പ്രിയപ്പെട്ട മനോരമ പത്രാധിപർക്ക്

വളരെ കൗതുകമുണർത്തുന്ന ഒരു വാർത്ത ഇന്ന് പ്രസിദ്ധീകരിച്ച അങ്ങയുടെ പത്രത്തിൽ ‘ദർശിച്ചതിന്റെ’ ആവേശത്തോടെയാണ് ഈ കത്തെഴുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഡി. വൈ. എഫ്. ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് വിജയിപ്പിക്കാൻ ഡി. വൈ. എഫ്. ഐ തന്നെ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും സ്ഫോടനാത്മകവുമായ വാർത്ത പുറംലോകത്തെത്തിച്ച നിങ്ങളുടെ ലേഖകനെ മുറുക്കിപിടിച്ച് ആശ്ലേഷിക്കുന്നു.
അങ്ങയുടെ പത്രത്തിന്റെ വിശ്വപ്രസിദ്ധമായ അന്വേഷണാത്മക പത്രപ്രവർത്തന ചരിത്രത്തിൽ സുവർണലിപികളാൽ ഈ വാർത്ത കൂടി ഇടം പിടിക്കും, തീർച്ച !

മറ്റൊരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ കത്തിന്റെ ഉദ്ദേശം.നാളെ സ്വതന്ത്രദിനത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ഓൺലൈനായി വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് ‘രാജ്യരക്ഷാപ്രതിജ്ഞ’ സംഘടിപ്പിക്കുന്നുണ്ട്.
പരിപാടി വിജയിപ്പിക്കാൻ വേണ്ടി ജില്ലാ-ഏരിയ തലത്തിൽ ക്വോട്ട നിശ്ചയിച്ച് നൽകിയതായി ഒരു രഹസ്യവിവരമുണ്ട്.അങ്ങ് ഒന്ന് ആളെവിട്ട് അന്വേഷിക്കണം. പറ്റുമെങ്കിൽ വർത്തയാക്കണം, വെളിച്ചം കാണിക്കണം.(ഇന്നത്തെ വാർത്ത റിപ്പോർട്ട്‌ ചെയ്ത ലേഖകനെ തന്നെ അയക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ).

എസ്.എഫ്.ഐ പരിപാടി വിജയിപ്പിക്കാൻ ഇതര വിദ്യാർത്ഥി സംഘടനകൾ തയ്യാറാവാത്തതിനെ തുടർന്ന് മറ്റ് വഴികളില്ലാതായതോടെയാണ് ജില്ലാ കമ്മിറ്റികളെ ചുമതലയേൽപ്പിച്ചതെന്നാണ് സൂചന.അല്ലെങ്കിലും ‘സൂചന’കളെ പറ്റി നിങ്ങൾ അറിയാതിരിക്കില്ലെന്നറിയാം.സൂചിപിച്ചുവെന്ന് മാത്രം !

ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ഓപ്ഷൻ ഉണ്ടെന്ന് കണ്ടുപിടിച്ച അങ്ങയുടെ ലേഖകനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.മറ്റൊരു ഉപകാരം കൂടി അങ്ങ് ഞങ്ങൾക്കായി ചെയ്തുതരണം.നാളത്തെ ഡി.വൈ.എഫ്.ഐ പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കാൻ പോകുന്നതേതല്ലാം വിഷയങ്ങളിലാണെന്ന് കൃത്യമായി പത്രത്തിൽ എഴുതികണ്ടു.
നാളത്തെ ഞങ്ങളുടെ പരിപാടിയുടെ ഉദ്ഘാടനപ്രസംഗവും ഒന്ന് ചോർത്തി തരണം.

മറക്കരുത്, നാളെ വൈകുന്നേരം നാല് മണിക്കാണ് പരിപാടി.രണ്ട് ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ടാണ് രാജ്യരക്ഷാ പ്രതിജ്ഞയെടുക്കുന്നത്.എണ്ണത്തിൽ വരുന്ന കുറവുൾപ്പെടെ എണ്ണിതിട്ടപ്പെടുത്താൻ നിങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു

സ്നേഹപൂർവ്വം
കെ.എം സച്ചിൻദേവ്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *