Wednesday, 9th September 2020, 1:51 pm
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണം കണ്ണന്‍ദേവന്‍ കമ്പനി ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. പെട്ടിമുടി ദുരന്തത്തെ സംബന്ധിച്ച പഠനം നടത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തം നടന്നതായി കമ്പനി ഉദ്യോഗസ്ഥര്‍ അധികൃതരെ അറിയിച്ചത് സംഭവത്തിന്റെ 10 മണിക്കൂര്‍ ശേഷമാണെന്നും ഇത് രക്ഷാപ്രവര്‍ത്തനം വൈകിയതിനും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്ടിമുടി ദുരന്തത്തില്‍ പലരും മരിച്ചത് പുലര്‍ച്ചെ നാലിനും ആറിനും ഇടയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തലേദിവസം രാത്രി 10 മണിക്ക് തന്നെ സംഭവം കണ്ണന്‍ദേവന്‍ കമ്പനിയുടെ ഫീല്‍ഡ് ഓഫീസര്‍, മാനേജര്‍ എന്നിവരറിഞ്ഞിരുന്നു. പക്ഷേ, ഇവര്‍ വിവരം അധികൃതരെ അറിയിച്ചത് പിറ്റേദിവസം രാവിലെ എട്ട് മണിക്ക് മാത്രമാണ്. നേരത്തെ വിവരം പുറംലോകത്തെത്തിയിരുന്നെങ്കില്‍ ഒട്ടേറെ പേരെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കണ്ണന്‍ദേവന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണന്‍ദേവന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തോട്ടം മേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥകളെ സംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
പെട്ടിമുടിയില്‍ ബാക്കിയുള്ള ലയങ്ങളും അപകടഭീഷണിയില്‍ തന്നെയാണെന്നും അവിടെ ഇനിയും തൊഴിലാളികുടുംബങ്ങളെ താമസിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ്, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതും അപകട സാധ്യത ഉള്ളതുമായ സ്ഥലങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന കണ്ണന്‍ ദേവന്‍ കമ്പനിയുടെ നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വൈകിയാണെങ്കിലും കണ്ണന്‍ദേവന്‍ കമ്പനി തുടര്‍ന്നുപോരുന്ന ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന ഈ റിപ്പോര്‍ട്ട് പ്രശംസനീയമാണെന്നും വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ നടക്കണമെന്നും ‘പെണ്‍പിള ഒരുമൈ’ നേതാവ് ഗോമതി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.
പെട്ടിമുടി ദുരന്തം കേവലം പ്രകൃതി ദുരന്തമല്ല എന്നും തൊഴിലാളികളെ അപകട സ്ഥലങ്ങളില്‍ താമസിപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കുന്ന കമ്പനിയുടെ പ്രവൃത്തി മനുഷ്യക്കുരുതിക്ക് തുല്യമാണെന്നും ഗോമതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തോട്ടം തൊഴിലാളികളോടുള്ള അവഗണനകളില്‍ പ്രതിഷേധമറിയിച്ചുകൊണ്ട്, പെട്ടിമുടി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചതിന് ആഗസ്ത് 13 ന് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
നിലവിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രധാനപ്പെട്ടതാണെങ്കിലും ഇത്തരമൊരു കൂട്ടക്കുരുതിയിലേക്ക് നയിച്ചതില്‍ കണ്ണന്‍ ദേവന്‍ കമ്പനിയ്ക്കും ടാറ്റയ്ക്കുമുള്ള പങ്കിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് സി.പി.ഐ.എം.എല്‍.റെഡ് സ്റ്റാറിന്റെ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
ഉരുള്‍ പൊട്ടലിനിടയാക്കിയ വിധത്തില്‍ കമ്പനി നടത്തിയിട്ടുള്ള മരം മുറിക്കലുകള്‍, മണ്ണു നീക്കല്‍, പരിസ്ഥിതിയെ തകര്‍ത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമിയും വാസയോഗ്യമായ വീടും ലഭ്യമാകാതെ യാതൊരു സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ലയങ്ങളില്‍ അടിമ സമാനമായി കഴിയേണ്ടി വരുന്ന സാഹചര്യങ്ങളെ പറ്റിയും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.കെ ദാസന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ തോട്ടം തൊഴിലാളികള്‍ നേരിടുന്ന ഭൂരാഹിത്യമടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ അധിവസിക്കുന്ന അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന സ്വകാര്യ പ്ലാന്റേഷന്‍ കുത്തകകളാണ് തോട്ടം തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകളുടെ ഭൂമി കയ്യേറ്റത്തിനെതിരെ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍ സുശീല ഭട്ട് നേരത്തെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
പെട്ടിമുടി ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയാണെന്നും, കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകരായ എം. ഗീതാനന്ദന്‍, സി.എസ് മുരളി, കെ. അംബുജാക്ഷന്‍ എന്നിവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
‘നൂറ്റാണ്ടുകളായി അടിമസമാനമായ നിലയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഇവിടുത്തെ മനുഷ്യര്‍ നേരിട്ടത് വംശഹത്യയാണ്, ഇതൊരു കൂട്ടക്കൊലയാണെന്നതില്‍ തര്‍ക്കമില്ല. പെട്ടിമുടി ദുരന്തമുണ്ടായതിന് ശേഷം നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടിസ്ഥാനപ്രശ്‌നം മൂടിവെക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. വിഷയത്തില്‍ ആദ്യം ചോദ്യങ്ങളുയരേണ്ടത് കണ്ണന്ഡ ദേവന്‍ കമ്പനിക്ക് നേരെ തന്നെയാണ്’. എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച താന്‍ അടങ്ങുന്ന 15 അംഗ വസ്തുതാന്വേഷണ സംഘത്തെ കമ്പനി അധികൃതര്‍ തടയാന്‍ ശ്രമിച്ചുവെന്നും ഏറെ പ്രയാസപ്പെട്ടാണ് സംഭവസ്ഥലത്തെത്തിയതെന്നുമാണ് ഭൂസമരസമിതി പ്രവര്‍ത്തകനും സി.പി.ഐ.എം.എല്‍.റെഡ് സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റിയംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
പെട്ടിമുടിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരായി എന്തെങ്കിലും വിവരങ്ങള്‍ പുറത്തുനിന്നുവരുന്നവരോടോ മാധ്യമങ്ങളോടോ പറഞ്ഞാല്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയിരുന്നതായും എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനെ അറിയിച്ചു.
0 Comments