ഞാൻ പ്രസിഡന്റായി, സഹകരണ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (Ltd No.1671) യുടെ പേരിൽ കൊല്ലം മേവറം ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന അഷ്ടമുടി ആശുപത്രി വാങ്ങിയതുമായി ബന്ധപ്പെട്ട് യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന അപവാദപ്രചരണങ്ങൾ യാതൊരടിസ്ഥാനവുമില്ലാത്തതാണ്. എം.എൽ.എ. എന്ന നിലയിൽ എന്റെ പ്രവർത്തനം കൂടുതൽ ജനകീയവും സുതാര്യവുമായി മുന്നോട്ടു കൊണ്ടു പോകുന്നതിലുള്ള അസൂയയും അസഹിഷ്ണുതയുമാണ് ഇത്തരം കുപ്രചരണങ്ങൾക്ക് ആധാരം. കല്ലുവാതുക്കൽ ആസ്ഥാനമായി പ്രാദേശികമായ 25 പേരെ ഉൾപ്പെടുത്തിയാണ് ടി സംഘം രജിസ്റ്റർ ചെയ്തത്. സഹകരണ നിയമപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട 11 പേരുള്ള ഡയറക്ടർ ബോർഡാണുള്ളത്. സംഘത്തിൽ നിലവിൽ 136 അംഗങ്ങളാണുള്ളത്. 2.65 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. ഓഹരിമൂലധനം സമാഹരിക്കുമ്പോൾ ഒരു ലക്ഷത്തിലധികമുള്ള ഓഹരി തുക അവരവരുടെ അക്കൗണ്ടിൽ നിന്നും അക്കൗണ്ട്‌പേയി ചെക്കായിട്ടാണ് സംഘത്തിന് നൽകുന്നത്. സംഘത്തിലെ ഒന്നാം നമ്പർ അംഗമായ ഞാൻ ഒടുക്കിയിട്ടുള്ള ഓഹരിതുക 5000 രൂപയാണ്. ഓഹരി എടുത്തിട്ടുള്ള ഏതൊരാളിന്റെയും സാമ്പത്തിക ഉറവിടം ബോദ്ധ്യപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ഓഹരി സമാഹരണം നടത്തി സഹകരണമേഖലയിൽ ഒരു പൊതു സ്ഥാപനം സാമൂഹ്യപ്രതിബദ്ധതയോടെ രൂപീകരിച്ച് പ്രവർത്തിക്കുന്നതിലുള്ള രാഷ്ട്രീയ അസഹിഷ്ണുത മാത്രമാണ് ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത എനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യാപരമായ പ്രചാരണങ്ങൾ. പൊതു സമൂഹം ആയത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾകൊണ്ട് മാത്രം സാധാരണ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. പിന്നെ ആശ്രയിക്കേണ്ടതും ശക്തമാക്കേണ്ടതും സഹകരണ മേഖലയെയാണ്. അതുകൊണ്ടാണ്, കൊല്ലം മേവറത്ത് കഴിഞ്ഞ 12 വർഷത്തിലധികമായി സാമൂഹിക പ്രതിബദ്ധതയുള്ള 50 ഡോക്ടർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച്, കേരള അക്കാഡമി ഓഫ് ഹെൽത്ത് സയൻസ് & റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വന്നിരുന്ന അഷ്ടമുടി ആശുപത്രി സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ ഏറ്റെടുക്കാൻ ടി സംഘം ഭരണസമിതി തീരുമാനിച്ചത്. രൂപീകരണ കാലംമുതൽ തന്നെ സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ ചൂഷണത്തിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത് എന്ന വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിന് ഇപ്പോൾ സർക്കാർ നടപ്പിലാക്കാൻ പോകുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ ഓരോ ചികിത്സയെ സംബന്ധിച്ചും ആശുപത്രികൾ നിരക്കുകൾ പരസ്യപ്പെടുത്തണമെന്ന സുപ്രധാന വ്യവസ്ഥയുണ്ട്. പ്രസ്തുത നിയമം നിലവിൽ വരുന്നതിന് മുൻപ്, ആരംഭകാലം മുതൽ ചികിത്സാ നിരക്കുകൾ ആശുപത്രിയുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയോടെയാണ് ഈ ആശുപത്രി പ്രവർത്തിച്ചുവന്നിരുന്നത്. സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിപ്രകാരമുള്ള ചികിത്സകൾക്ക് സർക്കാർ വളരെ നാമമാത്രമായ തുകയാണ് ചികിത്സാഫീസായിനിശ്ചയിച്ചിരിക്കുന്നത്. ആയതിനാൽ ബഹുഭൂരിപക്ഷം സ്വകാര്യആശുപത്രികളും ഈ ചികിത്സാപദ്ധതിയിൽ നിന്നും ഒഴിഞ്ഞുനിൽക്കുമ്പോൾ അഷ്ടമുടി ആശുപത്രിയിൽ സർക്കാർ ഇൻഷ്വറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സകൾ ആരംഭകാലംമുതൽ തന്നെ നൽകിവരുന്നുണ്ട്. ടി ആശുപത്രി പ്രസിദ്ധീകരിച്ചിട്ടുള്ള ചികിത്സാനിരക്കുകൾ പരിശോധിക്കുമ്പോൾ ആർക്കും ഇത് ബോദ്ധ്യപ്പെടും. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു. (ആദ്യം കാണിച്ചിട്ടുള്ളത് ആശുപത്രിയിലെ പൊതുനിരക്കും രണ്ടാമത് കാണിച്ചിട്ടുള്ളത് സർക്കാർ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള രോഗികളുടെ നിരക്കും ആണ്)സാധാരണ പ്രസവം 10000 – 7000സിസേറിയൻ 20500 -12000ഗർഭാശയം നീക്കം ചെയ്യൽ 26000 – 20000ഹെർണിയ 19500 – 10000പൈൽസ് 18000 – 10200അപ്പന്റിസൈറ്റീസ് 19500 – 11000പ്രോസ്റ്റേറ്റ് 25000 – 25000വെരിക്കോസ് വെയിൻ 18500 – 10000തൈറോയ്ഡ് 32000 – 20000കാൽമുട്ട് മാറ്റിവയ്ക്കൽ 100000 – 80000ഇന്ന് സ്വകാര്യ ചികിത്സാമേഖലയിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന അനാവശ്യമായ മരുന്നു നൽകൽ, അനാവശ്യ ശസ്ത്രക്രിയ നിശ്ചയിക്കൽ, അനാവശ്യമായ ടെസ്റ്റുകൾ തുടങ്ങിയ ചൂഷണങ്ങൾക്കെതിരായുള്ള ഒരു പരിശ്രമമാണ് ഈ ആശുപത്രിയെന്നത് സമൂഹത്തിന് ബോധ്യമുള്ളതാണ്. ഇത്തരത്തിൽ ഒരു ആശുപത്രി സഹകരണസംഘത്തിന്റെ പേരിൽ വാങ്ങണമെങ്കിൽ ആയതിന് സർക്കാർ വകുപ്പുകളുടെ വിലനിർണ്ണയ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. വസ്തുവിന്റെ വിലസംബന്ധിച്ച് റവന്യൂവകുപ്പിന്റെയും കെട്ടിടം സംബന്ധിച്ച് PWD കെട്ടിടവിഭാഗത്തിന്റെയും സർട്ടിഫിക്കറ്റുകളാണ് വേണ്ടത്. അത്തരത്തിൽ ആശുപത്രിയുടെ പേരിലുള്ള 76 സെന്റ് വസ്തുവും 27000 സ്‌ക്വയർഫീറ്റ് കെട്ടിടവും സർക്കാർ വകുപ്പുകൾ വാല്യുവേഷൻ നിശ്ചയിച്ചപ്പോൾ 11.5 കോടി രൂപയാണ് വില നിർണ്ണയിച്ചത്. എന്നാൽ ടി കമ്പനി, ഈ സ്ഥാപനം സഹകരണ സംഘത്തിന് കൈമാറാം എന്ന് സമ്മതിച്ചത് 5.25 കോടി രൂപയ്ക്കാണ്. പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ള സഹകരണ സംഘത്തിന് കൈമാറുന്നു എന്നതിനാലാണ് സർക്കാർ വിലയുടെ പകുതിയിൽ താഴെ തുകയ്ക്ക് കൈമാറാൻ കമ്പനി അധികൃതർ തയ്യാറായത്. ഇത് സാധാരണനിലയിൽ അപൂർവ്വ സംഭവമാണ്. സാധാരണ നടക്കുന്നത്, സർക്കാർ വാല്യുവേഷനെക്കാൾ ഉയർന്നമാർക്കറ്റ് വിലയ്ക്ക് വസ്തുവാങ്ങേണ്ടിവരുന്ന അവസ്ഥയാണ്. ഇങ്ങനെ സർക്കാർ വിലയുടെ പകുതിയിൽതാഴെ തുകയ്ക്ക് മേൽ സൂചിപ്പിച്ചത് പോലെ ഒരാശുപത്രി ലഭിക്കും എന്ന് മനസ്സിലാക്കിയാണ് സഹകരണ സംഘം ഈ കമ്പനിയുമായി 5.25 കോടി രൂപയ്ക്ക് ആശുപത്രി കൈമാറാൻ എഗ്രിമെന്റ് ഉണ്ടാക്കിയത്. സഹകരണ സംഘം, കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് നൽകുന്ന തുക സംഘം അക്കൗണ്ടിൽ നിന്നും ചെക്കായിട്ടാണ് കമ്പനി അക്കൗണ്ടിലേക്ക് നൽകുന്നത് എന്നതും ഇടപാടിന്റെ സുതാര്യത വ്യക്തമാക്കുന്നു.ഇപ്പോൾ കരാർ വ്യവസ്ഥപ്രകാരം അഡ്വാൻസ് നൽകി ആശുപത്രി പ്രവർത്തനം സഹകരണ സംഘം ഏറ്റെടുത്ത് നന്നായി പ്രവർത്തിച്ചു വരുന്നു. കരാർ വ്യവസ്ഥക്കുള്ളിൽ ബാക്കി ഓഹരിതുക കൂടി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ചു നൽകി ആശുപത്രി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലേയ്ക്ക് പൂർണ്ണമായും മാറ്റും. ഈ ആശുപത്രി ഞാൻ പ്രസിഡന്റായുള്ള സഹകരണ സംഘത്തിന്റെ പേരിൽ വാങ്ങാൻ ശ്രമിച്ചതിന്റെ പേരിലാണ് കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ എന്റെ അനധികൃതസ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അത്യന്തം മ്ലേച്ഛമായ സമരങ്ങൾ നടത്തുന്നത് വസ്തുതകൾ എന്തെന്ന് മനസ്സിലാക്കാതെ ‘കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കുന്നത് പോലെ”, ‘മഞ്ഞയുള്ളവന് കാണുന്നതെല്ലാം മഞ്ഞയാണെന്ന് തോന്നുന്നത് പോലെ’ ഇക്കൂട്ടർ വ്യക്തിഹത്യയ്ക്ക് ഇറങ്ങിപുറപ്പെടുകയാണുണ്ടായത്. എന്റെ സ്വത്തുവിവരം ഏത് ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതും സ്വാഗതം ചെയ്യുന്നു. പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതരത്തിൽ ബോധപൂർവ്വമായ ഒരു പരിശ്രമം നടക്കുന്നത് കൊണ്ട് ചിലത് സൂചിപ്പിക്കട്ടെ. എനിക്ക് ലഭിക്കുന്ന പൊതുഅംഗീകാരമോ, അധികാരസ്ഥാനങ്ങളോ, സംഘടനാപരമായ അധികാരങ്ങളോ എനിക്കോ എന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനോ യാതൊരു നേട്ടവുമുണ്ടാക്കാൻ പാടില്ലായെന്ന ഉറച്ച ബോധ്യത്തിൽ പൊതു പ്രവർത്തനം നടത്തുന്ന ആളാണ് ഞാൻ. എന്റെ ഭാര്യ 18 വർഷം മുമ്പ് എച്ച്. ഡി. സി. കോഴ്‌സ് പാസായ ആളാണ്. സഹകരണ ബാങ്കുകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നു എന്ന് ചില ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഒരു ബാങ്കിലും ഒരു തസ്തികയിലേയ്ക്കും അപേക്ഷിക്കാൻ പോലും പാടില്ല എന്ന് ഭാര്യയോട് പറഞ്ഞിട്ടുള്ള ആളാണ് ഞാൻ. ഭാര്യയ്ക്ക് എവിടെയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ ജോലി നേടിയെടുക്കുക, മക്കൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്വാധീനംചെലുത്തി അഡ്മിഷൻ തരപ്പെടുത്തുക എന്ന തരത്തിലൊന്നും ഇടപെടുന്ന ആളല്ല ഞാൻ എന്ന് എന്നെ നേരിട്ടറിയാവുന്നവർക്ക് ബോധ്യമുള്ളതാണ്. ഇന്ന് പൊതുരംഗത്തുള്ള എത്ര നേതാക്കൾക്ക് കുടുംബത്തോട് ഈ സമീപനം എടുക്കാൻ കഴിയും എന്ന് ആത്മപരിശോധന നടത്തട്ടെ. എന്റെ ഭാര്യ ഒരു എൽ. ഐ. സി. ഏജന്റാണ്. എന്റെ കുടുംബത്തിന്റെ മുഖ്യവരുമാനം ഇതാണ്. കഴിഞ്ഞ 16 വർഷത്തിലധികമായി എൽ.ഐ.സി.യിൽ നിന്നും എന്റെ ഭാര്യയ്ക്ക് ലഭിച്ചിട്ടുള്ള എൽ..ഐ.സി. കമ്മീഷൻ തുക 78 ലക്ഷത്തിലധികമാണ്. ഭാര്യയ്ക്ക് കുടുംബപരമായി ലഭിച്ച ഒന്നരഏക്കർ ഭൂമി ഈ കാലയളവിനുള്ളിൽ വിൽക്കേണ്ടിവന്നതും യാഥാർത്ഥ്യമാണ്. ഇത് കൂടാതെ കുറച്ച് അധികം ബാങ്ക് ലോണുകളും എനിക്ക് സമ്പാദ്യമായുണ്ട്.നടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ – 46 ലക്ഷം കലയ്‌ക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ – 26 ലക്ഷംഇളംകുളം സർവ്വീസ് സഹകരണബാങ്കിൽ – 12 ലക്ഷംചാത്തന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ – 12 ലക്ഷം ആകെ – 96 ലക്ഷംഈ വായ്പകളെല്ലാം ജപ്തി നടപടിയിലാണ്. പിന്നെ കുറച്ച് കൈവായ്പകളും കടമായി നിലനിൽക്കുന്നുണ്ട്. ശേഷിക്കുന്ന വസ്തുക്കൾ വിറ്റ് കടങ്ങൾ തീർക്കാമെന്ന ആത്മവിശ്വാസമാണ് ആകെയുള്ള കൈമുതൽ. ഈ മാസാവസാനം ഭാര്യയുടെ കുടുംബസ്വത്തിൽ 40 സെന്റ് വസ്തുവിറ്റ് ടി കടങ്ങളുടെ ചെറിയ ഒരു ഭാഗം വീട്ടാനുള്ള നടപടിയിലാണ് ഞാൻ എന്നതും സന്തോഷപൂർവ്വം ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. എന്റെ നിയമസഭാതെരെഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികയോടൊപ്പം നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ സൂചിപ്പിക്കാത്ത ഏതെങ്കിലും ഒരു സ്വത്ത് എനിക്കുണ്ടെന്ന് തെളിയിക്കാൻ ഹൃദയവേദനയോടെ ആവശ്യപ്പെടുകയാണ്. കൂടുതൽ ഇൻഷ്വറൻസ് കവറേജും കുറഞ്ഞ പ്രീമിയവും അടങ്ങുന്ന കുറച്ച് എൽ.ഐ.സി. പോളിസികൾ മാത്രമാണ് എന്റെ ഏക ഭൗതിക സമ്പാദ്യം. മറ്റെന്തിനേക്കാളുമുപരി പാർട്ടി പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുന്ന സ്വഭാവം വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ഞാൻ പുലർത്തിയിരുന്നു. എനിക്ക് ബാങ്കിൽ ക്ലാർക്കായി ജോലി ലഭിച്ചിട്ടും ബഹുഭൂരിപക്ഷം കാലയളവും ജോലി ഉപേക്ഷിച്ച് ലീവെടുത്ത് ഫുൾടൈം പാർട്ടി പ്രവർത്തകനായി പ്രവർത്തിച്ചു. മുതിർന്നവർ പലരും അരുതെന്ന് ഉപദേശിക്കുമ്പോഴും എനിക്ക് ഈ പ്രവർത്തനം ഒരു ആവേശമായിരുന്നു. ഈ പ്രവർത്തനങ്ങളിൽ ജനങ്ങൾ നൽകുന്ന ഒരു പൊതു അംഗീകാരത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യമായി കരുതി ഞാൻ മുന്നോട്ട് പോയി. ഇങ്ങനെയുള്ള എനിക്ക് സാമ്പത്തിക ഉറവിടത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യാൻ ഒട്ടും ഭയമില്ല. ഞാൻ സൂചിപ്പിച്ചിട്ടുള്ള ഏതെങ്കിലും കാര്യം വസ്തുതാപരമല്ലെന്നോ മറ്റേതെങ്കിലും തരത്തിൽ ഞാൻ സ്വത്ത് ആർജ്ജിച്ചിട്ടുണ്ടെന്നോ ഏതെങ്കിലും സാമ്പത്തിക താൽപര്യങ്ങൾക്ക് അഴിമതി നടത്തിയിട്ടുണ്ടെന്നോ വ്യക്തമായി ബോധ്യപ്പെടുത്തിയാൽ പൊതുസമൂഹവും നിയമവും വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്. ഒരു വിഷയം കൂടി സൂചിപ്പിക്കട്ടെ. ഞാൻ എം.എൽ.എ ആയി ചുമതലഏറ്റെടുത്തശേഷം മണ്ഡലത്തിലെ വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ പ്രവർത്തനങ്ങൾ ശാക്തീകരിക്കാൻ പ്രത്യേകശ്രദ്ധ നൽകിയിട്ടുണ്ട്. അതിലൊന്നാണ് ചാത്തന്നൂർ സമഗ്രവിദ്യാഭ്യാസ പദ്ധതി. എല്ലാ സ്‌കൂളുകളിലും വികസന സമിതികൾ രൂപീകരിച്ച് പൊതുജനപങ്കാളിത്തത്തോടെ നടന്ന പ്രവർത്തനങ്ങൾ നാടിന് അറിവുള്ളതാണ്. ഈ പദ്ധതി ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ച് മാതൃകാപരമായി ചാത്തന്നൂരിലേയ്ക്ക് പ്രത്യേകമായി ഉത്തരവ് നൽകിയിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഓരോ സ്‌കൂളുകളിലും നടന്ന പ്രവർത്തനങ്ങൾ ഞാൻ വിശദീകരിക്കുന്നില്ല. അതാത് സ്‌കൂളുകളിലെ പി.ടി.എ യും വികസനസമിതികളുമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നടപ്പിലാക്കിയത്. ഈ പ്രവർത്തനങ്ങളിൽ എം.എൽ.എ യുടെ പേരിൽ അഴിമതി ആരോപിക്കുന്നത് ”കുരുടൻ ആനയെകണ്ടത് പോലെയാണ് ”. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാത്തന്നൂർ മണ്ഡലത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, സേവന, പശ്ചാത്തല മേഖലകളിലായി വിവിധ പദ്ധതികൾ ജനപങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ഞാൻ മുൻകൈയ്യെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖല – ‘ചാത്തന്നൂർ സമഗ്രവിദ്യാഭ്യാസ പദ്ധതി ‘ആരോഗ്യമേഖല – ‘ആരോഗ്യരക്ഷാചാത്തന്നൂർ ‘എല്ലായിടത്തും കുടിവെള്ളം എത്തിക്കാൻ – ‘ദാഹനീർചാത്തന്നൂർ ‘ (90 കോടി അനുവദിച്ചു)ജനസൗഹൃദസർക്കാർ ആഫീസ് – ‘ജനപക്ഷം ചാത്തന്നൂർ ‘നാടിന്റെ സുരക്ഷയ്ക്ക് പോലീസുമായി ചേർന്ന് – ‘സുരക്ഷിത ചാത്തന്നൂർ ‘കാർഷിക മേഖലയ്ക്ക് – ‘പുനർജനി ചാത്തന്നൂർ ‘കായികമേഖലയ്ക്ക് – ‘കളിക്കളം ചാത്തന്നൂർ ‘അങ്കണവാടികൾക്ക് – ‘പൊൻകിരണം ചാത്തന്നൂർ ‘കാരുണ്യ മേഖലക്ക് – ‘എം.എൽ.എ. താലോലം, സ്‌നേഹസ്പർശം ചാത്തന്നൂർ ‘ -എന്നിവ പ്രധാനപ്പെട്ട ചില പദ്ധതികളാണ്. ഈ പദ്ധതികൾക്കെല്ലാം ജനങ്ങളുടെ പൂർണ്ണമായ പിന്തുണലഭിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരം പ്രവർത്തനങ്ങളെ തകർക്കാനും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയെ തളർത്താനും ചില കുബുദ്ധികൾ രൂപം കൊടുത്ത വ്യാജപ്രചാരണങ്ങളെ പൊതു സമൂഹം തള്ളിക്കളയുമെന്ന് ഉറപ്പാണ്. പൊതു നന്മയെ നശിപ്പിക്കാൻ ഒരു സാമൂഹ്യ വിരുദ്ധ ശക്തിക്കും കഴിയില്ല. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, തല്ലിക്കൊല്ലാം എന്നാണ് ചില സാമൂഹ്യവിരുദ്ധരുടെ വ്യാമോഹം. ‘അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ‘എന്നേ പറയാനുള്ളൂ. എന്നിലെ പൊതുപ്രവർത്തകന്റെ ഇച്ഛാശക്തിയെ തളർത്താൻ ഒരു കുപ്രചരണങ്ങൾക്കുമാവില്ല എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു. ഈ കത്തിൽ സൂചിപ്പിച്ചിട്ടുള്ള എന്റെ കുടുംബപരമായ ബാധ്യതകൾ പൊതുസമൂഹത്തിന്റെ മുന്നിൽ പറയണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചതല്ല. ഞാനും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ മാന്യതപോലും പൊതുസമൂഹത്തിൽ ഇല്ലാതാക്കാൻ ബോധപൂർവ്വം ചിലർ നടത്തുന്ന ശ്രമങ്ങളാണ് എന്റെ ഈ ഗതികെട്ട അവസ്ഥ സൂചിപ്പിക്കാൻ നിർബന്ധിതമായത്. ഒരു സഹകരണ സംഘം നിയമപരമായി രൂപീകരിച്ച് സഹകരണ വകുപ്പിന് കീഴിൽ സുതാര്യമായി പ്രവർത്തിപ്പിക്കുന്നത് ഭരണഘടനാപരമായി ഒരു പൗരന്റെ മൗലികാവകാശമാണ്. പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല എന്നത് പാർട്ടി പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട വിഷയമാണ്. അതൊരു വീഴ്ചയായി ഞാൻ പാർട്ടിയിൽതന്നെ സമ്മതിച്ചിട്ടുണ്ട്. ആയതിനുളള സാഹചര്യവും വിശദമാക്കിയിട്ടുണ്ട്. അത് പാർട്ടി ഗൗരവമായി പരിശോധിക്കും. ഒരു ഉൾപ്പാർട്ടി വിഷയത്തെ ഇത്തരത്തിൽ വാസ്തവവിരുദ്ധമായ വ്യക്തി ഹത്യക്ക് ഉപയോഗിക്കുന്നത് പൊതുസമൂഹത്തിൽ മാതൃകാപരമാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
ജി.എസ്. ജയലാൽ എം. എൽ. എ.
ചാത്തന്നൂർ.
06-7-2019
G S Jayala’s response to Bindu Krishna, UDF, BJP
0 Comments