പാലക്കാട് നഗരസഭാ ഭരണം അഴിമതിയില്‍ ഉലയുന്നു. അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന നേതാക്കളായ കൌണ്‍സിലര്‍മാര്‍ ഇരുചേരികളിലായതോടെ ഭരണപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി ഭരണത്തിലെത്തിയ നഗരസഭയിലാണ് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പാര്‍ടി അംഗങ്ങള്‍തന്നെ രംഗത്തെത്തിയത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സ്വകാര്യ ബഹുനിലകെട്ടിടത്തിന് ബസ്സ്റ്റാന്‍ഡിലേക്ക് മുഖം നല്‍കാനായാണ് മതില്‍പൊളിച്ചതെന്നും പത്തുലക്ഷംരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. മതില്‍ പൊളിക്കാന്‍ നല്‍കിയ ഉത്തരവ് പുനഃപരിശോധിച്ച് റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ഭരണപക്ഷത്തുനിന്നുതന്നെ ആവശ്യമുയര്‍ന്നു.ബിജെപി സംസ്ഥാന സെക്രട്ടറിയും നഗരസഭാ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ ഇതോടെ പ്രതിരോധത്തിലായി. അതേസമയം ആരോപണവുമായി പാര്‍ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജനും മുതിര്‍ന്ന നേതാവ് എസ് ആര്‍ ബാലസുബ്രഹ്മണ്യനും ഉള്‍പ്പെടുന്ന വിഭാഗം മറുചേരിയില്‍ സജീവമായി. ഭരണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതോടെ സംസ്ഥാന നേതൃത്വത്തെ ഇടപെടുത്തി ആരോപണം ഉന്നയിക്കുന്നവരെ നിശബ്ദരാക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ സംസ്ഥാന സംഘടനാസെക്രട്ടറിമുമ്പാകെ വിഷയം ഉന്നയിച്ചതായി വരുത്തിത്തീര്‍ത്തു.മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ മതില്‍ പൊളിക്കാന്‍ സ്വകാര്യ വ്യക്തിക്ക് സഹായം ചെയ്തുകൊടുത്തതിന് ഭരണസംവിധാനം ദുരുപയോഗം ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പത്തുലക്ഷംരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുതിര്‍ന്ന നേതാവ് എസ് ആര്‍ ബാലസുബ്രഹ്മണ്യമാണ്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു എന്‍ ശിവരാജന്റെ ആവശ്യം. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പി സാബുവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. വിഷയം കൌണ്‍സിലില്‍ ഉന്നയിച്ച പി സ്മിതേഷ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചാണ് എത്തിയത്. ഭരണപക്ഷത്ത് അരങ്ങു തകര്‍ക്കുന്ന അഴിമതിക്കെതിരെ അവര്‍ക്കിടയില്‍തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ ഭാഗമായാണ് വിവരാവകാശപ്രകാരം രേഖകള്‍ സംഘടിപ്പിച്ചുള്ള ആസൂത്രിതആക്രമണം. നേതൃസ്ഥാനത്തുള്ളവര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയില്‍ പ്രതിഷേധിച്ച് ഏതാനും മാസങ്ങളായി ചില കൌണ്‍സിലര്‍മാര്‍ യോഗത്തില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.വ്യാഴാഴ്ച കൌണ്‍സിലില്‍ അഴിമതി ആരോപണം വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അധ്യക്ഷ മാറിനിന്നതെന്നും സൂചനയുണ്ട്. പകരം അധ്യക്ഷനായ വൈസ് ചെയര്‍മാനാവട്ടെ പ്രതിരോധിക്കാനാവാതെ കുഴങ്ങുന്ന സ്ഥിതിയാണ് കണ്ടത്.
ഈ സമയം ന്യായവാദമുന്നയിച്ച് രക്ഷിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടിനേതാവ് മാത്രമാണ്. സാധാരണ ബഹളവുമായി രംഗത്തെത്താറുള്ള യുഡിഎഫിലെ മുന്‍നിര നേതാക്കളാരും ശബ്ദിച്ചില്ല. പ്രതിരോധത്തിന്റെ ഭാഗമായി വൈസ് ചെയര്‍മാന്‍ ഉന്നയിച്ച അതേ കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഒരു കൌണ്‍സിലറും പറഞ്ഞത്. ഇതിനുപിന്നിലും ആസൂത്രണമുണ്ടെന്ന് ആക്ഷേപമുണ്ട്. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന ബിജെപിയിലെ വി നടേശന്റെ മൌനവും കൌണ്‍സിലില്‍ ശ്രദ്ധിക്കപ്പെട്ടു. ഭരണപക്ഷത്തെ മറ്റ് കൌണ്‍സിലര്‍മാരും നിശബ്ദരായി ഇരുന്നു. സിപിഐ എം അംഗങ്ങളാവട്ടെ, മതില്‍ പൊളിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യമുയര്‍ത്തി. നഗരസഭാ ഭരണം മുഴുവന്‍ രണ്ടുപേരുടെ മാത്രം കൈപ്പിടിയിലൊതുങ്ങുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം പരിഗണിച്ച അജന്‍ഡയിലെ പത്തോളം വിഷയങ്ങളില്‍ അഴിമതിയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഈ വിഷയം പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെ ഏതാനും കൌണ്‍സിലര്‍മാര്‍ കത്തു നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. യുഡിഎഫ് അംഗങ്ങള്‍ ബഹളമുണ്ടാക്കി കൌണ്‍സില്‍ തടസ്സപ്പെടുത്തുമെന്നു സൂചന കിട്ടിയതിനാല്‍ അജന്‍ഡ പാസാക്കി പിരിയുന്നത് ഒഴിവാക്കാനാണ് വിയോജിപ്പ് രേഖാമൂലം നല്‍കിയതെന്നാണ് വിവരം.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-26-05-2017/646628
0 Comments