റെയിൽവേയിൽ നിയമന നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. നിലവിൽ ഒഴിവുള്ള തസ്‌തികകൾ  നികത്തേണ്ടെന്നും  പുതിയ തസ്‌തിക സൃഷ്ടിക്കുന്നത്‌ മരവിപ്പിച്ചുമുള്ള ഉത്തരവ്‌ പുറത്തിറങ്ങി‌. റെയിൽവേ സ്വകാര്യവൽക്കരണം തിരക്കിട്ട്‌ നടപ്പാക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ്‌ നിയമന നിരോധനം. മൂന്നരലക്ഷത്തോളം തസ്‌തികയിൽ പകുതിയിലും നിയമനം നിരോധിച്ചു.‌‌ ‌

കഴിഞ്ഞ രണ്ടു വർഷം സൃഷ്ടിച്ച തസ്‌തികകളിൽ നിയമനം നടക്കാത്തവ റദ്ദാക്കാനും റെയിൽവേ ബോർഡ് ഉത്തരവിട്ടു. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. ഉത്തരവ്‌ ഡിവിഷൻ ജനറൽ മാനേജർമാർക്ക്‌ അയച്ചു. സുരക്ഷാവിഭാഗത്തിൽ നിരോധനം ബാധകമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ഭാഗമായാണ്‌  തീരുമാനമെന്ന്‌ റെയിൽവേ അവകാശപ്പെട്ടു.  

റെയിൽവേയിൽ 2.98 ലക്ഷം ഒഴിവുണ്ടെന്നാണ് കഴിഞ്ഞ ജൂലൈയിൽ ‌മന്ത്രി പീയൂഷ്‌ ഗോയൽ ലോക്‌സഭയിൽ മറുപടി നൽകിയത്‌. പതിനായിരക്കണക്കിനുപേർ അതിനുശേഷം വിരമിച്ചു. ഈ തസ്‌തികകളിൽ നിയമന നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി  അറിയിച്ചിരുന്നു‌.  വിരമിച്ചവരെ ദിവസക്കൂലിക്കു വച്ചും കരാർ അടിസ്ഥാനത്തിൽ ജോലി നൽകിയുമാണ്‌ ജീവനക്കാരുടെ ക്ഷാമം‌ പരിഹരിക്കുന്നത്‌.  2019ൽ റെയിൽവേയിൽ മൊത്തം 12.48 ലക്ഷം ജീവനക്കാരായിരുന്നു. ഈ വർഷം ഇത്‌ 10 ലക്ഷമായി കുറയ്‌ക്കും‌. 1991ൽ റെയിൽവേയിൽ 16.5 ലക്ഷം ജീവനക്കാരുണ്ടായിരുന്നു.

വിരമിക്കൽ പദ്ധതി നടപ്പാക്കും
മുപ്പതു വർഷത്തെ സേവനം‌ പൂർത്തിയാക്കുകയോ 55 വയസ്സ്‌ തികയുകയോ ചെയ്‌ത ജീവനക്കാർക്ക്‌ വിരമിക്കൽ പദ്ധതി നടപ്പാക്കും. ഈ ജീവനക്കാരുടെ  പട്ടിക  തയ്യാറാക്കിയിട്ടുണ്ട്‌.  ജോലികൾ പുറംതൊഴിൽ കരാർ നൽകും. താഴ്‌ന്ന തസ്‌തികകളിൽനിന്ന്‌ സ്വയംവിരമിക്കുന്ന ജീവനക്കാരുടെ മക്കൾക്ക്‌ പകരം നിയമനം നൽകാൻ 2004ൽ ആവിഷ്‌കരിച്ച പദ്ധതി ഏപ്രിലിൽ മരവിപ്പിച്ചു.

പ്രധാന പാതകളിൽ സ്വകാര്യ ട്രെയിനുകൾക്ക്‌ അനുമതി നൽകിയതും സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണവും ജീവനക്കാരെ കുറയ്‌ക്കാനുള്ള  കാരണമാക്കും. പലവിധ ജോലികൾ ഒരാൾക്കു നൽകിയും തസ്‌തികകൾ കുറയ്‌ക്കും. ടിടിഇമാരുടെ എണ്ണം വൻതോതിൽ വെട്ടിച്ചുരുക്കും. പകരം ആർപിഎഫുകാർക്കാവും‌ ടിക്കറ്റ്‌ പരിശോധന ചുമതല. സ്‌റ്റേഷൻ മാസ്‌റ്റർമാർ സിഗ്‌നലിങ്‌ സംബന്ധമായ സാങ്കേതിക ജോലികളും ചെയ്യേണ്ടിവരും.  ട്രെയിൻ ടിക്കറ്റ്‌ അച്ചടി അവസാനിപ്പിക്കും.  ശുചീകരണജോലികൾ പുറംകരാർ നൽകും.  റെയിൽവേ ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കാനുള്ള നടപടികളും വേഗത്തിലാണ്‌
 
Read more: https://www.deshabhimani.com/news/national/ailways-privatisation/880733


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *