“പ്രളയഫണ്ട് സംഭാവന തിരികെ ചോദിച്ച് 97 പേർ” എന്ന മനോരമാ വാർത്ത വായിച്ച പലരും കാരണം അന്വേഷിക്കുന്നുണ്ട്. വാർത്ത വസ്തുതയാണ്. വ്യക്തമായ കാരണങ്ങൾ സഹിതം തുക തിരികെ ആവശ്യപ്പെട്ട കേസുകൾ വെവ്വേറെ സർക്കാർ പരിശോധിക്കുകയും അതിൽ വസ്തുതയുണ്ട് എന്ന് ബോധ്യപ്പെട്ട കേസുകളിൽ പണം തിരികെ നൽകാൻ ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. സാലറി ചലഞ്ചിൽ സമ്മതപത്രം കൊടുക്കാത്തവരുടെ അക്കൌണ്ടിൽ നിന്ന് പിടിച്ച തുക, അക്കൌണ്ട് നമ്പർ തെറ്റിപ്പോയെന്ന് അറിയിച്ചവർ, തുക തെറ്റായി രേഖപ്പെടുത്തിയവർ എന്നിങ്ങനെ പലതരം കാരണങ്ങളുണ്ട്.

ലക്ഷക്കണക്കിന് ചെക്കുകളും അടവുകളുമാണ് കഴിഞ്ഞ പ്രളയകാലത്ത് കൈകാര്യം ചെയ്തിട്ടുള്ളത്. അപ്പോൾ അപൂർവമായി ഇങ്ങനെ ചില തകരാറുകൾ വരുന്നത് സ്വാഭാവികമാണ്.
കഴിഞ്ഞ പ്രളയകാലത്ത് സമ്മതപത്രം നൽകാതെയാണ് ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന പിടിച്ചത് എന്ന് വ്യക്തമാക്കിയ എല്ലാവരുടെയും പണം തിരികെ നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാണ്.

ന്യായമായ മറ്റു ചില കേസുകളുമുണ്ട്. ഉദാഹരണത്തിന് പ്രദീപ് ചന്ദ്രമൌലി എന്ന വ്യക്തി 21000 രൂപയാണ് സംഭാവന നൽകിയത്. എന്നാൽ ഓൺലൈൻ വഴി സംഭാവന അയച്ചപ്പോൾ, സാങ്കേതികത്തകരാറു മൂലം 3 തവണ 7000 എന്ന് രേഖപ്പെടുത്തേണ്ടി വന്നുവെന്നും യഥാർത്ഥത്തിൽ സംഭാവന ചെയ്യാനുദ്ദേശിച്ച 7000ത്തിനു പകരം 21000 രൂപ അക്കൌണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ടു എന്നും അറിയിച്ചിരുന്നു. പ്രദീപ് ചന്ദ്രമൌലിയ്ക്ക് 14000 രൂപ തിരികെ നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

ഇതേ ആവശ്യം കാസർകോടു സ്വദേശിയായ വീണാ കുമാരിയും ഉന്നയിച്ചിരുന്നു. അവർ ഒരു ലക്ഷം രൂപയാണ് സംഭാവന നൽകാൻ ഉദ്ദേശിച്ചിരുന്നത്. തുക ഓൺലൈനായി കൈമാറാൻ ശ്രമിച്ചപ്പോൾ സാങ്കേതിക തകരാറു മൂലം അഞ്ചു തവണ ഒരു ലക്ഷം എന്ന് രേഖപ്പെടുത്തേണ്ടി വന്നുവെന്നും അങ്ങനെ ആകെ അഞ്ചു ലക്ഷം കൈമാറി എന്നും സംഭാവനത്തുകയായ ഒരു ലക്ഷം കിഴിച്ച് നാലു ലക്ഷം തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ വസ്തുത ബോധ്യപ്പെട്ടതിനെ തുടർന്ന് ഇവർക്കും 400000 രൂപ മടക്കി നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

അതുപോലെ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ 24277/- രൂപയുടെ ചെക്കാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. എന്നാൽ ബാങ്കിൽ 2,42,777 എന്ന് തെറ്റായി എൻട്രി വരുത്തിയതുമൂലം അധികപണം ദുരിതാശ്വാസനിധിയിലേയ്ക്ക് മാറിയിരുന്നു. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും മടക്കി നൽകിയിട്ടുണ്ട്.

കോതമംഗലം മുൻസിപ്പാലിറ്റിയിൽ നിന്നും സമാനമായ ഒരാവശ്യമുയർന്നു. ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ 39329 രൂപയുടെ ചെക്ക് 399329 രൂപയെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് തുക ട്രാൻസ്ഫർ ചെയ്തത്. ഈ തുകയും മടക്കി നൽകിയിട്ടുണ്ട്.

അതുപോലെ നടക്കാവ് ബ്ലോക്ക് പ്രോജക്ട് ഓഫീസിൽ നിന്ന് സർവശിക്ഷാ അഭിയാന്റെ ഭാഗമായി സ്കൂളിന് നൽകിയ 150000 രൂപയുടെ ചെക്ക്, ബാങ്ക് തെറ്റായി ദുരിതാശ്വാസ നിധിയിലേയ്ക്കു മാറിയെന്ന് പരാതി ലഭിച്ചു. ഇതും അന്വേഷണത്തിൽ വസ്തുതയാണെന്ന് ബോധ്യപ്പെടുകയും ആ തുക തിരികെ നൽകുകയും ചെയ്തിട്ടുണ്ട്.

ചില ഉദാഹരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഇതുപോലെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പണം മടക്കി ആവശ്യപ്പെട്ടവരുടെ കാര്യം അനുഭാവപൂർവം തന്നെയാണ് സർക്കാർ പരിഗണിച്ചത്. ഇക്കാര്യത്തിൽ മറ്റു തരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് സാംഗത്യമില്ലെന്ന് വ്യക്തമാക്കട്ടെ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *