ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി 4.09 ലക്ഷംപേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന് മനോരമയുടെ കുത്തിത്തിരിപ്പ്‌. ശനിയാഴ്‌ചയാണ്‌ മുഖപ്രസംഗത്തിലൂടെയും നുണപ്രചാരണം. വാർത്തകളിൽ കള്ളം ആവർത്തിച്ചിട്ടും ഫലിക്കുന്നില്ലെന്ന്‌ കണ്ടപ്പോഴാണ്‌ മനോരമ മുഖപ്രസംഗം ആയുധമാക്കുന്നത്‌.

മനോരമയുടെ കണക്കിൽ സംസ്ഥാന സർവീസിൽ ആകെ ജീവനക്കാർ 10,27,260. ഇതിൽ പിഎസ്‌സി നിയമനം ലഭിച്ചവർ 3,81,862. എയ്‌ഡഡ്‌ സ്ഥാപനങ്ങളിൽ 1,39,669പേർ. അങ്കണവാടി ജീവനക്കാർ 96,120. അവശേഷിക്കുന്ന 4.09 ലക്ഷംപേർ താൽക്കാലിക നിയമനം ലഭിച്ചവരാണെന്നാണ്‌ മനോരമ എഴുതിയത്‌. ഇതുവഴി ബന്ധുനിയമനവും അഴിമതിയും നടക്കുന്നുവെന്ന്‌ സ്ഥാപിക്കാനും‌ ശ്രമിച്ചു.

2021–-22ലെ ബജറ്റ്‌ രേഖകൾ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർ 5,22,223 ആണ്‌. ഇതിൽ സിവിൽ സർവീസുകാരും താൽക്കാലിക തസ്‌തികയിൽ നിയമിക്കപ്പെട്ടവരുമുണ്ട്‌. കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ 1,17,384 പേർ ജോലിചെയ്യുന്നു (ഇവരിൽ 96,120പേർ അങ്കണവാടി ജീവനക്കാരാണ്)‌. ഗ്രാന്റ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങളിൽ 20,023 ജീവനക്കാരുണ്ട്‌.
നിയമസഭയിൽ സമർപ്പിച്ച 2021 ജനുവരിയിലെ ബ്യൂറോ ഓഫ്‌ പബ്ലിക്‌ എന്റർപ്രൈസസിന്റെ അവലോകന റിപ്പോർട്ട്‌ പ്രകാരം സംസ്ഥാനത്തെ 105 പൊതുമേഖലാ സ്ഥാപനത്തിൽ കരാറും താൽക്കാലികവും ഉൾപ്പെടെ 1,29,156 ജീവനക്കാരുണ്ട്‌. ഇതിൽ 96,705 പേർ കെഎസ്‌ഇബി, കെഎസ്‌ആർടിസി, കെഎസ്‌സിഡിസി, കെഎസ്‌എഫ്‌ഇ, സപ്ലൈകോ, വാട്ടർ അതോറിറ്റി എന്നിവയിലാണ്‌. ബാക്കി 99 പൊതുമേഖലാ സ്ഥാപനത്തിൽ‌ 32,451 ജീവനക്കാരും.

ഇതെല്ലാം ചേർത്താലും സർക്കാരിലും പൊതുമേഖലയിലുമുള്ളവർ 7,88,786 ആണ്‌. മനോരമ കണക്കുപ്രകാരം 10,27,260 ജീവനക്കാർ തികയാൻ 2,38,474 പേരുടെ കുറവുണ്ട്‌. അങ്കണവാടി ജീവനക്കാരെ കുറച്ചാൽ കരാർ, ദിവസന വേതന ജോലിക്കാർ 21,264 പേർ മാത്രവും‌. ഇതും മറച്ചുവച്ചാണ്‌ ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി മനോരമയുടെ താൽക്കാലിക, പിൻവാതിൽ നിയമന കള്ളപ്രചാരണം‌.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *