https://www.cpimtvm.in/history/party-history

1917 ല്‍ നടന്ന സോവിയറ്റ് വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ ഹഠാദാകര്‍ഷിച്ചിരുന്നു. 18000 മുഹാജിറുകള്‍ 1920 ല്‍ ഇന്ത്യ വിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വന്നു. പലരും സോവിയറ്റ് യൂണിയനില്‍ എത്തിച്ചേര്‍ന്നു. സോഷ്യലിസത്തിന്റെയും മാര്‍ക്‌സിസത്തിന്റയും ആശയങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പ്രചരിക്കുന്നത് തടയാന്‍ സാമ്രാജ്യത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. എങ്കിലും രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് പശ്ചാത്തലമൊരുക്കിയ മൂന്ന് വിഭാഗം വിപ്ലവകാരികളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

എ) ബര്‍ളിനിലെ ഇന്ത്യന്‍ വിപ്ലവകാരികളുടെ ഗ്രൂപ്പില്‍പ്പെട്ട വീരേന്ദ്രനാഥ് ചതോപാധ്യായ, എം ബര്‍ക്കത്തുള്ള, മഹേന്ദ്രപ്രതാപ്, മുഹമ്മദ് സാഫിഖ് എന്നിവരടങ്ങുന്ന നേതൃത്വം.

ബി) ഒന്നാം ലോക മഹായുദ്ധകാലത്തും അതിനുശേഷവും വിദേശത്തുപോയ ഖിലാഫത്തികളും ഹിജറ പ്രസ്ഥാനക്കാരും.

സി) സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി രൂപീകരിച്ച ഗദര്‍ വിപ്ലവകാരികളുടെ സംഘം.

1919 ലാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്‍ ടേണ്‍) ഒന്നാം സമ്മേളനം മോസ്‌കോവില്‍ നടന്നത്. ലോകം മുഴുവനുമുള്ള തൊഴിലാളികളുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആ സമ്മേളനം ആരംഭിച്ചത്. എന്നാല്‍ കോളനി രാജ്യങ്ങളുടെ വിമോചനം സംബന്ധിച്ചുള്ള സാമാന്യമായ ചര്‍ച്ച ഒരു പ്രമേയത്തില്‍ ഒതുങ്ങിനിന്നു. കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസ് (1920) ഇന്ത്യന്‍ സ്ഥിതിഗതികള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് വേണ്ടി മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഒരു കര്‍മ്മപരിപാടി തയ്യാറാക്കുകയും ചെയ്തു.

ദേശീയ-കൊളോണിയല്‍ പ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു കരട് തീസിസ് രണ്ടാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ വേണ്ടി ലെനിന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ അതിലെ ധാരണകള്‍ക്ക് വിരുദ്ധമായ സമീപനാണ് എം എന്‍ റോയ് സ്വീകരിച്ചത്. പൗരസ്ത്യ രാജ്യങ്ങളിലെ ബൂര്‍ഷ്വ ജനാധിപത്യവിപ്ലവങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ലെനിന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാരണവശാലും അതിനെ പിന്തുണയ്ക്കരുതെന്ന് സപ്ലിമെന്ററി തീസിസിലൂടെ റോയ് വാദിച്ചു. ദേശീയ വിമോചന പ്രസ്ഥാനത്തിന് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യം എം എന്‍ റോയ് നിരാകരിച്ചു. കോളനി രാജ്യങ്ങളില്‍ മുതലാളിത്തം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള മുന്‍ ഉപാധി സോഷ്യലിസ്റ്റ് വിപ്ലവം നടത്തലാണെന്ന് അദ്ദേഹം കരുതി. ഒടുവില്‍ റോയിയുടെ കാഴ്ചപ്പാടിലെ ഇടതുപക്ഷ തീവ്ര വ്യതിയാനങ്ങള്‍ നീക്കം ചെയ്തുകൊണ്ട് രണ്ടാം കോണ്‍ഗ്രസ്, കൊളേണിയല്‍ തീസിസിന് ഐകരൂപ്യം കണ്ടെത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താഷ്‌കന്റിലെ രൂപീകരണ യോഗം 1920 ഒക്‌ടോബറില്‍ നടന്നത്.

അഹമ്മദാബാദില്‍ 1920 ല്‍ ചേര്‍ന്ന ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച കര്‍മ്മപരിപാടി വിതരണം ചെയ്തു. ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യമാണെന്ന്പ്രഖ്യാപിക്കുന്ന ഒരു പ്രമേയം മൗലാന ഹസ്രത്ത് മൊഹാനി സമ്മേളനത്തിന്റെ പരിഗണനയ്ക്കുവേണ്ടി അവതരിപ്പിച്ചു. ഗയയിലും പിന്നീട് ഗഹാത്തിയിലും ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളിലും താഷ്‌കന്റ് കമ്മിറ്റിയുടെ മാനിഫെസ്റ്റോ വ്യാപകമായി വിപണനം ചെയ്തു. (ഇഎംഎസ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920 – 1998. (പേജ് 15)

മൂന്ന് ഗൂഢാലോചനാ കേസുകള്‍

പെഷ്‌വാറിലും കോണ്‍പൂരിലും ചാര്‍ജ് ചെയ്ത ഗൂഢാലോചന കേസുകളിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നേരിട്ടത്. അഞ്ച് കേസുകളാണ് പെഷ്‌വാള്‍ ഗൂഢാലോചനക്കേസിലുള്‍പ്പെട്ടത്. താഷ്‌കന്റിലും മോസ്‌ക്കോവിലും പോയ വിപ്ലവകാരികളെ തെരഞ്ഞുപിടിച്ചുകൊണ്ടുള്ള പ്രസ്തുത കേസ് പരമ്പര 1927 വരെ നീണ്ടു നിന്നു. 1923-24 ലെ കോണ്‍പൂര്‍ ഗൂഢാലോചന കേസിലും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് ദീര്‍ഘകാല തടവ് ശിക്ഷ വിധിക്കുകയുണ്ടായി.

ഇന്ത്യന്‍ നഗരങ്ങളില്‍ ഇതിനകം തന്നെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപം കൊണ്ടിരുന്നു. കല്‍ക്കത്ത, ബോംബെ, മദ്രാസ്, ലാഹോര്‍ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മുന്നേറി. ഈ പശ്ചാത്തലത്തിലാണ് 1925 ഡിസംബര്‍ അവസാനം കാണ്‍പൂരില്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം നടന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസറ്റ് ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഒത്തുചേരലായിരുന്നു. കാണ്‍പൂരില്‍ നടന്നത്. (ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം – സാമ്പത്തിക .1 പേജ്-134)

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മീററ്റ് ഗൂഢാലോചനക്കേസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആ കേസിലെ പ്രതികളായിരുന്നു. ബെന്‍ ബ്രാഡ്‌ലിയും ഫിലിപ്പ് സ്പ്രാറ്റും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നെങ്കില്‍ മറ്റൊരു പ്രതിയായ ഡോ.ജി. അധികാരി ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിസത്തിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവര്‍ത്തിയെ നിഷ്‌ക്കാസനം ചെയ്യാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് കുറ്റപത്രത്തില്‍ പറഞ്ഞു. നാലുവര്‍ഷം നീണ്ടുനിന്ന കുറ്റവിചാരണ കമ്മ്യൂണിസ്റ്റുകാരന്റെ മൗലികകാഴ്ചപ്പാട് അവതരിപ്പിക്കാനാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ചുരുക്കത്തില്‍ ആശയപരവും രാഷ്ട്രീയവുമായ പ്രത്യാക്രമണം നടത്താനുള്ള വേദിയായി മീററ്റ് വിചാരണമാറി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഉത്തമ പ്രതിനിധികളായിരുന്നു മീററ്റ് കേസിലെ പ്രതികള്‍.

കമ്മ്യൂണിസ്റ്റുകാരെ ബഹുജനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തിന്റെ നിന്ദ്യമായ ശ്രമങ്ങളായിരുന്നു ഈ ഗൂഢാലോചനക്കേസുകളിലൂടെ വെളിപ്പെട്ടത്. 1933 ഒടുവില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്നതോടെ പാര്‍ട്ടിക്ക് സുസംഘടിതമായ നേതൃത്വം രൂപം കൊണ്ടു. കുറച്ചുകാലം ജി. അധികാരി സെക്രട്ടറിയായി. പിന്നീട് പി.സി ജോഷി അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു.

ഉപ്പ് സത്യഗ്രഹമടക്കമുള്ള സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ഇത്തരം പ്രക്ഷോഭങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറിനിന്ന സ്ഥലങ്ങളിലൊക്കെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലം കണ്ടില്ല. കോണ്‍ഗ്രസിനകത്തും പുറത്തും പ്രവര്‍ത്തിച്ച് തൊഴിലാളി – കര്‍ഷക ജനവിഭാഗങ്ങളുടെ സമരസംഘടനകള്‍ രൂപപ്പെടുത്തണമെന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ 7-ാം കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. പ്രാവര്‍ത്തികമാക്കിയപ്പോള്‍ വമ്പിച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്താകെ അനുഭവപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാര്‍ പലരും കോണ്‍ഗ്രസില്‍ അംഗത്വം നേടി. ഊര്‍ജസ്വലമായ ബഹുജനസംഘടനാരൂപങ്ങള്‍ പ്രവര്‍ത്തനക്ഷമമായ കാലഘട്ടമായിരുന്നു അത്. എന്നാല്‍ ഏറെത്താമസിയാതെ 1934 ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടു.

ഈ കാലഘട്ടത്തില്‍, ദേശീയ വിമോചന സമരത്തിലെ മറ്റൊരു ധാരയും കമ്മ്യൂണിസ്റ്റുകാരെപ്പോലെ കൊളോണിയല്‍ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടില്ല. ”സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം പരിവര്‍ത്തനപ്പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. അസ്പഷ്ടമായി ആവിഷ്‌കരിക്കപ്പെട്ട സ്വരാജ് എന്ന ആശയത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന് ജനകീയമായ ഒരു സങ്കല്‍പ്പത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു ഇത്. ഈ ജനകീയ സ്വാതന്ത്ര്യസങ്കല്‍പം വെറും കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള മോചനമല്ലായിരുന്നു. മറിച്ച് സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണത്തില്‍നിന്നും വിഭാഗീയമായ സംഘര്‍ഷത്തില്‍നിന്നുമുള്ള സ്വാതന്ത്ര്യം. ഇത്തരത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ അജണ്ടയിലും ചട്ടക്കൂടിലും കമ്മ്യൂണിസ്റ്റുകാര്‍ മൗലികമായ മാറ്റം വരുത്തി. സംഘടനാപരമായ പരിമിതികളുണ്ടായിരുന്നിട്ടും കോമിന്റേണിന്റെ സഹായത്തോടെ തൊഴിലാളികളുടെയും കര്‍ഷകരുടെയും വര്‍ഗ്ഗചൂഷണത്തിലേക്ക് ശ്രദ്ധതിരിക്കാനും സിപിഐക്ക് കഴിഞ്ഞു. ഈ വര്‍ഗ്ഗങ്ങളെ ആദ്യമായി സംഘടിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റുകാരാണ്. ഇന്ത്യയിലെ ദേശീയ സ്മരണ ലോകവ്യാപകമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചതു വഴി നേതൃത്വപരമായ പങ്ക് വഹിച്ചതും സി പി ഐ ആയിരുന്നു. ഇതാകട്ടെ, പ്രസ്ഥാനത്തിന് ഒരു പുതിയ മാനം നല്‍കി. (ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം – സഞ്ചിക .1 പേജ്-321)

കമ്മ്യൂണിസ്റ്റുപാര്‍ട്ടി – കേരള ഘടകം

കമ്മ്യൂണിസ്റ്റുകാരുടെ 4 അംഗങ്ങളുള്ള ആദ്യ കേരളാ ഘടകം കോഴിക്കോട്ടാണ് രൂപീകരിച്ചത്. അഖിലേന്ത്യാനേതൃത്വത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എസ് വി ഘാട്ടെ പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇത് സംബന്ധിച്ച് 1957 ഏപ്രില്‍ 7 ന്റെ ന്യൂ ഏജില്‍ ആ അനുഭവങ്ങള്‍ ഘാട്ടെ ഇങ്ങെനെ ഓര്‍മിക്കുന്നു.

”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകം കേരളത്തില്‍ സംഘടിപ്പിക്കുന്നതില്‍ സഹായിക്കുന്നതിന് 20 ല്‍ ഏറെ വര്‍ഷം മുമ്പാണ് എന്നെ അയച്ചത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഘടകം അതിനകം മലബാറില്‍ രൂപം കൊണ്ടിരുന്നു. പക്ഷേ സിപിഐ യുടെ ഘടകം അക്കാലത്തുണ്ടായിരുന്നില്ല. പാര്‍ട്ടി കേന്ദ്രത്തില്‍ നിന്നുള്ള സന്ദേശവുമായി ഞാന്‍ കോഴിക്കോടെ ത്തിയപ്പോള്‍ സമീപിച്ച സഖാക്കളെല്ലാം എന്നെ കൃഷ്ണപിള്ളയുടെ അടുത്തേക്ക് തിരിച്ചു വിട്ടു. അദ്ദേഹം വളരെ തിരക്കുള്ള ആളായിരുന്നു. കേരളത്തിലെ ഓട് വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഫറോക്കില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്.

ഭീകര വിപ്ലവ സംഘവുമായി – അനുശീലന്‍ – ആണെന്ന് ഞാന്‍ കരുതുന്നു – താന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അപ്പോഴാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതേക്കുറിച്ച് തനിക്ക് മതിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎസ്പി തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അതില്‍ തനിക്ക് തീരെ വിശ്വാസമില്ലെന്നായി അദ്ദേഹം. സിപിഐ യുടെ ഒരു ഘടകമുണ്ടാവാന്‍ താനും ഗ്രൂപ്പും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ തന്റെ ഗ്രൂപ്പിന്റെ യോഗം വിളിച്ചുകൂട്ടാന്‍ അദ്ദേഹം സമ്മതിച്ചു. മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ഘടകം അതായിരുന്നു”. (സഖാക്ക ളെ മുന്നോട്ട്, വാല്യം പേജ് 355)

എന്‍ സി ശേഖര്‍ ഈ സന്ദര്‍ഭം ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ”ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കവേയാണ് എസ് വി ഘാട്ടെ കോഴിക്കോട്ടേക്ക് വരുന്നത്. ഘാട്ടെ കേന്ദ്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികള്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. ഞാനും കൃഷ്ണപിള്ളയും ഇ എം എസും ഘാട്ടെയുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ച്ചയായ ആ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 1937 ല്‍ കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളില്‍ വച്ച് വളരെ രഹസ്യമായി പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എസ് വി ഘാട്ടെ എന്നിവര്‍ ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റി അഖിലേന്ത്യാ പാര്‍ട്ടിയുടെ ഉപഘടകമെന്ന നിലയില്‍ രൂപീകരിച്ചത്. അത് 1937 സെപ്തംബര്‍ മാസത്തിലായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ”. (അഗ്നി വീഥികള്‍ പേജ് 238)

തെന്നിന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുള്ള ചുമതല ആദ്യഘട്ടത്തില്‍ അമീര്‍ ഹൈദര്‍ ഖാനെയാണ് ഏല്‍പ്പിച്ചിരുന്നത്. നാവികത്തൊഴിലാളിയായി ജീവിതം ആരംഭിച്ച് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായി മാറിയ ഹൈദര്‍ ഖാന്‍ ബര്‍ലിനിലും മോസ്‌കോവിലും ചെന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മികച്ച സംഘടനയായിരുന്ന അദ്ദേഹം 1934 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണൂരുമായി അദ്ദേഹത്തിന് ചില ബന്ധങ്ങളുണ്ടായിരുന്നു. മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

”1819 ലെ മദിരാശി സ്റ്റേറ്റ് തടവുകാരുടെ നിയമം അനുസരിച്ച് കഴിഞ്ഞ 31 -ാം തീയതി മദിരാശിയില്‍ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുവാന്‍ തീരുമാനിച്ച ശങ്കര്‍ എന്ന അമീര്‍ ഹൈദര്‍ ഖാന്റെ ബന്ധത്തെക്കുറിച്ച് ഊര്‍ജിതമായ ചില അന്വേഷണങ്ങള്‍ കണ്ണൂരില്‍ നടന്നുവന്നിരുന്നു.

പ്രസ്ഥാനത്തിലിരിക്കുന്ന മി. ഖാന്റെ ഡയറിയില്‍ പോലീസധികൃതര്‍ പരിശോധിച്ചപ്പോള്‍ ചിലരുടെയെല്ലാം മേല്‍വിലാസം കാണുകയുണ്ടായി. ഇതില്‍ ഒന്ന് സ്ഥലത്തെ ഒരു തയ്യല്‍ പ്രവൃത്തിക്കാരനും കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമസ്ഥനുമായ വി കെ കൃഷ്ണന്റേതാണത്രേ. ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നതിന് മദിരാശിയില്‍ നിന്ന് ലഭിച്ച ഒരു കമ്പിയനുസരിച്ച് കോഴിക്കോട്ടുനിന്ന് ഇന്നലെ ഒരു സി.ഐ.ഡി. ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി. മിസ്റ്റര്‍ ഖാന്‍ ഒരുകാലത്ത് കണ്ണൂര്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരുന്നു”. (1934 – സെപ്റ്റംബര്‍ 14, മാതൃഭൂമി)

ഹൈദര്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ പാര്‍ട്ടി ചുമതല സുന്ദരയ്യയാണ് ഏറ്റെട ുത്തത്. അദ്ദേഹം മദിരാശിയിലെത്തി മുഴുവന്‍ സമയവും പ്രവര്‍ത്തനത്തില്‍ മുഴുകി. ആയിടക്ക് സുന്ദരയ്യ കേരളത്തിലും വന്നെത്തി. ഇ എം എസ്സിന് അതിന് മുമ്പുതന്നെ സുന്ദരയ്യ പരിചയപ്പെട്ടിരുന്നു. ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയ പരിപാടികള്‍ വ്യക്തമാക്കുന്ന ഏതാനും രേഖകളുമായാണ് അദ്ദേഹം എത്തിയത്. കൃഷ്ണപിള്ള, എന്‍ സി ശേഖര്‍ എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ മേല്‍, ഒരു തീരുമാനവും മുന്‍കൂട്ടി അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സുന്ദരയ്യക്ക് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹം തന്നെ പറയുന്നു.

”മദ്രാസില്‍ ഈ വിധം പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഞാന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി അങ്ങോട്ട് പോയി. സഖാവ് കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എന്‍ സി ശേഖര്‍ എന്നിവരുമായി ബന്ധപ്പെട്ടു. പി കൃഷ്ണപിള്ളയും ഇ എം എസുമായിരുന്നു അവിടെത്തെ പ്രധാന നേതാക്കള്‍. ഇവര്‍ അന്ന് കോണ്‍ഗ്രസ് സേഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കയായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടി രേഖ വായിച്ച് മനസ്സിലാക്കുന്നതിനായി ഏല്‍പ്പിച്ചു. തുടര്‍ന്ന് ബന്ധം പുലര്‍ത്തണമെന്ന് ഞാന്‍ അവരോടഭ്യര്‍ത്ഥിച്ചു. അവരുടെ മറുപടി അനുകൂലമായിരുന്നു. എന്നാല്‍ അവര്‍ എന്നോടും ഒരു നിര്‍ദ്ദേശം വച്ചു – കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കാന്‍ തന്നെ.

അവരോട് ഉടനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ദ്ദേശിക്കുന്നത് ബുദ്ധിപരമായി ശരിയായ സമീപനമായിരിക്കുകയില്ലെന്ന് എനിക്ക് തോന്നി. അവര്‍ രണ്ടുപേരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അഭിനിവേശമുള്ളവരാണ്. മുന്‍കൂട്ടിയുള്ള ഒരു തീരുമാനം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല. എന്നാല്‍ തുടര്‍ച്ചയായി ബന്ധം പുലര്‍ത്തി ചര്‍ച്ചകള്‍ നടത്തി ക്രമാനു ഗതമായി അവരെ മാറ്റിയെടുക്കാം എന്ന ഒരാത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അവര്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കാന്‍ കുറേ സമയം കൊടുത്ത ശേഷം ഞാന്‍ വീണ്ടും കേരളത്തില്‍ വന്നു. അപ്പോഴേക്കും അവര്‍ കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരുടെയിടയില്‍ പേരെടുത്ത നേതാക്കളായി മാറിയിരുന്നു. ഇവരുടെ വിലാസമെല്ലാം വാങ്ങിച്ച് ഞാന്‍ കൊച്ചിയിലേക്ക് പോയി”. (വിപ്ലവയാത്രയില്‍ എന്റെ യാത്ര പേജ് 113,114)

സുന്ദരയ്യയുമായുള്ള ബന്ധം ഇ എം എസ് ഇങ്ങനെയാണ് വിവരിക്കുന്നത്

”അതിനിടെ 1935 ഒക്‌ടോബറില്‍ മദ്രാസില്‍ വച്ച് കൃഷ്ണപിള്ളയും ഞാനും സുന്ദരയ്യ എന്ന കമ്മ്യൂണിസ്റ്റ് നേതാവുമായി ദീര്‍ഘനേരം ആശയ വിനിമയം നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് കേരളം സന്ദര്‍ശിച്ച അദ്ദേഹം നിരവധി സഖാക്കളുമായി ബന്ധപ്പെട്ടു. സി പി ഐ യുടെ കേരള ഘടകം രൂപീകരിക്കാനുള്ള അടിത്തറ പാകുന്ന സംഭവങ്ങളായിരുന്നു അവ. അതും കഴിഞ്ഞ് ഏറെച്ചെല്ലുന്നതിന് മുമ്പ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ എസ് വി ഘാട്ടെയോടൊപ്പം അദ്ദേഹം നാട്ടുമ്പുറത്തുള്ള എന്റെ വീട്ടില്‍ വന്നു. ദീര്‍ഘനേരം നീണ്ടുനിന്ന ഞങ്ങളുടെ സംഭാഷണത്തിന്റെ അന്ത്യത്തില്‍ 1936 ജനുവരി 8 – ാം തീയതിയോ 9-ാ തീയതിയോ ഞാന്‍ സി പി ഐ അംഗമായി അംഗീകരിക്കപ്പെട്ടു. അന്ന് മുതല്‍ നാലുവര്‍ഷക്കാലം സി എസ് പി യുടെ അഖിലേന്ത്യാ സെക്രട്ടറിയായ പൂര്‍ണ സമയ കോണ്‍ഗ്രസുകാരനും അപ്രഖ്യാപിത കമ്മ്യൂണിസ്റ്റുകാരനുമായി ഞാന്‍ പ്രവര്‍ത്തിച്ചു” (ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പേജ് 66 – 67)

കേരളത്തില്‍ ആദ്യമായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് ഘടകത്തിന്റെ രൂപീകരണ പശ്ചാത്തലം അതാണ്, ഇ എം എസ് ഇങ്ങനെ എഴുതുന്നു.

”1935 അവസാനത്തിലും 1936 ആദ്യത്തിലുമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായിരുന്ന സുന്ദരയ്യയും ഘാട്ടെയും പലതവണ കേരളത്തില്‍ വരികയും ഇവിടെത്തെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്തുള്ള വിവിധ ചിന്താഗതികളിലൊന്നായ കമ്മ്യൂണിസ്റ്റ് വീക്ഷണത്തിന് കേരളത്തില്‍ സ്വാധീനമുളവായി. ഇത് കൂടുതല്‍ ഉറപ്പിക്കുന്നതിന് കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ക്കിടയിലുള്ള കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരില്‍ പ്രധാനപ്പെട്ട നാലുപേരടങ്ങുന്ന ഒരു നേതൃഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്തരിച്ച കൃഷ്ണപിള്ളയും കെ ദാമോദരനും ജീവിച്ചിരുപ്പുള്ള എന്‍ സി ശേഖറും ഈ ലേഖകനും – അങ്ങനെ നാലു പേരാണു ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്..” (ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ സഞ്ചിക 62 പേജ്31)

പിണറായി – പാറപ്രം

അഞ്ചരക്കണ്ടിപ്പുഴ കരയിട്ടൊഴുകുന്ന ഗ്രാമമാണ് പിണറായിയിലെ പാറപ്രം. മൂന്ന് ഭാഗവും പുഴ. അടുത്തൊന്നും റോഡില്ല. പോലീസിനോ ഒറ്റുകാര്‍ക്കോ എത്താന്‍ കഴിയാത്ത പ്രദേശം. അഥവാ വല്ലതരത്തിലും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പുഴകടന്ന് ധര്‍മടത്തേക്ക് പോകാം. മറ്റൊരു വഴിയിലൂടെ മാവിലായിയിലേക്കോ പെരളശ്ശേരിയിലേക്കോ പിന്‍വാങ്ങാം. തലശ്ശേരിയില്‍ നിന്ന് സാധാരണനിലയില്‍ നെട്ടൂര്‍ വഴിയാണ് പിണറായിക്കും അവിടെ നിന്ന് പാറപ്പുറത്തേക്കും എത്തേണ്ടത്.

പാറപ്രത്തെ വിവേകാനന്ദ വായനശാല സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാരുടെ താവളമാണ്. തൊട്ടടുത്ത് വടവതി അപ്പുക്കുട്ടിക്കാരണവരുടെ വീട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷിതമായ ആ സ്ഥലത്ത് ചരിത്ര പ്രധാനമായ സമ്മേളനം നടക്കുന്നത്. എന്‍ ഇ ബലറാം ഇങ്ങനെ വിലയിരുത്തുന്നു.

”ഒരു പാര്‍ട്ടിയാകെ മറ്റൊരു പാര്‍ട്ടിയായി രൂപാന്തരപ്പെട്ട അത്ഭുതകരമായ സംഭവം! പക്ഷേ, എത്രയും സ്വാഭാവികമായ ഒന്നെന്ന നിലയ്ക്കാണ് ആ സമ്മേളനം സമാപിച്ചത്. അതിനുള്ള കാരണം ചര്‍ച്ചകള്‍ വഴി അതിന് മുമ്പുതന്നെ പാര്‍ട്ടിയാകെ രാഷ്ട്രീയമായും പ്രായോഗികമായും അത്തരമൊരു മാറ്റത്തിന് സജ്ജമായിരുന്നുവെന്നതാണ്. ഒരു നീണ്ട പ്രക്രിയയുടെ അവസാനത്തെ കണ്ണിയായിരുന്നു പ്രസ്തുത സമ്മേളനം. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ നാളുകളിലൂടെ പേജ് 151)

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലരായ നേതാക്കള്‍ മുഴുവന്‍ അവിടെ എത്തിച്ചേര്‍ന്നു. നേതാക്കളുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ പിണറായിയില്‍ത്തന്നെ അന്ന് മറ്റൊരു സമ്മേളനവും വച്ചു. റാഡിക്കല്‍ ടീച്ചേഴ്‌സ് യൂണിയന്റെ സമ്മേളനമായിരുന്നു ആര്‍ സി അമല സ്‌കൂളില്‍. പാണ്ട്യാല ഗോപാലന്‍, ടി വി അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ അതിന്റെ നേതാക്കളുമായി പ്രവര്‍ത്തിച്ചു. പ്രതീക്ഷിച്ചതുപോലെ ജനങ്ങളുടെയും പോലീ സിന്റെയും ശ്രദ്ധ മുഴുവന്‍ അധ്യാപക സമ്മേളനത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.

തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിലൂടെ നിരവധി സമരങ്ങള്‍ നയിച്ച കെ പി ഗോപാലന്‍ ഇങ്ങനെ ഓര്‍ക്കുന്നു. ”1939 ല്‍ സ:കൃഷ്ണപിള്ള ഒരു ദിവസം എന്നെക്കണ്ട് തലശേരി പാറപ്രത്ത് വരണം എന്നു പറഞ്ഞു. വളരെ ചരിത്രപ്രധാനമായ ഒരു കാര്യം ആലോചിക്കാനാണെന്നു മാത്രം അദ്ദേഹം പറഞ്ഞു. ഉടന്‍ പിരിഞ്ഞു ഞങ്ങള്‍ പലരും രാത്രി 8 മണിക്ക് പാറപ്രത്തെത്തി”. എ വി കുഞ്ഞമ്പുവും സുബ്രഹ്മണ്യ ഷേണായിയും നേരത്തെ തന്നെ വന്നു ചേര്‍ന്നു. എ വി ഇങ്ങനെ എഴുതുന്നു.

”സഖാക്കള്‍ ഇ എം എസ്, എ കെ ജി തുടങ്ങിയവരെല്ലാം എത്തിച്ചേര്‍ന്നിരുന്നു. ഞങ്ങളെല്ലാം ഏതാണ്ട് ഒളിവില്‍ കഴിയുന്ന സഖാവ് കൃഷ്ണപിള്ളയെ കാത്തിരിക്കയാണ്. അപ്പോഴതാ പുതിയ വേഷത്തില്‍ ഖദര്‍ ജുബ്ബയ്ക്ക് പകരം പുതിയ കോട്ടും ധരിച്ച് സഖാവ് കയറിവരുന്നു. അപ്പോഴേ ഞങ്ങള്‍ക്ക് സമാധാനമായുള്ളൂ (എ വി കുഞ്ഞമ്പു. കയ്യൂരും കരിവെള്ളൂരും പേജ് 106)

കെ പി ഗോപാലനായിരുന്നു അധ്യക്ഷന്‍. നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് സംക്ഷിപ്തമായി അല്പനേരം ഇ എം എസ് സംസാരിച്ചു. അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് ഏതാണ്ട് മൂന്ന് മണിക്കൂര്‍ നേരം കൃഷ്ണപിള്ള വിശദീകരിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെ അടിമുടി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ”യുദ്ധത്തിനെതിരാണെന്ന് കാണിച്ച് അധികൃതര്‍ക്ക് കാര്‍ഡയക്കണമെന്ന സമരതന്ത്രമാണ് സോഷ്യല്സ്റ്റ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഇത് സമരവുമല്ല, തന്ത്രവുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ യുദ്ധത്തെ എതിര്‍ക്കാനുള്ള പരിപാടിയുള്ളൂ. നമ്മുടെ ഭാവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടെയാണ്. കൂടുതല്‍ കഷ്ടതകളും ത്യാഗങ്ങളും സഹിക്കാന്‍ നാം തയ്യാറാകണം” – കൃഷ്ണപിള്ള അവസാനിപ്പിച്ചു. (സഖാവ് – ടി വി കെ പേജ് 147)

ബലറാം ഇങ്ങനെ രേഖപ്പെടുത്തുന്നു. ”വാര്‍ധാ എഐസിസിയുടെ തണുപ്പന്‍ നയവും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നിഷ്‌ക്രിയത്വവും വിവരിച്ചതിനുശേഷം യുദ്ധത്തിന്റെ വറുതികള്‍ക്കും നീറിവരുന്ന സാമ്പത്തിക കുഴപ്പങ്ങള്‍ക്കുംഎതിരായ സമരം എങ്ങനെ സംഘടിപ്പിക്കാം എന്നതിനെക്കുറിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ് ശരിയായ കാഴ്ചപ്പാടുള്ളതെന്ന് യോഗത്തില്‍ നമ്പൂതിരിപ്പാടും കൃഷ്ണപിള്ളയും വിവരിച്ചു. സ്വാതന്ത്ര്യസമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയെക്കുറിച്ച് ചെറിയൊരു വിശദീകരണവും അവര്‍ നല്‍കി. നാലുപേരടങ്ങിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് നേരത്തേത്തന്നെ കേരളത്തില്‍ ഉണ്ടായിരുന്നതു തുറന്നു പറഞ്ഞത് അന്നത്തെ യോഗത്തിലാണ്.

ഉടന്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരൂപാന്തരപ്പെടേണ്ടതുണ്ടോ എന്ന് ഒന്നുരണ്ടുപേര്‍ സംശയം പ്രകടിപ്പിച്ചു. തല്‍ക്കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു. ബലറാം തുടരുന്നു.

”ഒടുവിലാണ് ചരിത്രപ്രധാനമായ ആ തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചത്. ഭാവി പരിപാടിയെക്കുറിച്ച് വിസ്തരിച്ച ചര്‍ച്ചയൊന്നും അവിടെ നടന്നില്ല. പ്രവര്‍ത്തനസമ്മേളനങ്ങള്‍ ചേരുക, പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ അംഗീകരിച്ച് യോഗം പിരിയുകയാണ് ചെയ്തത്. ആവേശത്തോടും സംതൃപ്തിയോടെയുമാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പിരിഞ്ഞുപോയത്. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യനാളുകളിലൂടെ – പേജ് – 154)

എന്‍ സി ശേഖര്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ വ്യക്തമാക്കി. ”കമ്മ്യൂണിസ്റ്റാശയഗതിക്കാരായ ഭൂരിപക്ഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം അറിയിക്കാനുള്ള ഒരു യോഗമായിരുന്നു പിണറായി – പാറപ്രം സമ്മേളനം. (അഗ്നിവീഥികള്‍ – പേജ് – 238)

1937 ല്‍ രൂപം കൊണ്ട, 4 പേരുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വ സംഘടന മാത്രമല്ല യഥാര്‍ത്ഥത്തില്‍ കേരളത്തിലുണ്ടായിരുന്നത്. ഇ എം എസ് ഇങ്ങനെ എഴുതുന്നു. ”ഇവിടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പലരും വ്യക്തികളെന്ന നിലയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവരാകാന്‍ തുടങ്ങിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വീക്ഷണവും പരിപാടിയും അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

അതേ അവസരത്തില്‍ കോണ്‍ഗ്രസ് സോഷ്യ ലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വീക്ഷണക്കാരും എതിരാളികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുമെന്ന ഘട്ടമെത്തി.

ഈ പശ്ചാത്തലത്തിലാണ് പിണറായി സമ്മേളനം ചേര്‍ന്നത്. കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്ന ആ സമ്മേളനം മേലില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിക്കേണ്ടതില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയാല്‍ മതിയെന്ന് തീരുമാനിച്ചു. (ഇ എം എസ് സമാഹൃത കൃതികള്‍ സഞ്ചിക 62 പേജ് 31 32)

ബലറാം വ്യക്തമാക്കിയതുപോലെ ചരിത്ര പ്രധാനമായ ആ തീരുമാനം അതായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു മെമ്പറാവുക എന്നതില്‍പരം അഭിമാനം വേറെയില്ലെന്ന് ഞങ്ങള്‍ അങ്ങനെ തീരുമാനിച്ചു”. യോഗാധ്യക്ഷനായ കെ പി ഗോപാലന്‍ പിന്നീട് രേഖപ്പെടുത്തിയതങ്ങനെയായിരുന്നു. ഏതാണ്ട് രാത്രി 2 മണിയോടെ യോഗം പിരിഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് പിണറായി പാറപ്രം സമ്മേളനം നടന്നത്. എന്നാല്‍ കേരളത്തിന് പുറത്തുനിന്ന് ആരും അന്നവിടെ പങ്കെടുത്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടന സംബന്ധിച്ചുള്ള അനിഷേധ്യമായ തത്വങ്ങള്‍ വിവരിച്ചുകൊണ്ടും ഇ എം എസ് ഇങ്ങനെ എഴുതി.

”സമ്മേളനം നടന്നത് പരമരഹസ്യമായിട്ടാണെന്നത് നേരാണ്. അന്ന് രൂപം കൊണ്ട സംഘടനയ്ക്ക് പിന്നീട് രണ്ടര വര്‍ഷത്തോളം കാലം രഹസ്യമായിത്തന്നെ പ്രവര്‍ത്തിക്കേണ്ടി വന്നു. എന്നതും നേരു തന്നെ. പക്ഷേ, ഇതേവരെ പുറത്തു പറയാതിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ചുമരെഴുത്തുകളും ലഘുരേഖാ വിതരണവും മറ്റുപ്രചാരണങ്ങളും തുടങ്ങിയത് പാറപ്പുറം സമ്മേളനത്തിന് ശേഷമാണ്. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു രഹസ്യ സംസ്ഥാന കേന്ദ്രവും ജില്ലാ താലൂക്കാദി കീഴ്ഘടകങ്ങളും രഹസ്യമായിട്ടാണെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന പ്രക്രിയ സമ്മേളനത്തിനുശേഷം തുടങ്ങി. ആ നിലയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ആ സമ്മേളനത്തിലുള്ള പ്രാധാന്യം ഒരിക്കലും തള്ളിക്കളയാന്‍ വയ്യ.

എന്നാല്‍ ആ സമ്മേളനത്തിന് തന്നെ അടിത്തറ പാകിയത് അതിന് രണ്ടര വര്‍ഷം മുമ്പ് നടന്ന സംഘടനയുടെ സ്ഥാപനമാണ്. അതിനാകട്ടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ്ണമായ അനുഗ്രഹാശിസ്സുകല്‍ ഉണ്ടായിരുന്നുതാനും. ഇതാണ് 1931 ല്‍ രൂപം കൊണ്ട് കമ്മ്യൂണിസ്റ്റ് ലീഗും 1937 ല്‍ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകവും തമ്മിലുള്ള വ്യത്യാസം. 1937 ല്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം നിലവില്‍ വന്നിരുന്നില്ലെങ്കില്‍ പാറപ്പുറം സമ്മേളനമോ അനന്തര സംഭവങ്ങളോ നടക്കുമായിരുന്നില്ല…

1937 ലാണ് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം രൂപം കൊള്ളുന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു പാറപ്പുറം സമ്മേളനം എന്നതിനാല്‍ അതിന് അഖിലേന്ത്യാ കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നു എന്നത് നേരാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടന സംബന്ധിച്ച് അനിഷേധ്യമായ ഒരു തത്വമുണ്ട്. മീതെയുള്ള നേതൃത്വം മുന്‍കൈ എടുത്താണ് കീഴ്ഘടകങ്ങള്‍ രൂപീകരിക്കുക. അപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളില്ലാതെ പാര്‍ട്ടി സംഘടന നിലവില്‍ വരികയില്ല. ഈ നിബന്ധന അനുസരിച്ചാണ് 1937 ലെ രഹസ്യയോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ ഘാട്ടെ പങ്കെടുത്തത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രൂപം കൊണ്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകമാണ് പാറപ്പുറം സമ്മേളനത്തിനുവേണ്ട സാഹചര്യം സൃഷ്ടിച്ചത്. (പോരാട്ടങ്ങളുടെ ഓര്‍മകള്‍ പേജ് 26-27)

1940 ജനുവരി 26 ന് ഉത്തരകേരളത്തിലാകെ പോസ്റ്ററുകള്‍ വഴിയും ചുമരെഴുത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം ജനങ്ങള്‍ അറിഞ്ഞു. രഹസ്യമായ സംഘടനാ രീതിയാണെങ്കിലും അത് സംബന്ധിച്ച നേരിയ സൂചനകള്‍ ഭരണാധികാരികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നുവെന്നുവേണം കരുതാന്‍. മലബാറില്‍ ഏതോ സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 1941 സെപ്തംബര്‍ 16ന് തിരുവന്തപുരം മജിസ്‌ട്രേട്ട് നടത്തിയ പ്രസ്താവന മാതൃഭൂമി പ്രാധാന്യം നല്‍കിക്കൊണ്ട് ഇങ്ങനെ പ്രസിദ്ധീകരിച്ചു.

”ഇന്നത്തെ സാമൂഹ്യ വ്യവസ്ഥ അംഗീകരിക്കുന്നില്ല”

1941 സെപ്തംബര്‍ 23 – മാതൃഭൂമി

മലബാറിലെ കമ്മ്യൂണിസ്റ്റ് സെല്‍

തിരുവന്തപുരം മജിസ്‌ട്രേട്ടിന്റെ പ്രസ്താവന

തിരുവനന്തപുരം സെപ്തംബര്‍ . 16

അഖിലേന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖയുമായി കമ്മ്യൂണിസ്റ്റ് സെല്‍ എന്ന പേരില്‍ ഒരു സ്ഥാപനം മലബാറില്‍ എവിടെയോ സ്ഥാപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു. തിരുവിതാംകൂര്‍ പ്രതിനിധികളും രാജ്യത്തിനകത്ത് അതിനിഗൂഢമായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവരുമായ തൈക്കാട് ഭാസ്‌ക്കരന്‍, ഗോപി എന്നിവരെ പുത്തന്‍ ചന്ത പോലീസ് അറസ്റ്റ് ചെയ്ത് ചാര്‍ജ് ചെയ്യുകയും സ്ഥലം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് അവര്‍ക്ക് യഥാക്രമം രണ്ടും നാലും കൊല്ലത്തെ തടവു ശിക്ഷ നല്‍കുകയും ചെയ്തിരിക്കുന്നു. വിപ്ലവകരമായ പല ലഘുലേഖകളും ലൈസന്‍സ് ഇല്ലാതെ ഒരു റിവോള്‍വറും അവരുടെ ഭവന പരിശോധനയില്‍ കണ്ടെടുത്തു. പ്രതികള്‍ അവരുടെ പേരിലുള്ള ചാര്‍ജുകള്‍ കോടതിയില്‍ സമ്മതിച്ചു.

പ്രതിയുടെ വീട് സി ഐ ഡി ഇന്‍സ്‌പെക്ടറാണ് പരിശോധന നടത്തിയത്. അദ്ദേഹം പ്രതിയുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിച്ചിട്ടുണ്ടെന്നും പ്രതി കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് കൂടിയവനാണെന്നും സത്യം ചെയ്ത് ബോധിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മലബാറില്‍ എവിടെയോ ഒരു ശാഖയുണ്ടെന്നും കമ്മ്യൂണിസ്റ്റ് സെല്‍ എന്നാണ് അതിന് പേര് പറയുന്നതെന്നും ഈ സംഘടനയില്‍പ്പെട്ടവരായി സംസ്ഥാനത്ത് മൂന്നുപേര്‍ ഉള്ളതായി അറിയുന്നുവെന്നും അവരില്‍ ഒരാള്‍ പ്രതിയും രണ്ടാമന്‍ പി ഗോവിന്ദന്‍ നായരും മൂന്നാമന്‍ കെ കൃഷ്ണന്‍ നായരും ആണെന്നും ദേവന്‍, സ്വാമി, മൂക്കന്‍ ഇതാണ് അവരുടെ കൃത്രിമ പേരുകളെന്നും ഇന്നത്തെ നിലയിലുള്ള സാമൂഹ്യവ്യവസ്ഥകളോട് കൂടിയ സ്റ്റേറ്റുകളെ ആ സംഘടന അംഗീകരിക്കുന്നില്ലെന്നും വിപ്ലവത്തില്‍ അവര്‍ വിശ്വസിക്കുന്നുവെന്നും അതിലേക്ക് വേണ്ടിവന്നാല്‍ ബലപ്രയോഗം തന്നെ നടത്തണമെന്ന പക്ഷക്കാരാണെന്നും അദ്ദേഹം ബോധിച്ചു.

സ: പി കൃഷ്ണപിള്ള പ്രതികളില്‍ ഒരാള്‍ക്കയച്ച കത്താണ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രധാന തെളിവായി അന്ന് കോടതിയില്‍ ഹാജരാക്കിയത്.

1940 ജനുവരി മധ്യത്തില്‍ പഴയ ചിറക്കല്‍ താലൂക്ക് കേന്ദ്രമാക്കി പാര്‍ട്ടിയുടെ രഹസ്യകേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി. മാര്‍ക്‌സിസ്റ്റ് എന്നു പേരായ ഒരു ലഘുപ്രസിദ്ധീകരണവും ആരംഭിച്ചു. പിന്നീട് അതിന്റെ പേര് കമ്മ്യൂണിസ്റ്റ് എന്ന രഹസ്യ മാസികയാക്കി. ‘മുന്നോട്ട്’ എന്ന ഒരു വാര്‍ത്താവിതരണ സര്‍ ക്കുലറും ക്രമമായി പ്രസിദ്ധീകരിച്ചു തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ‘നാഷണല്‍ ഫ്രന്റ്’ നന്നായി പ്രചരിച്ച് തുടങ്ങിയ ഒരു കാലമാണിത്. മലബാറില്‍ എല്ലാ താലൂക്കുകളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടന രൂപപ്പെട്ടു. ചിറക്കല്‍ താലൂക്ക് സെക്രട്ടറി സി കെ രാജുവായിരുന്നു. തലശേരി താലൂക്ക് സെക്രട്ടറിയായി എന്‍ ഇ ബലറാമും പ്രവര്‍ത്തിച്ചുത്തുടങ്ങി സംഘടനാ രൂപം കൈവന്ന ഊര്‍ജ്ജസ്വലമായ ആ കാലത്തെപ്പറ്റി ബലറാം ഇങ്ങനെ രേഖപ്പെടുത്തുന്നു.

”ഘടകങ്ങള്‍ ക്രമമായി യോഗം ചേരുക, പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഓരോ പ്രവര്‍ത്തകനും ഇന്നിന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് തീരിമാനിക്കുക, ഓരോരുത്തരം പ്രവര്‍ത്തന ഡയറി എഴുതുക, കീഴ്കമ്മിറ്റികളും മേല്‍കമ്മിറ്റികളും അന്യോന്യം റിപ്പോര്‍ട്ടുകള്‍ അയക്കുക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരൂപണങ്ങള്‍ നടത്തി കുറ്റവും കുറവും തീര്‍ക്കുക തുടങ്ങിയ ലെനിനിസ്റ്റ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആദ്യമായി അവലംബിച്ചത് ഈ ഘട്ടത്തിലാണ്. (കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യ നാളുകള്‍ പേജ് 158)

പിണറായി പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഈ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേര് വിവരങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ലഭ്യമല്ല. എന്നാല്‍ ആത്മകഥകളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും പശ്ചാത്തലത്തില്‍ താഴെ പറയു ന്നവര്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് കരുതുന്നു.

പി കൃഷ്ണപിള്ള, കെ ദാമോദരന്‍, ഇ എം എസ് നമ്പൂതിരിപ്പാട്, പി നാരായണന്‍ നായര്‍, കെ കെ വാര്യര്‍, എ കെ ഗോപലന്‍, വിഷ്ണു ഭാരതീയന്‍, ഇ പി ഗോപാലന്‍, പി എസ് നമ്പൂതിരി, സി എച്ച് കണാരന്‍, കെ എ കേരളീയന്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, കെ പി ഗോപാലന്‍, ചന്ത്രോത്ത് കുഞ്ഞിരാമന്‍ നായര്‍, എം കെ കേളു, സുബ്രഹ്മണ്യ ഷേണായി, വി വി കുഞ്ഞമ്പു, വില്യം സ്‌നെലക്‌സ്, എ വി കുഞ്ഞമ്പു, കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി എം കൃഷ്ണമേനോന്‍ കെ കൃഷ്ണന്‍ നായര്‍, വടവതി കൃഷ്ണന്‍, എന്‍ ഇ ബലറാം, പിണറായി കൃഷ്ണന്‍ നായര്‍, കെ എന്‍ ചാത്തുകുട്ടി, മഞ്ജുനാഥറാവു, കൊങ്ങശ്ശേരി കൃഷ്ണന്‍, കെ പി ആര്‍ ഗോപാലന്‍, പി വി കുഞ്ഞുണ്ണി നായര്‍, മൊയ്യാരത്ത് ശങ്കരന്‍, പി കെ ബലകൃഷ്ണന്‍, ജനാര്‍ദ്ദനഷേണായി, ജോര്‍ജ് ചടയമുറി, പി. ഗംഗാധരന്‍, ടികെ രാജു, ഐ സി പി നമ്പൂതിരി, പി പി അച്യുതന്‍ മാസ്റ്റര്‍, എം പത്മനാഭന്‍, ടി വി അച്യുതന്‍ നായര്‍, കെ ദാമു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *