തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ, സ്വർണക്കടത്ത്, സെക്രട്ടറിയറ്റ് തീപിടിത്തം തുടങ്ങിയ കാരണം പറഞ്ഞ് മാസങ്ങളായി യുഡിഎഫും ബിജെപിയും സംസ്ഥാനത്താകെ സംഘർഷം സൃഷ്‌ടിക്കുന്നു. തിരുവോണം കഴിഞ്ഞ്  ആൾക്കൂട്ടസമരം ആരംഭിച്ച സെപ്‌തംബർ 12 വരെ രോഗവ്യാപനനിരക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു എന്ന് കണക്കുകളിൽ വ്യക്തം.

അഴിഞ്ഞാട്ടസമരം തുടങ്ങിയതുമുതൽ രോഗവ്യാപനം വൻതോതിൽ വർധിച്ചു.  മാസ്‌ക് വലിച്ചെറിഞ്ഞും ആൾക്കൂട്ട അതിക്രമം സൃഷ്ടിച്ചുമുള്ള സമരങ്ങൾ എല്ലാം മാറ്റിമറിച്ചു. സമരം തുടങ്ങുമ്പോൾ  രോഗസ്ഥിരീകരണനിരക്ക് 6.56 ആയിരുന്നു. കോവിഡ് വ്യാപനമെന്ന ഗൂഢലക്ഷ്യം നടപ്പാക്കി മരണത്തിന്റെ വ്യാപാരികൾ സമരം അവസാനിപ്പിക്കുമ്പോൾ അത് 13.66 ആയി.

‘ലക്ഷ്യം’ നേടി സമരം നിർത്തി

പ്രതിപക്ഷം സമരാഭാസത്തിൽനിന്ന്‌ പിന്മാറുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാക്കുകയെന്ന അപ്രഖ്യാപിത ഗൂഢലക്ഷ്യം അവർ നേടി. യുഡിഎഫും ബിജെപിയും അക്രമസമരം ആരംഭിച്ചശേഷമാണ്‌ സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്‌. കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാത്ത സമരാഭാസത്തിനെതിരെ ജനരോഷം വ്യാപകമായതോടെ പരിപാടി അവസാനിപ്പിക്കുമ്പോൾ രോഗവ്യാപനം ഉച്ചസ്ഥായിയിലായി.

കേരളത്തിന്റെ ആരോഗ്യരംഗം ഇന്ത്യക്ക്‌ അപമാനമാണെന്ന്‌ കുറ്റപ്പെടുത്തുന്ന കെപിസിസി പ്രസിഡന്റും പ്രതിരോധം പാളിയെന്ന്‌ ആഹ്ലാദിക്കുന്ന പ്രതിപക്ഷനേതാവും സ്വന്തം അനുയായികൾ സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തെ എത്രമാത്രം ദുർബലപ്പെടുത്തിയെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നേയില്ല. സമരങ്ങളിൽ പങ്കെടുത്ത കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരനും ജനറൽ സെക്രട്ടറി തമ്പാനൂർ രവിയുംമുതൽ കെഎസ്‌യു പ്രസിഡന്റ്‌ അഭിജിത്തുവരെയുള്ള നേതാക്കൾ കോവിഡ്‌ ബാധിതരായി. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിനും രോഗം.

തൃശൂരിൽ സമരത്തിനുപോയി കോവിഡ്‌ ബാധിച്ച കോൺഗ്രസ്‌ നേതാവിൽനിന്ന്‌ രോഗം പകർന്ന അച്ഛൻ മരിച്ചു. കൊല്ലത്ത്‌ ഐഎൻടിയുസി നേതാവ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. സമരത്തിനിറങ്ങിയ നേതാക്കൾ പലരും രഹസ്യമായി സ്വയം നിരീക്ഷണത്തിലാണ്‌. കെഎസ്‌യു പ്രസിഡന്റ്‌ കള്ളപ്പേരിൽ രഹസ്യമായി കോവിഡ്‌ ടെസ്റ്റിന്‌ പോയി കേസിലുമായി. ജില്ലാതലത്തിലുള്ള മറ്റ്‌ പല നേതാക്കളും രഹസ്യപരിശോധന നടത്തിയതായാണ്‌ വിവരം.

യുഡിഎഫ്‌, ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളിൽ പലർക്കും രോഗം ബാധിച്ചതോടെ അണികളിൽനിന്നുതന്നെ സമരത്തിനെതിരെ എതിർപ്പുയർന്നിരുന്നു. അക്രമാസക്തമായ സമരത്തെ നേരിട്ട നിരവധി പൊലീസുകാർക്കും രോഗം ബാധിച്ചു. ഇനിയും സമരം തുടർന്നാൽ പൂർണമായും ഒറ്റപ്പെടുമെന്ന തിരിച്ചറിവിലാണ്‌ സ്വിച്ചിട്ടപോലെ പരിപാടി അവസാനിപ്പിച്ചത്‌.

ഇത്തരം ആൾക്കൂട്ട സമരരീതി ഈ ഘട്ടത്തിൽ ആപത്താണെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധരടക്കം നിരന്തരം മുന്നറിയിപ്പ്‌ നൽകിയിട്ടും കണ്ടില്ലെന്നു നടിച്ച പ്രതിപക്ഷത്തിന്‌ ‘ലക്ഷ്യം’ പൂർത്തീകരിച്ചശേഷമാണ്‌ പൊടുന്നനെ തിരിച്ചറിവുണ്ടായത്‌.

Read more: https://www.deshabhimani.com/news/kerala/udf-bjp-strikes-covid-spread/898380


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *