കേരള പിഎസ്‌സിയെ ക്രമക്കേടുകളുടെ കേന്ദ്രമായി ചിത്രീകരിക്കാനുള്ള ശ്രമം സമീപ കാലത്ത് നിരന്തരമായി നടക്കുന്നു. പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ് ഈ സ്ഥാപനത്തെക്കുറിച്ച് അപമതിപ്പുണ്ടാക്കുന്നത്. ഇതിനു പിന്നിൽ സർക്കാർ വിരുദ്ധ രാഷ്ട്രീയമാണെങ്കിലും രാജ്യത്തിനാകെ അഭിമാനമായ ഒരു സ്ഥാപനത്തിനെതിരെ ഉയരുന്ന അവാസ്തവ പ്രചാരണങ്ങളെ നിസ്സാരമായി കാണാനാകില്ല. വിശ്വാസ്യതയുടെ പേരിൽ മാത്രം നിലനിൽക്കുന്ന ഒരു സംവിധാനമാണ് റിക്രൂട്ട്മെന്റ്‌ സ്ഥാപനങ്ങൾ. അതിലേൽപ്പിക്കുന്ന ചെറിയ പോറൽ പോലും ആ സ്ഥാപനത്തെയും അതിന്റെ സേവന സാധ്യതകളെയും ദുർബലപ്പെടുത്തും.

ഈ സർക്കാരിന്റെ കാലത്ത് വ്യാപകമായ പുറംവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്നും അതുവഴി പിഎസ്‌സി റാങ്കുലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്ക് അവസരം നഷ്ടപ്പെട്ടെന്നുമാണ് പ്രചാരണം. സർക്കാർ വകുപ്പിലേക്കോ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലേക്കോ രണ്ടു തരം നിയമനങ്ങളാണുള്ളത്. സ്ഥിര നിയമനവും താൽക്കാലിക നിയമനവും. പിഎസ്‌സി വഴി നിയമിക്കാനുള്ള തസ്തികകൾ ഏതൊക്കെയെന്ന് നിശ്ചയിച്ച് നിയമനിർമാണത്തിലൂടെ പിഎസ്‌സിക്ക് കൈമാറാം. വിശേഷാൽ ചട്ടം തയ്യാറാക്കിയാൽ തെരഞ്ഞെടുപ്പ് നടപടിയിലേക്ക് പോകുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ ഒഴിവുകൾ നികത്തുന്നു. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തിൽ നിയമനാധികാരിക്ക് Non Availability Certificate (NAC) നൽകുകയും ഒഴിവുകൾ (ആറുമാസത്തിൽ കൂടുതൽ കാലയളവുള്ള ഒഴിവുകൾ) എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി താൽക്കാലികമായി നികത്താനുള്ള അനുമതി നൽകുന്നു. റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ സ്ഥിരനിയമനത്തിനായി ഉദ്യോഗാർഥികളെ ശുപാർശ ചെയ്യും. പിഎസ്‌സിയുടെ നിയമന പരിധിയിലുള്ള ഒരു സ്ഥിരം ഒഴിവിലേക്കും മറ്റു രീതിയിൽ നിയമനം നൽകാനാകില്ല. എന്നാൽ പിഎസ്‌സിക്ക്‌ വിടാത്ത തസ്തികകൾ പല വകുപ്പിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും കാണും. അവ നികത്താൻ സർക്കാർ ഉത്തരവനുസരിച്ച് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. അതനുസരിച്ചുള്ള നിയമനങ്ങൾ എല്ലാ കാലത്തുമുണ്ട്‌. അവ പുതിയ വിഷയം എന്ന രൂപത്തിൽ അവതരിപ്പിക്കുമ്പോഴാണ് ആശയക്കുഴപ്പമുണ്ടാകുന്നത്.

പിഎസ്‌സി നോക്കുകുത്തിയാണോ?
യുഡിഎഫ്‌ –-എൽഡിഎഫ്‌- ഭരണകാലത്തെ വിജ്ഞാപനങ്ങൾ, പരീക്ഷകൾ, റാങ്ക് ലിസ്റ്റുകൾ, നിയമന ശുപാർശകൾ സംബന്ധിച്ച യഥാർഥ കണക്കുകൾ പുറത്തുവന്നിട്ടുള്ളതാണ്. 2011 മുതൽ 2016 വരെ പിഎസ്‌സിയിൽ ആകെ ലഭിച്ചത് 2,16,98,451 അപേക്ഷയാണ്. പ്രസിദ്ധീകരിച്ചത് 3113 റാങ്ക് ലിസ്റ്റ്‌. 1,46,673 നിയമന ശുപാർശയാണ് അക്കാലത്ത് നടന്നത്. ഇതിൽ കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ചെയ്ത 4031 പേർക്ക് യുഡിഎഫ്‌ സർക്കാർ നിയമനം കൊടുത്തിരുന്നില്ല. അവ കുറവ് ചെയ്താൽ 1,42,642 മാത്രമായിരുന്നു നിയമനം. എൽഡിഎഫ്‌ ഭരണകാലത്ത് 3,64,70,865 അപേക്ഷ ലഭിച്ചു. 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2021 ജനുവരി 30 വരെ 1,57,911 പേർക്ക് നിയമനം നൽകി. ഈ സർക്കാർ  4031 കെഎസ്ആർടിസി കണ്ടക്ടർമാർക്കും നിയമനം നടത്തിയത് ഉൾപ്പെടുത്തിയാൽ 1,61,942 നിയമനം ലഭിച്ചു. ഈ സർക്കാരിന്റെ കാലാവധി തീരാൻ ഇനിയും സമയമുണ്ട്‌. അപ്പോഴേക്കും നിയമന കാര്യത്തിൽ സർവകാല റെക്കോഡാകും.

റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങൾ 
ന്യായമാണോ?
സിവിൽ പൊലിസ് ഓഫീസർ റാങ്ക് ഹോൾഡർമാരാണ് സെക്രട്ടറിയറ്റ് പടിക്കൽ സമരരംഗത്തുള്ളത്. എൽജിഎസ്‌ റാങ്ക്‌‌ ലിസ്റ്റിലുള്ളവരുടെ പ്രശ്‌നങ്ങൾക്ക്‌പരിഹാരം കാണുന്നതിന്‌ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന്‌ സർക്കാർ ഉറപ്പ്‌ നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിച്ചത്‌ ഉചിതമായി. സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രധാന ആവശ്യം റദ്ദായ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, റാങ്ക് ലിസ്റ്റ് കാലയളവിലുള്ള മുഴുവൻ ഒഴിവുകളിലും നിയമനം നൽകുക എന്നതാണ്. 2019 ജുലൈ ഒന്നിന്‌ നിലവിൽ വന്ന സിപിഒ റാങ്കുലിസ്റ്റുകൾ ഒരു വർഷ കാലാവധി പൂർത്തിയാക്കി 2020 ജൂൺ 30ന്‌ റദ്ദായി. ഇതിനിടയിൽ 5601 പേർക്കും എല്ലാ ബറ്റാലിയനുമായി നിയമനം നൽകി. ഇത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആകെ ഉദ്യോഗാർഥികളുടെ 51.2 ശതമാനം വരും. എൽഡിഎഫ്‌ ഭരണകാലത്ത് മാത്രമായി സിപിഒ മാരായി 11,268 പേർക്കാണ് നിയമനം കിട്ടിയത്. 2009 ൽ നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റിൽ മുഖ്യ പട്ടികയിലെ മുഴുവൻ പേരെയും നിയമന ശുപാർശ ചെയ്ത കാര്യമാണ് ചിലർ ചൂണ്ടി ക്കാണിക്കുന്നത്. എന്നാൽ ആ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷമായിരുന്നു. എല്ലാ ട്രെയിനിങ്‌ ആവശ്യമുള്ള യൂണിഫോംഡ് തസ്തികകളുടെയും കാലാവധി ഒരു വർഷമാക്കിയത് കഴിഞ്ഞ യുഡിഎഫ്‌ സർക്കാരാണ്‌.

റദ്ദായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം നിയമസാധുതയില്ലാത്തതാണ്. റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്ന് ഒരു വർഷമോ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നില്ലെങ്കിൽ മൂന്ന് വർഷമോ എന്നതാണ് പൊതുനിയമം. സവിശേഷ സാഹചര്യത്തിൽ സർക്കാർ നിയമന നിരോധനം ഏർപ്പെടുത്തുമ്പോഴോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാല താമസമോ തടസ്സമോ ഉണ്ടായെന്ന് കണ്ടാലോ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാം. അവ പരമാവധി നാലരവർഷം വരെയാകാം. എന്നാൽ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന വേളയിൽ മാത്രമേ അത്തരം സാഹചര്യത്തിൽ തീരുമാനമെടുക്കാനാകൂ. റദ്ദായാൽ ഒരു കാരണവശാലും അവ സാധ്യമല്ല. ഇക്കാര്യം 2007 –-ലെ കെ തുളസീധരൻ v/s കേരളാ പിഎസ്‌സി കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്‌. അതുകൊണ്ട് തന്നെ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക സാധ്യവുമല്ല.

ലാസ്റ്റ് ഗ്രേഡ് സർവന്റ്‌ റാങ്ക് ലിസ്റ്റിൽ മുൻ റാങ്ക് ലിസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ നിയമന ശുപാർശയിൽ കുറവുണ്ട്. അതിനുള്ള കാരണങ്ങളിൽ യോഗ്യതാ മാറ്റം, പ്രധാന ആസ്ഥാന ഒഴിവുകൾ ജില്ലാതല റാങ്ക് ലിസ്റ്റിൽ നിന്നും നികത്താനാകാത്തത്, ഓഫീസ് ആധുനികവൽക്കരണം എന്നിവ കൂടിയാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ നിയമനമനുസരിച്ച് ഈ റാങ്ക് ലിസ്റ്റിൽനിന്നും നിയമനം നടക്കണമെന്നത് ജോലി പ്രതീക്ഷയുള്ളവരുടെ ആഗ്രഹമാകാമെങ്കിലും അതിനാവശ്യമായ ഒഴിവുകൾ നിലവിലുണ്ടോ എന്നതാണ് മുഖ്യം.

കേരളത്തിൽ നിയമന നിരോധനമുണ്ടോ
കേരളത്തിൽ നിയമന നിരോധനമുണ്ടെന്ന വാദവും പൊള്ളയാണ്‌. കേരളത്തിന് പുറത്ത് വിവിധ റിക്രൂട്ട്മെന്റ്‌ സ്ഥാപനങ്ങൾ നോക്കുകുത്തിയാണ്‌. തമിഴ്നാട് പിഎസ്‌സി 2018-–-19 വർഷം 17,648 പേർക്ക് മാത്രമാണ് നിയമനം നൽകിയത്: അസം (440) , ഒഡീസ (1742), രാജസ്ഥാൻ (8640) എന്നിങ്ങനെയാണ്‌ മറ്റ്‌ ചില പിഎസ്‌സികൾ നൽകിയ നിയമനം. രാജ്യമാകെയുള്ള കേന്ദ്ര സർവീസിലേക്ക് നിയമന ശുപാർശ നടത്തുന്ന യുപിഎസ്‌സിയാകട്ടെ 4471 പേർക്കും സ്റ്റാഫ് സെലക്‌ഷൻ കമീഷൻ 16160 പേർക്കും മാത്രമാണ് ഇക്കാലയളവിൽ നിയമനം നൽകിയത്. എന്നാൽ കേരള പിഎസ്‌സിയാകട്ടെ 25,036 പേർക്ക് നിയമനം നൽകി. 2019–- 20 ൽ അത് 34,106 ആയി വർധിച്ചു. എട്ടു ലക്ഷത്തോളം ഒഴിവുകൾ കേന്ദ്ര സർവീസിൽ ഒഴിഞ്ഞുകിടക്കുകയാണ്‌.
ഇന്ത്യയിലെ പബ്ലിക് സർവീസ് കമീഷനുകളിൽ ഒന്നാം റാങ്കിൽ നിൽക്കുന്ന കേരള പിഎസ്‌സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താൽക്കാലിക രാഷ്ട്രീയ നേട്ടമുണ്ടാകാമെങ്കിലും പൊതു റിക്രൂട്ട്മെന്റ്‌ സ്ഥാപനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന സ്വകാര്യവൽക്കരണ വക്താക്കൾക്ക് അത് ഒരവസരമാകുമെന്ന് മറന്നു പോകരുത്. പിഎസ്‌സിയെ സർക്കാർ വിരുദ്ധ രാഷട്രീയത്തിന്റെ പേരിൽ ആക്ഷേപിക്കുമ്പോൾ വസ്തുതകൾ തുറന്ന് കാട്ടി പ്രതിരോധിക്കാൻ പൊതുസമൂഹം മുന്നോട്ട് വരണം.


Read more: https://www.deshabhimani.com/articles/kerala-psc-rank-holders-strike-and-rank-list/927585


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *