സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തൊഴിലില്ലായ്മ പ്രതിസന്ധിയെ നേരിടുകയാണ്. നവ ഉദാരവത്ക്കരണ നയപരിപാടികൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ചതു മുതൽ, ഇന്ത്യൻ ഭരണകൂടം ജനങ്ങൾക്ക് നൽകിയിരുന്ന വികസന സ്വപ്നങ്ങളുടെ യാഥാർഥ്യം എത്രമാത്രം പൊള്ളയായിരുന്നെന്ന് വെളിപ്പെടുന്ന ഒരു ചരിത്ര സന്ദർഭം കൂടിയാണ് ഇന്ത്യയുടെ വർത്തമാനക്കാല തൊഴിലില്ലായ്മ പ്രതിസന്ധി. 2014 ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം, ഈ പ്രതിസന്ധി സമാനതകളില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നു. ‘തൊഴിലില്ലാ വളർച്ച’ (Jobless Growth) ഏതൊരു നവ ലിബറൽ സമ്പദ് വ്യവസ്ഥയുടെയും മുഖമുദ്രയാണ്. കാർഷിക വ്യവസ്ഥയുടെ ആധുനികവത്ക്കരണം നടപ്പിലാകാത്ത ഇന്ത്യ പോലുള്ള പൂർവ്വ കൊളോണിയൽ രാജ്യങ്ങളിൽ, ഇതിന്റെ ഭവിഷ്യത്തുകൾ ഭയാനകവുമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സസൂക്ഷമം നിരീക്ഷിക്കുന്ന സി.എം.ഐ. ഇ (Center for Monitoring Indian Economy- CMIE) സെപ്തംബർ ആദ്യ വാരം പ്രസിദ്ധീകരിച്ച അവരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്, രാജ്യത്തെ മൊത്തം തൊഴിൽ നിരക്ക് 37.5 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നാണ്. തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനത്തിൽ നിൽക്കുന്നു. ഫെബ്രുവരി മാസത്തിൽ ഇത് 7.2 ശതമാനമായിരുന്നു. കോവിഡ് ബാധയെത്തുടർന്ന് രാജ്യവ്യാപകമായ ലോക്ക് ഡൗൺ കേന്ദ്ര സർക്കാർ നടപ്പാക്കിയപ്പോൾ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനം വരെ ഉയർന്നു. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഇത് 7.4 ശതമാനമായി താഴ്ന്നു. വീണ്ടും ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ എട്ടു ശതമാനത്തിനു മുകളിലായിരിക്കുകയാണ്. ഇന്ത്യയുടെ തൊഴിലില്ലാപ്പട 32 ദശലക്ഷത്തിൽ നിന്നും 36 ദശലക്ഷമായി വർദ്ധിക്കുകയും ചെയ്തു.

ആഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച്, ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 9.61 ശതമാനവും, നഗരമേഖലയിൽ 8.67 ശതമാനവുമാണ്. ഗ്രാമീണ മേഖലകളിൽ തൊഴിൽ നഷ്ടം രൂക്ഷമായിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചത് ഗ്രാമീണ തൊഴിൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. നഗര മേഖലകളിൽ സ്ഥിര ശമ്പളക്കാരായ (salaried class) തൊഴിലാളികളിൽ കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ട് ഒരു കോടി എൺപത്തിയൊൻപത് ലക്ഷം പേർക്കെങ്കില്ലും ജോലി നഷ്ടപ്പെട്ടുവെന്നാണ് CMIE റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തെ ശമ്പളക്കാരായ തൊഴിലാളികളുടെ 1.8 ശതമാനം വരും. സാലറീഡ് ക്ലാസിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്. ഇത് ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ വാങ്ങൽ ശേഷിയെ (purchasing capacity) യും, മാർക്കറ്റിലെ ഇടപെടലിനെയും ഗണ്യമായി ബാധിച്ചു. ലോക്ക് ഡൗണിനു മുൻപേ തന്നെ, നോട്ട് നിരോധനവും, ജി.എസ്. ടി യും കാരണം തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഓട്ടോമൊബൈൽ മേഖലയെ ഈ തൊഴിൽ നഷ്ടത്തിന്റെ പുതിയ വേലിയേറ്റം സമ്പൂർണമായും തകർക്കും. വ്യവസായ മേഖലയിൽ ഓട്ടോമൊബൈൽ, തുണി, തുകൽ എന്നീ വ്യവസായങ്ങളാണ് ഏറ്റവും വലിയ തകർച്ച നേരിടുന്നത്. തുണി വ്യവസായ രംഗത്ത് മാത്രം 29 ശതമാനം തൊഴിൽ നഷ്ടം രേഖപ്പെടുത്തി. തുകൽ വ്യവസായ മേഖലയിൽ 22.5 ശതമാനവും, വാഹന വ്യപാര മേഖലയിൽ 21 ശതമാനം തൊഴിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ മേഖലകളിലെ ഭീതിദമായ തൊഴിൽ നഷ്ടം, ക്രഡിറ്റ് സംവിധാനത്തിന്റെ തകർച്ച വഴി ബാങ്കിംഗ് മേഖലയെ ആഴത്തിൽ ബാധിക്കുമെന്നുറപ്പാണ്. കോർപ്പറേറ്റുകളുടെ ബാധ്യതകൾ എഴുതി ത്തള്ളുന്നതും, കിട്ടാക്കടം വർദ്ധിക്കുന്നതും ഇന്ത്യൻ ബാങ്കുകളുടെ മൂലധന ശേഷിയെ തളർത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ തകർച്ചയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ വെളിപ്പെടുത്തുന്നത്, രാജ്യത്തിന്റെ വളർച്ച നിരക്ക് -23.9 ശതമാനമായി ചുരുങ്ങിയിരിക്കുന്നു എന്നാണ്. ഇത്രയും രൂക്ഷമായ തകർച്ച രാജ്യം മുൻപ് നേരിട്ടിട്ടില്ല. അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organization- ILO) എപ്രിൽ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ, സാമൂഹ്യ സുരക്ഷ നടപടികൾ ശക്തമാക്കിയില്ലെങ്കിൽ നാൽപത് കോടി ഇന്ത്യ ജനത ദാരിദ്ര രേഖയ്ക്ക് താഴെക്ക് വീഴുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അത് അക്ഷരാർത്ഥത്തിൽ സംഭവിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സംജാതമായിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ദുരിതം മറികടക്കാൻ സാർവ്വജനീയമായ സൗജന്യ റേഷനിംഗ് നടപടികളും, വാങ്ങൽ ശേഷി നശിച്ച ജനങ്ങളിലേക്ക് പരിമിതമായെങ്കില്ലും നേരിട്ടുള്ള പണവിതരണവും (Direct Cash Transfer) അടിയന്തരമായി നടത്തണമെന്ന് ഇടതുപക്ഷം ആവർ ത്തിച്ച് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടതാണ്. സാമൂഹിക അകലം പാലിച്ച് കോവിഡ് ബാധയെ ചെറുക്കാനും, ജനങ്ങളുടെ തൊഴിൽ ശേഷിയെ സംരക്ഷിച്ചു നിർത്താനും ഇത് അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ ഇത് ചെവി കൊള്ളാൻ മോദിയും കൂട്ടരും തയ്യാറായില്ല. ഫലം, സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴും ജീവൻ നിലനിർത്താനുള്ള ഭക്ഷണം പോലും ലഭിക്കാതെ, പട്ടിണിയിലായ ഇന്ത്യയുടെ ദശലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികൾ തലങ്ങും വിലങ്ങും പലായനം ചെയ്യുന്ന ദുരന്തത്തിന് രാജ്യം സാക്ഷ്യം വഹിച്ചു.

തൊഴിൽ നഷ്ടം രാജ്യത്ത് രൂക്ഷമായിട്ടും, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കിടക്കുന്ന എട്ടു ലക്ഷത്തിലധികം ഒഴിവുകൾ നികത്താൻ മോദി ഗവർമെന്റ് തയാറായിട്ടില്ല. സർവ്വ മേഖലകളിലും നിയമന നിരോധനം നിലനിൽക്കുന്നു. സെപ്തംബർ നാലാം തീയതി കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ നോട്ടിഫിക്കേഷൻ പ്രകാരം, കേന്ദ്ര സർക്കാരിന്റെ ഒരു വകുപ്പിലും പുതിയ നിയമനങ്ങൾ നടത്തേണ്ടതില്ല എന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇത് നിയമനത്തിനു സ്വതന്ത്ര അധികാരമുള്ള പൊതു മേഖല കമ്പനികൾക്കും കോർപ്പറേഷനുകൾക്കും ബാധകമാക്കിയിരിക്കുന്നു. ഒരു പുതിയ തസ്തികയും സൃഷ്ടിക്കുവാനും പാടില്ല. എന്നു മാത്രമല്ല 2020 ജൂലൈ മാസത്തിനു ശേഷം ഏതെങ്കില്ലും തസ്തിക അത്തരത്തിൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിലേക്ക് നിയമനം നടത്തുന്നതും നിരോധിച്ചിരിക്കുന്നു. 2019 ഡിസംബർ 12 ന് ആർ ആർ ബി ഫലപ്രഖ്യാപനം നടത്തിയ എഎൽപി , ടെക്നീഷ്യൻ (64371 ഒഴിവ്) തസ്തികകളിലേക്ക് ഒമ്പത് മാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല.
ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് 2019 ഫെബ്രുവരിയിലാണ് വിഞ്ജാപനമിറക്കിയത്. 1,03, ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചത്. 1.16 കോടി പേർ അപേക്ഷിച്ച ഈ തസ്തികയിലേക്ക് 18 മാസം പിന്നിട്ടിട്ടും പരീക്ഷ നടത്തിയില്ല. ആർ ആർബി , എൻടിപിസികളിൽ ഒഴിവുള്ള 35,227 തസ്തികയിലേക്കും കഴിഞ്ഞ വർഷം ഫിബ്രവരി 28 ന് വിജ്ഞാപനം ഇറക്കി. 1.26 കോടി പേരാണ് അപേക്ഷിച്ചത്. പക്ഷേ പരീക്ഷ നടത്തിയില്ല. പരീക്ഷ ഫീസായി രണ്ട് അപേക്ഷയിൽ കൂടി 1000 കോടി കേന്ദ്ര സർക്കാർ കൈക്കലാക്കി.

രാജ്യത്തെ പൊതു മേഖലയിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവേയിൽ പുതിയ റിക്രൂട്ട്മെന്റുകൾ നിരോധിച്ചു കൊണ്ട് കഴിഞ്ഞ ജൂൺ മാസം മുതൽ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം ഒഴിവുകളാണ് ഇന്ത്യൻ റെയിൽവേയിൽ നിലവിലുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സൃഷ്ടിക്കപ്പെട്ട പുതിയ തസ്തികകൾ മുഴുവൻ റിവ്യൂ (പുനപരിശോധന) നടത്തണമെന്നും, നിയമനം നടക്കാത്ത തസ്തികകൾ ഉടൻ തന്നെ റദ്ദാക്കണമെന്നും റെയിവേ ബോർഡ്, റീജ്യണൽ സോണുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകൾ മാത്രമല്ല, മുൻപ് നിലവിലുണ്ടായിരുന്നവയും വെട്ടി കുറയ്ക്കുകയാണ് റെയിൽവേ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ പകുതിയും റദ്ദാക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. നിരവധി ദുരന്തമുഖങ്ങളെ നേരിടുമ്പോഴും കേരളത്തിലെ ഇടതുപക്ഷ സർക്കാർ യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ എടുത്ത ധീരമായ നടപടികൾ ഇവിടെ പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. കഴിഞ്ഞ നാല് വർഷക്കാലം കൊണ്ട് 1.34 ലക്ഷം നിയമനങ്ങൾ നടത്തുക മാത്രമല്ല, പതിനാറായിരം പുതിയ തസ്തികൾ സൃഷ്ടിക്കുകയും ചെയ്തു കേരളം. പുതിയതായി ആയിരം തസ്തികകൾ കൂടി സൃഷ്ടിക്കാൻ സർക്കാർ തീരുമാനവുമെടുത്തിരിക്കുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *