നിപ്പയെ പ്രതിരോധിച്ച നാട്ടിൽ കുപ്രചരണങ്ങൾ വിലപ്പോവില്ല….

അത്യധികം വിഷമത്തോടെയാണ് കഴിഞ്ഞ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. പേരാമ്പ്രയിൽ നടന്ന വിഷയത്തെ തുടർന്ന് ചെയ്യാത്ത ഒരുകാര്യം കെട്ടിവെച്ചുകൊണ്ട് ലീഗ്-കോൺഗ്രസ്സ് നേതാക്കളുടെ പ്രേരണയിൽ എനിക്കെതിരെ കലാപശ്രമത്തിനുള്ള വകുപ്പുകൾ ചാർത്തി കള്ളക്കേസ് നൽകിയത് വ്യക്തിപരമായി എന്നെ ഉലച്ചുകളഞ്ഞിരുന്നു. ഒരുകാലത്തും എനിക്ക് ആലോചിക്കാൻ പോലും വയ്യാത്ത ഒരു വകുപ്പാണ് എന്റെ മേൽ ലീഗ് -കോൺഗ്രസ്സ് സമ്മർദ്ദപ്രകാരം ചുമത്തിയത്. എന്നും മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ടുവെന്ന ഉത്തമബോധ്യമുള്ള ഒരു കമ്യൂണിസ്റ്റിന് സഹിക്കാൻ കഴിയുന്നതിലുമപ്പുറമാണ് അത്. സംഘപരിവാർ ആക്രമണങ്ങൾക്ക് വിധേയനായപ്പോഴും പോലീസ് ലാത്തിചാർജ്ജിൽ തളർന്നുകിടന്നപ്പോഴുമൊന്നും ഞാൻ വിഷമിച്ചിരുന്നില്ല, അഭിമാനബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ കേസുവഴി എന്നെ മുസ്ലിം വിരുദ്ധനായൊക്കെ കോൺഗ്രസ്സ് -ലീഗ് നേതാക്കളുൾപ്പെടെ ചിത്രീകരിച്ചപ്പോൾ, ഈ കേസുപയോഗിച്ച് ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർടിയെ കരിവാരിത്തേക്കാൻ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ശ്രമിച്ചപ്പോൾ ഞാനൊന്ന് പതറിപ്പോയി എന്നത് നേരാണ്. ജയിലിൽ നിന്നാണ് അറസ്റ്റിനുപിറ്റേദിവസമുള്ള പത്രങ്ങളൊക്കെ വായിച്ചത്. സംഘപരിവാരത്തിന്റെ മുഖപത്രമായ ജന്മഭൂമിയിലുൾപ്പെടെ എന്നെയും എന്റെ പ്രസ്‌ഥാനത്തേയും അധിക്ഷേപിക്കുന്നരീതിയിൽ ചിത്രസഹിതമുള്ള വാർത്ത കണ്ടപ്പോൾ വല്ലാത്ത വിഷമമായിരുന്നു തോന്നിയത്. പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡന്റും മുസ്ലിം ലീഗ് നേതാക്കളും ഓൺലൈൻ വിചാരണക്ക് നേതൃത്വം കൊടുത്ത വിവരം പിന്നീടാണ് അറിഞ്ഞത്. എന്നാൽ എന്നെ എന്റെ സംഘടന പഠിപ്പിച്ചത് തളരാതെ നിന്ന് പൊരുതാനാണ്. എന്റെ പ്രസ്‌ഥാനവും സഖാക്കളും എനിക്ക് ശക്തി തന്നു. സിപിഐഎം എന്ന പ്രസ്‌ഥാനത്തിന്റെ ഭാഗമായതിനാൽ തളർന്നുവീണുപോകാൻ എനിക്ക് കഴിയുമായിരുന്നില്ല. നിയമത്തിനുമുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് എനിക്കും എന്റെ പ്രസ്ഥാനത്തിനും ഉറപ്പുണ്ടായിരുന്നു. ഇന്നലെ കോടതിയിൽ നിന്ന് എനിക്ക് ജാമ്യം ലഭ്യമായപ്പോൾ അത് അസത്യപ്രചരണം നടത്തിയവർക്കെതിരെയുള്ള തിരിച്ചടിയായാണ് എനിക്ക് കാണാൻ കഴിയുക. എന്നാലും ഓൺലൈൻ ഇടങ്ങളിൽ അക്കൂട്ടർ പ്രചരിപ്പിച്ച കള്ളവാർത്തകളുണ്ടാക്കിയ കളങ്കം ആരുനികത്തും? ഞാനും എന്റെ സഖാക്കളുമനുഭവിച്ച സംഘർഷങ്ങൾക്കും പ്രയാസങ്ങൾക്കും എന്റെ സംഘടന നേരിട്ട ചോദ്യങ്ങൾക്കും ലീഗ് -കോൺഗ്രസ്സ് നേതാക്കൾ സമാധാനം പറയുമോ? അവർക്കിത് മുത്തലാഖ് വിഷയത്തിലെ അവരുടെ ജാള്യത മറച്ചുപിടിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു. പ്രബുദ്ധരായ ജനം എല്ലാം തിരിച്ചറിയുന്നുണ്ട്. സ്‌ഥലം എംപിയും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിൽപെടുന്ന കോടിയേരിക്കടുത്ത് പാറാലിൽ RSS ക്രിമിനലുകൾ മുസ്ലിം പള്ളി തകർത്തത് ഞാൻ ജയിലിൽ കിടന്ന ദിവസമാണ്. പേരാമ്പ്രയിൽ പള്ളിക്കെതിരെ ബോംബേറെന്നും പള്ളി പൊളിച്ചെന്നും പച്ചക്കള്ളം പറഞ്ഞുകൊണ്ട് പത്രസമ്മേളനം വിളിച്ചവർ പക്ഷേ പാറാലിലെ വിഷയത്തിൽ ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാരം എതിർപക്ഷത്തുവരുമ്പോൾ അല്ലെങ്കിലും അവർക്ക് പരിമിതികളാണല്ലോ. പയ്യോളിക്കടുത്ത് ലീഗ് പ്രവർത്തകരാണ് അതേ ദിവസം മറ്റൊരു പള്ളി ആക്രമിച്ചത്. പേരാമ്പ്ര വിഷയത്തിൽ ഉറഞ്ഞുതുള്ളിയവരെ അവിടെയും കണ്ടില്ല. സംഘ്പരിവാരവുമായി ഒത്തുകൊണ്ടാണ് ലീഗ്-കോൺഗ്രസ്സ് നേതൃത്വം പേരാമ്പ്രയിൽ ഗൂഢാലോചന നടത്തിയത്. എനിക്ക്, എന്റെ പ്രസ്‌ഥാനത്തിന്, പേരാമ്പ്രയിലെ എന്റെ സഖാക്കൾക്ക് ഒക്കെയും അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങൾക്ക് പിന്നിൽ ഈ അവിശുദ്ധ കോൺഗ്രസ്സ്-ലീഗ്-ബിജെപി കൂട്ടുകെട്ടാണ്. ഇക്കൂട്ടർ ഒന്നോർത്താൽ നന്ന്, ഒരു ഫേക്ക് ന്യൂസിനും സിപിഐഎമ്മിന്റെ മതനിരപേക്ഷ മൂല്യങ്ങൾക്കും നിലപാടുകൾക്കും ഒരു ചെറിയ പോറലുപോലുമേൽപ്പിക്കാൻ കഴിയില്ല. മേപ്പയൂരിലെ ധീര രക്തസാക്ഷി സഖാവ് ഇബ്രാഹിമിന്റെ പ്രസ്‌ഥാനത്തിന് അക്കാര്യത്തിൽ ലീഗ്-കോൺഗ്രസ്സ് നേതാക്കളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. സംഘപരിവാരം ബാബറി മസ്ജിദ് പൊളിച്ചപ്പോൾ മിണ്ടാതെ നോക്കിയിരുന്നവരാണ് പച്ചക്കള്ളം പരത്തി സിപിഐഎമ്മിനെ വിമർശിക്കുന്നത്. ഇക്കൂട്ടരുടെ കള്ളവാർത്തകൾക്ക് അൽപ്പായുസ്സേയുള്ളൂ എന്നതിനാലും ചാർജ് ചെയ്ത വകുപ്പുകൾ നിയമത്തിനുമുന്നിൽ നിലനിൽക്കാത്തതിനാലുമാണ് എനിക്ക് ജാമ്യം കിട്ടിയത്. ഒരു കമ്യൂണിസ്റ്റുകാരനും മുസ്ലിം വിരുദ്ധനാകാൻ കഴിയില്ല. കമ്യൂണിസ്റ്റുകാർക്ക് പള്ളി തകർക്കുന്നത് ചിന്തിക്കാൻപോലുമാവില്ല. തലശ്ശേരി കലാപത്തിനിടെ മെരുവമ്പായി പള്ളി പൊളിക്കാൻ ചെന്ന സംഘപരിവാർ കലാപകാരികളെ തടഞ്ഞുനിർത്തിയതിനാണ് സിപിഐഎം മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സഖാവ് യുകെ കുഞ്ഞിരാമൻ രക്തസാക്ഷിയായത്. സഖാവ് യുകെ കുഞ്ഞിരാമന്റെ പാർടിക്ക് പള്ളികളുടെ സംരക്ഷണമേറ്റെടുത്ത് നിൽക്കാൻ മാത്രമേ കഴിയുകയുള്ളൂ. പേരാമ്പ്ര സംഭവത്തെ സിപിഐഎമ്മിനെ അടിക്കാനുള്ള വടിയായും തങ്ങളുടെ നഷ്ട്ടപ്പെട്ട പിന്തുണ വീണ്ടെടുക്കാനുള്ള ടൂളായുമാണ് കോൺഗ്രസ്- ലീഗ് നേതൃത്വങ്ങൾ കരുതുന്നതെങ്കിൽ അവർ സഹായിക്കുന്നത് സംഘപരിവാരത്തിനെ മാത്രമാണ്. അത് തിരിച്ചറിയാൻ ലീഗ് -കോൺഗ്രസ്സ് അണികൾക്കെങ്കിലും കഴിയേണ്ടതുണ്ട്.

പേരാമ്പ്രയിൽ എന്താണ് അന്ന് സംഭവിച്ചത്?

പേരാമ്പ്രയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ജനുവരി രണ്ടിനാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം നടന്ന അന്ന് വൈകീട്ടാണ് പരിവാർ സംഘടനകൾ പേരാമ്പ്രയിൽ അഴിഞ്ഞാടിയത്. നിരവധി കടകൾക്കും ഹോട്ടലുകൾക്കും സിപിഐഎം/DYFI ഓഫീസുകൾക്കുനേരെയും കല്ലേറുണ്ടായി. പിറ്റേന്ന് സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും DYFI പ്രവർത്തകർ സംഘപരിവാറിനെ ചെറുക്കാൻ മുന്നിൽ നിന്നു. കടകൾ തുറന്നു പ്രവർത്തിച്ചു. കരിദിനം പ്രഖ്യാപിച്ച്‌ പരിവാർ സംഘടനകളുടെ ഹർത്താലിനോട് ഐക്യപ്പെടാനാണ് കോൺഗ്രസ്സ് സംസ്‌ഥാന തലത്തിൽ തീരുമാനിച്ചത്. പേരാമ്പ്രയിലെ കോൺഗ്രസ്സുകാർ ഒരു പടി കടന്ന് പരിവാറിനുവേണ്ടി തെരുവിലിറങ്ങുകയും ആക്രോശം മുഴക്കുകയും ചെയ്തു. ഹർത്താൽ ദിവസം പേരാമ്പ്രയിൽ പ്രകടനം നടത്താൻ പോലും RSS മുതിരാതിരുന്ന ഘട്ടത്തിലാണ് യൂത്ത് കോൺഗ്രസ്സുകാർ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പേരാമ്പ്രയിൽ പ്രകടനം വിളിക്കുന്നത്. അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രകടനത്തിൽ മുഴങ്ങിക്കേട്ടത്. കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായിയെ അധിക്ഷേപിക്കുന്ന അത്യന്തം മോശകരമായ മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ്സിന്റെ പ്രകടനം നടന്നത്, പേരാമ്പ്രയിലും കേരളമാകെയും നടന്ന പരിവാർ ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്എഐ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ അതേ സമയത്തുതന്നെയായിരുന്നു. ഇതേതുടർന്ന് യൂത്ത് കോൺഗ്രസിന്റെ പ്രകടനം പോലീസ് ഇടപെട്ട് തടയുകയായിരുന്നു. എന്നാൽ ഡിവൈഎഫ്ഐ പ്രകടനത്തിനുനേരെ വടകര റോഡ് ജങ്ക്ഷനിൽ വെച്ച് യൂത്ത് കോൺഗ്രസ്സുകാർ ഏകപക്ഷീയമായി കല്ലേറ് തുടങ്ങുകയായിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുടലെടുക്കുകയും ഞാനുൾപ്പെടെയുള്ള ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഇടപെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കുറ്റ്യാടി റോഡിലുള്ള പേരാമ്പ്ര മാർക്കറ്റ് ഭാഗത്തേക്ക്‌ തിരിച്ചുവിടുകയും സംഘർഷാവസ്‌ഥയ്ക്ക് അയവുവരുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയത്താണ് ലീഗ് ഓഫീസിൽ നിന്നും ചിലർ ബോധപൂർവ്വം പ്രശ്നം സൃഷ്ട്ടിക്കുവാൻ തുടങ്ങിയത്. ഡിവൈഎഫ്ഐ നേതൃത്വം പ്രവർത്തകരെ നിയന്ത്രിച്ച് കുറ്റ്യാടി റോഡിലേക്ക് പറഞ്ഞുവിടുമ്പോഴാണ് പിന്നെയും ലീഗ് ഓഫീസിൽ നിന്നും ശക്തമായ കല്ലേറുണ്ടായത്. യൂത്ത് ലീഗ് പ്രവർത്തകരുടെ കല്ലേറിൽ നിന്നും ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റി അംഗം പികെ അജീഷ് മാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രൂക്ഷമായ കല്ലേറുതുടർന്നപ്പോഴാണ് അതേ കല്ലുകൾ കൊണ്ട് തിരിച്ചെറിയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ നിർബന്ധിതരായത്. എന്റെ കാലിൽ വലിയൊരു കല്ലാണ് വന്നുപതിച്ചത്. ഇതിനിടയിൽ പരസ്പരമുള്ള കല്ലേറിൽ ആരോ എറിഞ്ഞ ഒരു കല്ല് റോഡരികിലുള്ള പള്ളിയുടെ കോമ്പൗണ്ട് വാളിന്റെ ഫില്ലറിൽ കൊള്ളുകയുണ്ടായി. ഈ വിവരം ഞങ്ങൾ അറിയുന്നത് വളരെ പിന്നീടാണ്. ആ കല്ല് എവിടെനിന്നാണ് വന്നതെന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. DYFI പ്രവർത്തകരുടെ ഭാഗത്തുനിന്നും പള്ളിക്കുനേരെ കല്ലേറുണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാനാകും. മതിലിൽ ചെന്നുപതിച്ച കല്ല് ലീഗുകാരുടെ ഏറിലാവാനും സാധ്യതയുണ്ട്. (അതും മനഃപൂർവമാവാനിടയില്ല.) എന്നാൽ വെറുതേകേറി ലീഗുകാരാണ് എരിഞ്ഞതെന്ന് ആരോപിക്കാനും ഞങ്ങൾ ഒരുക്കമല്ല. പോലീസ് അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണത്.

സംഘർഷത്തിനുശേഷം സന്ധ്യക്ക്‌ പേരാമ്പ്ര സർവ്വീസ് സഹകരണ ബാങ്കിനുനേരെ കല്ലേറുണ്ടായി എന്ന് സഖാവ് ഷാൻ പ്രസാദ് വിളിച്ചുപറഞ്ഞപ്പോഴാണ് ബൈക്കിൽ ഞാൻ പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് പോയത്. പള്ളിയാക്രമണം പറഞ്ഞുള്ള ലീഗിന്റെ പ്രകടനം എന്നെ കടന്നുപോയത് അപ്പോഴാണ്. ഒരു പത്തുമിനിറ്റിനകം പേരാമ്പ്ര പോലീസ് എസ്എഫ്ഐ പ്രവർത്തകനായ നവതേജിനെ ടൗണിൽ തടഞ്ഞുവെച്ച് അതുൽദാസ് എവിടെയാണെന്ന് ചോദിക്കുകയുണ്ടായി. ഇതിനിടെ ലീഗ് നേതൃത്വത്തിൽ റോഡ് ഉപരോധം ആരംഭിക്കുകയും ചെയ്തിരുന്നു.

കൊയിലാണ്ടിയിലെ എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്ത് എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാഗ് പേരാമ്പ്രയിൽ വന്നിറങ്ങിയപ്പോൾ തന്നെ അനുരാഗിനെയും അനുരാഗിനെ ഡ്രോപ്പുചെയ്യാൻ വന്ന കൊയിലാണ്ടി മുൻ ഏരിയാ സെക്രട്ടറി റിബിനെയും പോലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അതുൽദാസിനെ ഹാജരാക്കിയാൽ വിട്ടയക്കാമെന്ന് പോലീസ് നിരന്തരം ഇവരോട് പറയുന്നുണ്ടായിരുന്നു. ഇതും കഴിഞ്ഞ് രാത്രി ഏതാണ്ട് പതിനൊന്നരമണിക്കാണ് എനിക്കെതിരെയുള്ള പരാതി സ്റ്റേഷനിൽ എത്തുന്നത്. “അഖിൽ ദാസ്” എന്ന് പരാതിക്കാർ തെറ്റായി എഴുതിയത് CI തിരുത്തിക്കൊടുക്കുകയായിരുന്നു. എസ്എഫ്ഐ പേരാമ്പ്ര ഏരിയാ സെക്രട്ടറിയായി പ്രവർത്തിച്ച കാലത്തെ വൈരാഗ്യമാവണം എന്റെ പേരിൽതന്നെ കേസ് കൊടുക്കാൻ ലീഗുകാരെ പ്രേരിപ്പിച്ചത്.

പേരാമ്പ്ര പള്ളിയുടെ കോമ്പൗണ്ട് വാളിന്റെ ഫില്ലറിൽ കല്ലെറിഞ്ഞത് ആരാണെന്നുവ്യക്തമല്ലെങ്കിലും അങ്ങനെയൊരാരോപണം ഉയർന്നപ്പോൾതന്നെ ബഹുമാനപ്പെട്ട മന്ത്രി ടിപി രാമകൃഷ്ണനും സിപിഐഎം ജില്ലാ സെകട്ടറി സഖാവ് പി മോഹനൻ മാസ്റ്ററും പള്ളി സന്ദർശിക്കുകയും പള്ളി കമ്മിറ്റിക്കുണ്ടായ പ്രയാസത്തിൽ പങ്കുചേരുകയും ചെയ്തിട്ടുണ്ട്. സിപിഐഎമ്മിന്റെ ജാഗ്രതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്നാട്ടിൽ സമാധാനം പുലർത്തേണ്ടത് ലീഗിന്റേയോ കോൺഗ്രസിന്റെയോ ബിജെപിയുടെയോ താല്പര്യമല്ല, സിപിഐഎമ്മിന്റെ മാത്രം ആവശ്യമാണത്. ശബരിമല വിഷയത്തിൽ കുളം കലക്കാൻ മൂന്നുകൂട്ടരും തുനിഞ്ഞിറങ്ങിയ വേളയിൽ ഒരു കലാപമുണ്ടാവരുതെന്ന ഉത്തമബോധ്യത്തിലാണ് പാർടി നേതൃത്വം പള്ളി സന്ദർശിച്ചത്. തുടർന്ന് മഹല്ല് കമ്മിറ്റിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതുമാണ്. എന്നാൽ എല്ലാം തീർന്നിടത്തുനിന്നുമാണ് ലീഗ് -കോൺഗ്രസ്സ്-ബിജെപി മുന്നണി സിപിഐഎമ്മിനെതിരെ പിന്നീട് കല്ലുവെച്ച നുണകൾ പടച്ചുവിടാൻ ആരംഭിച്ചത്. ഒടുവിൽ ഇന്നലെ വൈകുന്നേരത്തോടെ ആ നാടകവും പൊളിഞ്ഞിരിക്കുകയാണ്. സിപിഐഎമ്മിന്റെ മതനിരപേക്ഷ നിലപാടിനെ ചോദ്യം ചെയ്യാൻ ലീഗും കോൺഗ്രസ്സും ഏതായാലും വളർന്നിട്ടില്ല. എല്ലാ കള്ളക്കേസുകളെയും ദുഷ്പ്രചാരങ്ങളെയും ഇന്നാട്ടിലെ ജനങ്ങൾ തള്ളിക്കളയുമെന്ന ഉറച്ച ബോധ്യമുണ്ടെനിക്ക്.

എത്ര കള്ള തിരക്കഥകൾ പടച്ചുവിട്ടാലും അത്തരം പരിപ്പ് ഇവിടെ വേവില്ല. കാരണം ഇത് പേരാമ്പ്രയാണ്, കേരളമാണ്….15


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *