KSTA Palakkad

സ. വി എസ് അച്യുതാനന്ദൻ നേതൃത്വം നൽകിയ സർക്കാർ റെക്കോഡ് നിയമനങ്ങൾ നടത്തിയ സർക്കാരായിരുന്നു. സംശയമില്ല. എത്ര നിയമനശുപാർശകൾ ആ കാലയളവിൽ പോയിട്ടുണ്ടാകും.

2006 – 11 കാലയളവിൽ 1.65 ലക്ഷത്തിൽപരം ശുപാർശകൾ കേരള പി എസ് സി അയച്ചിട്ടുണ്ട്.

2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആയത് 1.54 ലക്ഷമായിരുന്നു.

നിയമസഭാരേഖയുണ്ട് തെളിവായി.

http://www.niyamasabha.org/codes/14kla/session_1/ans/u01281-130716-826000000000-01-14.pdf

മേൽപരാമർശിച്ച രണ്ട് സർക്കാരുകളുടെയും അഞ്ച് വർഷത്തെ കണക്കാണ് മുകളിൽ പറഞ്ഞത്. ഇപ്പോൾ, പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നാല് വർഷം കൊണ്ട് നിയമനം 1.33 ലക്ഷമായി. (2020 ഏപ്രിൽ 30 വരെ). ഒരു വർഷം 33,000 നിയമനങ്ങൾ ഇക്കാലയളവിൽ നടന്നിട്ടുണ്ട്. ആ ശരാശരി വെച്ച് കണക്കാക്കിയാൽ 1.66 ലക്ഷം നിയമനങ്ങൾ ഈ ഭരണത്തിൽ പ്രതീക്ഷിക്കാം. ആ കണക്ക് തന്നെ 2006-11 കാലയളവിലെ റെക്കോഡിനെ മറികടക്കുന്നതാണ്.

അപ്പോൾ, സർക്കാർ തൊഴിലന്വേഷകരുടെ നല്ല കാലം ഏതാണെന്ന് ഇനി സംശയം വേണ്ടല്ലോ അല്ലേ.

2006 മുതലുള്ള കണക്ക് പരിഗണിച്ചാൽ ഈ റെക്കോഡിന് അൽപം കൂടുതൽ കയ്യടി നൽകണം. രണ്ട് പ്രളയങ്ങളും, കോവിഡും, സാമ്പത്തികപ്രതിസന്ധികളുടെയും ഇടയിലൂടെയാണ് ഈ റെക്കോഡ് പിണറായി സർക്കാർ സൃഷ്ടിച്ചത്. അതൊരു ചെറിയ കാര്യമല്ല.

ഒരു വെല്ലുവിളിയും നേരിടാതിരുന്ന കാലത്തും നിയമനനിരോധനം നടപ്പാക്കിയ രാഷ്ട്രീയപാർട്ടികളൊക്കെ ഉദ്യോഗാർത്ഥികളെയോർത്ത് തേങ്ങുന്നത് കണ്ടാൽ ചിരി വരും. കോവിഡിന്റെ പേര് പറഞ്ഞ് പൊതുമേഖലയിൽ ലഭ്യമായ അവശേഷിക്കുന്ന അവസരങ്ങൾ കൂടി കുഴിവെട്ടി മൂടുന്ന കാലഘട്ടത്തിലാണ് ഇവിടെ പതിനായിരത്തിലേറെ അഡ്വൈസുകൾ ഉദ്യോഗാർത്ഥികളെ തേടി എത്തിയത്.

വ്യത്യാസം രാഷ്ട്രീയത്തിന്റേതാണ്. സാധാരണക്കാരന് താങ്ങായി പൊതുമേഖലയെ ശാക്തീകരിച്ച് നിലനിർത്തേണ്ടതുണ്ടെന്ന നിശ്ചയമുള്ള രാഷ്ട്രീയത്തിന്റെ ഫലമാണത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ആർദ്രവുമൊക്കെ ഇനിയുമിനിയും പൊതുമേഖലയെ ശാക്തീകരിക്കും.

കഴിഞ്ഞ 9 വർഷത്തെ എൽപി സ്കൂൾ അധ്യാപകരുടെ നിയമനം സംബന്ധിച്ച കണക്ക് നോക്കൂ.

2011-16 നിയമനങ്ങൾ : 1630

2016-2020 നിയമനങ്ങൾ : 7322

യുഡിഎഫ് കാലഘട്ടത്തെക്കാൾ അഞ്ച് ഇരട്ടിയോളം നിയമനങ്ങളാണ് കഴിഞ്ഞ നാല് വർഷം പൊതുവിദ്യാലയങ്ങളിൽ സാധ്യമായത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിൽ ഇടതുരാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയുടെ കൂടി റിസൾട്ടാണ് ഈ വ്യത്യാസം.

ഉദ്യോഗാർത്ഥികളോട് കാവിവിപ്ലവത്തെപ്പറ്റി പറയുന്ന വേറെ ചിലരുണ്ട്. ആയുധഫാക്ടറികൾ പോലും സ്വകാര്യവൽക്കരിക്കാൻ നിൽക്കുന്നവർ എന്ത് തൊഴിലാണ് പൊതുമേഖലയിൽ ലഭ്യമാക്കാൻ പോകുന്നത്. തിരുവനന്തപുരം എയർ പോർട്ട് സ്വകാര്യവൽക്കരിക്കണം എന്നുള്ള അഭ്യർത്ഥന കേന്ദ്രമന്ത്രിക്ക് നൽകിയിട്ട് വന്ന് അവിടുത്തെ തൊഴിലാളികളുടെ സ്വകാര്യവൽക്കരണവിരുദ്ധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുന്ന നാടകമേ ഉലകം ടീമിനെയൊക്കെ തിരിച്ചറിഞ്ഞാൽ യുവാക്കൾക്ക് തന്നെ കൊള്ളാം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *