കോഴിക്കോട്> കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ ഡിജിപിക്ക് പരാതി. ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന പ്രസ്താവന ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് ഡിജിപി ലോക് നാഥ് ബെഹ്റക്ക് പരാതി നൽകിയത്.
ഐപിസി 305, 306, 108 വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസ്സെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഐപിസി 305 പ്രകാരം 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ വധശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ലഭിക്കുന്ന കുറ്റമാണ്.
മുതിർന്ന സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചാൽ പത്ത് വർഷം തടവും. നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുല്ലപ്പള്ളി പ്രായഭേദമെന്യേ സമൂഹത്തെയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്.
മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയുമായ ഉന്നതനായ വ്യക്തി ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ മരിക്കുമെന്ന് പറയുന്നത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
Read more: https://www.deshabhimani.com/news/kerala/news-kerala-02-11-2020/904964
കെപി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന സ്ത്രീവിരുദ്ധ പ്രസ്‌താവനകൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. പുരുഷാധിപത്യ ഗർവും അഹന്തയും പരിഹാസവും നിറഞ്ഞുതുളുമ്പുന്ന മുല്ലപ്പള്ളി ബ്രാൻഡ് സ്‌ത്രീവിരുദ്ധതയുടെ ഏറ്റവും പുതിയ പതിപ്പാണ് ഞായറാഴ്‌ച കേരളം കണ്ടത്. സെക്രട്ടറിയറ്റ് നടയിൽ യുഡിഎഫിന്റെ പ്രതിഷേധപരിപാടിയിൽ സ്‌ത്രീസമൂഹത്തെ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ബലാത്സംഗത്തിനിരയാകുന്ന സ്‌ത്രീകളോട് എത്രമാത്രം വികലവും നിന്ദ്യവുമായ മനോഭാവമാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്ന നേതാവ് വച്ചുപുലർത്തുന്നതെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗം. കെപിസിസി പ്രസിഡന്റിന്റെ സംസ്‌കാരശൂന്യമായ പ്രസ്‌താവന കേട്ട് മലയാളികൾ അപമാനഭാരത്തോടെ തലതാഴ്‌ത്തുകയാണ്.
‘‘ബലാൽസംഗം ചെയ്യപ്പെടുന്ന സ്‌ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കും… ’’ എന്ന് തുടങ്ങി കേൾക്കുന്നവരുടെ തോലുരിഞ്ഞുപോകുന്ന സംസ്‌കാരശൂന്യമായ വാക്കുകളാണ് സെക്രട്ടറിയറ്റ് പടിക്കൽ മൈക്കിനുമുന്നിൽ മുൻ കേന്ദ്രമന്ത്രിയായ ഈ നേതാവ് വിളിച്ചുപറഞ്ഞത്. സ്‌ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും തരിമ്പും വിലകൽപ്പിക്കാത്ത ജന്മി–-മാടമ്പി–-പുരുഷാധിപത്യ മനോഭാവത്തിന്റെ തികട്ടൽ ഓരോ വാക്കിലും നിറഞ്ഞുനിന്നു. ബലാത്സംഗത്തിനും പീഡനത്തിനും ഇരയാകുന്ന സ്‌ത്രീകളുടെ ആത്മാഭിമാനത്തെയും അവർക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷയെയും കുറിച്ച് ലോകം ഗൗരവത്തോടെ ചർച്ച ചെയ്യുമ്പോഴാണ് മനുസ്‌മൃതിയിലെ ആക്ഷേപവാക്കുകൾ ഉരുവിട്ട് ഒരു രാഷ്‌ട്രീയനേതാവ് മടിയില്ലാതെ രംഗത്തുവരുന്നത്. പുരുഷകേന്ദ്രീകൃത മനോവൈകൃതം അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാർ രാഷ്‌ട്രീയരംഗം നിയന്ത്രിക്കുമ്പോൾ സ്‌ത്രീകൾക്ക് എങ്ങനെയാണ് ആത്മവിശ്വാസത്തോടും സുരക്ഷിതബോധത്തോടും ജീവിക്കാനാകുക.
വിവാദ പരാമർശത്തിനുപിന്നാലെ പൊള്ളയായ ഖേദപ്രകടനവുമായി മുല്ലപ്പള്ളി രംഗത്തുവന്നിട്ടുണ്ട്. ഇതിൽ ഒട്ടും ആത്മാർഥതയില്ലെന്ന് കേരളത്തിന് അറിയാം. ആരോഗ്യമന്ത്രി കെ കെ ശൈലജയെ റോക്ക് ഡാൻസർ എന്ന് വിളിച്ച് മുല്ലപ്പള്ളി അധിക്ഷേപിച്ചത് കേരളം മറന്നിട്ടില്ല. കോവിഡ് പ്രതിരോധമടക്കം ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിയോടുള്ള എതിർപ്പ് സഹിക്കാനാകാതെ അധിക്ഷേപിക്കുകയാണ് ചെയ്‌തത്. സ്‌ത്രീകളെ പരാമർശിക്കുമ്പോൾ ആക്ഷേപിക്കുകയും അപമാനിക്കുകയുമാണ് കെപിസിസി പ്രസിഡന്റിന്റെ ശൈലി. ആവേശം കയറി ഉള്ളിലെ സ്‌ത്രീവിരുദ്ധത മറയില്ലാതെ വിളിച്ചുകൂവാൻ അദ്ദേഹത്തിന് മടിയോ ജാള്യമോ ഒട്ടുമില്ല.
സ്‌ത്രീസമൂഹത്തോടുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികലമനോഭാവത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്‌താവനകൾ. കണ്ണൂർ എംപി കെ സുധാകരൻമുതൽ യുവ–-എംഎൽഎമാർവരെ നടത്തിയ സ്‌ത്രീവിരുദ്ധ സദാചാര–-ചാരിത്ര്യ ഉപദേശങ്ങളും എത്രയെങ്കിലും എടുത്തുകാട്ടാനുണ്ട്. പ്രതിപക്ഷനേതാവ് ബലാത്സംഗത്തിന് അനുകൂലമായി പരാമർശം നടത്തിയതും ഖേദം പ്രകടിപ്പിക്കേണ്ടി വന്നതും അടുത്തിടെയാണ്. കോൺഗ്രസ് നേതാവ് തന്തൂരി അടുപ്പിൽ ചുട്ടുകൊന്ന നയന സാഹ്‌നി മുതൽ നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ട രാധവരെയുള്ളവരെയും മറക്കാനാകില്ല. ഒറ്റപ്പെട്ട വ്യക്തികളുടെ നാക്കുപിഴയോ ചെയ്‌തിയോ ആയി ഇതിനെ കാണാനാകില്ല. സ്‌ത്രീകൾക്ക് തുല്യനീതി അടക്കമുള്ള ജനാധിപത്യപരമായ അവകാശങ്ങൾ അനുവദിക്കാത്ത ഫ്യൂഡൽ മനോഭാവമാണ് കോൺഗ്രസിനെയും യുഡിഎഫിനെയും നയിക്കുന്നത്. ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്‌ത്രീസമൂഹത്തെ അടിമകളും ആജ്ഞാനുവർത്തികളുമായി നിലനിർത്താനാണ് അവർക്ക് താൽപ്പര്യം.
സ്‌ത്രീകൾക്ക് തുല്യതയും ആത്മാഭിമാനവും ഉറപ്പാക്കുന്നതടക്കം എല്ലാ പുരോഗമന ആശയങ്ങളോടുമുള്ള എതിർപ്പാണ് യുഡിഎഫ് രാഷ്‌ട്രീയത്തിന്റെ അടിത്തറ. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരും പാവപ്പെട്ടവരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരുന്നത് യുഡിഎഫിനെ നിയന്ത്രിക്കുന്ന ഫ്യൂഡൽ–സമ്പന്ന ശക്തികളെ അലോസരപ്പെടുത്തുന്നു. പുരോഗമനാശയങ്ങളുടെ മുന്നേറ്റം യുഡിഎഫിന്റെ അന്ത്യം കുറിക്കുമെന്ന് അവർ ഭയക്കുന്നു. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിലോമ സംഘടനകളും മൂലധനശക്തികളും മാധ്യമങ്ങളും വിമോചനസമരകാലത്തെന്നപോലെ ഒന്നിച്ചുകഴിഞ്ഞു. കേരളത്തിന്റെ പുരോഗതിക്കെതിരെ ഒളിയാക്രമണം നടത്താൻ സ്‌ത്രീവിരുദ്ധതയടക്കം നീചമായ ആയുധങ്ങൾ പ്രയോഗിക്കുകയാണ്.
പുരോഗമനവിരുദ്ധ കള്ളപ്രചാരണത്തിന്റെയും സ്‌ത്രീവിരുദ്ധതയുടെയും നേതൃത്വം സംഘപരിവാർ ഏറ്റെടുത്തതോടെ കൂടുതൽ ജനവിരുദ്ധരാകുകയാണ് യുഡിഎഫ്. സാമൂഹ്യമാധ്യമങ്ങളിൽ സ്‌ത്രീകളെ ആക്ഷേപിക്കുന്നതും കള്ളപ്രചാരണം നടത്തുന്നതും ശൈലിയാക്കിയ ബിജെപിയുടെ ബി ടീമാണ് കോൺഗ്രസും യുഡിഎഫും. കൂടുതൽ പുരോഗമനവിരുദ്ധരായി പിടിച്ചുനിൽക്കാനാണ് അവരുടെ ശ്രമം. ഇതിന് മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായവുമുണ്ട്. എത്ര ഒളിച്ചുവച്ചാലും മറയ്‌ക്കാനാകാത്തത്ര സ്‌ത്രീവിരുദ്ധവും പുരോഗമനവിരുദ്ധവുമാണ് യുഡിഎഫ് എന്ന് മുല്ലപ്പള്ളിയുടെ വാക്കുകൾ തെളിയിക്കുന്നു.
Read more: https://www.deshabhimani.com/editorial/news-editorial-02-11-2020/904849
0 Comments