⭕തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്. ആരോപണങ്ങളും വസ്തുതകളും സംസ്ഥാന വൈദ്യതി ബോര്‍ഡ് വിശദീകരിച്ചിട്ടുണ്ട്. ചോദ്യം 1: 2021 മാര്‍ച്ചില്‍ അദാനി ഗ്രീന്‍ എനര്‍ജിയുമായി KSEB 300 MWന്റെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? ♦ അദാനി ഗ്രീന്‍ എനര്‍ജിയുമായി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. ആ ആരോപണം കളവാണ്. ചോദ്യം 2: പിന്നെ ആരുമായിട്ടാണ് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ KSEB കരാര്‍ ഒപ്പിട്ടിട്ടുള്ളത്? ♦ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ (SECL) ആയിട്ടാണ് വൈദ്യുതി വാങ്ങുന്നതിനായുള്ള കരാര്‍ KSEB ഒപ്പിട്ടിട്ടുള്ളത്. 2019 ജൂണില്‍ നൂറ് മെഗാവാട്ടിനും, ആ വര്‍ഷം സെപ്റ്റംബറില്‍ കാറ്റില്‍ നിന്നുള്ള ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതിക്കുമുള്ള കരാറാണ് ഒപ്പിട്ടിട്ടുള്ളത്. ഈ കരാറുകള്‍ ഉള്‍പ്പടെ എല്ലാ വൈദ്യുതി വാങ്ങല്‍ കരാറുകളും KSEBയുടെ വെബ് സൈറ്റില്‍ സുതാര്യമായി മുന്‍പേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ചോദ്യം 3: എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SECL ഈ വൈദ്യുതി ലഭ്യമാക്കുക? ♦ താരിഫ് അധിഷ്ടിത ടെന്‍ഡര്‍ നടപടികളിലൂടെ SECL തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളില്‍ നിന്നാകും പ്രസ്തുതവൈദ്യുതി ലഭ്യമാക്കുക. ഇപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട കമ്പനികളായ അദാനി വിന്‍ഡ് എനര്‍ജി (75 MW), സെനാട്രിസ് വിന്‍ഡ് എനര്‍ജി (125 MW), സ്പ്രിങ്ങ് വിന്‍ഡ് എനര്‍ജി (100 MW) എന്നിവരില്‍ നിന്നാകും KSEBയ്ക്ക് വൈദ്യുതി നല്കുക. ഇത് SECl 2020ല്‍ തന്നെ അറിയിച്ചിട്ടുള്ള കാര്യമാണ്. ഇതില്‍ 25 MW അദാനി വിന്‍ഡ് എനര്‍ജിയില്‍ നിന്നും 2021 മാര്‍ച്ച് മുതല്‍ ലഭ്യമായിട്ടുണ്ട്. ചോദ്യം 4: സൗരവൈദ്യുതി 2020 ഡിസംബറില്‍ 1.99 രൂപയ്‌ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയില്‍ നിന്നും 2021 മാര്‍ച്ചില്‍ 2.99 രൂപയ്ക്ക് വാങ്ങുന്നത്. ♦ തെറ്റായ വിവരമാണിത്. ഒരു പ്രത്യേകസാഹചര്യത്തില്‍ മാത്രമാണ് ഈ വിലയ്ക്ക് സൗരവൈദ്യുതി ലഭ്യമാവുക. രാജസ്ഥാനില്‍ സര്‍ക്കാര്‍ ലദ്യമാക്കുന്ന ഭൂമിയില്‍ സൗരവൈദ്യുതനിലയം സ്ഥാപിച്ച് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി നല്കുന്ന ടെന്‍ഡറില്‍ 1.99 എന്ന നിരക്ക് വന്നിരുന്നു. വാര്‍ത്തകളില്‍ നിന്നു തന്നെ വ്യക്തമാകുന്നതു പോലെ രാജ്യത്താദ്യമായാണ് ഇത്തരമൊരു കുറഞ്ഞ നിരക്ക് ടെന്‍ഡറില്‍ ലഭ്യമായത്. ടെന്‍ഡര്‍ നടപടിക്രമം പൂര്‍ത്തിയായി നിലയം സ്ഥാപിച്ച് വൈദ്യുതി ലഭ്യമാകുന്നത് 2023 ല്‍മാത്രമാണ്. മാത്രമല്ല രാജസ്ഥാനിലെ വിതരണ കമ്പനികള്‍ക്ക് മാത്രമായി വിളിച്ച ടെന്‍ഡറില്‍ നിന്നും KSEBയ്ക്ക് വൈദ്യുതി ലഭ്യമാകുകയുമില്ല. കാറ്റാടി വൈദ്യുതിയുടെ നിരക്ക് സോളാര്‍ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം ചെയ്യാനും കഴിയില്ല. ചോദ്യം 5: പിന്നെ എത്രയാണ് കാറ്റാടി വൈദ്യുതിയുടെ നിരക്ക്? ആരാണിതു നിശ്ചയിക്കുന്നത്? ♦ ഈ നിരക്ക് SECI ആണ് നിശ്ചയിക്കുന്നത്. SECIയുമായി 2019 ജൂണില്‍ ഒപ്പിട്ട കരാര്‍ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറില്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള പരമാവധി നിരക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ KSEB ഏര്‍പ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചോദ്യം 6: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്ന് വാങ്ങേണ്ട സൗരവൈദ്യുതിയുടെ അളവ് കുറച്ച് കാറ്റാടി വൈദ്യുതിയുടെ അളവ് കൂട്ടി. ♦ ശുദ്ധ കളവാണ് ഈ ആരോപണം. ശരിക്കും സൗരവൈദ്യുതിയുടെ അളവും ശതമാനവും വര്‍ഷാവര്‍ഷം കൂടുകയാണ് ചെയ്യുന്നത്. ഒന്ന്, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് KSEB വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019-20 കാലയളവില്‍ ആകെയുള്ള പുനഃരുപയോഗ ഊര്‍ജം 12% ആയിരിക്കണമെന്നും, ഇതില്‍ 4% സൗരവൈദ്യുതിയും 8% സൗരേതരവൈദ്യുതിയും ആകണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്. അതായത്, സൗര-സൗരേതര അനുപാതം 0.5. 2020-21 കാലയളവില്‍ സൗരവൈദ്യുതി 5.25%, സൗരേതരവൈദ്യുതി 9%. സൗര-സൗരേതര അനുപാതം 0.58 ആയി വര്‍ദ്ധിച്ചു. 2021-22ലാണെങ്കില്‍ സൗരവൈദ്യുതി 10.25%, സൗരേതരവൈദ്യുതി 6.75%. സൗര-സൗരേതര അനുപാതം 0.65 ആയി വീണ്ടും വര്‍ദ്ധിക്കുന്നു. ചോദ്യം 7: കേരളത്തില്‍ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരില്ലേ?. ♦ ഇതും കളവാണ്. പുനഃരുപയോഗവൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അവയുടെ പ്രസരണചാര്‍ജ്ജും പ്രസരണനഷ്ടവും പൂര്‍ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിന്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും പ്രസരണനഷ്ടം കണക്കാക്കാതെ തന്നെ KSEBയ്ക്ക് ലഭ്യമാകും. ചോദ്യം 8: എന്നാലും കേരളത്തില്‍ നിന്നും കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതല്ലേ നല്ലത്? ♦ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഇക്കാലയളവില്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷന്‍ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്. ചോദ്യം 9. 1 രൂപയ്‌ക്ക് റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നില്ലേ? ♦ ശുദ്ധ അസംബന്ധമാണ്. സര്‍ട്ടിഫിക്കറ്റിന്റെ ഒപ്പം വൈദ്യുതി ലഭിക്കില്ല. പുനഃരുപയോഗവൈദ്യുതി ഒരു നിശ്ചിതയളവില്‍ വാങ്ങാതെ വരുമ്പോള്‍ അതിന് പിഴയായിട്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് ഈ വിഷയത്തില്‍ ആവശ്യത്തിന് ഗൃഹപാഠം നടത്തിയ ആരും കരുതില്ല.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *