പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് പിന്നാലെ പുതിയ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ക്യാംപെയ്ൻ നടക്കുന്നതായി വ്യാജ പ്രചാരണം.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ ഒരു കൂട്ടം ആളുകൾ ക്ഷേത്രം തകർത്തതിന് പിന്നാലെയാണ് പുതിയ ക്ഷേത്രമെന്ന ആവശ്യമുന്നയിച്ച് ക്യാംപെയ്ൻ നടക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണം.
പാകിസ്താനിൽ ക്ഷേത്രം തകർത്തതിന് പിന്നാലെ ഒരു വിഭാഗം മുസ്ലിം മതവിശ്വാസികൾ മന്ദിർ ബനാവോ ക്യാംപെയ്ന് തുടക്കം കുറിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പറയുന്നു. മന്ദിർ ബനാവോ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി ഒരു കൂട്ടം ആളുകൾ റാലി നടത്തുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചു. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്.
ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച് പരിശോധിച്ചപ്പോൾ പ്രചാരണവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഇതേ ചിത്രം 2020 ജൂലൈയിൽ മറ്റൊരു വാർത്തയുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം ആളുകൾ റാലി നടത്തിയതിനെയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ഡിസംബർ 30 ന് നടന്ന സംഭവവുമായി ഇതിന് ബന്ധമില്ല. ക്ഷേത്രം തകത്തതിൽ പ്രാദേശിക ഭരണകൂടം ഖേദം പ്രകടിപ്പിച്ചിരുന്നു. തകർത്ത സ്ഥലത്ത് പുതിയ ക്ഷേത്രം പണിയുമെന്നും ഉറപ്പു നൽകി. ഇതിനിടെയാണ് ക്ഷേത്ര നിർമാണത്തിനായി ക്യാംപെയ്ൻ നടക്കുന്നുവെന്ന തരത്തിൽ വ്യാജപ്രചാരണം.
0 Comments