ആമുഖമായി ദീർഘമായ ഒരു ചരിത്രം ചുരുക്കി പറയാം. റീഡ് ബുക്സ്, ഐ പി ബി, ഇസ, സമസ്ത, ഗ്രീൻ ബുക്സ് തുടങ്ങിയവർ വിവിധ കാലങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലഖുലേഖകളും ആണ് ഈ ചരിത്രത്തിന്റെ അടിസ്ഥാനം. 1924 ലാണ് സമസ്ത എന്നറിയപ്പെടുന്ന സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. പാരമ്പര്യ മുസ്‌ലിംകളുടെ (സുന്നികൾ) ആദ്യത്തെ വ്യവസ്ഥാപിത കൂട്ടായ്മ. വഹാബി/മുജാഹിദ് ആശയങ്ങൾക്കെതിരെ മുസ്‌ലിംകളെ സജ്ജമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആദ്യകാല മുസ്‌ലിം ലീഗ് നേതാക്കളൊക്കെയും വഹാബി/ മുജാഹിദ് ധാരയിൽ ഉള്ളവരായതു കൊണ്ട് സമസ്തയുടെ പ്രവർത്തനങ്ങളെ തടയിടാനുള്ള ശ്രമങ്ങൾ ലീഗിൽ നിന്ന് തുടക്കത്തിലേ ഉണ്ടായി. മുസ്‌ലിം ലീഗ് അല്ലാത്തവരെയൊക്കെ കാഫിർ (അവിശ്വാസി) ആയി ചാപ്പ കുത്തുന്ന പരിപാടി അന്നേ ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബൊക്കെ ലീഗുകാർക്കു കാഫിർ ആയത് അങ്ങിനെയാണ്. അദ്ദേഹത്തെ കിട്ടുന്നിടത് വെച്ചെല്ലാം കല്ലെറിഞ്ഞാണ് ലീഗുകാർ ഇല്ലാതാക്കാൻ നോക്കിയത്. വഹാബി/മുജാഹിദ്കളും പാരമ്പര്യ മുസ്‌ലിംകളെ കാഫിറുകൾ ആക്കി മുദ്ര യടിച്ചുകൊണ്ടാണ് കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിച്ചത്.ഇതിനെയൊക്കെ നേരിട്ടുവേണമായിരുന്നു സമസ്തക്ക് പ്രവർത്തിക്കാൻ. ആ പണി അവർ നല്ല പോലെ ചെയ്തു. സുന്നികൾ സംഘടിതരായി. ലീഗിന്റെ വളർച്ചക്ക് ഇത് തടസ്സമാകുമോ എന്ന ഘട്ടത്തിൽ ആണ്, വഹാബി/മുജാഹിദ്കൾ നേതൃത്വം നൽകിയ ലീഗിലേക്ക് സുന്നികൾ സവിശേഷ ബഹുമാനത്തോടെ കാണുന്ന തങ്ങന്മാരെ കൊണ്ടുവരാൻ ആലോചനകൾ ഉണ്ടാകുന്നതും തങ്ങന്മാർ ലീഗ് നേതൃത്വത്തിൽ എത്തുന്നതും. അതോടെ സുന്നികളെ വലിയ തോതിൽ ലീഗിലേക്ക് ആഘര്ഷിക്കാൻ കഴിഞ്ഞു എന്നു വേണം കരുതാൻ. തങ്ങന്മാരെ സമസ്തയുടെ നേതൃത്വത്തിലേക്ക് എത്തിക്കലായിരുന്നു ലീഗിന്റെ അടുത്ത ശ്രമം. പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള സംഘടനയിലേക്ക് (പണ്ഡിതന്മാരല്ലാത്ത) തങ്ങന്മാർക്ക് എന്തു കാര്യം എന്നതായിരുന്നു സമസ്തയുടെ അക്കാലത്തെ മറു ചോദ്യം. ആ ചോദ്യമാണ് സമസ്തയിലെ ആദ്യ പിളർപ്പിലേക്ക് വഴിവെച്ചത് എന്നു കാണാം. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളെ സമസ്തയുടെ കൂടിയാലോചന സമിതിയായ മുശാവറ യിലേക്ക് എടുക്കുന്നതിൽ അന്നത്തെ സമസ്ത പ്രസിഡന്റ് കെ കെ സ്വദഖത്തുള്ള മുസ്‌ലിയാർ വിയോജിപ്പ് അറിയിച്ചു. പക്ഷെ, ബാഫഖി തങ്ങളെ മുശാവറയിൽ എടുത്തു. സ്വദഖത്തുള്ള മുസ്‌ലിയാർ രാജിയും വെച്ചു. അദ്ദേഹത്തെ പിന്തുണച്ചവർ ചേർന്നാണ് 1966 ൽ സംസ്ഥാന കേരള ജം ഇയ്യത്തുൽ ഉലമ രൂപീകരിച്ചത്. കെ കെ സ്വദഖത്തുള്ള മുസ്‌ലിയാരും അനുയായികളും പുറത്തുപോയതോടെ സമസ്തയിൽ ലീഗിന്റെ പിടിമുറുക്കം ശക്തമായി. ലീഗും സമസ്തയും ഒന്നാണ് എന്നുവരെ പ്രസ്താവനകൾ വന്നു. ഒരേ സമയം സമസ്തയെ കൂടെ കൂട്ടുകയും എന്നാൽ ആത്യന്തികമായി വഹാബി/മുജാഹിദുകളെ പിന്തുണക്കുന്ന നിലപാടും ആയിരുന്നു ലീഗിന്റേത്. ഇതിനു മാറ്റം ഉണ്ടാകുന്നത് ഇ കെ ഹസ്സൻ മുസ്‌ലിയാർ, കാന്തപുരം എ പി ഉസ്താദ് തുടങ്ങിയവർ സമസ്തയുടെ നേതൃത്വത്തിൽ എത്തിയതോടെ ആണ്. സമസ്ത സ്വതന്ത്ര സംഘടനയായി നിൽക്കണം എന്ന നിലപാടാണ് ഇവർക്ക് ഉണ്ടായിരുന്നത്.ലീഗിനെതിരെ അക്കാലത്ത് മുസ്‌ലിം ഡെമോക്രാറ്റിക് പാർട്ടി (എം ഡി പി ) എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി തന്നെ സമസ്തയുടെ ആശീർവാദത്തോടെ രൂപീകരിച്ചിരുന്നു. അന്നത്തെ സമസ്തയുടെ സെക്രട്ടറി ഇ കെ അബൂബക്കർ മുസ്‌ലിയാർ ആയിരുന്നു എം ഡി പി യുടെ ഉപദേശക സമിതി ചെയർമാൻ. ലീഗിനെതിരെയുള്ള സമസ്തയിലെ നീക്കങ്ങൾ ശക്തമാകുന്നു എന്നു വന്നതോടെ ലീഗും ചില നീക്കുപോക്കുകൾ നടത്തി. രാഷ്ട്രീയക്കാരെ (അതായത് അക്കാലത്തെ ലീഗുകാർ) പങ്കെടുപ്പിക്കാതെ സമസ്ത സമ്മേളനങ്ങൾ നടത്തി. സമസ്തയുടെ അറുപതാം വാർഷികം ലീഗ് പ്രസിഡന്റായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യണം എന്ന ആവശ്യം സമസ്ത നിരസിച്ചു. സമസ്തയിൽ ലീഗിനെ പിന്തുണക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന മറ്റൊരു വിഭാഗവും ഉണ്ടായി.വിഭാഗീയത ശക്തമായതോടെ മറ്റു പല പ്രശ്നങ്ങളുമായി അതു കൂടിക്കുഴഞ്ഞു. ലീഗിലെ പിളർപ്പ് അതിൽ ഒന്നായിരുന്നു. സമസ്തയിലെ ലീഗ് അനുകൂലികളെ യൂണിയൻ ലീഗും ലീഗ് വിരുദ്ധരെ അഖിലേന്ത്യാ ലീഗും പിന്തുണച്ചു. ഇതിന്റെയൊക്കെ പരിണിത ഫലമായിരുന്നു 1989 ലെ സമസ്തയിലെ രണ്ടാമത്തെ പിളർപ്പ്. അങ്ങിനെയാണ് (ലീഗിനെ പിന്തുണക്കുന്ന) സമസ്ത ഇ കെ വിഭാഗവും (ലീഗിനെ എതിർക്കുന്ന) എ പി വിഭാഗവും ഉണ്ടാകുന്നത്.സ്വാഭാവികമായും മുഅല്ലിംകൾ ആയിരുന്നു എ പി വിഭാഗത്തിൽ കൂടുതലായും ഉണ്ടായിരുന്നത്. 1989 ൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ എറണാകുളത്ത് സമ്മേളനം നടന്നതോടെ വിഭാഗീയത പൂർണ്ണമായി. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എ പി വിഭാഗം പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടു. തിരിച്ചെത്തിയ മദ്രസ അധ്യാപകരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. പലർക്കും ഊരു വിലക്കേർപ്പെടുത്തി.കാന്തപുരം ഉസ്താദ് തന്നെ അക്കഥ പറയുന്നത് ഇങ്ങിനെയാണ്‌.”ഞങ്ങളെ എതിർക്കുന്ന നിലപാടാണ് ലീഗ് എപ്പോഴും എടുത്തിട്ടുള്ളത്. എറണാകുളത്ത് എസ്.വൈ എസ് സമ്മേളനം പ്രഖ്യാപിച്ചപ്പോൾ ലീഗ് അത് പരാജയപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സമ്മേളനം ഭാഗിയായി നടന്നു. തുടർന്ന് പലയിടത്തും ഞങ്ങളുടെ പ്രവർത്തകർ ആക്രമിക്കപ്പെട്ടു. അപ്പോൾ സഹായിച്ചത് സിപിഎം ആണ്. പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരുന്നതിൽ സിപിഎം ന്റെ സഹായം ഉണ്ടായിട്ടുണ്ട്. ആശയപരമായി കമ്യൂണിസ്റ്റ് ആശയങ്ങളോട് യോജിപ്പുള്ളവരല്ല ഞങ്ങൾ. പക്ഷെ ഞങ്ങളെ സഹായിച്ചവർ എന്ന സ്നേഹമുണ്ട്.”കഴിഞ്ഞ മർക്കസ് സമ്മേളനത്തോട് അനുബന്ധിച്ചു കാന്തപുരം എ. പി ഉസ്താദ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞ കാര്യമാണ് ഇത്.നാലു വർഷം മുമ്പ് സമകാലിക മലയാളം വാരികക്ക് വേണ്ടി ഉസ്താദിനോട് സംസാരിച്ചപ്പോൾ ഇക്കാര്യം അദ്ദേഹം എന്നോടു തന്നെ വിശദമായി പറയുകയുണ്ടായി. 2018 ജനുവരി 4 ലെ ഹിന്ദുവിൽ വന്ന വാർത്ത പ്രകാരം യു ഡി എഫ് എ. പി വിഭാഗത്തെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു എന്നാണ്. മർക്കസ് സമ്മേളനത്തിൽ ഒരു UDF നേതാവും പങ്കെടുക്കുകയില്ല എന്നും തീരുമാനിച്ചിട്ടുണ്ട് എന്നും ഹിന്ദു വാർത്തയിൽ പറയുന്നു. മുസ്‌ലിം ലീഗിന്റെ കടുംപിടുത്തം മൂലമാണ് UDF നേതാക്കൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എന്ന് ആ സമയത്തെ വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മുസ്‌ലിം യുവാക്കൾ എ. പി സുന്നി വിഭാഗം വഴി സിപിഎം ൽ എത്തപ്പെടുകയും തുടർന്ന് അവർ നിരീശ്വരവാദികൾ ആയി മാറുന്നു എന്നും ഒരു പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ ഈ ചരിത്ര സംഭവങ്ങൾക്ക് പ്രാധാന്യം ഉണ്ട് എന്നാണു ഞാൻ കരുതുന്നത്. UDF കൂടാരത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടം കിട്ടിയ മൗദൂദി ഗാങ്ങും അവരുടെ വാചക മേളയിൽ ആവേശ ഭരിതരായി , അതേ ഭാഷയിൽ രാഗവിസ്താരം നടത്തുന്ന മറ്റു ചിലരുമാണ് ഈ പ്രചാരണത്തിന്റെ ആവേശക്കമ്മറ്റി.സത്യത്തിൽ അനാവശ്യമായ പ്രചാരണമാണ് ഇത്.ഒന്നാമത്, മത വിശ്വാസത്തെ വിലകുറച്ചു കാണുന്നതാണ് ഈ പ്രചാരണത്തിന്റെ കുഴപ്പം. കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങൾക്കോ അനുയായികൾക്കോ മതവിശ്വാസം ഉണ്ടോ എന്നത് പാർട്ടിയുടെ പ്രവർത്തന പരിപാടികളെ ബാധിക്കുന്ന പ്രശ്നം അല്ല. ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് മുഖ്യമായ കാര്യം അവരുടെ പാർട്ടി പ്രോഗ്രാം ആണ്. രണ്ടാമത്തെ കാര്യം, മുസ്‌ലിം സമുദായത്തിനകത്തുള്ള ഒരു മത പ്രസ്ഥാനത്തെ മുസ്‌ലിംങ്ങളുടെ പേരിൽ നിലകൊള്ളുന്ന ഒരു പാർട്ടി നിരന്തരമായി ഉപദ്രവിച്ചു കൊണ്ടിരുന്നു എന്ന വസ്തുത. ഇതിന്റെ ഭാഗമായുള്ള ശത്രുതയുടെ ഫലമായി കൊല്ലപ്പെട്ട എ. പി വിഭാഗം പ്രവർത്തകരുടെ പേര് വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലായി വായിക്കാനിടയായി. പ്രമുഖ മത പണ്ഡിതനായ കുണ്ടൂർ ഉസ്താദിന്റെ മകൻ അടക്കം ഈ വിധത്തിൽ കൊല്ലപ്പെട്ട വ്യക്തിയാണ്.മൂന്നാമതായി, രാഷ്ട്രീയ വിശ്വാസത്തെയും മത വിശ്വാസത്തെയും ഈ രീതിയിൽ ബന്ധിപ്പിച്ചു കൊണ്ട് ഇടത്തുപക്ഷത്തുള്ള മുസ്‌ലിം ങ്ങളുടെ മത ജീവിതത്തെ കുറ്റപ്പെടുത്തുന്നത് ആരാണ് എന്നുള്ളതാണ്. മുസ്‌ലിം ലീഗ് എന്ന പാർട്ടിയും, അതിന്റെ പ്രവർത്തകരും നേതാക്കന്മാരും കേരള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ പ്രവർത്തിക്കുന്നവർ തന്നെ ആണല്ലോ. അവരെയും അവരുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെയും മത ജീവിതത്തെയും അതിന്റെ ധാർമികതയും നിരന്തരം കാണുകയും അനുഭവിക്കുകയും ചെയ്തവർ തന്നെയാണല്ലോ മലയാളികൾ. ഇടത് പ്രസ്ഥാനങ്ങളോട് ചേർന്ന് നിൽക്കുന്ന മുസ്‌ലിംകളെ വിമര്ശിക്കുന്നതിന് മുൻപ് അതുകൂടി ഓർമ്മിക്കുന്നത് നന്നാവും. ആ ഓർമ്മപ്പെടുത്തലിലേക്കു ലീഗ് അണികളെ കൊണ്ടുപോകാൻ ഈ ചർച്ചകൾക്ക് കഴിയുമെങ്കിൽ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ അതൊരു വഴിത്തിരിവാകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *