13/03/2021

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും

പ്രൊഫ സി രവീന്ദ്രനാഥ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ?

പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നത് 2017-2018 മുതലാണ്; അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവര്‍ഷം പിന്നിട്ടതുമുതല്‍. ഇതിനുള്ള ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനാണ്. ഇവര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. 1990-1991 മുതല്‍ 2019-20 വരെയുളള 30 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഔപചാരികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാര്‍ട്ട് ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാന്‍ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാന്‍ കഴിയും.

2017 ജൂണ്‍ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 12198 വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചെന്നും രണ്ടു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ 1.45 ലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (പിന്നീട് ഈ വര്‍ദ്ധനവ് 1.57 ലക്ഷമായി പുതുക്കിയിട്ടുണ്ട്.) തൊട്ട് മുമ്പുള്ള വര്‍ഷം ഒന്നാം ക്ലാസില്‍ 4512 കുട്ടികള്‍ കുറഞ്ഞതു കൂടി പരിഗണിച്ചാല്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 16710 കുട്ടികളുടെ വര്‍ദ്ധന കാണാവുന്നതാണ് എന്നും വ്യക്തമാക്കിയതാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നതെന്നും 2017 ജൂണില്‍ കൃത്യമായി വിശദീകരിച്ചതാണ്.

തൊട്ടടുത്ത വര്‍ഷം ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂര്‍ത്തിയായ റിപ്പോര്‍ട്ട് 2018 ജൂണ്‍ 22-ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആ വര്‍ഷം രണ്ട് മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പുതുതായി 1.86 ലക്ഷം കുട്ടികള്‍ എത്തിയതായും ഒന്നാം ക്ലാസില്‍ മാത്രം 10,078 കുട്ടികള്‍ വര്‍ദ്ധിച്ചതായും വ്യക്തമാക്കിയതാണ്. അതായത് ഈ രണ്ടു വര്‍ഷങ്ങളിലായി 3.3 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-20ലും 2020-21 ലും ഇത് യഥാക്രമം 1.64 ലക്ഷമായും, 1.77ലക്ഷമായും വര്‍ദ്ധിക്കുകയും അങ്ങനെ 2017 മുതലുള്ള നാലു വര്‍ഷത്തില്‍ പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുകയാണുണ്ടായത്.

മൊത്തം കുട്ടികളുടെ എണ്ണം (1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന) 2015-16 ല്‍ രേഖപ്പെടുത്തിയ കുറവും അതിനു മുമ്പുള്ള പ്രവണതയും നോക്കുമ്പോള്‍ ചുരുങ്ങിയത് ഒരു ലക്ഷം കുട്ടികളുടെ കുറവ് 2016-17 ല്‍ രേഖപ്പെടുത്തേണ്ടിടത്ത് ആ വര്‍ഷം 20837 മാത്രമേ ഉള്ളൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2017 ജൂണിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018-19-ല്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി മൊത്തം കുട്ടികളുടെ എണ്ണത്തിലും 32349 ന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുകയുണ്ടായി. പിന്നീട് 2019-20, 2020-21 വര്‍ഷങ്ങളിലും മൊത്തം കുട്ടികളുടെ എണ്ണത്തിലും യഥാക്രമം 27183 ഉം 50556 ഉം വര്‍ദ്ധന രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍-എയിഡഡ് മേഖലയില്‍ ഓരോ വര്‍ഷവും ശരാശരി 4 ലക്ഷം കുട്ടികള്‍ പത്താം ക്ലാസില്‍ നിന്ന് വിടുതല്‍ ചെയ്യുകയും അടുത്ത വര്‍ഷം 2.50 ലക്ഷം കുട്ടികള്‍ മാത്രം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൊത്തം എണ്ണം നോക്കിയല്ല പുതുതായി വരുന്ന കുട്ടികളുടെ എണ്ണം നിശ്ചയിക്കേണ്ടത് എന്നും പകരം ഓരോ വര്‍ഷവും താഴ്‍ന്ന ക്ലാസുകളില്‍ നിന്നും അടുത്ത ക്ലാസുകളിലേക്ക് സ്വാഭാവികമായും പ്രൊമോട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിന് ഉപരിയായുള്ള എണ്ണമാണ് പുതിയ കുട്ടികളുടെ എണ്ണമെന്നത് ശാസ്ത്രീയമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ചപോലെ എല്ലാ വര്‍ഷവും ഒന്നാം ക്ലാസും പത്താം ക്ലാസും തമ്മില്‍ ശരാശരി 1.5 ലക്ഷം കുട്ടികളുടെ വ്യത്യാസമുണ്ടെന്നിരിക്കെ അടുത്ത വര്‍ഷം ഈ 1.5 ലക്ഷത്തിനപ്പുറം പുതുതായി കുട്ടികള്‍ വന്നാലേ (അതായത് 1,50,001 കുട്ടികള്‍ പുതുതായി ചേര്‍ന്നാലേ 1 കുട്ടിയുടെ വര്‍ദ്ധന മൊത്തം എണ്ണത്തില്‍ അടുത്ത വര്‍ഷം ഉണ്ടാകൂ) വര്‍ദ്ധന ഉണ്ടാവൂ എന്നിരിക്കെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ആവിഷ്കരിച്ചതും കഴി‍ഞ്ഞ നാലു വര്‍ഷമായി മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതുമായ പുതിയ കുട്ടികളുടെ എണ്ണം കണക്കാക്കുന്ന രീതി ഇപ്പോള്‍ സംശയ നിഴലിലാക്കുന്നത് വസ്തുതകള്‍ അറിയാതെ ആകാനിടയില്ല. അതായത് മുന്‍വര്‍ഷം ഒരു ക്ലാസില്‍ പഠിച്ച കുട്ടിക്കും അവര്‍ ക്ലാസ് കയറ്റം ലഭിച്ച് അടുത്ത ക്ലാസില്‍ എത്തുമ്പോള്‍ പ്രസ്തുത ക്ലാസില്‍ എത്ര കുട്ടികള്‍ പഠിക്കുന്നു എന്ന് താരതമ്യം ചെയ്താണ് ഓരോ ഘട്ടത്തിലും എത്ര കുട്ടികള്‍ കൂടുതലായി എത്തുന്നത് എന്ന് കണക്കാക്കുന്നത്. ഇതാണ് ശാസ്ത്രീയമായ രീതി. ഇതനുസരിച്ച് കുട്ടികള്‍ ഓരോ വര്‍ഷവും ഓരോ ക്ലാസിലും എത്രമാത്രം എത്തുന്ന എന്ന കണക്ക് എല്ലാ വര്‍ഷവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരസ്യപ്പെടുത്തുന്നുണ്ട്. ഇതിനെ മൊത്തം കുട്ടികളും എണ്ണം എന്നല്ല, പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവ് (ഒരു വര്‍ഷം ഒഴികെ) കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ജനന നിരക്ക് നോക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ ഓരോ വര്‍ഷവും കുട്ടികള്‍ കുറവാണ് രേഖപ്പെടുത്തേണ്ടത്. അതോടൊപ്പം 2018-19 മുതല്‍ ഇരുപത്തഞ്ചു വര്‍ഷത്തിനുശേഷം മൊത്തം കുട്ടികളുടെ എണ്ണത്തിലും സ്ഥിരമായ വര്‍ദ്ധന ഉണ്ടായി എന്നതും വ്യക്തമായി കാണാനാകുന്നതാണ്.

2017 ജൂണ്‍ മുതല്‍ കഴി‍ഞ്ഞ നാലു വര്‍ഷവും വളരെ കൃത്യമായി പ്രസിദ്ധീകരിക്കുകയും മുഴുവന്‍ സ്കൂളിലേയും ഓരോ ക്ലാസിലെയും ആണ്‍-പെണ്‍ വിഭാഗം തിരിച്ച് കുട്ടികളുടെ കണക്കുകള്‍ സമേതം വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് സ്ഥിരമായി ലഭ്യമാക്കി വരികയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഇക്കാര്യത്തില്‍ വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ പൊതുവിദ്യാഭ്യാസ മേഖല നന്നായി മുന്നോട്ടു പോവുന്നതില്‍ നിരാശയുള്ളവരാണ് എന്നുവേണം കരുതാന്‍.

മലയാള മനോരമയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കണക്കില്‍ 2015-16 ല്‍ 33.67 ലക്ഷം ആയിരുന്നത് 2019-20-ല്‍ 33.27 ലക്ഷമായി കുറഞ്ഞു എന്ന വിചിത്രവാദം നിരത്തിയിരിക്കുകയാണ്. ഇനി ഈ കണക്ക് നോക്കിയാല്‍ പോലും സര്‍ക്കാര്‍ അടിസ്ഥാനമാക്കിയെടുത്ത 2016-17-ലെ 32,89811 എന്ന മൊത്തം കുട്ടികളില്‍ നിന്നും (2017-18: 32,67506, 2018-19: 32,99855, 2019-20: 33,27038 എന്നിങ്ങനെ) 2020-21-ലെ 33,77594 എന്ന എണ്ണത്തിലേക്ക് മൊത്തം എണ്ണംതന്നെ (പുതുതായി വന്ന കുട്ടികളുടെയല്ല) വളരുമ്പോള്‍ അത് കുറവാണോ കൂടുതലാണോ എന്ന് വിശകലനം ചെയ്യാന്‍ പൊതുവിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരനുപോലും കഴിയും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.

2018, 2019 ജൂലൈ മാസങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയില്‍ പ്രസിദ്ധീകരിച്ച സ്റ്റാറ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടറുടെ ലേഖനങ്ങള്‍ (മൂന്ന് വര്‍ഷം കൊണ്ട് 5.04 ലക്ഷം കുട്ടികള്‍ പുതുതായി വന്നതിന്റെ കണക്കുകള്‍) https://education.kerala.gov.in/downloads/ ലിങ്കിലുണ്ട്. ഈ ലേഖനങ്ങളില്‍ കാര്യങ്ങള്‍ സുവ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം 2020-21-ലെ പുതിയ കണക്കുകള്‍ വിശദമായി sametham.kite.kerala.gov.in പോര്‍ട്ടലിലും ലഭ്യമാണ്.

എല്ലാ ദുഷ്‍പ്രചരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കുമെന്നും അടുത്ത ജൂണില്‍, അതായത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഗ്രാഫ് ഇനിയുമുയരുമെന്നും ഈ മേഖലയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഉറപ്പുണ്ട്.

ഇത്തരം കണക്കുകൾ നോക്കാതെ തന്നെ സ്വന്തം നാട്ടിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലെ മാറ്റം പരിശോധിച്ചാൽ കുട്ടികളെ എണ്ണത്തിലെ വർദ്ധനവ് മനസ്സിലാക്കാം. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ പരിഹസിക്കരുത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *