ചരിത്രപരവും സാമൂഹികവുമായ അടിവേരുകള്‍

കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്‍റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്‍റെ ഭാഗമാണ്. വയനാടന്‍ മലനിരകളുമായി തൊട്ടുരുമ്മിക്കിടക്കുന്ന ഇവിടം ടിപ്പുവിന്‍റെ പടയോട്ടത്തിനും പഴശ്ശിയുദ്ധത്തിനും സാക്ഷ്യംവഹിച്ച മണ്ണാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്‍റെയും കര്‍ഷക സമരത്തിന്‍റെയും എണ്ണമറ്റ ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെയും മണ്ണാണ്. ഒരുകാലത്ത് കാടും മലകളും നിറഞ്ഞുനിന്ന ഈ പ്രദേശം അദ്ധ്വാനശീലരായ ഹിന്ദു-മുസ്ലിം-ആദിവാസി കര്‍ഷകരുടെയും 1940-കളോടെ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ ക്രിസ്ത്യാനികളും ഈഴവരുമായ കര്‍ഷകരുടെയും കഠിനാദ്ധ്വനത്തിലൂടെ സമ്പന്നമായ കാര്‍ഷിക മേഖലയായി വികസിച്ചു. ഈ പ്രദേശത്തെ കാര്‍ഷിക ബന്ധങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ പ്രാക്സമൂഹത്തില്‍ ഉടലെടുത്ത കാര്‍ഷിക സംസ്കൃതിയുടെ വ്യാപനവുമായി ബന്ധപ്പെട്ട ഭൂവുടമസ്ഥതയിലേക്കാണ് നമ്മെ എത്തിക്കുക. ഡോ.കേശവന്‍ വെളുത്താട്ട് നിരീക്ഷിക്കുന്നതുപോലെ കേരളത്തിലെ 32 ബ്രാഹ്മണഗ്രാമങ്ങളും കൃഷിപ്പണിക്കനുയോജ്യമായ ഫലഭൂയിഷ്ഠമായ നിലങ്ങളെ കേന്ദ്രീകരിച്ചായിരുന്നു രൂപപ്പെട്ടത്. കൃഷിയെ സഹായിക്കുന്ന അറിവിന്‍റെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ ഭൂവുടമകളായി മാറിയത് വിശ്വാസത്തെക്കൂടി കൂട്ടുപിടിച്ചായിരുന്നു. കാര്‍ഷികസംസ്കൃതിയുടെ അടിസ്ഥാനത്തില്‍ സാമൂഹിക അധികാരം ബ്രാഹ്മണര്‍ കൈക്കലാക്കുകയായിരുന്നു. ബ്രാഹ്മണരോട് ചെയ്യുന്ന പാപങ്ങള്‍ക്കുള്ള പരിഹാരം പലപ്പോഴും ഭൂദാനങ്ങളായിരുന്നല്ലോ. വൈദികജ്ഞാനികളായ ബ്രാഹ്മണര്‍ ക്ഷേത്രസ്വത്തുക്കള്‍ ദൈവങ്ങള്‍ക്കുവേണ്ടി നോക്കി നടത്തിയവരായിരുന്നു. ദേവസ്വമെന്ന ക്ഷേത്രസ്വത്തിന്മേലും ബ്രഹ്മസ്വമെന്ന വ്യക്തിസ്വത്തിന്‍മേലും ബ്രാഹ്മണര്‍ക്ക് നിയന്ത്രണം സാധ്യമായി.

കേരളത്തിന്‍റെ സവിശേഷമായ സാഹചര്യം ബ്രാഹ്മണരായ ഭൂവുടമകള്‍ക്കൊപ്പം അബ്രാഹ്മണരായ ജന്മിവര്‍ഗത്തിന്‍റെയും വളര്‍ച്ചക്ക് കാരണമായി. ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്നവരാണ് സാമൂഹ്യാദ്ധ്വാനം ഉപയോഗിച്ച് മണ്ണിനെ കൃഷിനിലങ്ങളാക്കി മാറ്റിയത്. കാര്‍ഷികോത്പാദനത്തിന്‍റെ വൈവിധ്യവല്‍ക്കരണവും കൃഷിഭൂമിയുടെ അളവിലുണ്ടായ വര്‍ദ്ധനവും കാര്‍ഷികവൃത്തിക്ക് വന്‍തോതില്‍ തൊഴില്‍ശേഷിയെ ആവശ്യമാക്കിതീര്‍ത്തു. പല അടരുകളായി സാമാന്യജനവിഭാഗങ്ങള്‍ കാര്‍ഷികവൃത്തിയോട് കണ്ണിചേര്‍ക്കപ്പെട്ടു. ക്ഷേത്രസേവകര്‍, നാടുവാഴികളുടെ സേവകര്‍, ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പ്രതിഫലമായോ പ്രത്യുപകാരമായോ ലഭിച്ചത് ഭൂമിയിന്‍മേലുള്ള അവകാശങ്ങളായിരുന്നു. ഇത്തരം അവകാശങ്ങളുടെ പാരമ്പര്യവല്‍ക്കരണം ജന്മിവര്‍ഗത്തിന്‍റെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കി. കോഴിക്കോട് ജില്ലയില്‍ അത്തരത്തിലുള്ള നിരവധി ജന്മികുടുംബങ്ങള്‍ നിലനിന്നിരുന്നതായി കാണാം. മധ്യകാലഘട്ടത്തില്‍ ഭൂമിയുടെ ജന്മാവകാശം ക്ഷേത്രങ്ങള്‍, നമ്പൂതിരിമാര്‍, നാടുവാഴികള്‍, ഇടപ്രഭുക്കന്മാര്‍ എന്നിവരില്‍ നിക്ഷിപ്തമായി. ജന്മിമാരെന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പാട്ടം കൊടുക്കാന്‍ കൃഷിക്കാര്‍ ബാധ്യസ്ഥരായിരുന്നു. ഭൂവുടമയായ ജന്മിക്കും കൃഷിക്കാരനും മധ്യേ ഉണ്ടായിരുന്ന കാണക്കാരന്‍, കീഴ്കാണക്കാരന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഇടനിലക്കാര്‍ക്കും കര്‍ഷകന്‍ തന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം വീതിച്ചുനല്‍കണമായിരുന്നു. ഇത്തരത്തില്‍ ഭൂമിയെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരുടെയും സ്ഥാനവും കടമകളും കൃത്യമായി നിര്‍ദ്ദേശിക്കുന്ന څജന്മം കാണം മര്യാദچ ആയിരുന്നു മലബാറില്‍ നിലനിന്നിരുന്നത്.

മധ്യകാല മലബാറിലെ ഉല്‍പാദനബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയത് മൈസൂര്‍ രാജാക്കന്മാരായിരുന്ന ഹൈദരലിയും ടിപ്പുവുമായിരുന്നു. ഭൂനികുതി സമ്പ്രദായത്തില്‍ മൗലികമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ടിപ്പുസുല്‍ത്താന്‍ കര്‍ഷകരെ ഭൂവുടമകളായി അംഗീകരിച്ചു. അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥനായിരുന്ന അര്‍ഷദ്ബേഗ്ഹാന്‍ മലബാറില്‍ നടപ്പിലാക്കിയ څജാമബന്ദിچ എന്ന റവന്യൂപരിഷ്കാരം ജന്മിമാര്‍ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ടിപ്പുവിന്‍റെ പടയോട്ടം സൃഷ്ടിച്ച വിഹ്വലതകളില്‍ പലായനം നടത്തിയ സവര്‍ണ ജന്മിമാരാണ് ടിപ്പുവിനെ അന്യമതവിദ്വേഷിയായി ചിത്രീകരിച്ചത്. ബ്രിട്ടീഷ് ചരിത്രരചനാരീതി ഇതില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുവെ ഹിന്ദുമുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗീയ വിദ്വേഷത്തെ ഉമിത്തീയായി നിലനിര്‍ത്തി ബ്രിട്ടീഷുകാരും സവര്‍ണജന്മിമാരും ടിപ്പുവിന്‍റെ പടയോട്ടകാലത്തെ ഊതികത്തിച്ചുകൊണ്ടിരുന്നു. ടിപ്പുവിന്‍റെ പടയോട്ടത്തിന്‍റെയും പഴശ്ശി കലാപങ്ങളുടെയും സ്മരണകള്‍ പതിഞ്ഞുകിടക്കുന്ന മണ്ണാണ് നാദാപുരത്തിന്‍റേത്. ദേശീയ പ്രസ്ഥാനത്തിന്‍റെ ആരംഭം മുതല്‍ തന്നെ അതിന്‍റെ അനുരണനങ്ങള്‍ നാദാപുരത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടീഷ് അധിനിവേശശക്തികളും ജന്മിനാടുവാഴിത്തശക്തികളും സംയോജിച്ച് നടത്തിയ കര്‍ഷകദ്രോഹ നടപടികളാണ് പഴശ്ശികലാപത്തിന് ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് ലഭിച്ച കലവറയില്ലാത്ത പിന്തുണക്ക് കാരണമായത്. കുറ്റ്യാടിമല പഴശ്ശിയുടെ ഒളിത്താവളമായിരുന്നു. മുസ്ലീം, ഹിന്ദു, ആദിവാസി കര്‍ഷകരുടെ കലവറയില്ലാത്ത പിന്തുണ സാമ്രാജ്യത്വവിരുദ്ധ സമരങ്ങള്‍ക്കുണ്ടായിരുന്നു.

പഴശ്ശികലാപത്തിനുശേഷം ജന്മി നാടുവാഴിത്ത മര്‍ദ്ദനങ്ങള്‍ക്കെതിരെ സംഘടിത പ്രസ്ഥാനങ്ങളുടെ അഭാവത്തില്‍ ഒറ്റപ്പെട്ട കലാപങ്ങളും സമരങ്ങളും ഈ പ്രദേശത്ത് ഉയര്‍ന്നുവന്നതായി നാദാപുരത്തിന്‍റെ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് കാണാം. കുറൂള്ളി ചെക്ക്വോനെപോലുള്ളവര്‍ ജന്മി നാടുവാഴിത്തത്തിന്‍റെ ചങ്ങലക്കെട്ടുകളെ സാഹസികമായി തന്നെ ചോദ്യംചെയ്യുന്നുണ്ട്. അറുത്തുമാറ്റാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. അനാചാരങ്ങളെയും ജന്മിത്വ ജീര്‍ണതകളെയും ചോദ്യം ചെയ്തുകൊണ്ട് കീഴാളന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി കുറൂള്ളി ചെക്ക്വോന്‍ നടത്തിയ കലാപങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. അതിന്‍റെ ദൃഷ്ടാന്തമാണ് ഈ പ്രദേശത്ത് കുറൂള്ളി ചെക്ക്വോന്‍റെ പേരിലുള്ള ക്ഷേത്രവും തിറയുത്സവുമെല്ലാം. മലബാര്‍ പ്രദേശത്ത് പൊതുവെ നിലനിന്നിരുന്ന ജന്മിത്വത്തിന് പല അടരുകളുണ്ടായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. വന്‍കിട ജന്മിമാര്‍ക്കിടയില്‍ ഇടജന്മിമാരും കുടിയാന്മാരില്‍ നിന്ന് പിരിക്കുന്ന പാട്ടത്തിന്‍റെ പങ്കുപറ്റുന്നവരുമായിരുന്നു. ഒരു ജന്മക്കാരന്‍റെ കീഴില്‍ രണ്ടും മൂന്നും ജന്മിമാര്‍ എന്ന സമ്പ്രദായം നിലനിന്നിരുന്നു. കൊല്ലും കൊലയും കുലാധികാരമുണ്ടായിരുന്ന ജന്മിമാര്‍ ഏറ്റവും നിഷ്ഠൂരമായ ചൂഷണവും സാമൂഹ്യമര്‍ദ്ദനവുമാണ് അടിച്ചേല്‍പ്പിച്ചത്. ജന്മിമാരുടെ ഭൂമിയില്‍ സൗജന്യമായി കുടിയാന്മാര്‍ ജോലി ചെയ്തുകൊടുക്കണമായിരുന്നു. കന്നുകൂട്ടിനും കൈപ്പണിക്കും സ്ത്രീകളുടെ ജോലിക്കും എണ്ണം നിശ്ചയിച്ച് കടത്തനാട്ടെയും കുറുമ്പ്രനാട്ടെയും രാജാക്കന്മാരും സാമന്തന്മാരും കുറിയോല കൊടുത്തയക്കുമായിരുന്നു. അതനുസരിച്ച് പണിയെടുക്കാന്‍ കുടിയാന്മാര്‍ ബാധ്യതപ്പെട്ടവരായിരുന്നു. കൂലിയില്ലാ ജോലിക്കുപുറമെ നാദാപുരം പ്രദേശങ്ങളില്‍ ജന്മിമാരുടെ വീടുകളില്‍ മരണം, വിവാഹം, വീടുനിര്‍മാണം തുടങ്ങിയവക്ക് ഓശാരപണിയും നിലനിന്നിരുന്നു.

ഓശാരപണിക്കുപുറമെ കുടിയാന്മാര്‍ ജന്മിമാര്‍ക്ക് ഇത്തരം അവസരങ്ങളില്‍ ഉപഹാരങ്ങളും നല്‍കണമായിരുന്നു. വിവാഹത്തിന് ആടിനെയും കോഴിയെയും മുസ്ലീംജന്മിയാണെങ്കില്‍ മൂരിക്കുട്ടനെയും നല്‍കണമായിരുന്നു. മണ്ണില്‍ പണിയെടുക്കുന്നവര്‍ മുട്ടുമറയെ മുണ്ടുടുക്കാന്‍ പാടില്ല. സ്ത്രീകള്‍ മാറുമറക്കാന്‍ പാടില്ല. പുരുഷന്മാര്‍ ഷര്‍ട്ടിടാനും വെളുത്ത മുണ്ടുടുക്കാനും പാടില്ല, രണ്ടാം മുണ്ട് കക്ഷത്തുവെച്ച് നടക്കണം, ഉയര്‍ന്നജാതിക്കാര്‍ക്കു മുമ്പില്‍ യുവതികള്‍ ഉള്‍പ്പെടെ മേല്‍മുണ്ട് എടുത്തുമാറ്റി പ്രമാണിമാരുടെ നയനഭോഗത്തിന് നിന്നുകൊടുക്കണമായിരുന്നു. വിവാഹത്തിനുമുമ്പ് പെണ്‍കുട്ടികള്‍ ജന്മിമാരുടെ പത്തായപ്പുരയില്‍ ഉറങ്ങണമായിരുന്നു. കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ ആദ്യരാത്രി തന്നെ ജന്മിമാരെ കാണണമായിരുന്നു. ഈ വിധത്തിലെല്ലാമുള്ള സാമ്പത്തികവും സാമൂഹികവുമായ ചൂഷണങ്ങള്‍ക്ക് വിധേയമായിരുന്നു ഈ പ്രദേശത്തെ പണിയെടുക്കുന്ന വര്‍ഗം.

കാര്‍ഷിക പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ സാമൂഹ്യപരിഷ്കരണത്തിനും നവീകരണത്തിനും വേണ്ടിയുള്ള നിരവധി സമരങ്ങള്‍ ഈ പ്രദേശങ്ങളില്‍ കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കര്‍ഷകമര്‍ദ്ദനത്തിനും അയിത്താചരണത്തിനുമെതിരെ കുളിസമരം ഉള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റുപാര്‍ടി ഏറ്റെടുത്തുനടത്തിയിരുന്നു. ഇത്തരം സമരങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താന്‍ കമ്യൂണിസ്റ്റുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1930 മുതലുള്ള കര്‍ഷകപ്രസ്ഥാനത്തിന്‍റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ട ജനത അവരുടെ വിമോചന മുന്നേറ്റങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടത്തിയിട്ടുള്ളതെന്ന്. കൊളോണിയല്‍ ഭരണാധികാരികള്‍ക്കും തദ്ദേശീയ ജന്മിവര്‍ഗങ്ങള്‍ക്കും എതിരായ പോരാട്ടങ്ങളിലൂടെയാണ് നാദാപുരം അടക്കമുള്ള മലബാറിലെ ഓരോ മേഖലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിച്ചത്.

കുറുമ്പ്രനാട്ടിലെ ജന്മിത്വത്തിനുകീഴില്‍ തരിശുപ്രദേശങ്ങളും കൃഷിഭൂമിയും കുടിയായ്മയും മലമ്പ്രദേശങ്ങളും നിലനിന്നിരുന്നു. ഈ മേഖലയിലെ ജന്മികുടുംബങ്ങള്‍ പ്രധാനമായും കടത്തനാട്, കുറുമ്പ്രനാട് രാജാക്കന്മാര്‍, സാമന്തന്മാരായ കൂത്താളി നായര്‍, ഗോശാലക്കാര്‍, വാളൂരി നായന്മാര്‍, പടവെട്ടി നായന്മാര്‍, കല്പത്തൂര്‍ എടം, മണ്‍കൂറ്റിലോര്‍, ചമ്രവട്ടത്ത് നമ്പ്യാര്‍, കാട്ടുമാടത്ത് തന്ത്രി തുടങ്ങിയവരായിരുന്നു. ഇവരുടെ മലവാരങ്ങള്‍ (ഭൂമി) വ്യക്തമായ അതിര്‍വരമ്പുകളുള്ളതായിരുന്നില്ല. ഇത്തരം മലമ്പ്രദേശങ്ങളിലെ മരങ്ങള്‍ വെട്ടിനീക്കാന്‍ കുഴിക്കാണം നല്‍കി വ്യാപാരികളായ പുതിയ പണക്കാര്‍ വരികയും അവകാശം ഉറപ്പിക്കുകയും ചെയ്തു. കുറുമ്പ്രനാട് താലൂക്കിലെ ഭൂവുടമസ്ഥതയില്‍ മുസ്ലീങ്ങളായ പുതിയ പ്രമാണി വര്‍ഗം പ്രാമുഖ്യം നേടുന്നതിന്‍റെ ചരിത്ര പശ്ചാത്തലം ഇതാണ്. കുഴിക്കാണം വഴി മലവാരങ്ങളുടെ അവകാശം കൈവശമാക്കിയവരില്‍ പ്രധാനികളായിരുന്നു മുക്കത്ത് മൊയ്തീന്‍ഹാജി, കരുവളത്തില്‍ മെയ്തീന്‍ തുടങ്ങിയവര്‍. പൂഴിത്തോട്, മുണ്ടിയാട്, അത്തിയോടി, ചെമ്പനോട, ഒറ്റപ്പിലാവില്‍, കുപ്പക്കൊല്ലി, മുറംപാത്തി, കരിങ്ങാട്ട് തുടങ്ങിയ മലമ്പ്രദേശങ്ങള്‍ പുനംകൃഷി പ്രധാനമായും ആരംഭിച്ചത് ഇതോടെയാണ്. നരിപ്പറ്റ, കക്കട്ടില്‍, മൊകേരി, കായക്കൊടി, കുറ്റ്യാടി, കാവിലുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പുനംകൃഷിക്ക് കര്‍ഷകര്‍ പ്രധാനമായും എത്തിച്ചേര്‍ന്നത്. തങ്ങളുടെ അധ്വാനവും മൂലധനവും മുടക്കി കൃഷിചെയ്തുണ്ടാക്കുന്ന വിളവിന്‍റെ സിംഹഭാഗവും നികുതിയും പാട്ടവും കാണിക്കയും കൈക്കൂലിയുമായി ഭൂവുടമകളും ഉദ്യോഗസ്ഥരും കവര്‍ന്നെടുത്തിരുന്നു. ഇതിനെതിരായിട്ടാണ് കുറുമ്പ്രനാട് താലൂക്ക് കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ രണോത്സുകമായ സമരങ്ങള്‍ ഉയര്‍ന്നുവന്നത്.

ദേശീയ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായി കുറുമ്പ്രനാട് താലൂക്കിലെ കര്‍ഷകപ്രസ്ഥാനത്തിന്‍റെ സിരാകേന്ദ്രങ്ങളിലൊന്നായി നാദാപുരം മേഖല മാറുകയുണ്ടായി. അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടായിരുന്ന എം.ജി.രംഗ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ പ്രദേശങ്ങളിലെ പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. 1939-ലാണ് വട്ടോളി ഉണ്ണിയാര്‍കണ്ടി സ്കൂളില്‍വെച്ച് കുറുമ്പ്രനാട് താലൂക്ക് കര്‍ഷകസംഘത്തിന്‍റെ രൂപീകരണം നടക്കുന്നത്. ഇ.എം.എസായിരുന്നു ആ സമ്മേളനത്തിലെ അധ്യക്ഷന്‍. കെ.കേളപ്പന്‍ ത്രിവര്‍ണപതാകയും പി.കൃഷ്ണപിള്ള ചെങ്കൊടിയും ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. ടി.കെ.കെ.അബ്ദുള്ള സമ്മേളനത്തിന്‍റെ പ്രധാന സംഘാടകനായിരുന്നു. ടി.സി.നാരായണനമ്പ്യാര്‍ സെക്രട്ടറിയും എം.ഗോപാലകുറുപ്പ് പ്രസിഡന്‍റുമായി താലൂക്ക് കര്‍ഷകസംഘം രൂപീകൃതമാവുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തിനും ജന്മിത്വത്തിനുമെതിരെ ഹിന്ദുക്കളും മുസ്ലീങ്ങളും അണിനിരന്ന കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നായര്‍ മുസ്ലീം ഭൂപ്രമാണിമാര്‍ കൈകോര്‍ത്ത് പിടിക്കുകയായിരുന്നു. സി.എച്ച്.കണാരന്‍, എം.കെ.കേളു, ടി.കെ.കെ.അബ്ദുള്ള, ടി.സി.നാരായണന്‍നമ്പ്യാര്‍ തുടങ്ങിയ നേതാക്കളാണ് പുനംകൃഷിക്കാരുടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ മേഖലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരങ്ങളില്‍ മതജാതിഭേദമില്ലാതെ ജനങ്ങളെ അണിനിരത്താന്‍ കഴിഞ്ഞിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ കുറ്റ്യാടി മേഖലയില്‍ നടന്ന സമരങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചവരാണ് എന്‍.പി.മൊയ്തുഹാജി, എന്‍.പി. അമ്മോട്ടി, സി.വി.സൂപ്പി, എസ്.ടി.അമ്മത്, മഞ്ചാല്‍ മൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍. എല്ലാ സമുദായങ്ങളിലുംപെട്ട സ്ത്രീപുരുഷന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായിരുന്നു. എന്‍.പി.മൊയ്തുഹാജിയുടെ സഹോദരി കദിയ ഈ പ്രദേശത്തെ ദേശാഭിമാനി വിതരണക്കാരിയായിരുന്നു. 1950-കള്‍ വരെയും കര്‍ഷക പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്ത് അലയടിച്ചുയരുകയും തുടര്‍ന്ന് കൈവശഭൂമിയില്‍ അവകാശസ്ഥാപനത്തിനുവേണ്ടിയുള്ള ഉശിരന്‍ സമരങ്ങളും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവത്തായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭസമരങ്ങളും നാദാപുരത്ത് വളര്‍ന്നുവന്നു. കര്‍ഷകത്തൊഴിലാളികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനുവേണ്ടിയും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ക്കുവേണ്ടിയും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുവേണ്ടിയും ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. അത്തരം സമരങ്ങളും അതിന്‍റെ ഫലമായ ത്യാഗങ്ങളും രക്തസാക്ഷിത്വങ്ങളുമാണ് നാദാപുരം മേഖലയിലെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും സാഹചര്യമൊരുക്കിയത്.

കാര്‍ഷിക പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ സാമൂഹ്യപരിഷ്കരണത്തിനും നവീകരണത്തിനും വേണ്ടിയുള്ള നിരവധി സമരങ്ങള്‍ ഈ പ്രദേശങ്ങളില്‍ കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കര്‍ഷകമര്‍ദ്ദനത്തിനും അയിത്താചരണത്തിനുമെതിരെ കുളിസമരം ഉള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റുപാര്‍ടി ഏറ്റെടുത്തുനടത്തിയിരുന്നു. ഇത്തരം സമരങ്ങളില്‍ ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താന്‍ കമ്യൂണിസ്റ്റുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1930 മുതലുള്ള കര്‍ഷകപ്രസ്ഥാനത്തിന്‍റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ട ജനത അവരുടെ വിമോചന മുന്നേറ്റങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടത്തിയിട്ടുള്ളതെന്ന്. കൊളോണിയല്‍ ഭരണാധികാരികള്‍ക്കും തദ്ദേശീയ ജന്മിവര്‍ഗങ്ങള്‍ക്കും എതിരായ പോരാട്ടങ്ങളിലൂടെയാണ് നാദാപുരം അടക്കമുള്ള മലബാറിലെ ഓരോ മേഖലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുറപ്പിച്ചത്. ഹിന്ദുമുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള ഭൂവുടമകളുടെ ശ്രമങ്ങളെ നിരന്തരം നേരിട്ടുകൊണ്ടാണ് മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുപോയിട്ടുള്ളത്. നേതാക്കന്മാരെയും മുന്‍കൈപ്രവര്‍ത്തകരെയും ആക്രമിക്കാനും വകവരുത്താനും കള്ളക്കേസുകളില്‍ കുടുക്കാനും പ്രമാണിവര്‍ഗങ്ങള്‍ നിരന്തരം ശ്രമിച്ചിട്ടുണ്ട്. ഇ.വി.കുമാരനെയും എ.കണാരനെയും പോലെയുള്ള നേതാക്കളെ മാത്രമല്ല എ.കെ.ജിയെപ്പോലും ആക്രമിക്കുന്ന സംഭവങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചും വര്‍ഗീയ സ്പര്‍ദ്ധയും ചേരിതിരിവും ഉണ്ടാക്കാനുള്ള ശത്രുവര്‍ഗ നീക്കങ്ങളെ ശ്രദ്ധാപൂര്‍വ്വം നേരിട്ടുകൊണ്ടുമാണ് നാദാപുരത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തിച്ചുപോന്നത്.

1980-കളുടെ അവസാനത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘട്ടനങ്ങളില്‍ 9 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. കാര്‍ഷികവിളകള്‍ ഉള്‍പ്പെടെ വലിയ സ്വത്തുനാശവുമുണ്ടായി. ഈ സംഘട്ടനങ്ങളില്‍ സാമുദായിക ചേരിതിരിവ് പ്രകടമാവുകയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഹിന്ദുക്കളും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്ലീങ്ങളും ഒഴിഞ്ഞുപോകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആരാധനാലയങ്ങള്‍ക്കുനേരെയുള്ള അക്രമം അടക്കമുള്ള കഥകള്‍ പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവിന് കളമൊരുക്കാനാണ് വലതുപക്ഷ ശക്തികളും ഒരുവിഭാഗം മാധ്യമങ്ങളും ഈ സാഹചര്യത്തെ ഉപയോഗിച്ചത്. മതസ്ഥാപനങ്ങള്‍ക്കും മറ്റും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അവതരിപ്പിച്ച് വൈകാരികത വളര്‍ത്തി വര്‍ഗീയശക്തികള്‍ മതരാഷ്ട്രീയം കളിക്കുന്നതാണ് അന്ന് കണ്ടത്. അക്രമികള്‍ ആക്രമണങ്ങൾക്കു ശേഷം ആരാധാനാലയങ്ങളില്‍ പോയി ഒളിക്കുന്നതും ആരാധാനാലയങ്ങളില്‍ ആയുധ സംഭരണം നടത്തുന്നതുമാണ് നാദാപുരം പ്രദേശത്ത് 1980-കളില്‍ വര്‍ഗീയവാദികള്‍ പ്രയോഗിച്ച തന്ത്രം. കുറ്റ്യാടിയിലെ പള്ളിയില്‍ തീവ്രവാദികള്‍ ആയുധങ്ങള്‍ സംഭരിച്ചത് അവിടെ നടന്ന പൊട്ടിത്തെറിക്കുശേഷം വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ചെറുമോത്ത് പള്ളിയിലും ഇതിന് സമാനമായ സംഭവങ്ങളുണ്ടായി. ആരാധനാലയങ്ങളെ അക്രമികള്‍ താവളപ്രദേശമായി ഉപയോഗിച്ചതാണ് പള്ളികള്‍ക്ക് നേരെ ആ കാലഘട്ടത്തില്‍ അക്രമങ്ങളുണ്ടാവാന്‍ കാരണമായത്. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചാണ് ആരാധനാലയങ്ങള്‍ക്കുനേരെ സി.പി.ഐ(എം) അക്രമണം നടത്തുന്നുവെന്ന വൈകാരിക പ്രചരണങ്ങള്‍ മുസ്ലീംലീഗും തീവ്രവാദ ഗ്രൂപ്പുകളും നടത്തിയിട്ടുള്ളത്.

1980-കളുടെ അവസാനം ആരംഭിച്ച സംഘട്ടനങ്ങളും കൊലപാതകങ്ങളും സൂക്ഷ്മമായും വസ്തുനിഷ്ഠമായും വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാവുന്നകാര്യം ലീഗിലെ പ്രമാണിവര്‍ഗങ്ങളുടെ കുത്സിത താല്പര്യങ്ങളും രാഷ്ട്രീയകളിയുമാണ് കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതെന്നാണ്. നമ്പോടന്‍കണ്ടി ഹമീദിന്‍റെ കൊലയ്ക്കുത്തരവാദികളായവരെ (നമ്പോടന്‍കണ്ടി ഹമീദിനെ ലീഗുമായി ബന്ധപ്പെട്ട ഒരു പ്രമാണി വാടകഗുണ്ടകളെ ഉപയോഗിച്ച് കൊലചെയ്യുകയായിരുന്നു. ഇത് മറച്ചുവെക്കാനാണ് ലീഗ് നേതൃത്വം മാര്‍ച്ച് സംഘടിപ്പിച്ചത്) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളെ തന്നെ അണിനിരത്തി ലീഗ് നടത്തിയ മാര്‍ച്ചിനിടയില്‍ അതുവഴി കടന്നുവന്ന എ.കണാരന്‍ എം.എല്‍.എയുടെ വാഹനത്തിനുനേരെ നടന്ന ആക്രമണമാണല്ലോ സംഘട്ടനങ്ങള്‍ക്ക് തുടക്കമായത്. എ.കണാരനെ പോലെ സി.പി.ഐ(എം)ന്‍റെ ഒരു ഉന്നതനേതാവിനെ നീലേച്ചുകുന്നില്‍വെച്ച് ആക്രമിച്ച് പ്രകോപനം സൃഷ്ടിക്കാനും കലാപം പടര്‍ത്താനുമുള്ള ആസൂത്രിത നീക്കമാണ് ലീഗിലെ പ്രമാണിവര്‍ഗം അന്ന് നടത്തിയത്. 2001-ലെ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വര്‍ഗീയധ്രുവീകരണം ലക്ഷ്യം വെച്ച് പാറക്കടവില്‍ ഭീകരത സൃഷ്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സന്തോഷിനെ വെടിവെച്ചു കൊന്നത്. അതിനെ തുടര്‍ന്ന് വ്യാപിച്ച സംഘര്‍ഷങ്ങളിലാണല്ലോ തെരുവംപറമ്പില്‍ സി.പി.ഐ(എം)കാരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെടുന്നതും. ഇതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് څതെരുവംപറമ്പ്ബലാത്സംഗകഥچ മെനഞ്ഞുണ്ടാക്കുന്നതും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതും. ലീഗും യു.ഡി.എഫും പ്രചരിപ്പിച്ച ഇല്ലാത്ത ബലാത്സംഗകേസിലാണ് ബിനു പ്രതിയാക്കപ്പെട്ടത്. മുസ്ലീംലീഗും യു.ഡി.എഫും ബലാത്സംഗകഥ പ്രചരിപ്പിച്ച് രൂപപ്പെടുത്തിയ വൈകാരിക സാഹചര്യത്തെ ഉപയോഗിച്ചാണ് എന്‍.ഡി.എഫുകാര്‍ ബിനുവിനെ വധിക്കുന്നത്. വേദനാകരവും രോഷജനകവുമായ ഈ സംഭവങ്ങളെല്ലാം ഉണ്ടായിട്ടും സഹിഷ്ണുതയോടെ നാദാപുരം പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ സി.പി.ഐ(എം) മുന്‍കൈയെടുത്തു. അതിന്‍റെ ഫലമായിട്ടാണ് കഴിഞ്ഞ ഒന്നര ദശകക്കാലമായി ഈ പ്രദേശത്ത് സമാധാനവും സ്വൈര്യജീവിതവും ഉറപ്പുവരുത്താനായത്. മറ്റ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. 14 വര്‍ഷത്തിലേറെ കാലമായി നാദാപുരത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഗീയക്രിമിനല്‍സംഘം കഴിഞ്ഞ ജനുവരി 22-ന് തൂണേരിയില്‍ ആക്രമണമഴിച്ചുവിട്ടതും ഷിബിനെ വധിച്ചതും. നാദാപുരം സംഭവങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഏവർക്കും മനസ്സിലാകും ഈ പ്രദേശത്തെ പ്രമാണിവര്‍ഗ താല്പര്യങ്ങളാണ് അക്രമവും വര്‍ഗീയതയും എന്നും വളര്‍ത്തി പോന്നിട്ടുള്ളതെന്ന്. ചരിത്രത്തെയും സംഭവങ്ങളെയും അസ്പഷ്ടധാരണകളില്‍ നിന്ന് സമീപിക്കുന്നവരും അന്ധമായ സി.പി.ഐ(എം) വിരോധം തലക്കുകയറുകയും ചെയ്തവരാണ് നാദാപുരം സംഭവങ്ങളുടെ ഉത്തരവാദി സി.പി.ഐ(എം) ആണെന്ന് വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തുന്നത്.

http://bodhicommons.org/article/what-happens-in-nadapuram-kt-kunjikkannan-part-two


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *