ് ഗുണ്ടകള്‍ ആ പ്രദേശത്ത് ഭീകരത സൃഷ്ടിച്ച് സന്തോഷിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാദാപുരം പ്രദേശത്ത് കുഴപ്പങ്ങളും സംഘര്‍ഷങ്ങളും പടരുന്നത്. തെരുവംപറമ്പില്‍ ലീഗ് തീവ്രവാദി സംഘങ്ങള്‍ വീടുകളും കടകളും തീവെച്ച് നശിപ്പിക്കുകയും സ്ത്രീകളെ വരെ ആക്രമിക്കുകയും ചെയ്തു. ഇതിനെതിരായി ഉയര്‍ന്നുവന്ന ജനരോഷത്തെ മറികടക്കാനായിട്ടാണ് ലീഗ് നേതൃത്വവും യു.ഡി.എഫും നബീസയുടെ ബലാത്സംഗകഥ പ്രചരിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഈന്തുള്ളതില്‍ ബിനുവിനെ ബലാത്സംഗകേസില്‍ പ്രതിയാക്കി. വലതുപക്ഷ ശക്തികള്‍ നടത്തിയ ഗൂഢാലോചനയുടെയും നുണക്കഥയുടെയും തുടര്‍ച്ചയെന്ന നിലയിലാണ് എന്‍.ഡി.എഫുകാര്‍ 2001 ജൂണ്‍ രണ്ടിന് പട്ടാപ്പകല്‍ കല്ലാച്ചി ടൗണില്‍ വെച്ച് ബിനുവിനെ നിഷ്ഠൂരമായി വെട്ടിക്കൊന്നത്. മതതീവ്രവാദികളും യു.ഡി.എഫ് നേതൃത്വവും നടത്തിയ ഗൂഢാലോചനയും ബലാത്സംഗ കഥയും പിന്നീട് തുറന്ന് കാട്ടപ്പെടുകയുണ്ടായി. ക്രൈംബാഞ്ച് അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനയിലും ബലാത്സംഗമേ നടന്നിട്ടില്ലെന്ന് വ്യക്തമായി. ലീഗ് നേതൃത്വത്തിന്റെ ചതിയില്‍ പെട്ടതായി ബലാത്സംഗകഥയിലെ സ്ത്രീയും അവരുടെ ഭര്‍ത്താവും പിന്നീട് തുറന്നുപറയുകയുണ്ടായി.

നുണകള്‍ പ്രചരിപ്പിച്ച് വര്‍ഗീയമായ വികാരമിളക്കിവിടാനുള്ള നീചമായ നീക്കമാണ് ലീഗ് നേതൃത്വം നിഷ്ഠൂരമായ കൊലപാതകത്തില്‍ തങ്ങള്‍ക്കുള്ള പങ്ക് മറച്ചുവെക്കാനായി നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളപ്രചരണങ്ങളിലൂടെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായി ജാതിമത ഭേദമന്യേ ഉയര്‍ന്നുവന്നിരിക്കുന്ന രോഷത്തെ മറികടക്കാനും വഴിതിരിച്ചുവിടാനുമുള്ള നീക്കമാണ് ലീഗ് നേതാക്കള്‍ ആരംഭിച്ചിരിക്കുന്നത്. അക്രമികള്‍ ഏതുഭാഗത്തുനിന്നായാലും ഒറ്റപ്പെടുത്തപ്പെടുത്തുകതന്നെ വേണം. നിരപരാധികളുടെ സ്വത്തും ജീവനും ഒരു കാരണവശാലും അപകടപ്പെട്ടുകൂടാത്തതാണ്. അത്തരം നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ജനാധിപത്യശക്തികള്‍ ഒന്നിച്ച് നിന്ന് ചെറുത്തു തോല്പിക്കണം. ലീഗ് നേതൃത്വം ഷിബിന്റെ വധത്തിലും വെള്ളൂരിലെ ഏകപക്ഷീയമായ ആക്രമണങ്ങളിലും തങ്ങള്‍ക്കുള്ള പങ്ക് മറച്ചുപിടിക്കാനായി വര്‍ഗീയവികാരം ഇളക്കിവിടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നകാര്യം തിരിച്ചറിയണം. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നതിനുപകരം സ്വന്തം പാര്‍ടിക്കാരായ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണാധികാരം ഉപയോഗിച്ച് ലീഗ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തെ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള കുത്സിതമായ നീക്കങ്ങള്‍ ബി.ജെ.പി നേതൃത്വവും ആരംഭിച്ചിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ക്രിമിനല്‍ശക്തികള്‍ക്കെതിരായി ജനങ്ങളെ ആകെ ഒന്നിപ്പിക്കാനാണ് സി.പി.ഐ(എം) ശ്രമിക്കുന്നത്. കേരളരാഷ്ട്രീയത്തില്‍ യു.ഡി.എഫ് നേരിടുന്ന അത്യന്തം രൂക്ഷമായ പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങളും വെള്ളൂരിലെ സംഭവങ്ങള്‍ക്കുപിന്നില്‍ ഉണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫ് ഭരണം നേരിടുന്ന പ്രതിസന്ധിയുടെ കാലഘട്ടത്തിലെല്ലാം നാദാപുരത്ത് കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ലീഗിനെ ഉപയോഗിച്ച് നടത്തിയിട്ടുണ്ട്.

ഇപ്പോള്‍ തെരുവംപറമ്പ്മോഡല്‍ കഥകള്‍ മെനയാനുള്ള നീക്കങ്ങള്‍ മുസ്ലീംലീഗിന് ബന്ധമുള്ള കെ.എം.സി.സി പോലുള്ള സംഘടനകളെ ഉപയോഗിച്ച് തകൃതിയായി നടക്കുന്നുണ്ട്. ഇത്തരമൊരു ഓഡിയോടേപ്പ് പുറത്തുവന്നിട്ടുണ്ട്. അത്യന്തം ഹീനമായ വര്‍ഗീയവികാരത്തോടെ ഷിബിന്റെ കൊലപാതകത്തെയും അതിന് നേതൃത്വം കൊടുത്ത ഇസ്മായിലിനെയും ന്യായീകരിക്കുന്ന ഈ ഓഡിയോ റിക്കോര്‍ഡ് സി.പി.ഐ(എം) നേതാക്കള്‍ പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്ട്സ് അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകൾ വഴി രക്തസാക്ഷി ഷിബിനെ അപമാനിക്കുന്ന ആക്ഷേപങ്ങളും നുണക്കഥകളും പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്. സമൂഹ മനസാക്ഷിയെ ആകെ ഞെട്ടിച്ച, ഒരു 19-കാരന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ഗീയ കാര്‍ഡിറക്കുന്ന ലീഗ് നേതൃത്വം തീക്കൊള്ളിക്കൊണ്ട് തല ചൊറിയുകയാണ്. സാമുദായികമായി ചേരിതിരിവുണ്ടാക്കി നാദാപുരത്ത് അശാന്തിവിതക്കാനുള്ള ലീഗിന്റെ നീക്കങ്ങളെ എല്ലാവിഭാഗം മതനിരപേക്ഷശക്തികളും ഒന്നിച്ചുനിന്ന് തോല്‍പ്പിക്കേണ്ടതുണ്ട്. 2001-ലെ ഈന്തുള്ളതില്‍ ബിനുവിന്റെ രക്തസാക്ഷിത്വത്തിനുശേഷം സി.പി.ഐ(എം)ഉം ഈ മേഖലയിലെ മതനിരപേക്ഷ ശക്തികളും അക്രമങ്ങള്‍ പടരാതെ സമാധാനം സംരക്ഷിക്കാന്‍ കഴിഞ്ഞ 14 വര്‍ഷമായി നടത്തിയ ശ്രമങ്ങളെയാണ് ലീഗ് ക്രിമിനല്‍ സംഘം ഷിബിന്റെ വധത്തോടെ തകര്‍ത്തുകളഞ്ഞത്. നാദാപുരത്തുനിന്ന് ഈ 14 വര്‍ഷത്തിനകം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മരണം ലീഗ് കേന്ദ്രമായ നരിക്കാട്ടേരിയില്‍ ബോംബുണ്ടാക്കുന്നതിനിടയില്‍ സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ മരണം മാത്രമാണ്. ആ ബോംബ് സ്ഫോടനക്കേസുപോലും ലീഗ് അധികാരത്തിലേറിയ ഉടനെ അട്ടിമറിക്കുകയായിരുന്നു. എസ്.പി സി.എം. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെതന്നെ പിരിച്ചുവിട്ടു. ഇതെല്ലാം ലീഗിന്റെ മറച്ചുപിടിക്കാനാവാത്ത ക്രിമിനല്‍ മാഫിയ ബന്ധത്തെയാണ് കാണിക്കുന്നത്.

ഇടതുപക്ഷത്തിന് മുന്നിലെ വെല്ലുവിളികള്‍

ഇന്നിപ്പോള്‍ ഷിബിന്റെ ദാരുണമായ വധത്തെക്കുറിച്ച് അജ്ഞത സൃഷ്ടിച്ച് ചില മാധ്യമങ്ങളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും തൂണേരിയിലെ ദൗര്‍ഭാഗ്യകരമായ അക്രമസംഭവങ്ങളുടെ ഉത്തരവാദി സി.പി.ഐ(എം) ആണെന്ന് വരുത്തിതീര്‍ക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടത്തുന്നത്. സി.പി.ഐ(എം)നെ മുസ്ലീം വിരുദ്ധപാര്‍ടിയായി ചിത്രീകരിക്കാനുള്ള ഉത്സാഹത്തിലാണ് അവര്‍. ഷിബിന്റെ ദാരുണമായ വധം സൃഷ്ടിച്ച സ്തോഭജനകമായ സാഹചര്യത്തെ മുതലെടുത്ത് സാമൂഹ്യവിരുദ്ധശക്തികളും സംഘപരിവാറുകാരുമാണ് വെള്ളൂരിലെ ആക്രമണങ്ങള്‍ നടത്തിയതെന്ന യാഥാര്‍ത്ഥ്യം മനസ്സിലായിട്ടും ഇക്കൂട്ടര്‍ സി.പി.ഐ(എം)നെതിരെ ആരോപണം ഉന്നയിക്കുന്നത് തങ്ങളുടെ മതരാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്. ചരിത്രത്തില്‍ എല്ലായിടത്തും എല്ലാകാലത്തും മതത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് വര്‍ഗീയത ഇളക്കിവിട്ടിട്ടുള്ളത് ചൂഷകവര്‍ഗങ്ങളാണ്. നിയോലിബറല്‍മുതലാളിത്തത്തിന്‍റേതായ വര്‍ത്തമാനകാലം, ചരിത്രത്തിലെ കാലഹരണപ്പെട്ട ശക്തികളെ ഇളക്കിവിട്ട് ചൂഷകവര്‍ഗം തങ്ങളുടെ ആധിപത്യത്തിനെതിരെ വളര്‍ന്നുവരുന്ന ജനകീയശക്തികളെ ശിഥിലമാക്കുന്ന പ്രതിലോമപരതയുടേതാണ്. ഈയൊരു പൊതുപശ്ചാത്തലത്തെ പരിഗണിച്ചുകൊണ്ടുവേണം നാദാപുരത്തെ വര്‍ഗീയവല്‍ക്കരണ നീക്കങ്ങളെ പുരോഗമനശക്തികള്‍ പരിശോധിക്കേണ്ടത്.

വിശ്വാസത്തിന്റെയും മതത്തിന്റെയും സംരക്ഷകരായി രംഗത്തുവരുന്ന തീവ്രവാദശക്തികളുടെ ബാഹ്യബന്ധങ്ങളെ തിരിച്ചറിയുന്നതിനും സൈനികമായി സംഘടിക്കാനുള്ള ഇത്തരം ശക്തികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിനും ബഹുജനങ്ങളെയാകെ അണിനിരത്തേണ്ട ഉത്തരവാദിത്തമാണ് മതനിരപേക്ഷശക്തികള്‍ക്ക് മുമ്പിലുളളത്. പഴയ വര്‍ഗബന്ധങ്ങളില്‍ വന്ന മാറ്റവും ഗള്‍ഫ് പണം സൃഷ്ടിച്ച പുതിയസാഹചര്യവും നാദാപുരത്തെ വര്‍ഗീയസംഘങ്ങളുടെ സ്വഭാവത്തിലും പ്രവര്‍ത്തനരീതിയിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയശക്തികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ സാമൂഹ്യജീവിതത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ആഗോളവല്‍ക്കരണവും കാര്‍ഷികതകര്‍ച്ചയും നാദാപുരത്തെ ജീവിതബന്ധങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. റിയല്‍എസ്റ്റേറ്റ്ബിസിനസ്സും വിദേശപണത്തിന്റെ ഒഴുക്കും പുതിയ നിര്‍മ്മാണമേഖലയും പരമ്പരാഗതജീവിതമാര്‍ഗങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്. ഇത് സാമൂഹ്യബന്ധങ്ങളിലും സംസ്കാരത്തിലുമെല്ലാം മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ സമ്പന്നവിഭാഗങ്ങള്‍ വളര്‍ന്നുവരുന്നതുപോലെ തന്നെ രാവന്തി പണിയെടുത്തിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ എണ്ണവും കൂടിവരികയാണ്. കര്‍ഷകത്തൊഴിലാളികളുടെ പുതിയ തലമുറ നിര്‍മ്മാണമേഖല പോലുള്ള പുതിയ തൊഴില്‍തുറകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. മുസ്ലീം സമുദായത്തിലെന്നപോലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഹിന്ദുവിഭാഗങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നുണ്ട്. ഈയൊരു സാഹചര്യം സൃഷ്ടിക്കുന്ന പുതിയ വൈരുദ്ധ്യങ്ങളെയും പ്രവണതകളെയുമെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പ്രതിലോമ രാഷ്ട്രീയം ഈ പ്രദേശത്ത് വളര്‍ന്നുവരുന്നത്. ഇതിനെ ശരിയായ സൈദ്ധാന്തിക രാഷ്ട്രീയപ്രയോഗങ്ങളിലൂടെ പ്രതിരോധിച്ചുകൊണ്ടേ അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കാനും ഈ പ്രദേശത്തെ ജനങ്ങളുടെ സമാധാനം കാക്കാനും കഴിയൂ. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയില്‍ സംശയവും ആശങ്കയും വളര്‍ത്തി മുസ്ലീം ന്യൂനപക്ഷങ്ങളെ ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. വലതുപക്ഷത്തിന്റെ ഈ രാഷ്ട്രീയ അജണ്ടയെ തിരിച്ചറിയാനും കറകളഞ്ഞ മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ച് നിന്ന് വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളെ ചെറുത്ത് തോല്പിക്കാനുമുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലുകളാണ് ഇടതുപക്ഷത്തുനിന്ന് ഇന്നുണ്ടാകേണ്ടത്. ദേശീയതലത്തില്‍ വര്‍ഗീയഫാസിസം ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടേണ്ട ശക്തികളെ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന് അകറ്റിമാറ്റാനുള്ള ഭരണവര്‍ഗ കുതന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഇടതുപക്ഷ പ്രസ്ഥാനം ഈയൊരു ദൗത്യം നിര്‍വ്വഹിക്കേണ്ടതുണ്ട്.

http://bodhicommons.org/article/what-is-happening-in-nadapuram-part-three


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *