‘ഇറ്റ്‌സ്‌ ഗ്രേറ്റ്… എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല…’’‐ പറയുന്നത്‌ ഇന്ത്യൻ പുൽമൈതാനങ്ങളിൽ ഇന്ദ്രജാലം തീർത്ത ഫുട്‌ബോളർ ഐ എം വിജയൻ… തൃശൂരിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരിൽ ഉയരുന്ന വമ്പൻ സ്പോർട്‌സ്‌ സ്‌റ്റേഡിയം കോംപ്ലക്‌സിനെ സാക്ഷിയാക്കിയുള്ള കമന്റ്‌. ‌ ‘‘സ്വപ്നത്തിൽ ഒരിടത്തും ഇങ്ങനെയൊരു സംരംഭം തെളിഞ്ഞിരുന്നില്ല. അതിനാൽ സ്വപ്നസാക്ഷാത്‌കാരം എന്നൊക്കെ പറഞ്ഞാൽ ഫൗളാകും…’’ കേരളത്തിന്റെ യശ്ശസുയർത്തിയ ഫുട്‌ബോൾ ഇതിഹാസത്തിന്‌, നാട്‌ നൽകുന്ന ആദരവാണ്‌ ഈ കായികകേന്ദ്രം…! ❤ ‘‘മന്ത്രിമാരായ എ സി മൊയ്തീനും വി എസ്‌ സുനിൽകുമാറും ആദ്യം ഈ ആശയം പറഞ്ഞപ്പോൾ തമാശയാണ്‌ തോന്നിയത്‌. കാരണം, കായികരംഗത്തിന്റെ മികവുയർത്താൻ മുമ്പും ഇത്തരം ആശയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്‌. പക്ഷെ, നടപ്പാക്കാൻ ശേഷിയുള്ള സർക്കാരുണ്ടാകുമ്പോഴാണല്ലോ സ്വപ്നങ്ങൾ യാഥാർഥ്യമാകുക‌. എന്റെ പേരിൽ സ്‌റ്റേഡിയം വരുന്നതിൽ സന്തോഷമുണ്ട്‌. പക്ഷെ, എത്രയോ പേരെ കായികരംഗത്തേക്ക്‌ കൈപിടിച്ചുയർത്താൻ ഈ കോംപ്ലക്‌സിന്‌ കഴിയുമല്ലോ എന്നതിനാണ്‌ പ്രാധാന്യം’’ ‐ അയിനിവളപ്പിൽ മണി വിജയൻ മനസ്സുതുറന്നു…14 ഏക്കറിൽ #കിഫ്ബി-യുടെ 70.56 കോടി രൂപ സഹായത്തോടെയാണ് നിർമ്മാണം. സിന്തറ്റിക്ക് ടർഫും ഗ്യാലറിയും ഉൾപ്പെടുന്നതാണ് ഫുട്ബോൾ മൈതാനം. നാലുനില പവലിയൻ, ഇൻഡോർ സ്‌റ്റേഡിയം, നീന്തൽക്കുളം, ടെന്നീസ്, ഹോക്കി മൈതാനങ്ങൾ, അഞ്ചുലക്ഷം ലിറ്റർ മഴവെള്ള സംഭരണി, വിശ്രമ മുറികൾ തുടങ്ങിയവയുണ്ടാകും…മാലിന്യ സംസ്കരണത്തിന്‌ വിവിധ പദ്ധതികൾ കോർപറേഷൻ നടപ്പാക്കിയതോടെയാണ്‌ ലാലൂരിൽ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌ എന്ന ആശയം രൂപപ്പെട്ടത്‌. തൃശൂർ സിഎംഎസ് സ്കൂളിൽ പഠിക്കുമ്പോൾ തുണിപ്പന്ത്‌ തട്ടിക്കളിച്ച്‌ വമ്പൻ മൈതാനങ്ങളിലേക്ക്‌ ‘ഫോർവേഡ്’‌ ചെയ്യപ്പെട്ട കായിക ജീവിതം‌. 18ാം വയസ്സിൽ കേരള പൊലീസിന്റെ ഫുട്ബോൾ ടീമിലെത്തിയതോടെ ആ ജീവിതം മാറി. ഇന്ത്യ സൃഷ്‌ടിച്ച എക്കാലത്തെയും പ്രതിഭാശാലിയായ ഫുട്‌ബോൾ താരമായി വിജയൻ വളർന്നത്‌ പെട്ടെന്നാണ്‌…മോഹൻ ബഗാൻ, ജെസിടി മിൽസ് ഫഗ്വാര, എഫ്സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ വമ്പൻ ടീമുകളുടെ വിജയപ്രതീകമായി വിജയൻ മാറി. 1992ൽ ഇന്ത്യൻ ദേശീയ ടീമിൽ. ഇന്ത്യക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങളിൽ കളിച്ചു. 39 ഗോൾ നേടി. വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി കാലോ ഹിരൺ എന്ന ചലച്ചിത്രം ഇറങ്ങിയിട്ടുണ്ട്‌. തുടർന്ന് ചലച്ചിത്രാഭിനയരംഗത്തേക്കും വിജയൻ പ്രവേശിച്ചു.❤ 2016-2021 – കുതിപ്പിന്റെ കാലം ❤ കായികരംഗത്ത്‌ സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യവികസനമാണ്‌ യാഥാർഥ്യമായത്‌. 43 ഫുട്ബോൾ ഗ്രൗണ്ടുകളും 33 ഇൻഡോർ സ്റ്റേഡിയങ്ങളും നിർമ്മാണത്തിൽ. 27 സിന്തറ്റിക് ട്രാക്കുകളും 33 നീന്തൽക്കുളങ്ങളും; അഞ്ച് വർഷംകൊണ്ട് 16 സ്റ്റേഡിയങ്ങളും എട്ട്‌ ഫിറ്റ്നസ് സെന്ററുകളും പുതുതായി ആരംഭിച്ചു. 7 സ്റ്റേഡിയങ്ങളുടെ നവീകരണം പൂർത്തിയാക്കി. 11 സ്റ്റേഡിയങ്ങളുടെ നിർമ്മാണോദ്ഘാടനവും നടന്നു. അഞ്ച് ഫിറ്റ്നസ് സെന്ററുകൾ നിർമ്മാണഘട്ടത്തിലാണ്…പാലക്കാട് ജില്ലയിൽ അഞ്ചും കണ്ണൂർ, തൃശൂർ ജില്ലകളിൽ മൂന്ന് വീതവും സ്റ്റേഡിയങ്ങളാണ് നാടിന് സമർപ്പിച്ചത്. മലപ്പുറം, കൊല്ലം, കോട്ടയം, കാസർകോട് പത്തനംതിട്ട ജില്ലകളിലും ഓരോ സ്റ്റേഡിയം പുതുതായി പൂർത്തിയാക്കി. 16 കോടി രൂപ മുതൽമുടക്കിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂൾ നവീകരിച്ചു. തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി. മലപ്പുറം മഞ്ചേരി സ്റ്റേഡിയം, തൃശൂർ വേലൂർ സ്റ്റേഡിയം, തൃശൂർ അക്വാട്ടിക് കോംപ്ലക്സ്, ടെന്നീസ് അക്കാദമി, വോളിബോൾ അക്കാദമി എന്നിവ നവീകരിച്ചു…11 സ്റ്റേഡിയങ്ങളുടെ നിർമ്മാണോദ്ഘാടനം രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി പൂർത്തിയാക്കി. കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങളും 43 തദ്ദേശ സ്റ്റേഡിയങ്ങളുമാണ് സർക്കാർ പ്രഖ്യാപിച്ചത്. സ്റ്റേഡിയങ്ങളുടെ നിർമാണത്തിന് 1000 കോടി രൂപ കിഫ്ബി അനുവദിച്ചു. കായിക, യുവജനകാര്യാലയത്തിന് കീഴിൽ 100 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിന് ചെലവഴിച്ചു…

Mahesh V Purishothaman


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *