കേരളത്തിലെ ഏറ്റവുമധികം തെരഞ്ഞെടുപ്പുകളിൽ ഓടിയ അപസർപ്പക കഥയാണു് പിഎസ്‌പി വൈദ്യുതി ഇടപാടിന്റേതു്. എല്‍ഡിഎഫിലെ മുഖ്യഘടകകക്ഷിയായ സിപിഐ(എം) നുള്ളിലെ വിഭാഗീയതയുമായി പൊക്കിൾക്കൊടിബന്ധമുള്ള വിവാദം എന്നതാണു് ലാവലിൻ അഴിമതി ആരോപണത്തിന്റെ പ്രത്യേകത. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ നവീകരണം സംബന്ധിച്ച കരാറാണു് വര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു് വളര്‍ന്നതു്. സി വി പത്മരാജന്‍ , ജി കാര്‍ത്തികേയന്‍ , പിണറായി വിജയന്‍ , എസ് ശര്‍മ്മ , കടവൂര്‍ ശിവദാസന്‍ , ആര്യാടന്‍ മുഹമ്മദ് എന്നീ ഊര്‍ജ്ജമന്ത്രിമാര്‍, കെ കരുണാകരന്‍ , എ കെ ആന്റണി , ഉമ്മന്‍ ചാണ്ടി , ഇ കെ നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍. വി എസ് അച്യുതാനന്ദന്‍ , ഇ ബാലാനന്ദന്‍ എന്നീ നേതാക്കള്‍. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി. എസ്എന്‍സി ലാവലിന്‍, ടെക്നിക്കാലിയ, ആള്‍സ്റ്റോം, ഭെല്‍ എന്നീ കമ്പനികള്‍. എല്‍ഡിഎഫ് , യുഡിഎഫ് മുന്നണികളിലെ കക്ഷിബന്ധം പോലും മാറ്റിമറിക്കാന്‍ ഇടയാക്കിയ വിവാദം. കെഎസ്ഇബി എന്ന ഇലക്ട്രിസിറ്റി ബോര്‍ഡ്. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് അഥോറിറ്റി എന്ന സിഡാ. വിദേശവായ്പ മുതല്‍ സഹായധനം വരെ. അമ്പുകൊള്ളാത്തവരില്ല, കുരുക്കളില്‍. ഞരമ്പുത്രസിപ്പിക്കുന്ന ത്രില്ലര്‍ സ്റ്റോറി വായിക്കുംപോലെയാണു്, ലാവലിന്‍ കേസിന്റെ നാള്‍വഴികളിലൂടെയുള്ള സഞ്ചാരം. ഈ പ്രശ്നം സംബന്ധിച്ചു് ആവര്‍ത്തിച്ചു ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കള്ള ഉത്തരങ്ങളും ഉള്‍പ്പെടുത്തിയ ഒരു പ്രശ്നോത്തരിയാണു് ചുവടെ. കേസ് സംബന്ധമായി ഒരു നിലപാടെടുക്കാന്‍ ഇതില്‍ ശ്രമിച്ചിരിക്കുന്നു. യോജിക്കാനും വിയോജിക്കാനുമായി അതു് ഇവിടെയിടുന്നു.
1. എന്താണു് ലാവലിന്‍ കേസിലേക്ക് നയിച്ച കരാര്‍?
ഉ: പള്ളിവാസല്‍ ശെങ്കുളം പന്നിയാര്‍ (PSP) പ്രോജക്റ്റുകളുടെ നവീകരണത്തിനു വേണ്ടിയുള്ള കരാറായിരുന്നു അതു്. [TOP]
2. ഏതു മന്ത്രിസഭയുടെ കാലത്താണു് പിഎസ്‌പി പദ്ധതികളുടെ ധാരണാപത്രം ഒപ്പിടുന്നതു്?
ഉ: ചാരക്കേസിനെ തുടര്‍ന്നു് 1995 മാര്‍ച്ച് 16 നാണു് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഇരയായി കെ കരുണാകരന്‍ മുഖ്യമന്ത്രിപദമൊഴിയുന്നതു്. മാര്‍ച്ച് 22നു് എ കെ ആന്റണി പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു. കരുണാകരന്‍ മന്ത്രിസഭയില്‍ സി വി പദ്മരാജന്‍ കൈകാര്യം ചെയ്തിരുന്ന ഊര്‍ജ്ജവകുപ്പ് 1995 ഏപ്രില്‍ 20മുതല്‍ ജി കാര്‍ത്തികേയന്റെ ചുമതലയിലായി. തുടര്‍ന്നു് 1995 ഓഗസ്റ്റ് 10നു് ലാവലിനുമായി കേരളസര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പ്രകാരം കെഎസ്ഇബിയുടെ എല്ലാ പ്രോജക്റ്റുകളുടെയും മാനേജ്മെന്റ് ഏകപക്ഷീയമായി ലാവലിനു് വിട്ടുകൊടുത്തു. മുഖ്യമന്ത്രിപദത്തില്‍ ആന്റണിയായിരുന്നതുകൊണ്ടുതന്നെ, ഇതു് ആരും വിവാദമാക്കിയില്ല. പിഎസ്‌പി പദ്ധതികളുടെ നവീകരണത്തിനായി ധാരണാപത്രം ഒപ്പിടുന്നതു് രണ്ടുമാസത്തിന്റെ ഇടവേളയില്‍ 1995 ഒക്ടോബര്‍ 10നാണു്. [TOP]
3. ധാരണാപത്രം കരാറായി മാറുന്നതു് ആരുടെ കാലയളവിലാണു്?
1995 ഓഗസ്റ്റില്‍ തന്നെ, കെഎസ്ഇബിയുടെ പദ്ധതികളുടെയെല്ലാം മേല്‍നോട്ടം ലാവലിനു് വിട്ടുകൊടുക്കാന്‍ തീരുമാനമായ വിവരം നേരത്തെ പറഞ്ഞുവല്ലോ. തുടര്‍ന്നു് ഒക്ടോബറില്‍ പിഎസ്‌പി പദ്ധതികളുടെ നവീകരണത്തിനുള്ള ധാരണാപത്രവും നിലവില്‍ വന്നു. ധാരണാപത്രത്തില്‍ തന്നെ, കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതി സംബന്ധിച്ചു് ഇരുകക്ഷികളും ബൈന്‍ഡിങ് കരാറിലേക്കു് എത്തേണ്ടതായി പറയുന്നുണ്ടു്. 1996 ഫെബ്രുവരി 24നു് ഒപ്പിട്ട രണ്ടാമത്തെ കരാര്‍ (കണ്‍സല്‍ട്ടന്‍സി കോണ്‍ട്രാക്റ്റ്) അനുസരിച്ചു് മൂന്നുവര്‍ഷത്തിനുള്ളില്‍ പിഎസ്‌പി പ്രോജക്റ്റ് മാനേജ്മെന്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം എന്നിവ ലാവലിനെ ഏല്‍പ്പിച്ചു. പദ്ധതികളുടെ ഇംപ്ലിമെന്റേഷന്‍ ലാവലിനെ ഏല്‍പ്പിക്കുന്നതു് ഈ കരാര്‍ അനുസരിച്ചായതിനാല്‍ ഇംപ്ലിമെന്റേഷന്‍ കരാര്‍ എന്നും ഇതറിയപ്പെടുന്നു. ഇതും ജി കാര്‍ത്തികേയന്റെ കാലത്താണു് ഒപ്പുവയ്ക്കുന്നതു്. അന്നു് പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എ മാത്രമായിരുന്നു. [TOP]
4. പിഎസ്‌പി പദ്ധതികള്‍ക്കായുള്ള കരാറില്‍ പിണറായി വിജയന്റെ പങ്കെന്താണു്?
അസംബ്ലി തെരഞ്ഞെടുപ്പിനെ തുടര്‍ന്നു് 1996 മെയ് 20നു് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റു. പിണറായി വിജയനായിരുന്നു ഊര്‍ജ്ജമന്ത്രി. കാര്‍ത്തികേയന്റെ കാലത്തു് ഒപ്പിട്ട കണ്‍സല്‍ട്ടന്‍സി കരാറിന്റെ അനുബന്ധ കരാര്‍ ആയ സപ്ലൈ കോണ്‍ട്രാക്റ്റ് ഒപ്പിടുന്നതു് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണു്. 1997 ഫെബ്രുവരി 10നായിരുന്നു, അതു്. [TOP]
5. മന്ത്രിമാരാണോ കരാറുകള്‍ക്കു് തുല്യംചാര്‍ത്തിയതു്?
ഉ: വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ കരാറുകള്‍ കെഎസ്ഇബിയെ പ്രതിനിധീകരിച്ചു് അതാതുകാലത്തെ ചെയര്‍മാന്മാരോ പ്രധാന ഉദ്യോഗസ്ഥരോ ആണ് ഒപ്പിടാറുള്ളതു്. രാഷ്ടത്തിനെയോ സംസ്ഥാനത്തിനെയോ മന്ത്രാലയങ്ങളെയോ വകുപ്പുകളെയോ പ്രതിനിധീകരിച്ചു് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കരാറുകളില്‍ ഒപ്പിടാറില്ല. പിഎസ്‌പി പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്നതു് 1995 ഒക്ടോബര്‍ 10നാണ്. ഇതിന്റെ നടത്തല്‍ കരാര്‍ (ഇംപ്ലിമെന്റേഷന്‍ കോണ്‍ട്രാക്ട്) 1996 ഫെബ്രുവരി 24നാണു് ഒപ്പിടുന്നതു്. ഈ രണ്ടവസരങ്ങളിലും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍ ആയിരുന്നു, വൈദ്യുതി മന്ത്രി.[TOP]
6. പിഎസ്‌പി കരാറിനു വേണ്ടി ജി. കാര്‍ത്തികേയന്‍ എന്തെല്ലാം ചെയ്തു?
ഉ: 1995 ഒക്ടോബറില്‍ കാനഡ സന്ദര്‍ശിച്ചു. എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (ഇഡിസി), കനേഡിയന്‍ ഡെവലപ്പ്മെന്റ് ഏജന്‍സി (സിഡ) തുടങ്ങിയ കനേഡിയന്‍ സാമ്പത്തിക സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി. കാനഡയില്‍ നിന്ന് സാമ്പത്തിക സഹായത്താല്‍ കനേഡിയന്‍ കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങി കെഎസ്ഇബിയുടെ പദ്ധതികള്‍ നവീകരിക്കുക എന്ന ധാരണയില്‍ എത്തി. തുടര്‍ന്ന് കെഎസ്ഇബിയുടെ എല്ലാ പദ്ധതികളും ലാവലിനുമായി സഹകരിച്ച് (ജോയിന്റ് വെഞ്ച്വര്‍ ആയി) ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതില്‍ ആദ്യബാച്ചായി പിസ്‌പി പദ്ധതികള്‍ക്കുളള എംഒയു 10-8-1995ന് ഒപ്പുവച്ചു. ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പായി കനേഡിയന്‍ ഹൈക്കമ്മീഷണറും ലാവലിന്‍ ഉദ്യോഗസ്ഥരും ഇതേപ്പറ്റി സെക്രട്ടേറിയറ്റില്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുമായും ജി കാര്‍ത്തികേയനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. (നിയമസഭാ രേഖകള്‍ കാണുക). [TOP]
7. എന്തായിരുന്നു കാര്‍ത്തികേയന്റെ കാലത്തെ കരാര്‍ വ്യവസ്ഥപ്പെടുത്തിയതു്?
ഉ: പിഎസ്‌പി നവീകരണത്തിന് വാങ്ങേണ്ട സാമഗ്രികളെന്തൊക്കെയെന്നു നിശ്ചയിച്ചു, ഇവ കാനഡയില്‍ നിന്ന് വാങ്ങാന്‍ നിശ്ചയിച്ചു. ലാവലിന്‍ ഇവ സപ്ലൈ ചെയ്യുമെന്നു നിശ്ചയിച്ചു. 1995ലെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ സൂചിതവില, അതിനായി സ്വീകരിക്കുന്ന വായ്പയുടെ അടിസ്ഥാനപലിശനിരക്ക്, എന്നിവ നിശ്ചയിച്ചു. കാനഡയില്‍ നിന്നും വായ്പ സംഘടിപ്പിക്കാന്‍ ധാരണയായി. പദ്ധതികളുടെ ആവിഷ്കരണവും നിര്‍വഹണവും ഉപദേശവും ലാവലിനെ ഏല്‍പ്പിച്ചു. നവീകരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെയും ലാവലിന്റെയും ചുമതലയും ഉത്തരവാദിത്തവും ലാവലിനു നല്‍കാനുളള പ്രതിഫലവും തീരുമാനിച്ചു. കരാര്‍ സംബന്ധമായി ഉണ്ടാകുന്ന തര്‍ക്കങ്ങളുടെ ആര്‍ബിട്രേഷന്‍ പാരീസിലെ ഇന്റര്‍നാഷണല്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് വഴിയാകണമെന്നു നിശ്ചയിച്ചു. [TOP]
8. പിണറായി വിജയന്റെ കാലത്ത് കരാറില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ?
ഉ: കാര്‍ത്തികേയന്‍ ഒപ്പിട്ട മുന്‍കരാറിന്റെ തുടര്‍ച്ചയായി 1995ല്‍ കാര്‍ത്തികേയന്റെ കാലത്തു തീരുമാനമായ വിലയ്ക്കു തന്നെ, വിലവര്‍ദ്ധനവ് (കോസ്റ്റ് എസ്കലേഷന്‍) ബാധകമാകാതെ ഉപകരണങ്ങള്‍ ലാവലിന്‍ സപ്ലൈ ചെയ്യണമെന്ന് 1997 ഫെബ്രുവരി 10നു് പിണറായി വിജയന്റെ കാലത്ത് കെഎസ്ഇബി ഒപ്പിട്ട അനുബന്ധകരാറില്‍ നിഷ്കര്‍ഷിച്ചു. 24-02-1996ലെ കണ്‍സല്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകളനുസരിച്ചാണു് 10-02-1997ന് അനുബന്ധ കരാര്‍ (addendum) ഒപ്പിടുന്നതു്. ജി കാര്‍ത്തികേയന്‍ ലാവലിനുമായേര്‍പ്പെട്ട മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് (MoU) പ്രകാരമാണു് സപ്ലൈ കരാര്‍ ലാവലിനു ലഭിക്കുന്നതു്. [TOP]
9. ഇതിനായി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെ?
1996 ഒക്ടോബറില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംഘം കാനഡ സന്ദര്‍ശിച്ചു. മുമ്പ് കാര്‍ത്തികേയന്റെ നേതൃത്വത്തിലുളള സംഘം കാനഡയിലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി പിഎസ്‌പി പദ്ധതികള്‍ക്കുളള ഇഡിസി വായ്പ ലഭ്യമാക്കുന്നതിനുളള ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചയില്‍ 24-02-1996ലെ കരാറിലേതിനെക്കാള്‍ പലിശ, ചെലവ് നിരക്കുകള്‍ ഗണ്യമായി കുറച്ചു. കാര്‍ത്തികേയന്റെ കാലത്ത് 24-2-1996ലെ കരാര്‍ പ്രകാരം നവീകരണത്തിനുളള പ്രതിഫലമായി ലാവലിന് നല്‍കാമെന്ന് നിശ്ചയിച്ച കരാര്‍ തുകയായ 183 കോടി രൂപ 149 കോടിയായി കുറച്ചു. കാനഡയില്‍ നിന്ന് വാങ്ങാന്‍ ധാരണയായ ഉപകരണങ്ങളില്‍ 15 ശതമാനം ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ നിശ്ചയിച്ചു. [TOP]
10. ഈ കരാറുമായി മുന്നോട്ടു പോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങളെന്ത്?
വ്യവസായങ്ങള്‍ക്ക് 100 ശതമാനവും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു് 25 ശതമാനവും ആയിരുന്നു അന്നത്തെ പവര്‍കട്ട്. ഇതിനു പുറമെയായിരുന്നു മൂന്നര മണിക്കൂര്‍ നീളുന്ന ലോഡ് ഷെഡിങ്. ശമ്പളം പോലും കൃത്യമായി നല്‍കാനാവാത്ത വിധം വൈദ്യുതി ബോര്‍ഡ് സാമ്പത്തികത്തകര്‍ച്ചയിലായിരുന്നു. വ്യവസായസ്തംഭനത്തില്‍ പ്രതിവര്‍ഷം 6000 കോടി നഷ്ടം. കെഎസ്ഇബിയ്ക്ക് ഒരു വൈദ്യുതോല്‍പ്പാദന പദ്ധതിയും പുതുതായി തുടങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി. സംസ്ഥാനബജറ്റിന്റെയോ ആഭ്യന്തരസാമ്പത്തിക സ്രോതസ്സുകളുടെയോ അഭാവം. ഈ സാഹചര്യത്തിലാണു് കെഎസ്ഇബി വൈദ്യുതോത്പാദനത്തിനു് ഏറെ ആശ്രയിക്കുന്ന പിഎസ്‌പി പദ്ധതികളുടെ നവീകരണം എന്ന മുന്‍ഗവണ്‍മെന്റിന്റെ പദ്ധതി തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ടതു്. ഉപകരണങ്ങളുടെ കാലഹരണത്താല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന ഉത്പാദനം സാധിക്കാത്ത പിഎസ്‌പി പദ്ധതികളുടെ നവീകരണം മാറ്റിവയ്ക്കാനാവുന്നതായിരുന്നില്ല. കൂടാതെ 24-02-1996ല്‍ അന്തിമമായി തീരുമാനിക്കപ്പെട്ട കരാറുകളില്‍ നിന്നു് പിന്മാറിയാല്‍ ഉണ്ടാകുമായിരുന്ന അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ പോലെയുള്ള നിയമക്കുരുക്കുകളും കാലതാമസവും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. [TOP]
11. എന്താണു് പിഎസ്‌പി പ്രോജക്റ്റില്‍ സിഎജി കണ്ടെത്തിയ അപാകം?
ഉ: പുതുക്കിപ്പണിയലിനു് (renovation) ചെലവാക്കിയ 374.50 കോടി രൂപയ്ക്കു് ഒത്തവണ്ണം നേട്ടം അതില്‍ നിന്നുണ്ടായില്ല. [TOP]
12. ആനുപാതികനേട്ടമുണ്ടായില്ലെന്നു പറയണമെങ്കില്‍ അതിനു് എന്തെങ്കിലും അളവുകോല്‍ വേണമല്ലോ. എന്തായിരുന്നു ആ അളവുകോല്‍?
ഉ: കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് മുടക്കിയ തുകയും അതില്‍ നിന്നു ലഭ്യമായ ഉത്പാദനവും ആയിരുന്നു അളവുകോല്‍. കേരളത്തിലെ ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും ലാഭകരമായി പവര്‍ ജനറേഷന്‍ നടത്തുന്നു എന്നു സിഎജി പ്രത്യേകം എടുത്ത പറഞ്ഞ പ്രോജക്റ്റ് ആണിതു്. [TOP]
13. ആരാണു് കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് കരാര്‍ ഒപ്പിട്ടതു്?
ഉ: മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണു് ഒപ്പിടുന്നതു് എന്നു് പറഞ്ഞിരുന്നല്ലോ. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് തുടക്കമിടുന്നതു് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു് സിപിഐ(എം) സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം പിണറായി വിജയന്‍ വകുപ്പു് കൈകാര്യം ചെയ്യുമ്പോഴാണു്. [TOP]
14. എങ്ങനെയാണു് ആ കരാര്‍ ഒപ്പിട്ടതു്?
ഉ: എംഒയു റൂട്ട് ഒഴിവാക്കി ആഗോളവ്യാപകമായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചു. ലാവലിനേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത പൊതുമേഖലാ സ്ഥാപനമായ BHELനു് പ്രോജക്റ്റ് നല്‍കി. [TOP]
15. എന്താണു് ഈ എംഒയു റൂട്ട് (ധാരണാപത്രപാത)?
ഉ: പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനുളള രണ്ടുരീതികളിലൊന്ന്. മറ്റൊന്ന് ടെന്‍ഡര്‍ റൂട്ട്.
കെഎസ്ഇബി 1960കള്‍ മുതല്‍ തുടര്‍ച്ചയായി പദ്ധതികള്‍ നടപ്പാക്കുന്നതിന് എംഒയു റൂട്ടാണ് കൈക്കൊണ്ടിരുന്നത്. ഇടുക്കി മുതലായ പ്രധാന പദ്ധതികളെല്ലാം ഇങ്ങനെയാണ് നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് ശേഷിയുളള കരാറുകാരനെ കണ്ടെത്തി യോഗ്യതകള്‍ പരിഗണിച്ച് നേരിട്ട് പദ്ധതികള്‍ ഏല്‍പ്പിക്കുന്ന രീതിയാണിത്.
നടപടിക്രമങ്ങള്‍ ലഘൂകരിച്ച് അതിവേഗം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാം എന്ന സൗകര്യമുപയോഗിച്ച് മൂലധന നിക്ഷേപത്തിന് എളുപ്പവഴിയായി 1991 – 1996ലെ നരസിംഹറാവു സര്‍ക്കാര്‍ ഈ രീതി വ്യാപകമാക്കി. ഇത് ഇന്നും തുടരുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി കരാര്‍ ഉദാഹരണം.
ധാരണാപത്രപാതയാണു് 1991ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന സി വി പത്മരാജന്‍ കുറ്റ്യാടി പദ്ധതിയുടെ കാര്യത്തിലും 1995ലെ എ. കെ. ആന്റണി സര്‍ക്കാരിലെ വൈദ്യുതിവകുപ്പു മന്ത്രിയാരുന്ന ജി കാര്‍ത്തികേയന്‍ പിഎസ്‌പി പദ്ധതികളുടെ കാര്യത്തിലും അനുവര്‍ത്തിച്ചത്. അക്കാലത്ത് 13 വൈദ്യുത പദ്ധതികള്‍ എംഒയു റൂട്ടില്‍ ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരുന്നു. [TOP]
16. അപ്പോഴത്തെ സാഹചര്യത്തില്‍ എംഒയു റൂട്ട് അനിവാര്യമായിരുന്നോ?
ഉ: ജലവൈദ്യുതപദ്ധതികളുടെ നവീകരണം ഭാരിച്ച ചെലവുവരുന്നവയാണു്. വിദേശത്തുനിന്നുള്ള ഉപകരണങ്ങളുടെ ഇറക്കുമതിക്കു് ആവശ്യമായ വിദേശനാണ്യശേഖരം (forex) പോലും അക്കാലത്തു് ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു. കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു് കേന്ദ്രം നിര്‍ദ്ദേശിച്ച എംഒയു റൂട്ട് എടുക്കാന്‍ ആന്റണി സര്‍ക്കാര്‍ ആണു് തീരുമാനിച്ചതു്. പൂര്‍ണ്ണമായും ശരിയല്ലെങ്കിലും കേന്ദ്രഗവണ്‍മെന്റിന്റെ അന്നത്തെ നയങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് അക്കാലത്തു് ഊര്‍ജ്ജമേഖലയില്‍ തുടക്കംകുറിച്ച 13 പദ്ധതികളും എംഒയു റൂട്ടിലാണു് പോയതു്. അവയില്‍ മൂന്നെണ്ണം ജലവൈദ്യുതപദ്ധതികളുടെ നവീകരണമായിരുന്നു. തുടര്‍ന്നു് 1996ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുമായി ഏറെ മുന്നോട്ടുപോയ കുറ്റ്യാടി, പിഎസ്‌പി പദ്ധതികളൊഴിച്ചു മറ്റുള്ളവ റദ്ദുചെയ്യുകയായിരുന്നു. [TOP]
17. കേന്ദ്രനയത്തിനു് അനുസൃതമായ നടപ്പുരീതി അവലംബിച്ചതില്‍ കാര്‍ത്തികേയന്റെ ഭാഗത്തെ തെറ്റെന്താണു്?
ഉ: ജി കാര്‍ത്തികേയന്റെ കാലത്ത് കാനഡയില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ലാവലിനുമായി ധാരണാപത്രം ഒപ്പിടുന്നതിനുമുന്നെ കെഎസ്ഇബിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. അന്നത്തെ ബോര്‍ഡ് അംഗങ്ങളായിരുന്ന ജനാര്‍ദ്ദനന്‍ പിള്ളയും ആര്‍ ഉണ്ണിക്കൃഷ്ണനും കെ ജി ചന്ദ്രശേഖരനും ഇക്കാര്യം സിബിഐയ്ക്കു് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ടു്. താന്‍ ബോര്‍ഡില്‍ നിന്നു പിരിഞ്ഞതിനുശേഷം മാത്രമാണു്, ലാവലിനുമായി കാര്‍ത്തികേയന്‍ കരാറിലേര്‍പ്പെട്ട വിവരം അറിയുന്നതെന്നാണു് ആര്‍ ഉണ്ണിക്കൃഷ്ണന്‍ പറയുന്നതു്. ഇതിനര്‍ത്ഥം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണു് കാര്‍ത്തികേയന്റെ കാലത്തു് ധാരണാപത്രവും കരാറും ഒപ്പിട്ടതു് എന്നാണു്. ഇതു് വാസ്തവവുമാണു്. ഇതാണു് കാര്‍ത്തികേയന്റെ കാലത്തു് നടന്ന നടപടിക്രമങ്ങളിലെ പിഴവു്.
കെഎസ്ഇബിയുടെ ഭാഗത്തുനിന്നു് വിശദമായ പഠനമോ റിപ്പോര്‍ട്ടോ ഇല്ലാതെയാണു് ധാരണാപത്രം ഒപ്പിട്ടതെന്നു് ചീഫ് എഞ്ചിനീയര്‍മാരായ എ കെ ഹരിദാസും ജി എച്ച് അയ്യരും സിബിഐക്കു് മൊഴിനല്‍കിയിരുന്നു. നവീകരണം സംബന്ധിച്ച ഒരു ചര്‍ച്ച പോലും നടന്നിരുന്നില്ല എന്നാണു് അവര്‍ രേഖാമൂലം അറിയിച്ചതു്.
കനേഡിയന്‍ അംബാസിഡര്‍ കേരളത്തിലെത്തി ആന്റണിയേയും കാര്‍ത്തികേയനേയും കണ്ടുവെന്നും അതിനുശേഷമാണു് ധാരണാപത്രം ഒപ്പിട്ടതെന്നും ജി കാര്‍ത്തികേയന്‍ 2005ല്‍ നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ടു്. എന്നാല്‍ ഈ യോഗത്തില്‍ എന്താണു് നടന്നതെന്നുള്ളതിനു് ഒരു രേഖയും പുറത്തുവന്നിട്ടില്ല. കാര്‍ത്തികേയനൊട്ടു് വെളിപ്പെടുത്തിയിട്ടുമില്ല.
ഇത്തരം സാഹചര്യങ്ങളില്‍ ബോര്‍ഡ് റാറ്റിഫിക്കേഷനാണു് പോംവഴി. കാര്‍ത്തികേയന്റെ കാലത്ത് എന്തുകൊണ്ട് ഇതുനടന്നില്ല എന്നതാണു് ഉയരേണ്ട ചോദ്യം. കരാറൊപ്പിട്ട ശേഷം ഇരുപതോളം തവണ ബോര്‍ഡ് കൂടിയെങ്കിലും ഇക്കാര്യം ജി കാര്‍ത്തികേയനോ അന്നു് കെഎസ്ഇബി ചെയര്‍മാനായിരുന്ന ആര്‍ ശിവദാസനോ ബോര്‍ഡിനുമുമ്പാകെ കൊണ്ടുവന്നില്ല. എന്നാല്‍ തുടര്‍ന്നുവന്ന ചെയര്‍മാന്‍ രാജഗോപാല്‍ ബോര്‍ഡ് ഏര്‍പ്പെട്ട കരാര്‍ അന്തിമവും ബാധകവുമാണു് എന്ന ധാരണയില്‍ തന്നെയാണു് കരാറുമായി മുന്നോട്ടുപോയതു്.
പിണറായി വിജയന്റെ കാലത്തു് ഒപ്പിട്ട തുടര്‍ കരാറുകളെല്ലാം തന്നെ ബോര്‍ഡ് അംഗീകാരം ലഭിച്ചതിനുശേഷം മാത്രമാണു് ഉണ്ടായതു്. വിദേശവായ്പ ലഭ്യമാക്കുവാന്‍ കെഎസ്ഇബിക്കു് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ ഘട്ടത്തിലാണു് യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറുകള്‍ക്കുകൂടി അംഗീകാരം നല്‍കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതമായതു്. [TOP]
18. പിഎസ്‌പി പ്രോജക്റ്റ് ശരിക്കും നഷ്ടമായിരുന്നോ?
ഉ: സിഎജി റിപ്പോര്‍ട്ട് അനുസരിച്ചു് പിഎസ്‌പി പ്രോജക്റ്റ് (കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍) മുടക്കിയ തുകയ്ക്കു് ആനുപാതികമായ ലാഭം ഉണ്ടാക്കിയില്ല എന്നാണു് പറയുന്നതു്. ആനുപാതികലാഭം ഉണ്ടായില്ല എന്നു പറയുന്നതു് നഷ്ടമുണ്ടായി എന്ന അര്‍ത്ഥത്തില്‍ ആവണമെന്നില്ല. കാരണം, ഖജനാവിനു് വന്‍നഷ്ടം വരുത്തിയ മറ്റൊരു പ്രോജക്റ്റിനെ കുറിച്ചു് അതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടു്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിന്റെ കാര്യത്തിലാണു് വളരെ വ്യക്തമായി തന്നെ, അതു് സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കി എന്നും പറയുന്നതു്. [TOP]
19. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റും ഒന്നാണോ?
ഉ: അല്ല. കെ കരുണാകരന്‍ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന സി വി പത്മരാജന്റെ നിര്‍ദ്ദേശപ്രകാരമാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് ധാരണാപത്രം ഒപ്പിടുന്നതു്. ധാരണാപത്രം അനുസരിച്ചു് ലാവലിനുമായി സപ്ലൈ കരാര്‍ ഒപ്പുവയ്ക്കുന്നതു് ജി കാര്‍ത്തികേയന്റെ കാലത്താണു്. അതായതു്, പിഎസ്‌പി ഇടപാടില്‍ പിണറായി വിജയന്‍ ചെയ്ത അതേ കാര്യമാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ കാര്‍ത്തികേയന്‍ ചെയ്തതു്. പിഎസ്‌പി പ്രോജക്റ്റിനു് ലാവലിനുമായി കണ്‍സല്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന 1996 ഫെബ്രുവരി 24നാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റില്‍ ലാവലിനു സപ്ലൈ ഓര്‍ഡര്‍ ലഭിക്കുന്നതു്.
58 കോടി രൂപ മതിപ്പു ചെലവ് കണക്കാക്കിയ 50 മെഗാവാട്ട് സ്ഥാപിത ശേഷിയുളള കുറ്റിയാടി പദ്ധതിക്കു് 241.65 കോടി രൂപയാണു് ചെലവഴിച്ചതു്. സംസ്ഥാനഖജനാവിനു് പരിപൂര്‍ണ്ണ നഷ്ടമുണ്ടാക്കിയ പദ്ധതിയാണു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് എന്നു് സിഎജി ആരോപിക്കുന്നു. ഈ പദ്ധതിക്കായി ചെലവഴിച്ച 201 കോടി രൂപ പൂര്‍ണ്ണമായും നിഷ്ഫലമായി എന്നാണു് സിഎജിയുടെ നിരീക്ഷണം. യഥാര്‍ത്ഥത്തില്‍ ചെലവായ തുകയേക്കാള്‍ കുറവാണു് സിഎജി റിപ്പോര്‍ട്ടിലുള്ളതു്.
കുറ്റ്യാടി പദ്ധതിയെക്കുറിച്ച് 2005ലെ സിഎജി റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ:
Implementing the Kuttiyadi Extension Scheme at an exorbitant cost without giving due regard to actual inflow of water rendered the investment of Rs.201.4 crores unfruitful.
അതേ സമയം കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് (KAEP) പിണറായി വിജയന്റെ കാലത്താണു് തുടക്കമിടുന്നതു്. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബഞ്ച്മാര്‍ക്ക് ആക്കിയാണു് സിഎജി സംസ്ഥാനത്തെ ജലവൈദ്യുതപദ്ധതികള്‍ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതു്. [TOP]
20. കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റില്‍ 100 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ ചെലവായതു് 66.05 കോടി. ഒരു മെഗാവാട്ടിനു് 0.66 കോടി. പിഎസ്‌പി പ്രൊജക്റ്റിനു് 115.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മുടക്കിയതു 374.50 കോടി. ഒരു മെഗാവാട്ടിനു് 3.24 കോടി. രണ്ടുപദ്ധതികളും തമ്മില്‍ ഇത്ര ഭീമമായ വ്യത്യാസത്തിനു് ആരാണു് ഉത്തരവാദി?
രണ്ടുപദ്ധതികളും ആരാണു് തുടങ്ങിവച്ചതു് എന്നും ആരുമായാണു് കരാറിലേര്‍പ്പെട്ടതു് എന്നും ഏതുരീതിയിലാണു് കരാറിലേക്കു് എത്തിയതെന്നും പരിശോധിക്കൂ. ഉത്തരം ലഭിക്കും. കെഎഇപി പദ്ധതി ഓപ്പണ്‍ ടെന്‍ഡറിലൂടെ ഭെല്ലിനെ ഏല്‍പ്പിക്കുന്നതു് പിണറായി വിജയന്റെ കാലത്താണു്. പിഎസ്‌പി പദ്ധതി എംഒയു റൂട്ടിലൂടെ ലാവലിനെ ഏല്‍പ്പിക്കുന്നതു് ജി കാര്‍ത്തികേയന്റെ കാലത്തും. പിഎസ്‌പി പദ്ധതിക്കു് ഇത്രയും ചെലവു വരുന്നതു് ഉടനടി പണം കൊടുക്കാന്‍ കെഎസ്ഇബിയുടെ കയ്യില്‍ നീക്കിയിരിപ്പില്ലായിരുന്നതുകൊണ്ടാണു്. പലിശ കൊടുക്കാതെ ആരും വായ്പ തരില്ല. ഏതായാലും ഭെല്ലിനോട് പിണറായിയ്ക്കെന്തോ വിപ്രതിപത്തി ഉണ്ടായിരുന്നു എന്ന പ്രചരണത്തിന്റെ മുനയൊടിയുന്ന ഉദാഹരണമാണ് കെഎഇപി.
എല്ലാ പ്രൊജക്റ്റുകൾക്കും ഒരേ റേറ്റിലുള്ള തുകയാണു് ചെലവാകുക എങ്കിൽ ലോകത്തു് എല്ലാ പവർ പ്രൊജക്റ്റുകൾക്കും ഒരേ മുടക്കുമുതലേ, വരുമായിരുന്നുള്ളൂ. എന്നാൽ സ്ഥിതി അതല്ല. പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പ്രയാസവും നടപ്പാക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഉപകരണങ്ങളുടെ ശേഷിയും പ്രതീക്ഷിതമായ ആയുസ്സും അനുസരിച്ചു് ചെലവില്‍ വ്യത്യാസമുണ്ടാകും. പിന്നെ ഈ ചെലവുകൾ കണക്കാക്കേണ്ടതു് ഒന്നോ രണ്ടോ വർഷത്തെ ഉത്പാദനം നോക്കിയല്ല. ആ പ്ലാന്റിന്റെ പൊതുവായ ജീവിതദൈർഘ്യമായ 30-40 വർഷത്തെ ഉത്പാദനം നോക്കിയാണു്. പോരാത്തതിനു് വലിയ ജലവൈദ്യുത പദ്ധതികൾക്കു് ഇനിഷ്യൽ ചെലവ് കൂടുതലായിരിക്കും. ഓരോ മെഗാവാട്ടിന്റെയും സ്ഥാപിതശേഷിക്കു് വരുന്ന ചെലവും ഊര്‍ജ്ജോത്പാദനത്തിനു് വരുന്ന ചെലവും തമ്മില്‍ ഒരു താരതമ്യവുമില്ല എന്നുകൂടി മനസ്സിലാക്കുക. ഇവിടെ സ്ഥാപിതശേഷിച്ചെലവിനെ ഉത്പാദനച്ചെലവായി തെറ്റിദ്ധരിച്ചിരിക്കുകയുമാണു്, ചോദ്യകര്‍ത്താവു്.
കര്‍ണാടകയിലെ മഹാത്മാഗാന്ധി പദ്ധതിക്കു് മെഗാവാട്ടിനു് ചെലവായത് 51 ലക്ഷമാണു്. കര്‍ണാടകയിലെ മുനീറാബാദ് പദ്ധതിക്കു് മെഗാവാട്ടിന് 12 ലക്ഷവും ശിവസമുദ്രം പദ്ധതിക്കു് മെഗാവാട്ടിനു് 1.74 കോടിയുമാണു് ചെലവായതു്. ദാദ്രാ പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ചെലവു് മെഗാവാട്ടിനു് 1.74 കോടി. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിന്റെ പൈക്കര പദ്ധതിക്കു് മെഗാവാട്ടിനു് 34 ലക്ഷവും പാപനാശം പദ്ധതിക്കു് മെഗാവാട്ടിനു് 81 ലക്ഷവും ചെലവായി. ഇതോടൊപ്പം പൂര്‍ത്തിയായ കേരളത്തിലെ നേര്യമംഗലം പദ്ധതിക്കു് മെഗാവാട്ടിനു് വന്ന ചെലവ് 98 ലക്ഷം രൂപയായിരുന്നു (ആധാരം: സജിത്ത് പരമേശ്വരന്റെ റിപ്പോര്‍ട്ട്, മംഗളം ദിനപ്പത്രം, ഓണ്‍ലൈന്‍ എഡിഷന്‍ 19 ഓഗസ്റ്റ് 2013).
യഥാര്‍ത്ഥത്തില്‍ പിഎസ്‌പി കരാറിനെ കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റുമായി വേണം താരതമ്യം ചെയ്യാന്‍. പിഎസ്‌പി പദ്ധതികളുടെ നവീകരണത്തില്‍ ഒരു മെഗാവാട്ടിന്റെ സ്ഥാപിതശേഷിക്കു് 3.23 കോടി രൂപ ചെലവു വരുമ്പോള്‍ കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ ചെലവു് 4.83 കോടി രൂപയാണു്. 50 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കാന്‍ 58 കോടി രൂപ മതിപ്പുചെലവ് കണക്കാക്കിയ കുറ്റിയാടി പദ്ധതിയ്ക്ക് 241.65 കോടി രൂപയാണു് ചെലവഴിച്ചതു്.
എത്രമാത്രം നീരൊഴുക്കുണ്ടെന്നു് നോക്കാതെ ഭീമമായ തുകമുടക്കിയതു് അത്രയും ഒരുപകാരവുമില്ലാത്ത തരത്തില്‍ തുലച്ചുകളഞ്ഞു എന്നു് സിഎജി രൂക്ഷമായ വിമര്‍ശനം ചൊരിഞ്ഞ കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ പേരില്‍ സിബിഐ അന്വേഷണമോ മാദ്ധ്യമവിചാരണയോ ഇല്ല. അതേ സമയം പിഎസ്‌പി പദ്ധതിയില്‍ ആനുപാതിക നേട്ടമുണ്ടായില്ല എന്ന നിരീക്ഷണത്തെ തുടര്‍ന്ന് അവയൊക്കെ പ്രവഹിക്കുകയും ചെയ്തു. അതാണ്, കുറ്റ്യാടിയും പിഎസ്‌പിയും തമ്മിലുളള സാമ്യവും വ്യത്യാസവും. [TOP]
21. അപ്പോള്‍ കാര്‍ത്തികേയനെതിരെയായിരുന്നു ശരിക്കും അന്വേഷണം വരേണ്ടിയിരുന്നതു്, അല്ലേ?
ഉ: കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനെക്കുറിച്ചു് ഇതേവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പിഎസ്‌പി പദ്ധതി മാത്രമാണു് സിബിഐ അന്വേഷിക്കുന്നതു്. ‘founder of the conspiracy’ (ഗൂഢാലോചനയുടെ സ്ഥാപകന്‍) എന്നാണു് പിഎസ്‌പി നവീകരണപദ്ധതിയെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടില്‍ ജി കാര്‍ത്തികേയനെ വിശേഷിപ്പിക്കുന്നതു്. കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചന പിണറായി വിജയന്‍ പൂര്‍ത്തിയാക്കി എന്നാണു് സിബിഐ വാദം.
വാസ്തവത്തില്‍ എംഒയു റൂട്ടിലൂടെ ലാവലിനെ കരാറേല്‍പ്പിച്ചതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഗൂഢാലോചനയുടെ തുടക്കക്കാരനാവേണ്ടതു് സി വി പത്മരാജനാണു്. അങ്ങനെയെങ്കില്‍ കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് അന്വേഷണപരിധിയിലുണ്ടാവണം. കേസ് രാഷ്ട്രീയപ്രേരിതമായതിനാല്‍ പിഎസ്‌പി പദ്ധതിയെക്കുറിച്ചു മാത്രമാണു് അന്വേഷണമുണ്ടായതു്. അതിനാല്‍ പത്മരാജന്‍ മാന്യനാവുകയും പേരിനെങ്കിലും ജി കാര്‍ത്തികേയന്‍ സിബിഐ റിപ്പോര്‍ട്ട് പ്രകാരം ഗൂഢാലോചനയുടെ സ്ഥാപകനാവുകയും ചെയ്തു.
പക്ഷെ ഗൂഢാലോചന തുടങ്ങിവച്ച കാര്‍ത്തികേയന്‍ ഈ പദ്ധതിയില്‍ നിന്നു സ്വകാര്യലാഭം ഉണ്ടാക്കിയതിനു തെളിവില്ല എന്ന ന്യായം പറഞ്ഞാണു് അദ്ദേഹത്തെ സിബിഐ കുറ്റപത്രത്തില്‍ നിന്നു് ഒഴിവാക്കിയതു്. ഇതു് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നതു കൂടി കാണുക.
Investigation could not substantiate any overt acts on the part of Shri G. Karthikeyan to suggest his collusion with the accused Board officials and M/s SNC Lavalin. These accused persons while signing the MOU on 10-8-1995 and subsequently awarding the consultancy contracts on 24-02-1996 to M/s SNC Lavalin had done so with the knowledge of the Minister. But the backup files pertaining to these transactions were not available for investigation from the beginning and in the absence of the same it could not be stated categorically whether prior permission and consent of the minister was taken by the Board officials or post facto consent was obtained for entering into MOU and the subsequent contract.
അന്വേഷണത്തിന്റെ തുടക്കംമുതൽ തന്നെ കാർത്തികേയൻ മന്ത്രിയായിരുന്ന സമയത്തെ ട്രാൻസാക്ഷൻ ഫയൽ ഒന്നും ലഭിക്കാഞ്ഞതിനാൽ മന്ത്രിയുടെ മുൻകൂട്ടിയുള്ള അനുമതിയോടെയാണോ ധാരണാപത്രത്തിലും തുടർന്നു കരാറിലും ഏർപ്പെട്ടതു് എന്നോ ഇനി ഇവയ്ക്കു ശേഷം ബോർഡ് അധികൃതർ മന്ത്രിയുടെ അനുമതി വാങ്ങിയോ എന്നും സ്ഥാപിക്കാനാവില്ലത്രേ. ഞങ്ങൾ അക്കാലത്തെ ഫയൽ എല്ലാം ചോദിച്ചു, അവരൊന്നും തന്നില്ല, അതുകൊണ്ടു് മന്ത്രിയുടെ പങ്കിനു തെളിവില്ല! [TOP]
22. എങ്കില്‍ പിണറായി വിജയന്‍ സ്വകാര്യലാഭമുണ്ടാക്കിയതിനു് തെളിവുണ്ടാവും, അല്ലേ?
ഉ: പിണറായി വിജയൻ സ്വകാര്യലാഭം ഉണ്ടാക്കിയെന്നു സിബിഐ പോലും അവകാശപ്പെടുന്നില്ല. എന്നാൽ സപ്ലൈ ഓര്‍ഡര്‍ നല്‍കിയതു് അദ്ദേഹത്തിന്റെ കാലത്തായതിനാല്‍ സംസ്ഥാനത്തിനു് നഷ്ടം സംഭവിച്ചതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നാണു് സിബിഐ പറഞ്ഞുവയ്ക്കുന്നതു്.
അതേസമയം സംസ്ഥാനഖജനാവിനു പരിപൂര്‍ണ്ണ നഷ്ടം വന്ന കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റ് പൂര്‍ണ്ണമായും കാര്‍ത്തികേയന്റെ കാലത്തുതന്നെ പൂര്‍ത്തീകരിച്ചതായിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങിവച്ച സി വി പത്മരാജനോ ലാവലിനു് ടെന്‍ഡര്‍ കൂടാതെ സപ്ലൈ ഓര്‍ഡര്‍ നല്‍കിയ ജി കാര്‍ത്തികേയനോ എതിരെ അന്വേഷണമോ കണ്ടെത്തലോ ഇല്ല. ആനുപാതിക ഗുണം ഇല്ലാതിരുന്ന പിഎസ്‌പി പ്രോജക്റ്റിലാവട്ടെ, കാര്‍ത്തികേയന്‍ നിശ്ചയിച്ചതിലും മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറില്‍ ഉള്‍ച്ചേര്‍ത്തു് സംസ്ഥാനത്തിനു് ഗുണമുണ്ടാക്കിയ ആള്‍ക്കെതിരെയാണു് അഴിമതിയാരോപണവും അന്വേഷണവും. കുരുക്കിനു ചേരുന്ന കഴുത്തുള്ളതിനാല്‍ തൂക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന നാടോടിക്കഥയിലെ ഗോവര്‍ദ്ധന്റെ സ്ഥാനത്താണു് ഈ കേസില്‍ പിണറായി വിജയന്റെ സ്ഥാനം. [TOP]
23. സിഎജി ചൂണ്ടിക്കാട്ടിയ, കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയിലെ നഷ്ടം വിവാദമായിരുന്നോ?
ഉ: ഈ പരാമര്‍ശത്തിനു് വേണ്ടത്ര മാദ്ധ്യമശ്രദ്ധ ലഭിച്ചില്ല. കാര്‍ത്തികേയനെ ആരും കുറ്റ്യാടിക്കള്ളന്‍ എന്നു വിളിക്കുന്നില്ല. ഖജനാവിനു് 201 കോടിയുടെ നഷ്ടം വരുത്തിയതിനു് (ചെലവാക്കിയ തുകയ്ക്കു് അനുസൃതമായ മെച്ചമുണ്ടാകാത്തതിനുപോലുമല്ല) കാര്‍ത്തികേയനെതിരെ കേസുമില്ല. [TOP]
24. കാര്‍ത്തികേയന്‍ തുടങ്ങിവച്ച പിഎസ്‌പി പ്രോജക്റ്റിന്റെ ധാരണാപത്രത്തില്‍ പിണറായി വിജയന്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചു വിശദമാക്കാമോ?
ഉ: കാര്‍ത്തികേയന്റെ കാലത്തുള്ള കരാറുകളില്‍ നല്‍കിയിരുന്ന സൂചിതവിലയുടെ സ്വീകാര്യത എന്‍എച്ച്പിസിയെക്കൊണ്ടു് പരിശോധിപ്പിച്ചു് അതു് അന്താരാഷ്ട്രമാനദണ്ഡങ്ങള്‍ക്കനുസൃതമാണെന്നു് ഉറപ്പാക്കി. കരാര്‍ സംസ്ഥാനതാത്പര്യങ്ങള്‍ക്കു് കഴിയുന്നത്ര ഗുണകരമാക്കാന്‍ ലാവലിന്‍ കമ്പനിയുമായും കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും ചര്‍ച്ച നടത്തി. അവര്‍ പുതിയ സര്‍ക്കാരിന്റെ ആവശ്യത്തിനു് വഴങ്ങാന്‍ നിയമപരമായി ബാധ്യതയില്ലായിരുന്നിട്ടുകൂടി പദ്ധതിക്കു് ആവശ്യമായ സാമഗ്രികള്‍ക്കു് സൂചിതവിലയില്‍ നിന്നു് 32 കോടി രൂപയോളം കുറച്ചുനല്‍കിയാല്‍ മതിയെന്നു് സമ്മതിച്ചു. ലാവലിന്റെ കണ്‍സല്‍ട്ടന്‍സി ഫീസ് ഗണ്യമായി കുറപ്പിച്ചു. ഉറപ്പിച്ച വിലകളെല്ലാം കരാര്‍ തീരുംവരെ, പണപ്പെരുപ്പത്തെ ബാധിക്കാതെ ഇതേ നിലയില്‍ തുടരുമെന്നു് വ്യവസ്ഥപ്പെടുത്തി. (not indexed to inflation but kept at old prices until such time that the projects are completed). പദ്ധതിക്കായി സ്വീകരിക്കുന്ന വായ്പയ്ക്കു് മേലുള്ള പലിശ നിരക്കും വെട്ടിക്കുറച്ചു. (പട്ടിക കാണുക) [TOP]
25. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കാമെന്ന വാഗ്ദാനം ഇതിനിടയില്‍ എവിടെയാണു് വരുന്നതു്? വൈദ്യുതിവകുപ്പിനെന്താണു് ആശുപത്രിനിര്‍മ്മാണത്തില്‍ കാര്യം?
ഊര്‍ജ്ജവകുപ്പും ആശുപത്രിയുമായി പ്രത്യക്ഷബന്ധമില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ലാവലിന്‍ നടപ്പാക്കിയതുമല്ല. പിഎസ്‌പി നവീകരണക്കരാറിന്റെ പ്രതിഫലമായി ഈ ഗ്രാന്‍ഡിനെ കാണുന്നതിലും അര്‍ത്ഥമില്ല. ഏതെങ്കിലും തരത്തിലുള്ള ഡിസ്‌ക്കൌണ്ട് ലാവലിൻ നൽകിയതുമല്ല
കനേഡിയന്‍ കോര്‍പ്പറേറ്റുകള്‍ക്കു് വിദേശത്തു് വലിയ പ്രോജക്റ്റുകള്‍ കിട്ടുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ഏജന്‍സിയായ CIDA (കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഏജന്‍സി) നല്‍കുന്ന എയ്ഡ് ആണതു്. തെരഞ്ഞെടുത്ത സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വികസിതരാഷ്ട്രങ്ങള്‍ അവികസിതരാഷ്ട്രങ്ങള്‍ക്ക് സഹായം നല്‍കുന്ന പതിവുണ്ടു്. അതില്‍ പെടുന്നതാണു്, ഇതും.
സി വി പത്മരാജന്റെ കാലത്തു് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിനു് ധാരണാപത്രം ഒപ്പിടുമ്പോഴാണു് ഇത്തരമൊരു എയ്ഡിന്റെ സാധ്യതയെക്കുറിച്ചു് കമ്പനി അറിയിക്കുന്നതു്. ആ പദ്ധതിക്കാലത്തു് വൈദ്യുതവിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു് ഗ്രാന്‍ഡ് ലഭിക്കുകയും ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ടതു്, ഈ ഗ്രാന്‍ഡ് സംബന്ധിച്ചു് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് പോയിട്ടു് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് പോലും ഒപ്പിടാന്‍ കേരളസര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല എന്നതാണു്. എങ്കിലും ലാവലിന്റെ വാഗ്ദാനം പോലെ പണിനടന്നിരുന്നു.
തുടര്‍ന്നു് പിഎസ്‌പി പദ്ധതിയുടെ ആരംഭത്തില്‍ ജി കാര്‍ത്തികേയന്‍ കേരളത്തില്‍ ആശുപത്രി, ടെക്നിക്കല്‍ ട്രെയിനിങ് കോളജ്, ജലശുദ്ധീകരണ പ്ലാന്റ്, പദ്ധതിപ്രദേശത്തെ റോഡുകളുടെ പുനരുദ്ധാരണം, കുടിവെള്ളപദ്ധതി തുടങ്ങിയവയ്ക്കു് 46 കോടി രൂപ ഗ്രാന്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ടു് 1996 മാര്‍ച്ചില്‍ എസ്എന്‍സി ലാവലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനു് കത്തെഴുതി. ഈ കത്തിന്റെ പകര്‍പ്പ് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എങ്കിലും ഇക്കാര്യത്തില്‍ കാര്‍ത്തികേയന്‍ ഒരുറപ്പും സമ്പാദിച്ചിരുന്നില്ല. ഇതിനെക്കുറിച്ചു് സിബിഐ ചോദ്യം ചെയ്തപ്പോള്‍ കത്തിന്റെ ഒറിജിനല്‍ കാണാതെ തനിക്കു് അഭിപ്രായം പറയാനാവില്ല എന്ന മറുപടിയാണു് കാര്‍ത്തികേയന്‍ നല്‍കിയതു്.
എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്തു് മുഖ്യമന്ത്രി നായനാരും ഊര്‍ജ്ജമന്ത്രി പിണറായി വിജയനും കാനഡയില്‍ ചെന്നു് ചര്‍ച്ച നടത്തിയപ്പോള്‍ ഈ സഹായവാഗ്ദാനത്തിന്റെ കാര്യം എടുത്തിടുകയും അതേത്തുടര്‍ന്നു് ക്യാനഡയില്‍ വിവിധ സ്രോതസുകളില്‍ നിന്നായി സംഭാവന പിരിച്ചു് 98 കോടി രൂപ മുടക്കി മലബാറില്‍ ക്യാന്‍സര്‍ സെന്റര്‍ പണിതുനല്‍കാനുള്ള സന്നദ്ധത ലാവലിന്‍ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംസിസിക്കായി പ്രത്യേക ധാരണാപത്രവും ഒപ്പിട്ടു. ആശുപത്രി നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എങ്ങനെയൊക്കെയാവണം പണം ചെലവഴിക്കേണ്ടതു് എന്നു വ്യക്തമാക്കുന്നതായിരുന്നു, ധാരണാപത്രം.
ആശുപത്രി സ്ഥാപിക്കുന്നത് കുറ്റ്യാടി പദ്ധതിപ്രദേശത്തോ മലബാറിലോ ആയിരിക്കണമെന്നാണു് ഇതുമായി ബന്ധപ്പെട്ട ആദ്യ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതു്. പൂര്‍ണ്ണമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുവേണ്ടി നടത്തിയ വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നസമയം തൃശ്ശൂര്‍മുതല്‍ വടക്കോട്ടുള്ള എട്ടു ജില്ലകളിലേയും ഇതിനോടു് അടുത്തുകിടക്കുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും ആവശ്യകത കണക്കിലെടുത്തു് തലശ്ശേരിയില്‍ സ്ഥാപിക്കുകയായിരുന്നു. അന്നു് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ ഒഴികെ ഈ രംഗത്തു് എണ്ണപ്പെട്ട സ്ഥാപനങ്ങള്‍ വേറെയില്ലായിരുന്നു. മൂന്നുകോടിയോളം ജനങ്ങള്‍ക്കു് ആശുപത്രിയുടെ സേവനം ലഭ്യമാകുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തതു്. സ്ഥലം തിരഞ്ഞെടുത്തതില്‍ അന്നത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിലെ മന്ത്രി എന്ന നിലയില്‍ പിണറായി വിജയനു്
കൂട്ടുത്തരവാദിത്വമുണ്ടു്. മുന്‍സര്‍ക്കാരിന്റെ കാലത്തു് യാതൊരു ഉറപ്പും വാങ്ങാതെയിരുന്ന ഒരു കാര്യത്തില്‍ ധാരണാപത്രം തന്നെ ഒപ്പിടാനും അതുവഴി സംസ്ഥാനത്തിനു് നഷ്ടമാകുമായിരുന്ന ഒരു പ്രോജക്റ്റ് നടപ്പാക്കാനും ഇടയാക്കുക എന്ന കുറ്റവും ഇതുവഴി പിണറായി വിജയന്‍ അനുവര്‍ത്തിച്ചിട്ടുണ്ടു്. [TOP]
26. സര്‍ക്കാരിന്റെ ബാധ്യതകള്‍ ലഘൂകരിക്കയും കമ്പനിക്കു് അധികബാധ്യതകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നതിനു് ഏതെങ്കിലും കമ്പനി മന്ത്രിക്കു് കോഴ നല്‍കുമോ?
ഉ: ശരിയായ ചോദ്യം. ലാവലിന്‍ കമ്പനി പിണറായി വിജയനു് കോഴ നല്‍കിയതായി സിബിഐയോ അതിനുമുമ്പു് ഈ കേസ് അന്വേഷിച്ച വിജിലന്‍സോ കണ്ടെത്തിയിട്ടില്ല. അവര്‍ക്കു് അങ്ങനെയൊരു ആരോപണവുമില്ല. [TOP]
27. ലാവലിനില്‍ നിന്നു കിട്ടിയ കോഴപ്പണം പിണറായി വിദേശത്തു് നിക്ഷേപിച്ചു എന്നാണല്ലോ ക്രൈം നന്ദകുമാറിന്റെ ആരോപണം?
ഉ: ലാവലിനില്‍ നിന്നു ‘ലഭിച്ച’ kickback ഉപയോഗിച്ചു് സിങ്കപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനി സ്ഥാപിച്ചു് പിണറായി വിജയന്‍ പണം വെട്ടിച്ചു എന്നാണു് ക്രൈം ആരോപിച്ചതു്. ആ പണം കൈരളി തുടങ്ങാന്‍ ഉപയോഗിച്ചു എന്നും പറഞ്ഞുപരത്തി. എന്നാല്‍ അന്വേഷണത്തില്‍ ഇങ്ങനെയൊരു കമ്പനി ഒരുകാലത്തും സിങ്കപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നു് വെളിവായി.
ഈ കമ്പനിയുടെ ആവശ്യത്തിനായി പിണറായി നൂറിലേറെത്തവണ സിങ്കപ്പൂര്‍ യാത്ര നടത്തി എന്നായിരുന്നു മറ്റൊരാരോപണം. പിണറായി വിജയന്റെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചതില്‍ നിന്നു് ഈ ആരോപണം ഭാവന മാത്രമാണെന്നു തെളിഞ്ഞു. കൈരളി ലിമിറ്റഡ് കമ്പനിയായതിനാല്‍ അതിലെ ഓഹരിപങ്കാളിത്തം മറച്ചുവയ്ക്കാനാവില്ല എന്ന വസ്തുതയും ഈ ആരോപണമുന്നയിച്ചവര്‍ കണക്കിലെടുത്തില്ല.
ഈ പണമുപയോഗിച്ചാണു് പിണറായി വിജയന്‍ വീടുവച്ചതു് എന്നായിരുന്നു അടുത്ത ആരോപണം. പിണറായി വിജയന്‍ പുതിയ വീടുവയ്ക്കുകയല്ല, നിലവിലുണ്ടായിരുന്ന വീടു് പുതുക്കിപ്പണിയുകയാണു് ചെയ്തതു്. അതിനായി എടുത്ത വായ്പകളുടെ രേഖകളും ചെലവുകണക്കും ഹാജരാക്കിയതോടെ ആ ആരോപണവും അസ്തമിച്ചു. [TOP]
28. വീടുപണിയാന്‍ ചെലവായ തുക എങ്ങനെയാണു് കണ്ടെത്തിയതു്?
ഉ: ഇതു് വാസ്തവത്തില്‍ പിണറായി വിജയന്റെ സ്വകാര്യതയെ ലംഘിക്കുന്ന ചോദ്യമാണു്. കേരളത്തിലെ വേറെ ഏതെങ്കിലും നേതാവിന്റെ വീടിനെ സംബന്ധിച്ചു് ഇത്രമാത്രം ആകാംക്ഷയുണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. പിണറായി വിജയന്റെ കൊട്ടാരം എന്നുപറഞ്ഞു് ഒരു വിദേശമലയാളിയുടെ വീടിന്റെ ചിത്രംവരെ വച്ചു് പ്രചാരണം നടന്നിരിക്കുന്നു. വീടുകാണാന്‍ പോയതിനു് രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കി എന്ന ആരോപണത്തില്‍ നിന്നാണു് ആര്‍എംപിയുടെ രൂപീകരണത്തിലേക്കു് വളരുന്ന സംഭവങ്ങളുടെ തുടക്കം. ചുരുക്കത്തില്‍ സിപിഐ(എം)നെ തകര്‍ക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ കെട്ടിപ്പൊക്കിയ ഊഹാപോഹങ്ങളുടെ പുകമറയിലാണു് ഈ വീടിന്റെ സ്ഥാനം.
പുതുതായി വീടുവയ്ക്കുകയല്ല, ഉള്ളവീടു് പുതുക്കിപ്പണിയുകയാണു് ചെയ്തതെന്നു് നേരത്തെ പറഞ്ഞു. ഇതിനായി 5,60,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലശ്ശേരി ബ്രാഞ്ചില്‍ നിന്നും 1,98,000 രൂപ ഭാര്യയുടെ പിഎഫില്‍ നിന്നും 2,00,000 രൂപ മകള്‍ വീണ തായക്കണ്ടിയുടെ അക്കൌണ്ടില്‍ ബാംഗ്ലൂരെ HDFCയില്‍ നിന്നും 1,42,000 രൂപ അവരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ നിക്ഷേപത്തില്‍ നിന്നുമായി ശേഖരിച്ചാണു് 11,00,000 (പതിനൊന്നുലക്ഷം) രൂപ മുടക്കി വീടു് റെനവേറ്റ് ചെയ്തതു്. കണ്ണൂര്‍ ജില്ലയിലെ വേങ്ങോട് പഞ്ചായത്തില്‍ 1977ല്‍ പണിത പഴയവീടാണു് ഇത്രയും തുകയ്ക്കു് പുതുക്കിപ്പണിതതു്. ലാവലിനില്‍നിന്നു വന്‍തുക കോഴവാങ്ങിയയാള്‍ക്കു് വീടു പുതുക്കിപ്പണിയാന്‍ ബാങ്കില്‍ നിന്നു പെറുക്കിപ്പെറുക്കി ലോണ്‍ എടുക്കണോ? [TOP]
29. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പണി ടെക്നിക്കാലിയ എന്ന കടലാസുകമ്പനിയെ ഏര്‍പ്പെടുത്തിയതു് പണം തട്ടാനാണെന്നു് ആരോപണമുണ്ടായിരുന്നല്ലോ?
ഉ: ടെക്നിക്കാലിയ കടലാസുകമ്പനിയല്ല. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ വലിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രോജക്റ്റുകള്‍ ഏറ്റെടുത്തു് വിജയകരമായി നടപ്പാക്കിയ കണ്‍സല്‍ട്ടിങ് കമ്പനിയാണതു്. ഗള്‍ഫ് രാജ്യങ്ങളില്‍ ഗവണ്‍മെന്റ് മുന്‍കൈയില്‍ പണിത ആശുപത്രികളുടെ കോണ്ട്രാക്റ്റ് പോലും അവര്‍ക്കു കിട്ടിയിട്ടുണ്ടു്. ഇന്ത്യയില്‍ രാമചന്ദ്ര മെഡിക്കല്‍ കോളജും സായിബാബയുടെ ആശുപത്രികളും അടക്കം പണിതിട്ടുണ്ടു്.
കേരളത്തില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും എം വി രാഘവന്‍ സഹകരണമന്ത്രിയും ആയിരിക്കെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിയാരം സഹകരണ മെഡിക്കല്‍ കോളജിന്റെ പണിയാണു് ടെക്നിക്കാലിയ കേരളത്തില്‍ ആദ്യം ഏറ്റെടുത്തു് നടപ്പാക്കുന്ന പ്രോജക്റ്റ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ കണ്‍സല്‍ട്ടിങ് കരാര്‍ ആണു് ടെക്നിക്കാലിയയ്ക്കു് നല്‍കിയതു്. തങ്ങളനുവദിക്കുന്ന പണം നേരാംവണ്ണമാണു് ചെലവാക്കുന്നതു് എന്നു് ഉറപ്പുവരുത്തേണ്ട ബാധ്യതയാണു് കണ്‍സല്‍ട്ടിങ് കമ്പനിക്കുള്ളതു്. ഈയിനത്തില്‍ ഒരുകോടിയോളം രൂപയാണു് ടെക്നിക്കാലിയയുടെ അക്കൌണ്ടില്‍ എത്തിയതു്. അതുകൂടി ചേര്‍ത്തു് ആകെ 13 കോടി രൂപയോളമാണു് എംസിസിക്കു് വിദേശസഹായമായി ലഭ്യമായതു് എന്നു് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ടു്. ടെക്നിക്കാലിയ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു് ലാവലിന്‍ ആണു് ബില്‍ മാറിക്കൊടുക്കുക. എല്‍&ടിയാണു് ടെക്നിക്കാലിയയുടെ മേല്‍നോട്ടത്തില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കു് എക്സിക്യൂട്ട് ചെയ്തതു്. [TOP]
30. ടെക്നിക്കാലിയയില്‍ പിണറായി വിജയന്റെ ഭാര്യക്കു് ഓഹരി പങ്കാളിത്തമില്ലേ?
ഉ: ഇല്ല. കമ്പനിയുടെ ഉടമസ്ഥതാരേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാണു്. [TOP]
31. എന്തുകൊണ്ടാണു് ആശുപത്രിക്കുള്ള ധനസഹായം കെഎസ്ഇബി നേരിട്ടുവാങ്ങാതെ ടെക്നിക്കാലിയയെ ഏല്‍പ്പിച്ചതു്?
ഉ: ഗ്രാന്‍ഡ് നല്‍കുന്നതു് കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഏജന്‍സി (CIDA), ക്യൂബെക് സര്‍ക്കാര്‍, ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരാണു്. ഈ സഹായം ലാവലിന്‍ സമാഹരിച്ചു തരാമെന്നാണു് ധാരണ. ഇത്തരത്തിലുളള വിദേശ സഹായം കെഎസ്ഇബി പോലുളള ഒരു കൊമേഴ്സ്യല്‍ ഏജന്‍സിയ്ക്കു ലഭിക്കുന്നതിനു് കേന്ദ്രസര്‍ക്കാരിന്റെ തന്നെ മാനദണ്ഡങ്ങള്‍ വിഘാതമാണു്. അതിനാലാണു് മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതു്. ഇങ്ങനെ കിട്ടുന്ന സഹായം ഉപയോഗിച്ചു് ആശുപത്രി സ്ഥാപിക്കുന്നതിനുളള കേരളത്തിലെ കരാറുകാരായാണു് ടെക്നിക്കാലിയ രംഗത്തു വരുന്നതു്. പണം ടെക്നിക്കാലിയയെ ഏല്‍പ്പിച്ചില്ല. ചെയ്ത പണികള്‍ക്കു് ടെക്നിക്കാലിയയ്ക്കും ഇതര കരാറുകാര്‍ക്കും ബില്ലു മാറി നല്‍കുകയാണു ലാവലിന്‍ ചെയ്തതു്. [TOP]
32. ഗ്രാന്‍ഡ് പണമായി വാങ്ങി പൊതുമരാമത്തുവകുപ്പിനെക്കൊണ്ടു് ആശുപത്രി പണിയിച്ചാല്‍ പോരായിരുന്നോ?
ഉ: ബജറ്റില്‍ പിഡബ്ല്യൂഡിക്കു വകയിരുത്തിയ തുക മാത്രമാണു് അവര്‍ വിനിയോഗിക്കുന്നതു്. ഗ്രാന്‍ഡ് ബജറ്റില്‍ വകയിരുത്താവുന്ന ഒന്നല്ല. [TOP]
33. കാന്‍സര്‍ ആശുപത്രി നിര്‍മ്മാണം ആരോഗ്യവകുപ്പിനെ ഏല്‍പ്പിക്കാതെ വൈദ്യുതി വകുപ്പിന്റെ കീഴില്‍ വന്നതെങ്ങനെ?
പിഎസ്‌പി പദ്ധതികളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട കാലയളവില്‍ അതിന് അനുപൂരകമായി ആശുപത്രിയ്ക്കുളള ധനസഹായം കാനഡയിലെ ഏജന്‍സികളില്‍ നിന്നു സമാഹരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്നാണു് ലാവലിന്‍ സമ്മതിച്ചതു്. ഇതിനുളള ധാരണ വൈദ്യുതിവകുപ്പിനാണു് ലാവലിന്‍ കൈമാറിയതു്. കാന്‍സര്‍ ആശുപത്രി സ്ഥാപിക്കുന്നതിനുളള അംഗീകാരവും വൈദ്യുതി വകുപ്പാണു് നല്‍കിയതു്. നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആശുപത്രി ആരോഗ്യവകുപ്പിനു നല്‍കാമെന്നു തന്നെയായിരുന്നു ധാരണ.
ആശുപത്രികള്‍ എല്ലായ്പോഴും ആരോഗ്യവകുപ്പിനു കീഴില്‍ മാത്രമല്ല നിര്‍മ്മിക്കപ്പെട്ടിട്ടുളളതു്. സഹകരണ വകുപ്പിനു കീഴിലുളള പരിയാരം, കൊച്ചിയിലെ കേപ്പ്, പട്ടികജാതി വകുപ്പിനു കീഴിലുളള പാലക്കാട് മെഡിക്കല്‍ കോളജ് എന്നിവ ഉദാഹരണം.
ബാങ്കുകള്‍ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലാണെന്നാണല്ലോ പൊതുധാരണ. കേന്ദ്രസര്‍ക്കാര്‍ പ്രമോട്ടു ചെയ്യുന്ന റപ്കോ (Repco) ബാങ്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണു് പ്രവര്‍ത്തിക്കുന്നതു്. [TOP]
34. പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതു് അധികാരദുര്‍വിനിയോഗമല്ലേ?
ഉ: സ്വന്തം മണ്ഡലത്തില്‍ പദ്ധതികള്‍ കൊണ്ടുവരുന്നതു് അധികാരദുര്‍വിനിയോഗമാണെന്നു് വ്യാഖ്യാനിക്കുകയാണെങ്കില്‍ സോണിയയെ എത്ര പ്രാവശ്യം പ്രോസിക്യൂട്ടു ചെയ്യണം? പാലക്കാട് കോച്ച് ഫാക്ടറിക്കു തറക്കല്ലിട്ടതിനുശേഷം ഒരു പണിയും നടത്താതെയല്ലേ റായ്ബറേലിയില്‍ പുതിയതു് സ്ഥാപിച്ചതു്? രാജ്യത്തെ ആദ്യത്തെ ദേശീയ വനിതാ യൂണിവേഴ്സിറ്റിയ്ക്ക് കോണ്‍ഗ്രസ് സ്ഥലം കണ്ടെത്തിയതു് റായ്ബറേലിയിലല്ലേ? മറ്റു മണ്ഡലങ്ങളില്‍ സ്ത്രീക്ഷാമമുളളതുകൊണ്ടാണോ അങ്ങനെ സംഭവിച്ചതു്? മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തിലാണെങ്കില്‍ ആ ആശുപത്രി വന്നതു് പിണറായി വിജയന്റെ മണ്ഡലത്തിലല്ല, അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ മണ്ഡലമായ തലശ്ശേരിയിലാണ്. പിണറായി വിജയന്‍ അന്നു് പയ്യന്നൂര്‍ എംഎല്‍എ ആയിരുന്നു. [TOP]
35. ക്യാന്‍സര്‍ സെന്ററിനു വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സഹായം മുഴുവനായും ലഭിച്ചിരുന്നോ?
ഉ: ഇല്ല. ഏതാണ്ടു് 12 കോടി രൂപയുടെ വര്‍ക്കു് മാത്രമേ നടന്നുള്ളൂ. ബ്ലഡ് ബാങ്കിന്റേതു് അടക്കമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അതിലൂടെ നടന്നു. [TOP]
36. മന്ത്രി മാറിയപ്പോള്‍ ലാവലിന്‍ ആശുപത്രിക്കുള്ള വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയായിരുന്നോ?
ഉ: അല്ല. 1998 ഏപ്രില്‍ 24നാണു് എംസിസിയ്ക്കുളള ധാരണാപത്രം ഒപ്പിടുന്നതു്. ഇതിന്റെ കാലാവധി 180 ദിവസമായിരുന്നു. ധനസഹായം സമാഹരിച്ച ശേഷം വിശദമായ കരാര്‍ (എംഒഎ) ഇതിനെ തുടര്‍ന്നു് ഒപ്പിടണമെന്നാണു് വ്യവസ്ഥ. 1998 ഒക്ടോബറില്‍ പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. എന്നാല്‍ ഇക്കാലത്തും കരാര്‍ ഒപ്പുവെയ്ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിനു മുമ്പുതന്നെ ഇക്കാരണംകൊണ്ടു് ധാരണാപത്രം മൂന്നുമാസത്തേയ്ക്കുകൂടി പുതുക്കി. തുടര്‍ന്നു് അധികാരത്തില്‍വന്ന ശര്‍മ്മയുടെയും കടവൂര്‍ ശിവദാസന്റെയും കാലത്തു് ഇതേ രീതിയില്‍ ധാരണാപത്രം പുതുക്കിവന്നു. ഇക്കാലയളവില്‍ 12 കോടി രൂപ ചെലവില്‍ എംസിസിയുടെ ഒന്നാംഘട്ട നിര്‍മ്മാണവും ബ്ലഡ് ബാങ്കും ലാവലിന്‍ പൂര്‍ത്തീകരിച്ചു. ഇതില്‍നിന്നുതന്നെ മന്ത്രിമാറിയപ്പോള്‍ വാഗ്ദാനത്തില്‍നിന്നു ലാവലിന്‍ പിന്മാറിയെന്ന വാദത്തിന്റെ മുനയൊടിയുന്നു. [TOP]
37. എംസിസിയ്ക്കുള്ള ധാരണാപത്രം എന്തുകൊണ്ടു് അന്തിമകരാറായില്ല?
ഉ: 1999 അവസാനത്തോടു കൂടി എംസിസിയുടെ നിര്‍മ്മാണത്തിനു് ആവശ്യമായ കൂടുതല്‍ തുക സമാഹരിക്കേണ്ട ആവശ്യം മുന്‍നിര്‍ത്തി അന്തിമകരാറിലേര്‍പ്പെടണമെന്നു് ലാവലിന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എംസിസിയുടെ നിര്‍വഹണ കമ്മിറ്റി യോഗങ്ങളില്‍ പവര്‍ സെക്രട്ടറി അടക്കമുളള ഉന്നത ഉദ്യോഗസ്ഥരോടു ലാവലിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഇക്കാര്യം ഇടതടവില്ലാതെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു പ്രയോജനവുമുണ്ടായില്ല. ഒടുവില്‍ സഹികെട്ട അവര്‍ സര്‍ക്കാര്‍ മുമ്പാകെ അവരുടെ നിര്‍ദ്ദേശമെന്ന നിലയില്‍ ഒരു കരടുകരാര്‍ സമര്‍പ്പിച്ചു. പണം കൊടുക്കേണ്ടയാള്‍ ഇതിനായി ബാധ്യതപ്പെടാന്‍ തയ്യാറായിട്ടും കിട്ടേണ്ടയാള്‍ക്കു താല്‍പര്യമുണ്ടായില്ല എന്നുവേണം മനസിലാക്കാന്‍.
2000-ല്‍ നടന്ന എംസിസിയുടെ നിര്‍വഹണ കമ്മിറ്റി യോഗത്തില്‍ ഈ കരടു കരാര്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിന്റെ ഭേദഗതികള്‍ ലാവലിന്‍ സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ഈ കരാര്‍ യാഥാര്‍ത്ഥ്യമായില്ല. 2001 ആദ്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കരാര്‍ ഒപ്പിടുന്നതിനു് അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള ഫയല്‍ പരിശോധനകള്‍ കഴിഞ്ഞു പൂര്‍ത്തിയായിരുന്നു. ധനകാര്യ വകുപ്പും നിയമവകുപ്പും കരടുകരാര്‍ അംഗീകരിച്ചു. അന്ന് നിയമസെക്രട്ടറിയായിരുന്ന (പില്‍ക്കാലത്ത് കേരള ഹൈക്കോടതി ജഡ്ജി) വി. രാംകുമാര്‍ കരടു പരിശോധിച്ച് കരാര്‍ ഒപ്പിടാവുന്നതാണെന്ന നിര്‍ദ്ദേശം ഊര്‍ജവകുപ്പിനെ അറിയിച്ചു. എന്നിട്ടും എസ്. ശര്‍മ്മ മന്ത്രിയായിരുന്ന എല്‍ഡിഎഫ് കാലത്തുപോലും ഈ കരാര്‍ യാഥാര്‍ത്ഥ്യമായില്ല.
ജസ്റ്റിസ് രാംകുമാര്‍ സംശോധനം നടത്തി അംഗീകരിച്ച കരാറില്‍ അഭിഭാഷകനല്ലാത്ത ശര്‍മ്മയിലെ നിയമജ്ഞന്‍ ഷാലും വില്ലും മാറ്റിയുപയോഗിച്ചു സംസ്ഥാനതാത്പര്യം സംരക്ഷിക്കുവാന്‍ നടത്തിയ നാടകം ഫയലുകളിലുണ്ടു്. കരടുകരാറിലെ shall എന്ന വാക്കു് will എന്നാക്കി മാറ്റണമെന്നു് ആവശ്യപ്പെട്ടാണു് ശര്‍മ്മ വൈദഗ്ദ്ധ്യം തെളിയിച്ചതു്. ഇതിനുമുമ്പു് കരടുകരാര്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇത്തരത്തിലുള്ള ഒരു വാദഗതിയും സംശയവും ഉന്നയിക്കപ്പെട്ടില്ല. ഫയലില്‍ മറ്റാരും കുറിക്കാത്ത ഇത്തരമൊരു വാദഗതി ശര്‍മ്മ കുറിച്ചിട്ടതു് നിര്‍ദ്ദോഷകരമാണെന്നു പറയുകവയ്യ. തെരുഭാഷണത്തില്‍ shall, aspirationalഉം will, defenitiveഉം ആണെങ്കില്‍ legaleseല്‍ shall ശാസനാപൂര്‍വ്വമുള്ള ഭരമേല്‍പ്പിക്കലും will ഒഴുക്കന്‍ മട്ടിലുള്ള പ്രയോഗവുമാണു്. നിയമദൃഷ്ടിയില്‍ shall എന്ന വാക്കിനു will എന്ന വാക്കിനേക്കാള്‍ ദൃഢതയുണ്ടു്. അന്നു് സിപിഐ(എം)നുള്ളില്‍ ഉരുണ്ടുകൂടിയ വിഭാഗീയതയുടെ കറുത്ത മേഘപടങ്ങളും ശര്‍മ്മയുടെ നടപടിയുമായി ബന്ധംകാണുന്നവരുണ്ടാവാം. [TOP]
38. ശര്‍മ്മയുടെ കാലത്തു് എല്‍ഡിഎഫ് വീഴ്ച വരുത്തിയിരുന്നുവെങ്കില്‍ എന്തായിരുന്നു തുടര്‍ന്നുവന്ന യുഡിഎഫിന്റെ സമീപനം?
ഉ: കടവൂര്‍ ശിവദാസന്‍ 2001 മെയ് മാസത്തില്‍ വൈദ്യുതിമന്ത്രിയായി അധികാരമേറ്റപ്പോഴും ധാരണാപത്രം നിലവിലുണ്ടായിരുന്നു. ധനസഹായം തുടര്‍ന്നുലഭിക്കാന്‍ കരാറിന്റെ ആവശ്യകത ലാവലിന്‍ പ്രതിനിധികള്‍ കടവൂര്‍ ശിവദാസനെയും ബോധ്യപ്പെടുത്തി. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സര്‍ക്കാരുമായുളള എംഒഎ കൊണ്ടുമാത്രമേ കാനഡയില്‍ നിന്നുളള ധനസഹായം ലഭ്യമാക്കാന്‍ കഴിയൂ എന്നും അവര്‍ നിരന്തരമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കടവൂരിന്റെ കാലത്തു് ഒരു തവണ ധാരണാപത്രം പുതുക്കുകയും ചെയ്തു. എങ്കിലും ഇക്കാലത്തും അന്തിമ കരാര്‍ യാഥാര്‍ത്ഥ്യമായില്ല. [TOP]
39. ഇക്കാര്യങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നോ? എന്തായിരുന്നു അദ്ദേഹത്തിന്റെ നിലപാടു് ?
ഉ: എംസിസിയ്ക്കു വേണ്ട ധനസഹായം തുടര്‍ന്നു ലഭ്യമാക്കാന്‍ പൂര്‍ത്തീകരിച്ച പണികളെപ്പറ്റി കേരളാ സര്‍ക്കാര്‍ ഒരു ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കണമെന്നു് ലാവലിന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു് ചില മാദ്ധ്യമ വിവാദങ്ങള്‍ തുടര്‍സഹായം ലഭ്യമാക്കുന്നതിനു് തടസമായിട്ടുണ്ടെന്നു് ലാവലിന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതു പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ അവര്‍ സമര്‍പ്പിച്ചു. ബ്ലഡ് ബാങ്ക് ഉദ്ഘാടനത്തിനു മുമ്പു് എ കെ ആന്റണിയെ നേരിട്ടുകണ്ടു് ചര്‍ച്ചനടത്തി. ഇക്കാലങ്ങളിലെല്ലാം അവരുടെ നിരന്തരാവശ്യം അന്തിമകരാര്‍ ഒപ്പിടണമെന്നായിരുന്നു. എന്നാല്‍ യാതൊരു പ്രതികരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ലാത്തതിനാല്‍ 2001ഡിസംബര്‍ 05നു് അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ലാവലിന്‍ കത്തുനല്‍കി. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെയും എ കെ ആന്റണിയുടെയും നിലപാടുകളില്‍ കാര്യമായ വ്യത്യാസം ഉണ്ടായില്ല. 2002 മാര്‍ച്ചോടുകൂടി ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. അതു പുതുക്കുന്നതിനു് യാതൊരു നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നു് ഉണ്ടായില്ല. 2002 ഡിസംബര്‍ നാലാം തീയതി ലാവലിന്‍ മുമ്പു് ഉന്നയിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചു വീണ്ടും ആന്റണിക്കു കത്തയച്ചു. അതിന്മേലും യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കാര്യത്തില്‍ ആന്റണിയും വീഴ്ച വരുത്തിയിട്ടുണ്ടെന്നു വ്യക്തമാണു്.
എന്നാല്‍ വിചിത്രമായ കാര്യം, വ്യക്തമല്ലാത്തതും ദുരൂഹവുമായ കാരണങ്ങളാല്‍ ധാരണാപത്രം 2002 മുതല്‍ പുതുക്കിയില്ല എന്നു സിഎജി വ്യക്തമാക്കിയിട്ടും അതിന്റെ ഉത്തരവാദിത്തം 1998ല്‍ മന്ത്രിപദമൊഴിഞ്ഞ പിണറായി വിജയന്റെ പുറത്തു് ആരോപിക്കുന്നു എന്നതാണു്. [TOP]
40. എംസിസിയുടെ ധാരണാപത്രത്തിനു പകരം ആദ്യമേ തന്നെ അന്തിമ കരാര്‍ ആകാമായിരുന്നില്ലേ എന്ന സിഎജിയുടെ പരാമര്‍ശത്തെപ്പറ്റി എന്തു പറയുന്നു?
ഉ: പിഎസ്‌പി കരാറിലടക്കം ആദ്യം ധാരണാപത്രം, പിന്നീടു് കരാറുകള്‍, പിന്നീടു് പദ്ധതി നിര്‍വഹണം എന്ന നിലയിലാണു് നടപടിക്രമങ്ങള്‍. എന്നാല്‍ എംസിസി ധാരണാപത്രം ഒപ്പിട്ടു് ചുരുങ്ങിയ കാലത്തിനുളളില്‍ കാനഡയില്‍ നിന്നു ലഭിക്കുന്ന ധനസഹായം സംബന്ധിച്ചു വിശദവിവരങ്ങള്‍ ലഭ്യമായതിനു ശേഷം അന്തിമകരാര്‍ വയ്ക്കുമെന്ന ധാരണയിലാണു് ധാരണാപത്രം ആദ്യം ഒപ്പിടാന്‍ ഇടയായതു്. പിഎസ്‌പി പദ്ധതികളുടെ നിര്‍വഹണം നടക്കുന്ന കാലയളവില്‍ ലാവലിന്‍ പ്രതിനിധികള്‍ കേരളത്തില്‍ ഉണ്ടാകുമെന്നതു കൂടി കണക്കിലെടുത്തു് അതിനു് അനുപൂരകമായി എംസിസി പദ്ധതി നിര്‍വഹണം സാധിതമാക്കുമെന്നായിരുന്നു ഉഭയകക്ഷിധാരണ. അതുമൂലം അന്തിമകരാര്‍ ഒപ്പിടുന്നതിനു മുമ്പുതന്നെ എംസിസിയുടെ പണി ആരംഭിക്കേണ്ടിയിരുന്നു. ധനസഹായം കാനഡയില്‍ നിന്നു ലഭിക്കുന്നതിനു് താമസം വരുന്നുവെങ്കില്‍ ലാവലിന്‍ കുറച്ചുതുക മുന്‍കൂര്‍ ചെലവിട്ടു് പിന്നീടു് ലഭിക്കുന്ന പണത്തില്‍ തട്ടിക്കിഴിക്കുമെന്നും അറിയിച്ചിട്ടുണ്ടു്. ഇക്കാരണങ്ങളാല്‍ ധാരണാപത്രത്തിനുമുമ്പു കരാറിലേര്‍പ്പെടേണ്ടിയിരുന്നുവെന്ന വാദം നിലനില്‍ക്കുന്നതല്ല.
പിണറായി വിജയനുശേഷം ഈ വകുപ്പു് കൈകാര്യം ചെയ്ത എസ് ശര്‍മ്മയുടെ കാലത്തും കടവൂര്‍ ശിവദാസന്റെ കാലത്തും ധാരണാപത്രം പുതുക്കിവന്നതു് അന്തിമമായി ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന ഉദ്ദേശ്യത്തില്‍ തന്നെയായിരുന്നു. പക്ഷെ നിങ്ങളെന്തുകൊണ്ടാണു് ധാരണാപത്രത്തെ ബൈന്‍ഡിങ് കരാറാക്കി മാറ്റാന്‍ ശ്രമിക്കാഞ്ഞതു് എന്നു് അവരോടു് ആരും ചോദിക്കുന്നില്ല. ധാരണാപത്രം പുതുക്കുന്ന വേളയില്‍ ഇതിനു് ശ്രമിക്കാമായിരുന്നതാണല്ലോ. ഇതില്‍ നിന്നുതന്നെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കുക എന്ന ദുരുദ്ദേശ്യം വ്യക്തമാണു്. [TOP]
41. എപ്പോഴാണു് എംസിസിയ്ക്കുളള ധനസഹായം ഇനി ലഭിക്കില്ല എന്നു കേരള സര്‍ക്കാര്‍ മനസിലാക്കിയതു്?
ഉ: 2000 മുതല്‍ അരങ്ങേറിയ നിസഹകരണ മനോഭാവവും തുടര്‍ന്നുണ്ടായ രാഷ്ട്രീയക്കളികളും പകപോക്കലുകളും കേരളത്തിന്റെ ഒരഭിമാന പദ്ധതിയെ കരിച്ചുകളഞ്ഞു എന്നതു് 2004ലാണു് ഔദ്യോഗികമായി സര്‍ക്കാര്‍ മനസിലാക്കുന്നതു്. 2004ല്‍ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ അന്നത്തെ ഊര്‍ജവകുപ്പു സെക്രട്ടറി ലിസി ജേക്കബിനു് അയച്ച കത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഉളള ഉഭയകക്ഷി ധാരണകള്‍ അവസാനിച്ചതിനാല്‍ ഇനി ധനസഹായം ലഭിക്കുകയില്ലെന്നു് അസന്നിഗ്ധമായി അറിയിച്ചു. 2002ഓടു കൂടി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഒരു പദ്ധതി നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നു് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. [TOP]
42. എന്തുകൊണ്ടാണു് കടവൂര്‍ ശിവദാസന്‍ എംസിസിക്കുള്ള ധാരണാപത്രം പുതുക്കാതെയിരുന്നതു്?
ഉ: അതു് കടവൂര്‍ ശിവദാസനോടു് ചോദിക്കണം. മലബാറില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ശ്രമഫലമായി ക്യാന്‍സര്‍ സെന്റര്‍ വരുന്നതു് തങ്ങള്‍ക്കു് ക്ഷീണമാകുമെന്ന ധാരണയാകുമോ ഇതിനുകാരണം എന്നുസംശയിക്കാവുന്നതാണു്. [TOP]
43. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ‘നോണ്‍ സ്റ്റാര്‍ട്ടര്‍’ ആണെന്നാണല്ലോ ഹൈക്കോടതിയുടെ കണ്ടെത്തല്‍?
ഉ: ഹൈക്കോടതി ഇങ്ങനെ ‘കണ്ടെത്തുമ്പോള്‍’ നൂറുകിടക്കയുമായി ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മലബാറിലെ ജനങ്ങളോടു് ആശുപത്രി നോണ്‍ സ്റ്റാര്‍ട്ടര്‍ ആണെന്നു പറഞ്ഞാല്‍ അവര്‍ കോടതിയുടെ മുഖത്തു് കാര്‍ക്കിച്ചുതുപ്പും. [TOP]
44. കോടതിക്കു് രാഷ്ട്രീയമുണ്ടോ?
ഉ: കോടതിക്കു് തത്വത്തില്‍ കക്ഷിരാഷ്ട്രീയമില്ല. പക്ഷെ ന്യായാധിപരായി വരുന്നതു് സാധാരണ മനുഷ്യരാണു്. അവര്‍ രാഷ്ട്രീയപ്രേരിതമായി വിധി എഴുതുന്നതു് ഇതിനുമുമ്പും ഇതിനുശേഷവും നാം കാണാറുള്ളതാണല്ലോ. അടുത്തകാലത്തായി കോടതിവിധികള്‍ പൊതുബോധത്തെ പിന്‍പറ്റുന്നവയായി മാറുന്നു എന്ന നിരീക്ഷണവും പല കോണില്‍നിന്നും ഉയരുകയുണ്ടായിട്ടുണ്ടു്. എങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണു് ജുഡീഷ്യറി. അതിനുണ്ടാകുന്ന പാളിച്ചകള്‍ ജനാധിപത്യസംവിധാനത്തിന്റെകൂടി പാളിച്ചകളാണു്. ഒരു സംവിധാനത്തിന്റെ ഗുണഗണങ്ങളെല്ലാം വേണം, ദോഷങ്ങളൊന്നും വേണ്ട എന്നു നമുക്കു ചിന്തിക്കാനാവില്ലല്ലോ. എത്രയൊക്കെ കുറവുകളുണ്ടെങ്കിലും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ സാധാരണജനങ്ങള്‍ക്കു് വിശ്വാസമാണു്. ആ വിശ്വാസമാണു് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതും. [TOP]
45. ലാവലിന്‍ സപ്ലൈ ചെയ്യാമെന്നേറ്റതിലും കുറഞ്ഞ തുകയ്ക്കു് OEM (Original Equipment Manufacturer) കമ്പനിയായ Alstomല്‍ നിന്നു് നേരിട്ടു് സാമഗ്രികള്‍ വാങ്ങാമായിരുന്നില്ലേ?
ഉ: വിദേശത്തുനിന്നു് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു് പണം രൂപയായി കൊടുത്താല്‍ പോര. വിദേശനാണയത്തില്‍ തന്നെ കൊടുക്കണം. അക്കാലത്തു് ഇന്ത്യ ഗവണ്‍മെന്റിന്റെ കയ്യില്‍ ആവശ്യത്തിനു വിദേശനാണ്യശേഖരം ഇല്ലായിരുന്നതിനാലാണു് കൈവശം ഫണ്ടുള്ള / ഫണ്ടു കണ്ടെത്താന്‍ മാര്‍ഗ്ഗമുള്ള കമ്പനികള്‍ക്കു് ടെന്‍ഡര്‍ കൂടാതെ എംഒയു നല്‍കുന്ന രീതി പിന്തുടര്‍ന്നതു്. ആ നിലയ്ക്കു് ഈ സംശയം തന്നെ അസാധുവാണു്.
ഇനി അതു് വെറും മുട്ടാപ്പോക്കാണെന്നു തന്നെയിരിക്കട്ടെ. അങ്ങനെയെങ്കില്‍ പ്രൊക്യൂര്‍മെന്റ് നടത്തേണ്ടതു് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നേരിട്ടാണു്. പണി ചെയ്യേണ്ടതും അവര്‍ തന്നെയാവും. ലാവലിനു് കണ്‍സല്‍ട്ടന്‍സി പോലും നല്‍കേണ്ട കാര്യമില്ല. പക്ഷെ അതിനുള്ള സാങ്കേതിക വൈഗദ്ധ്യം കെഎസ്ഇബിക്കു് എത്രത്തോളമുണ്ടു്?
ഇനി ഇതുസംബന്ധിച്ചു് അല്‍പ്പം യുക്തിവിചാരം കൂടി നടത്താം.
വീടുപണിക്കു് കരാര്‍ നല്‍കുമ്പോള്‍ അതിനാവശ്യമായ സാമഗ്രികള്‍ വീട്ടുകാര്‍ തന്നെ വാങ്ങിക്കൊടുക്കുന്ന രീതിയുമുണ്ടു്, അടങ്കല്‍ മൊത്തമായി ഏല്‍പ്പിക്കുന്ന രീതിയുമുണ്ടു്. രണ്ടാമത്തെ രീതിയാകുമ്പോള്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തിന്റെ ബാധ്യതകൂടി കരാറുകാരനുണ്ടു്. വീട്ടുകാര്‍ മോശം സിമന്റാണു് തന്നതു്, അതുകൊണ്ടാണു് തന്റെ കെട്ടു ശരിയാകാഞ്ഞതു് എന്നുപറഞ്ഞു് കൈകഴുകാന്‍ അവിടെ കരാറുകാരനാവില്ല. സാമഗ്രികള്‍ വാങ്ങുന്നതു് കരാറുകാരനാവുമ്പോള്‍ ഏതുകച്ചവടത്തിലുമെന്നതുപോലെ അല്‍പ്പം മാര്‍ജിന്‍ അതില്‍ അവര്‍ ഈടാക്കുന്നുണ്ടാവും. അതു് സ്വാഭാവികമാണു്. നമുക്കുപകരം അക്കാര്യങ്ങള്‍ കരാറുകാരന്‍ നേരിട്ടുചെയ്യുന്നതിനുള്ള കൂലിയാണതു്.
പരക്കെ മനസ്സിലാകുന്ന ഉദാഹരണം പറഞ്ഞാല്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു് കമ്പ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങുമ്പോള്‍ അതിന്റെ കരാര്‍ കെല്‍ട്രോണിനെ ഏല്‍പ്പിക്കുകയാണു് പതിവു്. കെല്‍ട്രോണ്‍ നല്‍കുന്നതിലും കുറഞ്ഞ തുകയ്ക്കു് പൊതുവിപണിയില്‍ നിന്നു് സാധനം വാങ്ങാനാവും. പക്ഷെ അവയ്ക്കു് എന്തെങ്കിലും ന്യൂനത സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം വാങ്ങുന്ന ഉദ്യോഗസ്ഥനേല്‍ക്കേണ്ടിവരും. വിജലന്‍സ് കേസ് മുതല്‍ പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥ വരെ അതുമൂലമുണ്ടാകാം. അതേസമയം കെല്‍ട്രോണ്‍ ഇതിനായി അധികാരപ്പെടുത്തിയ സ്ഥാപനമായതിനാല്‍ ഇത്തരം നൂലാമാലകളില്‍ നിന്നു് ഉദ്യോഗസ്ഥര്‍ക്കു് ഒഴിഞ്ഞുനില്‍ക്കാം. ഇതേ സൌകര്യം വലിയ പദ്ധതികളുടെ കാര്യത്തിലും ഉദ്യോഗസ്ഥര്‍ പുലര്‍ത്തിപ്പോന്നു.
OEM കമ്പനികളില്‍ നിന്നു് ഉപകരണങ്ങള്‍ വാങ്ങുന്നപക്ഷം അതു് ലാഭത്തില്‍ ലഭിക്കും എന്നതു് വിശ്വാസം മാത്രമാണു്. കമ്പ്യൂട്ടര്‍ തന്നെ ഉദാഹരണമായെടുക്കാം. കമ്പ്യൂട്ടറിന്റെ ഓരോ സാമഗ്രിയും പ്രത്യേകം പ്രത്യേകമായി ഓരോ കമ്പനികളില്‍ നിന്നുവാങ്ങി നമുക്കു് സ്വയം അസംബിള്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ അതില്‍ പ്രൊപ്രൈറ്ററി ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ ലൈസന്‍സ്ഡ് വേര്‍ഷന്‍ ഇടണമെങ്കില്‍ പതിനോരായിരം രൂപ മുടക്കേണ്ടിവരും. അതേ സമയം പ്രീഅസംബിള്‍ഡ് ആയ ബ്രാന്‍ഡഡ് കമ്പ്യൂട്ടര്‍ വാങ്ങിയാല്‍ ഈ ലൈസന്‍സ് ഫീ അടങ്ങിയ വിലയാകും അവര്‍ ഈടാക്കുക. ഏകദേശം മൂവായിരം രൂപയ്ക്കു് ലൈസന്‍സ്ഡ് ഒഎസ് അവര്‍ ഇന്‍സ്റ്റോള്‍ ചെയ്തുതരും. അതേ സ്പെസിഫിക്കേഷനുള്ള അസംബിള്‍ഡ് കമ്പ്യൂട്ടറിനു് പ്രത്യേക ലൈസന്‍സ് എടുക്കുമ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞചെലവില്‍ ഇന്നു് ബ്രാന്‍ഡഡ് കമ്പ്യൂട്ടര്‍ ലഭിക്കും. OEM പ്രൈസിനു് മാസ് ലൈസന്‍സ് ലഭിക്കുന്നതുകൊണ്ടാണു് ബ്രാന്‍ഡഡ് കമ്പ്യൂട്ടറുകള്‍ക്കു് അതു സാധ്യമാവുന്നതു്. [TOP]
46. സപ്ലൈ കരാര്‍ പൊതുമേഖലാസ്ഥാപനമായ BHELനെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മാര്‍ജിന്‍ ഈടാക്കുമായിരുന്നില്ല എന്നതല്ലേ സത്യം?
ഉ: അതു് വെറും അനുമാനമാണു്. നിശ്ചയമുള്ള കാര്യമല്ല. തന്നെയുമല്ല, മുഖ്യകരാര്‍ ഏറ്റെടുത്ത ലാവലിനെ ഒഴിവാക്കി ഭെല്ലിനു് അനുബന്ധ കരാര്‍ നല്‍കാനാവുമായിരുന്നില്ല. ഇനി ആകുമായിരുന്നെങ്കില്‍ തന്നെ മുന്നേ പറഞ്ഞ ഫോറെക്സിന്റെ അഭാവം നിലനില്‍ക്കുന്നു. ഇന്ത്യ ഗവണ്‍മെന്റിന്റെ കൈവശമില്ലാത്ത ഫോറെക്സ് പൊതുമേഖലാസ്ഥാപനമായ ഭെല്ലിനുണ്ടാവുമോ? [TOP]
47. ഭെല്ലിനെന്തിനാണു് ഫോറെക്സ്? സാധനസാമഗ്രികള്‍ ഭെല്ലിനു് നേരിട്ടു് ഉള്‍പ്പാദിപ്പിക്കാനാവുമായിരുന്നില്ലേ?
ഉ: 230 മെഗാവാട്ട് വരെ സ്ഥാപിതശേഷിയുള്ള വൈദ്യുതപദ്ധതികള്‍ക്കു് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള വൈദഗ്ദ്ധ്യം ഇന്നത്തെ നിലയില്‍ ഭെല്ലിനുണ്ടെന്നു് അവരുടെ വെബ്സൈറ്റ് സാക്ഷിക്കുന്നു. എന്നാല്‍ ഇതിനാവശ്യമായ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും വ്യവസായയൂണിറ്റും അക്കാലത്തു് ഭെല്ലിനുണ്ടായിരുന്നോ എന്നു് വെബ്സൈറ്റിലെ വിവരങ്ങളില്‍ നിന്നു നിശ്ചയിക്കാനാവില്ല. ഇനി ഉണ്ടായിരുന്നു എന്നു് ഉറപ്പുവരുത്തിയാല്‍ പോലും കാര്‍ത്തികേയന്റെ കാലത്തു് കെഎസ്ഇബി ലാവലിനുമായി ഏര്‍പ്പെട്ട ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ചു് ഈ ഉപകരണങ്ങള്‍ കാനഡയില്‍ നിന്നേ, വാങ്ങാനാവുമായിരുന്നുള്ളൂ.
കെഎസ്ഇബിയല്ല പദ്ധതിക്കു് പണംമുടക്കുന്നതെന്നും കനേഡിയന്‍ സാമ്പത്തികസഹായത്താലാണു് പദ്ധതി നടപ്പാക്കുന്നതു് എന്നും പലയാവര്‍ത്തി പറഞ്ഞുകഴിഞ്ഞു. എസ്എന്‍സി ലാവലിനുമായി കാർത്തികേയന്റെ കാലത്ത് ഒപ്പുവച്ച ധാരണാപത്രത്തില്‍ PARTY OF THE SECOND PART എന്താണെന്ന് വിശദമാക്കി ഇങ്ങനെ പറയുന്നു: WHEREAS the Government of Canada has agreed to provide a financing package for the supply of Canadian goods and services for the Panniyar Generating station Upgrading project undertaken by KSEB. ധാരണാപത്രത്തില്‍ Canadian sourced goods എന്താണെന്ന് DEFINITIONS വ്യക്തമാക്കുന്നതു് All the equipment and materials supplied from Canada എന്നാണു്. ചുരുക്കത്തില്‍ കനേഡിയന്‍ ഉപകരണങ്ങളും സേവനങ്ങളും സ്വീകരിക്കുന്നതിനുപകരമായിട്ടാണു് കനേഡിയന്‍ സര്‍ക്കാര്‍ ഫിനാന്‍സിങ് പാക്കേജ് നല്‍കാമെന്നു് സമ്മതിച്ചിട്ടുള്ളതു്. ഇതു് എംസിസിക്കുള്ള സഹായമല്ല, മറിച്ചു് വൈദ്യുതപദ്ധതിക്കുള്ള സാമ്പത്തികപിന്തുണയാണു് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം, ലാവലിനല്ല, കനേഡിയന്‍ സര്‍ക്കാര്‍ നേരിട്ടാണു് സാമ്പത്തികസഹായം ഉറപ്പുവരുത്തുന്നതു് എന്നതാണു്. അതായതു്, കേവലം രണ്ടുകമ്പനികള്‍ തമ്മിലുള്ള കരാറായല്ല, മറിച്ചു് രണ്ടുരാഷ്ട്രങ്ങള്‍ തമ്മിലുള്ള കരാര്‍ എന്ന ഗൌരവത്തിലാണു് തുടക്കംമുതല്‍ തന്നെ ലാവലിനും കനേഡിയന്‍ സര്‍ക്കാരും ഇതിനെ സമീപിച്ചിട്ടുള്ളതു്. കരാര്‍ ഒപ്പിടുന്നതിന്റെ ആവശ്യത്തിലേക്കായി കനേഡിയന്‍ നയതന്ത്രപ്രതിനിധി തന്നെ ആന്റണിയേയും കാര്‍ത്തികേയനെയും സന്ദര്‍ശിച്ചതു് വെറുതെയല്ല. അങ്ങനെയുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുന്നതു് രാഷ്ട്രാന്തരബന്ധങ്ങളെപ്പോലും ബാധിക്കാന്‍ ഇടയാക്കുമായിരുന്നു.
എംഒയുവിലെ സെക്ഷൻ A.3.4.2 നോക്കുക: Electro- mechanical plant will be procured using funding from the Export Development Corporation of Canada. Therefore only manufacturers who can satisfy Canadian-content requirements will be eligible to tender. അതായതു് BHELനു് ടെണ്ടറില്‍ പങ്കെടുക്കാനുള്ള യോഗ്യതപോലും ധാരണാപത്രം അനുസരിച്ചു് ഉണ്ടാവില്ല. ഇനി ഉപകരണങ്ങളുടെ വിലയെ സംബന്ധിച്ചാണെങ്കില്‍ അതും കാര്‍ത്തികേയന്റെ കാലത്തു് ഒപ്പുവച്ച ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. ധാരണാപത്രത്തിലെ CANADIAN FINANCED GOODS AND SERVICES എന്ന അനക്സിൽ ഇങ്ങനെ പറയുന്നു: Meeting and discussions with the Export Development Corporation of Canada has estimated preliminary agreement that funding can be made to finance the supply of Canadian Sourced goods and services. The value of the proposed financing has been tentatively agreed on the basis of an order-of-magnitude estimate prepared by SNC Lavlin’s procurement Department. A copy of this estimates is provided at the back of this section.
കാനഡയില്‍ നിന്നു വായ്പയും ഗ്രാന്‍ഡും ലഭിക്കണമെങ്കില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതും കനേഡിയന്‍ കമ്പനികളില്‍ നിന്നാവണം. അതിനു് എത്രവിലയാകും എന്നും നിശ്ചയിച്ചുകഴിഞ്ഞു (ഈ സൂചിതവിലയിലാണു് പിണറായി വിജയന്‍ ഇടപെട്ടു് കുറവുവരുത്തുന്നതു്). വിദേശനാണ്യക്കമ്മി വില്ലനാവുന്നതു് അവിടെയാണു്.
ചുരുക്കത്തില്‍ ലാവലിനുമായി കാര്‍ത്തികേയന്റെ കാലത്തുവച്ച എഗ്രിമെന്റ് പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കുന്നതുമുതല്‍ സാങ്കേതികോപദേശമടക്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിലാണു് അവസാനിക്കുന്നതു്. ഇത്തരമൊരു ടേണ്‍കീ സമ്പ്രദായമാണു് കരാര്‍പ്രകാരം ഉദ്ദേശിച്ചിരുന്നതു്. ഇപ്പോള്‍ ഭെല്ലിന്റെ ആരാധകര്‍ സ്വപ്നംകാണുന്നതുപോലെ ഭെല്ലിനു് ഇത്തരത്തിലൊരു ടേണ്‍കീ നിര്‍വ്വഹണത്തിനു് അന്നുമിന്നും പദ്ധതിയില്ല. ആ നിലയില്‍ ഭെല്ലിനു് ഏല്‍പ്പിക്കാമായിരുന്നു, ഭെല്ലിന്റെ പങ്കാളിത്തമാകാമായിരുന്നു എന്നെല്ലാമുള്ള ആഗ്രഹപ്രകടനത്തിനു് അതച്ചടിക്കുന്ന കടലാസിന്റെ വിലപോലുമില്ല. [TOP]
48. ലാവലിന്റെ മേല്‍നോട്ടത്തില്‍ പണി നടക്കട്ടെ, ഉപകരണങ്ങള്‍ കാനഡയില്‍ നിന്നുതന്നെ വാങ്ങുകയും ചെയ്യാം. എന്നാലും അതു വാങ്ങിനല്‍കുന്നതിനുള്ള ചുമതല ഭെല്ലിനെ ഏല്‍പ്പിക്കാമായിരുന്നല്ലോ?
ഉ: കരാര്‍ പ്രകാരം ലാവലിന്‍ പണി നടത്തുകയാണെങ്കില്‍ പിന്നെ ഭെല്ലിനെന്താണു് അവിടെക്കാര്യം? സപ്ലൈ മാത്രമായി ഭെല്ലിനെ ഏല്‍പ്പിക്കാന്‍ ഈ കരാറുകളുടെ പശ്ചാത്തലത്തില്‍ കഴിയുമെന്നു് രേഖകള്‍ പരിശോധിക്കുന്ന ആര്‍ക്കും നിഗമനത്തിലെത്താനാവില്ല. സപ്ലൈ ലാവലിനെ ഏല്‍പ്പിക്കണമെന്നുള്ളതാണു് കാര്‍ത്തികേയന്റെ കാലത്തുതന്നെ കരാറിലെ ക്ലിപ്തമായ ആശയം. പോരാത്തതിനു് കരാറിനു മുന്നോടിയായി ഏര്‍പ്പെട്ട ധാരണാപത്രത്തിലെ SCOPE OF THE WORK പറയുന്നതിങ്ങനെ: SNC Lavlin shall provide the technical services for Management, Engineering, Procurement and Construction Supervision so as to ensure timely completion of the Project within the agreed frame of 3 years with effect from the Effective date of Contract.
ഇതിൽ Procurement എന്നു് പ്രത്യേകം എഴുതിയതു് ശ്രദ്ധിക്കുമല്ലോ. അതായതു് സാധനസാമഗ്രികൾ എവിടെ നിന്നു വാങ്ങണമെന്നും ആരു വാങ്ങണമെന്നും എന്തു വിലയ്ക്ക് വാങ്ങണമെന്നും തീരുമാനിച്ചതു് കാർത്തികേയന്റെ കാലത്താണെന്ന് സാരം. [TOP]
49. ഭെല്‍ ഹെവി എഞ്ചിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയല്ലേ? വേണമായിരുന്നെങ്കില്‍ മാറ്റിസ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ അവര്‍ക്കു് ഇവിടെ നിര്‍മ്മിക്കാമായിരുന്നതല്ലേയുള്ളൂ?
ഉ: ഈ ചോദ്യം കരാര്‍ തുടങ്ങിവച്ചവരോടു ചോദിക്കുകയല്ലേ, ഉചിതം? കുറ്റ്യാടി, നേര്യമംഗലം, ശബരിഗിരി, ഇടുക്കി തുടങ്ങി എണ്ണമറ്റ ജലവൈദ്യുതപദ്ധതികളുടെ സ്ഥാപനമൊന്നുംതന്നെ ഭെല്ലിനെ ഏല്‍പ്പിക്കുവാന്‍ പിണറായി വിജയന്‍ മന്ത്രിയാകുന്നതിനുമുമ്പു് അരങ്ങുവാണ വൈദ്യുതമന്ത്രിമാരോ മുഖ്യമന്ത്രിമാരോ ഒന്നും തുനിഞ്ഞിട്ടില്ല. പിന്നെ ആ പാപഭാരമെല്ലാം പിണറായി വിജയന്റെ തലയ്ക്കു് വരണമെന്നു് ആര്‍ക്കു പറയാനാവും? [TOP]
50. ആര്‍ബിട്രേഷനിലൂടെ കരാറില്‍ നിന്നു് ഒഴിവാകാന്‍ ഇടതുപക്ഷസര്‍ക്കാരിനു് ശ്രമിച്ചുകൂടായിരുന്നോ? ആവശ്യമെങ്കില്‍ അതിനുശേഷം കോടതിയേയും സമീപിക്കാമായിരുന്നല്ലോ?
ഉ: കാര്‍ത്തികേയന്‍ കണ്‍സല്‍ട്ടന്‍സി കരാർ ഒപ്പിടുമ്പോൾ വളരെ തന്ത്രപരമായി കരാർ ഇന്ത്യൻ നിയമവ്യവസ്ഥക്ക് മുന്നില്‍ വരുന്നതിന് മുന്നേ കരാറിനെ ചൊല്ലിയുള്ള തർക്കങ്ങൾ എല്ലാം ആദ്യം പാരീസിലെ കോടതികളിൽ ആർബിട്രേഷൻ നടത്തണം എന്ന ഉപാധി ഉള്‍പ്പെടുത്തി. അതായതു്, പ്രാഥമിക തര്‍ക്കപരിഹാരം ഇന്ത്യയ്ക്കകത്തു് സാധ്യമായിരുന്നില്ല. കരാര്‍ സംബന്ധമായി ഏതെങ്കിലും കക്ഷിക്കു് ആക്ഷേപമുണ്ടായാല്‍ ആര്‍ബിട്രേഷനു പോകാന്‍ ഏതുകക്ഷിക്കും 120 ദിവസത്തെ സമയമുണ്ടായിരുന്നു. ഇരുകക്ഷികള്‍ക്കും ഓരോ ആര്‍ബിട്രേറ്ററെ നിര്‍ദ്ദേശിക്കാം. എന്നാല്‍ മൂന്നാമതൊരു ആര്‍ബിട്രേറ്ററെ പാരീസിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആവും നിശ്ചയിക്കുക. ടൈ ബ്രേക്‍ ചെയ്യുന്നതു് നമുക്കു് സ്വാധീനമില്ലാത്ത ഈ മൂന്നാമനാവും. ആര്‍ബിട്രേഷനു മുന്നില്‍ വന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്കു് വീണ്ടും 120 ദിവസത്തെ സമയം ലഭിക്കും. അങ്ങനെ കുറഞ്ഞതു് ആറുമാസമെങ്കിലും പദ്ധതി വൈകാന്‍ ഈ നടപടികള്‍ ഇടയാക്കുമായിരുന്നു. ആര്‍ബിട്രേഷന്‍ തീരുമാനം ആര്‍ക്കു് അനുകൂലമാകാതെ വരുന്നുവോ, അവര്‍ കോടതിയെ സമീപിക്കും. ഇന്ത്യന്‍ കോടതികളില്‍ ഒരു കേസ് തീരുമാനമാകാനുള്ള കാലദൈര്‍ഘ്യം കൂടി പരിഗണിക്കേണ്ടതുണ്ടു്. അതിന്റെ വിധി വരുമ്പോഴേക്കും പദ്ധതി അനന്തമായി വൈകും. [TOP]
51. അല്‍പ്പം വൈകിയാലും ഇതായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നതു്? അതിനുപകരം ലാവലിനുമായുള്ള കരാര്‍ തുടരാന്‍ എന്തു് അടിയന്തിരസാഹചര്യമാണുണ്ടായിരുന്നതു്?
ഉ: യുഡിഎഫ് ഗവണ്‍മെന്റ് തുടങ്ങിവച്ച ഒരു പദ്ധതി എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കുറച്ചുമാസം കാത്തിരുന്നു് റദ്ദുചെയ്യണമെന്നാണോ ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം? എങ്കില്‍ അത്തരം ഒരു രീതി നടപ്പാക്കുന്നതാണു് വലിയ അഴിമതി എന്നുപറയേണ്ടിവരും. ഒരു കരാര്‍ ലഭിക്കുന്നതിനാണു് സാധാരണ അഴിമതി നടക്കുന്നതു്. മാറിവരുന്ന സര്‍ക്കാരുകള്‍ ഒരേ പദ്ധതിക്കുവേണ്ടി പുതിയ പുതിയ കരാറുകാരെ കണ്ടെത്തണമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നതുതന്നെ അഴിമതിക്കു് പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നതിനു് തുല്യമാണു്. ഭരണാധികാരികള്‍ മാറിവരും, പക്ഷെ സര്‍ക്കാര്‍ തുടരും. ഈ പ്രാഥമിക തത്വം അറിയാത്ത വിഡ്ഢികള്‍ക്കുമാത്രമേ ഒരു സര്‍ക്കാരിന്റെ തീരുമാനം അടുത്തസര്‍ക്കാര്‍ വന്നാല്‍ വിവേചനരഹിതമായി ഉപേക്ഷിക്കണമെന്ന വാദം മുന്നോട്ടുവയ്ക്കാന്‍ കഴിയൂ.
മലബാര്‍ മേഖലയില്‍ അക്കാലത്തു് അനുഭവപ്പെട്ടിരുന്ന രൂക്ഷമായ വൈദ്യുതിക്ഷാമം തെക്കന്‍തിരുവിതാംകൂറിലുള്ളവര്‍ക്കു് മനസ്സിലാകണമെന്നുതന്നെയില്ല. 220 വോള്‍ട്ടിന്റെ സ്ഥാനത്തു് 110 വോള്‍ട്ടിന്റെ ബള്‍ബ് ഇട്ടും മറ്റുമാണു് വല്ലപ്പോഴും എത്തിനോക്കുന്ന വൈദ്യുതിക്കായി ആളുകള്‍ കാത്തിരുന്നതു്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു് ആറുമണിക്കൂര്‍ വരെയായിരുന്നു, കറണ്ടുകട്ട്. വ്യാപാരവ്യവസായമേഖലയില്‍ നൂറുശതമാനവും. വന്‍സാമ്പത്തിക ബാധ്യതയ്ക്കു് വഴിവയ്ക്കുമായിരുന്ന, ആര്‍ബിട്രേഷന്‍ സംബന്ധിച്ച നിയമപരമായ ഊരാക്കുടുക്കും അടിയന്തിരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യവും പരിഗണിച്ചാണു് എല്‍ഡിഎഫ് ഗവണ്‍മെന്റ് കരാറുമായി മുന്നോട്ടുപോകുന്നതു്.
ലാവലിനുമായുള്ള കരാറില്‍ നിന്നു പിന്മാറാന്‍ തക്കതായ കാരണവും ഉണ്ടായിരുന്നില്ല. ഇടുക്കി ജലവൈദ്യുതപദ്ധതി മുതല്‍ അവര്‍ നമ്മളുടെ ഊര്‍ജ്ജമേഖലയുമായി സഹകരിക്കുന്നവരാണു്. പാതി മുന്നോട്ടുനീങ്ങിയ ഇടപാടില്‍ നിന്നു് നാളെ വിവാദമാകുമെന്നു് മനക്കണ്ണില്‍ കണ്ടറിഞ്ഞു് ഇന്നേ പിന്മാറാനാവുമോ? അപ്പോള്‍ പോലും കരാറിലെ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടു്, കഴിഞ്ഞിട്ടുമുണ്ടു് എന്നതു് കുറച്ചുകാണേണ്ട നേട്ടമല്ല. [TOP]
52. സേവ് സിപിഎം ഫോറക്കാര്‍ പറഞ്ഞിരുന്നതു് ആറുമാസം കാത്തുനിന്നു് കരാറില്‍ നിന്നു പിന്മാറാന്‍ സാധിക്കുമായിരുന്നു എന്നാണല്ലോ?
ഉ: എന്തിനു പിന്മാറണം എന്നതിനു് യുക്തിപരമായ വിശദീകരണം ലഭ്യമല്ല. അതവിടെ നില്‍ക്കട്ടെ. പാര്‍ട്ടിയും ട്രേഡ് യൂണിയനും തമ്മില്‍ വിവിധവിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്ന കാലത്തു് അതേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പടര്‍ത്താന്‍ ശ്രമിക്കുകയും പാര്‍ട്ടിയില്‍ നിന്നു് അച്ചടക്കനടപടിക്കു വിധേയമായി പുറത്തുപോവുകയും ചെയ്തവര്‍ പറയുന്നതിനേക്കാള്‍ ആധികാരികത, നിയമസഭാരേഖകള്‍ക്കാണു്. ഇതുസംബന്ധിച്ച് ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞത് ഇങ്ങനെ:
‘എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കനേഡിയന്‍ ഹൈക്കമീഷണര്‍ കേരളത്തില്‍ വന്നിരുന്നു. അതിനുശേഷമാണ് എസ്എന്‍സി ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്നത്തെ വ്യവസ്ഥപ്രകാരം ധാരണാപത്രം ഒപ്പിട്ടാല്‍ സാമ്പത്തികപാക്കേജായാണ് നടപ്പാക്കേണ്ടത്. കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ട ലാവ്ലിന് ഉപകരണ വിതരണക്കരാര്‍ നല്‍കേണ്ടിവരും.’
വിവിധ തലങ്ങളില്‍ നടന്ന പഠനത്തിനും ചര്‍ച്ചയ്ക്കുംശേഷമാണ് തീരുമാനമെടുത്തതെന്നും അന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. [TOP]
53. ബാലാനന്ദന്‍ കമ്മറ്റിയുടെ ശുപാര്‍ശയനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ ഭെല്‍ (BHEL) ഇതേ ജോലി 103 കോടി രൂപയ്ക്ക് ചെയ്തുതരാം എന്നു് പറഞ്ഞിരുന്നതല്ലേ?
ഭെല്‍ ഒരുകാലത്തും ഈ പദ്ധതിയുടെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ, അവര്‍ പറഞ്ഞു എന്നു പറയുന്നതിനു് സാധൂകരണമില്ല. ഭെല്‍ ഒരു കമ്പനിയായതിനാല്‍ വെറുതെ തെരുവില്‍ നിന്നു് വല്ലതും വിളിച്ചുപറയാനാവില്ല. അവര്‍ ടെണ്ടര്‍ വയ്ക്കുകയും ആ ടെന്‍ഡറില്‍ ഈ തുക കോട്ട് ചെയ്യുകയും ചെയ്താല്‍ മാത്രമേ ഈ പറയുന്നതു് ശരിയാവൂ. ലാവലിനുമായി കാര്‍ത്തികേയന്‍ ഏകപക്ഷീയമായ കരാറിലേര്‍പ്പെടുമ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ഇല്ലാത്ത ടെന്‍ഡറില്‍ എങ്ങനെ ഒരു കമ്പനി അഭിപ്രായം പറയും?
അഥവാ ഭെല്‍ ഇക്കാര്യത്തില്‍ ഒരു ഓഫര്‍ നല്‍കണമെങ്കില്‍ അവരുടെ എഞ്ചിനീയര്‍മാര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു് ഉപകരണങ്ങള്‍ പരിശോധിക്കണം. അങ്ങനെ ആരെങ്കിലും പരിശോധിച്ചതിനു തെളിവില്ല. ഈ പരിശോധനയിലൂടെ തകരാറിലായ / മാറ്റിസ്ഥാപിക്കേണ്ട സാധനസാമഗ്രികളുടെ പട്ടിക തയ്യാറാക്കണം. അങ്ങനെ ഭെല്‍ തയ്യാറാക്കിയ ഒരു ലിസ്റ്റ് നമുക്കു് ലഭിച്ചിട്ടില്ല. തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കണം. അത്തരം എസ്റ്റിമേറ്റും ആരുടെ കൈവശവുമില്ല. ഇതൊക്കെ ചെയ്യാന്‍ മനുഷ്യാധ്വാനം ആവശ്യമാണു്. അതിനുള്ള പണം ആരുമുടക്കി എന്നാണു് അനുമാനിക്കേണ്ടതു്?
103 കോടി രൂപയ്ക്കു് ഏതെല്ലാം സാമഗ്രികള്‍ ആരില്‍നിന്നെല്ലാം ഏതുവിലയ്ക്കു് ലഭിക്കുമെന്നു് ഒരു ഡേറ്റയും ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ ലഭ്യമല്ല. വെറുതെ കൊട്ടത്താപ്പ് കണക്കുപറയാന്‍ ആര്‍ക്കും പറ്റും. നിങ്ങളുടെ വീടു് നവീകരിക്കാന്‍ അഞ്ചുലക്ഷം രൂപ മതിയെന്നു് വീടുകാണാതെ ഏതെങ്കിലും മേസ്തിരി പറഞ്ഞാല്‍ അതും വിശ്വസിക്കണമെന്നാണോ?
സിപിഐ(എം)ല്‍ നിന്നു പുറത്തുപോയി സേവ് സിപിഎം ഫോറം ഉണ്ടാക്കിയ ചിലരാണു് ഭെല്‍ കമ്പനി 103 കോടിരൂപയ്ക്കു് നവീകരണക്കരാര്‍ ഏറ്റെടുക്കാമെന്നു് അനൌദ്യോഗികമായി അറിയിച്ചിരുന്നു എന്നു പറഞ്ഞുനടക്കുന്നതു്. എന്നാല്‍ ഭെല്‍ അങ്ങനെ അറിയിച്ചതായി ഔദ്യോഗികരേഖയിലോ ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശയിലോ ഇല്ല. [TOP]
54. BHEL ലെ CITU യൂണിയന്‍കാര്‍ നല്‍കിയ കണക്കനുസരിച്ചാവുമല്ലോ, മുന്‍ സിഐടിയുക്കാരായ സേവ് സിപിഎം ഫോറം ഈ കണക്കുന്നയിക്കുന്നതു്. അപ്പോഴതു് ശരിയായിരിക്കാനുള്ള സാധ്യതയില്ലേ?
ഉ: എന്റെ അറിവും ഉത്തമബോധ്യവും പ്രകാരം ഭെല്ലിലെ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങി ട്രേഡ് യൂണിയനുകള്‍ക്കൊന്നുംതന്നെ ഭെല്ലിന്റെ ബിസിനസ് സ്ട്രാറ്റജി തീരുമാനിക്കുന്നതിനുള്ള അധികാരമില്ല. മറ്റേതു പൊതുമേഖലാ സ്ഥാപനവും പോലെ അക്കാര്യങ്ങള്‍ തീരുമാനിക്കുന്നതു് ‘ഉന്നതങ്ങളില്‍’ മാത്രമാണു്. പിഎസ്‌പി പദ്ധതികളില്‍ മെഷീനറി സപ്ലൈ ചെയ്യുവാനുള്ള അവസരം നഷ്ടപ്പെട്ടതുമൂലം ഭെല്ലിനു് എന്തെങ്കിലും സാമ്പത്തികനഷ്ടം വന്നതായി ഒരു ട്രേഡ് യൂണിയനുകളും ഇന്നേവരെ അഭിപ്രായപ്പെട്ടിട്ടില്ല. എങ്കില്‍ പിന്നെങ്ങനെയാണു് ഭെല്ലിലെ സിഐടിയുക്കാര്‍ ലാവലിന്‍ കരാറിലെ സാധനസാമഗ്രികള്‍ സപ്ലൈ ചെയ്യുവാനുള്ള ജോലി ഭെല്ലിനെ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ലാഭം കിട്ടുമായിരുന്നു എന്നുപറയുന്നതു്? മാത്രമല്ല, ഭെല്ലില്‍ ഉത്പാദിപ്പിക്കുന്ന മെഷീനറികളുടെ വിലയും അതിനുവരുന്ന ചെലവുകളും എന്താണെന്നു് ക്ലിപ്തമായി പറയുവാന്‍ അവിടുത്തെ ട്രേഡ് യൂണിയനുകള്‍ക്കു് കഴിയുമോ എന്ന ചോദ്യവുമുണ്ടു്. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ ഭെല്ലിലെ സിഐടിയുക്കാര്‍ സിഐടിയു നേതാവായ ഇ ബാലാനന്ദന്റെ ചെവിയില്‍ രഹസ്യമായി ഇക്കാര്യം സംബന്ധിച്ചു് എന്തെങ്കിലും പറയുവാനുള്ള അവസരവും നിലനില്‍ക്കുന്നില്ല. സേവ് സിപിഎം ഫോറം, സിപിഐ(എം)നെ സേവ് ചെയ്യാനുള്ളതല്ല, തകര്‍ക്കുവാനുള്ളതാണെന്ന സാമാന്യവിവരം ഉള്ള നമുക്കു് സേവ് സിപിഎം ഫോറംകാര്‍ ഉന്നയിക്കുന്ന ഈ ചോദ്യവും ഈ ചോദ്യത്തിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണല്ലോ.
ഇനി വാദത്തിനായി അത്തരമൊരു കണക്കു് അവര്‍ പറഞ്ഞുവെന്നിരിക്കട്ടെ. എങ്കിലും അതു് ശരിയാകാനുള്ള സാധ്യത തീരെയില്ല. കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പ്രൊജക്റ്റഡ് കോസ്റ്റും പദ്ധതി പൂര്‍ത്തീകരണത്തില്‍ ചെലവായ ശരിയായ തുകയും തമ്മിലുള്ള അന്തരം പരിശോധിച്ചാല്‍ തന്നെ അതു വ്യക്തമാകും. http://www.expert-eyes.org/projects.html എന്ന വെബ് പേജില്‍ പോയാല്‍ ഒറിജിനല്‍ എസ്റ്റിമേറ്റും ലേറ്റസ്റ്റ് എസ്റ്റിമേറ്റും തമ്മിലുള്ള വ്യത്യാസം അറിയാം. അവയില്‍ പൂര്‍ത്തിയായ പദ്ധതികളും ഇപ്പോഴും തുടരുന്ന പദ്ധതികളുമുണ്ടു്. തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നതിലും എത്രയോ ഇരട്ടിത്തുകയാണു് ഓരോ പ്രോജക്റ്റിലും ചെലവഴിച്ചിട്ടുള്ളതു്.
ആറ്റിലെ വെള്ളം വറ്റുകയും അക്കരെ നില്‍ക്കുന്ന പട്ടി തൊടലുപൊട്ടിക്കയും ചെയ്തിരുന്നെങ്കില്‍ എന്നു പറയുമ്പോലെ കാര്‍ത്തികേയന്റെ കാലത്തു് പിഎസ്‌പി പദ്ധതി ഓപ്പണ്‍ ടെന്‍ഡറിനു പോവുകയും ഭെല്‍ ടെണ്ടറില്‍ പങ്കെടുക്കുകയും നൂറുകോടി രൂപയ്ക്കു് ചെയ്യാമെന്നു് സമ്മതിക്കുകയും ചെയ്തിരുന്നെങ്കില്‍ പോലും ആ തുകയ്ക്കു് നവീകരണപ്രവൃത്തികള്‍ തീരുമായിരുന്നില്ല എന്നതാണു് യാഥാര്‍ത്ഥ്യം.
ഇതില്‍ മറ്റൊരു ചോദ്യം കൂടി കടന്നുവരുന്നുണ്ടു്. ഒരുകാലത്തും ഓപ്പണ്‍ ടെന്‍ഡറിനു് പോകാത്ത പിഎസ്‌പി പദ്ധതിയുടെ പ്രോജക്റ്റ് സ്പെസിഫിക്കേഷനും അതില്‍ ലാവലിന്‍ ക്വോട്ട് ചെയ്ത തുകയും BHELലെ എഞ്ചിനീയര്‍മാര്‍ എങ്ങനെ മനസ്സിലാക്കി? ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമേയല്ലാത്ത, തങ്ങള്‍ ടെന്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കാത്ത, സ്പെസിഫിക്കേഷന്‍ പോലും അറിയാത്ത, ഇത്തരം പ്രവൃത്തികള്‍ക്കായി റാന്‍ഡം എസ്റ്റിമേറ്റുകള്‍ ഉണ്ടാക്കിനടക്കുകയല്ലാതെ ഈ ഭെല്ലിലെ എഞ്ചിനീയര്‍മാര്‍ക്കു് വേറെ ഒരു പണിയുമില്ലെന്നാണോ? [TOP]
55. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാകാഞ്ഞതിനു് എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങളുണ്ടോ?
അതു് കൃത്യമായി അറിയില്ല. എങ്കിലും സിപിഐ(എം) നേതൃത്വം നല്‍കുന്ന ഒരു ഗവണ്‍മെന്റ് അത്തരമൊരു റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു് മുമ്പു് രണ്ടുവട്ടം ആലോചിക്കുമായിരുന്നു. വൈദ്യുതി ബോര്‍ഡ് പിരിച്ചുവിട്ടു് കമ്പനി രൂപീകരിക്കണം എന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ ഒരാവശ്യം. അതു് സിപിഐ(എം) പിന്തുടര്‍ന്നുവന്ന ദേശീയ നയത്തിനുതന്നെ എതിരായിരുന്നു. അതെങ്ങാന്‍ നടപ്പാക്കിയിരുന്നെങ്കില്‍ പിന്നീടു് ഇന്ത്യ കണ്ട disinvestmentന്റെ മുഴുവന്‍ പാപഭാരവും പാര്‍ട്ടിയുടെ ചുമലില്‍ ഇരുന്നേനെ.
പന്നിയാര്‍ ശെങ്കുളം പള്ളിവാസല്‍ പദ്ധതികള്‍ നവീകരിക്കേണ്ട ആവശ്യമില്ലെന്നും പകരം നീരൊഴുക്കു കൂടുതലുള്ള നേര്യമംഗലം പദ്ധതിപ്രദേശത്തു് പുതിയ പെന്‍സ്റ്റോക്‍ സ്ഥാപിച്ചു് അധികവൈദ്യുതി ഉത്പാദിപ്പിക്കാമെന്നുമായിരുന്നു കമ്മിറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം. നേര്യമംഗലം കൊണ്ടുതന്നെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവും എന്നായിരുന്നു, മോഹം. ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ പിഎസ്‌പി പദ്ധതികള്‍ ഉപേക്ഷിച്ചുകൊണ്ടു് നേര്യമംഗലം മാത്രം നടപ്പാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു, സ്ഥിതി? അന്നേ തുടങ്ങിയ നേര്യമംഗലം എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിന്റെ ടണല്‍ നിര്‍മ്മാണം ഒന്നരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല. അവിടെനിന്നു് ഒരു യൂണിറ്റ് വൈദ്യുതി പോലും സംസ്ഥാനത്തിനു് കിട്ടിത്തുടങ്ങിയിട്ടില്ല. അതേസമയം പിഎസ്‌പി പദ്ധതിപ്രദേശത്തു് മാറ്റി സ്ഥാപിച്ച യന്ത്രങ്ങള്‍ (നവീകരണം നടക്കുമ്പോള്‍ രണ്ടെണ്ണം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നു) കേരളത്തിനു് ആവശ്യമുള്ളപ്പോഴെല്ലാം അധികവൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. [TOP]
56. പിഎസ്‌പി പദ്ധതിയെക്കുറിച്ചു് ബാലാനന്ദന്‍ കമ്മിറ്റി എന്താണു് നിര്‍ദ്ദേശിച്ചിരുന്നതു്?
ഉ: പിഎസ്‌പി പദ്ധതിയുടെ നവീകരണത്തെക്കുറിച്ചു പഠിക്കാനുള്ള കമ്മിറ്റിയായിരുന്നില്ല, ബാലാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്നതു്. കേരളത്തിലെ വൈദ്യുതപദ്ധതികളുടെ പൊതുസ്ഥിതി പഠിച്ചു് വൈദ്യുതോത്പാദനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ശുപാര്‍ശകള്‍ നല്‍കാനാണു് കമ്മിറ്റി നിയോഗിക്കപ്പെട്ടതു്. എങ്കിലും ടേംസ് ഓഫ് റെഫറന്‍സില്‍ ഇല്ലായിരുന്ന കാര്യമായിട്ടുകൂടി, പിഎസ്‌പി പദ്ധതിയെ സംബന്ധിച്ചു് ബാലാനന്ദന്‍ കമ്മിറ്റി കമന്റ് ചെയ്തിട്ടുണ്ടു്.
കെഎസ്ഇബി അക്കാലത്തു് വലിയ നഷ്ടം വരുത്തിവച്ചുകൊണ്ടിരുന്ന സ്ഥാപനമാണു്. അതുകൊണ്ടുതന്നെ, വലിയ സാമ്പത്തികബാധ്യതയുണ്ടാവുന്ന വന്‍കിട പദ്ധതികളുടെ നിര്‍വ്വഹണത്തെ സംബന്ധിച്ചു് കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകള്‍ക്കും ഓഫീസര്‍മാരുടെ സംഘടനകള്‍ക്കും പരസ്പരവിരുദ്ധമായ നിലപാടുകളുണ്ടായിരുന്നു. 103 കോടി രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ ചെയ്തു് പിഎസ്‌പി പദ്ധതി അല്‍പ്പകാലം കൂടി മുന്നോട്ടുകൊണ്ടുപോകണം എന്ന താത്പര്യം തൊഴിലാളിയൂണിയനുകള്‍ പങ്കുവച്ചിരുന്നു. ഇതുവഴി പദ്ധതിയുടെ ദൈര്‍ഘ്യം പരമാവധി ഏഴെട്ടുകൊല്ലംകൂടി ദീര്‍ഘിപ്പിക്കാനാവും. എങ്കിലും കുറച്ചുവര്‍ഷങ്ങള്‍ക്കകം പദ്ധതി നവീകരിക്കേണ്ടിവരുമെന്നു് ഉറപ്പായിരുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നവീകരണത്തിനു് അല്‍പ്പംകൂടി സമയം വാങ്ങാം എന്ന മെച്ചമേ അതിനുണ്ടായിരുന്നുള്ളൂ.
എന്നാല്‍ ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാര്‍ കൂടുതലുള്ള ഓഫീസര്‍മാരുടെ സംഘടനാനേതൃത്വം ഡിപ്ലോമക്കാരോ ഐടിഐക്കാരോ കൂടുതലുള്ള തൊഴിലാളി സംഘടനകളെ ഇക്കാര്യത്തില്‍ നാടോടിക്കാറ്റ് സിനിമയെ ഓര്‍മ്മിപ്പിക്കുംവിധം പരിഹാസത്തോടെ സമീപിച്ചിരുന്നു. ട്രേഡ് യൂണിയന്‍ നേതാവായ ഇ ബാലാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ചു് സ്വാഭാവികമായും തൊഴിലാളി യൂണിയന്റെ താത്പര്യത്തെ കമ്മിറ്റിയുടെ നിര്‍ദ്ദേശമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. ഓഫീസര്‍മാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാവണം, പിന്നീടു് പിണറായി വിജയന്റെ കാലത്തു മാത്രമല്ല, ശര്‍മ്മയുടെ കാലത്തും തുടര്‍ന്നുള്ള കാലങ്ങളിലും ബോര്‍ഡിലെ തീരുമാനമെടുക്കാന്‍ നിയുക്തരായ ഉന്നതോദ്യോഗസ്ഥര്‍ ആരുംതന്നെ ഈ നിര്‍ദ്ദേശങ്ങളെ വിലവയ്ക്കാതെയിരുന്നതു്.
ബോര്‍ഡിന്റെ നയപരമായ പല തീരുമാനങ്ങളിലും തൊഴിലാളി സംഘടനകള്‍ക്കുള്ള ഭിന്നാഭിപ്രായം ഈ ഓഫീസര്‍മാര്‍ അവഗണിച്ചുപോരുകയാണെന്ന പരാതി ബോര്‍ഡിന്റെ അകത്തളങ്ങളില്‍ നീറിപ്പുകയുന്നുണ്ടു്. 1957ല്‍ രൂപീകൃതമായ കെഎസ്ഇ ബോര്‍ഡില്‍ തൊഴിലാളിപ്രാതിനിധ്യം ഇന്നും നിലവിലില്ല. പകരം ഓഫീസര്‍മാരുടെ പ്രാതിനിധ്യം ആവശ്യത്തിലധികം ഉണ്ടുതാനും. അതുകൊണ്ടുതന്നെ, ഓഫീസര്‍മാരെക്കാള്‍ പത്തിരട്ടിയോളം അംഗബലമുള്ള തങ്ങള്‍ക്കു് ന്യായമായ പ്രാതിനിധ്യം ബോര്‍ഡില്‍ ഇല്ലെന്ന ചിന്താഗതി തൊഴിലാളിയൂണിയനുകള്‍ അഫിലിയേഷന്‍ ഭേദമന്യേ, പരസ്യമായിത്തന്നെ പങ്കുവയ്ക്കാറുണ്ടു്. കെഎസ്ഇബിയുടെ കമ്പനിവത്കരണത്തെ എല്ലാവരും എതിര്‍ക്കുന്നുവെങ്കിലും നിര്‍ദ്ദിഷ്ട കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തൊഴിലാളി പ്രാതിനിധ്യം ഉണ്ടാകുമെന്ന ഉറപ്പിനെ സര്‍വ്വാത്മനാ സ്വാഗതംചെയ്തു് കമ്പനിയുടെ വരവുകാത്തിരിക്കുകയാണു്, തൊഴിലാളിസംഘടനകള്‍. [TOP]
57. ഓഫീസര്‍ യൂണിയന്റെ നേതാവായിരുന്ന കെ ആര്‍ ഉണ്ണിത്താന്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയാണല്ലോ. അപ്പോള്‍ യൂണിയനുകള്‍ തമ്മില്‍ നിലപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടു് ശരിയാണോ?
ബാലാനന്ദന്‍ റിപ്പോര്‍ട്ട് ഐക്യകണ്ഠേനയാണു് സമര്‍പ്പിക്കപ്പെട്ടതു്. ഈ ന്യായത്തില്‍ നിന്നുകൊണ്ടാണു് ഉണ്ണിത്താന്‍ താന്‍കൂടി ആ തീരുമാനത്തില്‍ പങ്കാളിയാണെന്നു് ഊറ്റംകൊള്ളുന്നതു്. ഇതേ ഉണ്ണിത്താന്‍ ഓഫീസര്‍മാരുടെ സിപിഐ(എം) അനുകൂല സംഘടനയുടെ അനിഷേധ്യനേതാവായി 2005 വരെ തുടര്‍ന്നുപോന്നയാളാണു്. കൂടാതെ ബാലാനന്ദന്‍ അദ്ധ്യക്ഷനായ ഇലക്ട്രിസിറ്റി എംപ്ലോയ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (EEFI) എന്ന സംഘടനയില്‍ ബാലാനന്ദനോടൊപ്പം ഒരു അഖിലേന്ത്യ ഭാരവാഹിയായി തുടരുകയും ചെയ്തിരുന്നു. എന്നിട്ടും 2005 വരെയുള്ള കാലഘട്ടത്തില്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടു് ഒരു ശബ്ദവും ഉണ്ണിത്താന്റെ ഭാഗത്തുനിന്നു് ഉണ്ടായതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മലപ്പുറം സമ്മേളനം കഴിഞ്ഞുള്ള വര്‍ഷങ്ങളിലാണു് ഉണ്ണിത്താന്‍ ഇത്തരമൊരു അഭിപ്രായവുമായി രംഗത്തുവരുന്നതു്. അത്രമേല്‍ പരിപാവനവും ഉല്ലംഘിക്കാവുന്നതുമായിരുന്നില്ല, ബാലാനന്ദന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെങ്കില്‍ പരിണതപ്രജ്ഞനായ ഉണ്ണിത്താന്‍ 2005 വരെയുള്ള എട്ടുവര്‍ഷക്കാലം ഇക്കാര്യത്തില്‍ എന്തിനു മൌനം ദീക്ഷിക്കണം എന്നതാണു് പ്രസക്തമായ ചോദ്യം. അപ്പോള്‍ ഇക്കാലയളവില്‍ അദ്ദേഹത്തിനു് സംസ്ഥാനത്തിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഉത്തമതാത്പര്യത്തെപ്പറ്റി അഭിപ്രായമുണ്ടായിരുന്നില്ലേ? ചുരുക്കത്തില്‍ സിപിഐ(എം)നോടുള്ള ഉണ്ണിത്താന്റെ അകല്‍ച്ചയും ബാലാനന്ദന്‍ റിപ്പോര്‍ട്ട് അവഗണിച്ചുവെന്ന അദ്ദേഹത്തിന്റെ പില്‍ക്കാലത്തുള്ള ആക്ഷേപവും ചേര്‍ത്തുവായിച്ചാല്‍ രണ്ടും ഒരേ സമയത്താണെന്നു് കാണാന്‍ കഴിയും. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ടെന്നു് ചന്ദനത്തിരിയുടെ പരസ്യം പറയുന്നതുപോലെ സിപിഐ(എം)ല്‍ നിന്നു് അകന്നുപോകുന്നവര്‍ക്കു് അവരുടേതായ പ്രത്യേകകാരണങ്ങള്‍ ഉണ്ടായിരിക്കുമെന്നതു് സ്വാഭാവികം. ജനതാദളുമായുള്ള പഞ്ചായത്തു് പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കലായിരുന്നു ടി പി ചന്ദ്രശേഖരന്‍ പാര്‍ട്ടിയുമായി അകലാന്‍ കാരണം. അതുപോലെ ഉണ്ണിത്താന്‍ പാര്‍ട്ടിയുമായി അകന്നുകഴിഞ്ഞപ്പോള്‍ പറയാനുള്ള ഒരു കാരണം എന്നതിനപ്പുറം ഉണ്ണിത്താന്റെ ആക്ഷേപത്തെ ഗൌരവമായി എടുക്കേണ്ടതില്ല. ഇപ്പോള്‍ ഉണ്ണിത്താന്‍ ഇക്കാര്യത്തിലെടുക്കുന്ന താത്പര്യത്തിന്റെ നൂറിലൊരംശം അദ്ദേഹം സംഘടനാനേതൃത്വത്തിലിരിക്കുന്ന കാലയളവില്‍ കാട്ടിയിരുന്നില്ല. അന്നു് ആ സംഘടനയിലെ അംഗങ്ങളില്‍ പലരും കെഎസ്ഇബി ബോര്‍ഡ് അംഗങ്ങളായിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തി ബാലാനന്ദന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യിക്കാന്‍ പോലും അദ്ദേഹം തുനിഞ്ഞില്ലെന്നിരിക്കെ ഉണ്ണിത്താനും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കും എന്തുപ്രസക്തി? [TOP]
58. ബാലാനന്ദന്‍ റിപ്പോര്‍ട്ടിലെ അറ്റകുറ്റപ്പണി നിര്‍ദ്ദേശത്തിനു് യാതൊരു അടിസ്ഥാനവുമില്ലെന്നാണോ?
ഉ: 243 കോടി രൂപ ചെലവുചെയ്തു പിഎസ്‌പി പദ്ധതികളുടെ ആയുസ്സ് മുപ്പത്തഞ്ചുവര്‍ഷത്തേയ്ക്കു് നീട്ടുവാനാണു് കെഎസ്ഇബി നിശ്ചയിച്ചതു്. ഇതിനെയാണു് ദീര്‍ഘകാലനവീകരണപദ്ധതിയെന്നു പറയുന്നതു്. ബാലാനന്ദന്‍ റിപ്പോര്‍ട്ടിലുള്ളതു് എഴെട്ടുവര്‍ഷത്തേക്കുള്ള ഹ്രസ്വകാല അറ്റകുറ്റപ്പണികളാണു്. 35 വര്‍ഷം ആയുസ്സുനീട്ടിക്കിട്ടുവാന്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ ചുരുങ്ങിയതു് നാലുപ്രാവശ്യമെങ്കിലും ഹ്രസ്വകാലത്തേക്കുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടിവരുമായിരുന്നു. ഇതിനര്‍ത്ഥം 243 കോടി രൂപയ്ക്കു് പകരം 420 കോടിയിലധികം ചെലവിടേണ്ടിവരുമായിരുന്നു എന്നാണു്. കാലം മുന്നോട്ടുച്ചെല്ലുന്തോറും ചെലവു വര്‍ദ്ധിച്ചുവരാനും പണത്തിന്റെ വിനിമയമൂല്യത്തില്‍ വ്യത്യാസമുണ്ടാവാനുമുള്ള സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ചെലവു് ഇതിലും എത്രയോ അധികരിക്കാം. 35 വര്‍ഷക്കാലത്തേക്കുള്ള സ്ഥിരതയാര്‍ന്ന ഉത്പാദനം കൈവരിക്കാനാവുന്ന നവീകരണത്തെ അപേക്ഷിച്ചു് ഓരോ എട്ടുവര്‍ഷത്തിലും നടത്തേണ്ടിവരുന്ന അറ്റകുറ്റപ്പണി പദ്ധതികളുടെ ഉത്പാദനശേഷിയെ ദോഷകരമായി ബാധിക്കുമെന്നു് പറയേണ്ടതില്ലല്ലോ. [TOP]
59. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കോര്‍പ്പറേഷനെ സംബന്ധിച്ചു് ഇതു് ശരിയായ നിര്‍ദ്ദേശമല്ലേ? എന്നിട്ടെന്തേ, അതു പരിഗണിക്കാഞ്ഞൂ?
ഉ: ദീര്‍ഘവീക്ഷണമില്ലായ്മ എന്നും അതിനെ പറയും. ഈ റിപ്പോര്‍ട്ട് വരുമ്പോഴേക്കും പിഎസ്‌പി പദ്ധതിയുടെ നവീകരണത്തിനു് ലാവലിനുമായി ജി കാര്‍ത്തികേയന്‍ ധാരണാപത്രം ഒപ്പിട്ടിട്ടു് മാസങ്ങള്‍ കഴിഞ്ഞിരുന്നു. നവീകരണത്തിലൂടെ പദ്ധതിയുടെ പ്രവര്‍ത്തനകാലയളവു് 35 വര്‍ഷത്തേക്കു് കൂടി നീട്ടാന്‍ കഴിയും. 242 കോടി രൂപയായിരുന്നു, പ്രതീക്ഷിത ചെലവു്. 242 കോടി രൂപ മുടക്കി പദ്ധതിയുടെ ആയുസ്സ് 35 വര്‍ഷത്തേക്കു് നീട്ടിയെടുക്കുന്നതാണോ 103 കോടി രൂപ മുടക്കി പദ്ധതി ഏഴെട്ടുകൊല്ലംകൂടി തള്ളിക്കൊണ്ടുപോയ ശേഷം നവീകരിക്കാതെ നിവൃത്തിയില്ലെന്നാകുന്ന ഘട്ടത്തില്‍ വീണ്ടും പണം മുടക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണോ ലാഭം?
അങ്ങനെ രണ്ടു ചെലവ് വരുത്തിവയ്ക്കുന്നതിനേക്കാള്‍ അപ്പോള്‍ തന്നെ നവീകരണം നടത്തുന്നതാണ് നല്ലതെന്ന തീരുമാനം ജി കാര്‍ത്തികേയന്റേതായിരുന്നു. ബാലാനന്ദന്റെ ശുപാര്‍ശ വരുന്നതിനും മാസങ്ങള്‍ക്കു മുന്‍പേ തന്നെ കാര്‍ത്തികേയന്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടുകഴിഞ്ഞിരുന്നു. [TOP]
60. പദ്ധതിച്ചെലവു് 242 കോടിയെന്നു പറഞ്ഞിട്ടു് മുടക്കിയ തുക 374.5 കോടി രൂപയാണെന്നല്ലേ, സിഎജി റിപ്പോര്‍ട്ടിലുള്ളതു്?
ഉ: പദ്ധതിയടങ്കലും യഥാര്‍ത്ഥത്തില്‍ ചെലവിട്ട തുകയും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന ദുസ്സൂചനയാണു് ചോദ്യത്തിലുള്ളതു്. 242 കോടി രൂപയുടെ പദ്ധതിയടങ്കല്‍ വിഭാവനം ചെയ്യുകയും ഈ തുകയ്ക്കു് തന്നെ പദ്ധതിനിര്‍വ്വഹണം പൂര്‍ത്തീകരിക്കുകയുമാണു് ചെയ്തതു്. പക്ഷെ ചെലവഴിക്കാന്‍ ഈ തുക കെഎസ്ഇബിയുടെ കയ്യിലില്ലാത്തതിനാല്‍ വായ്പയെടുക്കേണ്ടിവന്നു. വായ്പകള്‍ക്കു് പലിശകൊടുക്കണമെന്നതു് അടിസ്ഥാനവിവരം മാത്രമാണു്. ഈ പലിശയുടെ തിരിച്ചടവുകാലം പൂര്‍ണ്ണമായും കണക്കിലെടുത്താണു് 374 കോടി എന്ന് സിഎജി പറയുന്നതു്. ഇതു് പദ്ധതിയടങ്കലില്‍ വന്ന വര്‍ദ്ധനവായി കാണാനാവില്ല. തിരിച്ചടവുകാലാവധിക്കകത്തുതന്നെ പദ്ധതികളില്‍നിന്നുള്ള ഉത്പാദനം വഴി മുടക്കുമുതലിന്റെയും പലിശയുടെയും എത്രയോ ഇരട്ടി വരുമാനം ലഭിക്കുമെന്ന കെഎസ്ഇബിയുടെ നിലപാടും ഇതിനോടു് ചേര്‍ത്തുവായിക്കേണ്ടതുണ്ടു്.
ടേണ്‍കീ കരാറുകളില്‍ പോലും കാലതാമസത്തിനു് അടങ്കല്‍തുക കൂട്ടിക്കൊടുക്കുന്ന പണിയാണു് കെഎസ്ഇബിയില്‍ നിലനിന്നിരുന്നതു്. എന്നാല്‍ അടങ്കല്‍ത്തുക 242 കോടി രൂപ ലാവലിന്‍ കരാറില്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. ചുരുക്കത്തില്‍ അടുത്ത പതിനഞ്ചുവര്‍ഷത്തേക്കുള്ള പലിശമാത്രമാണു് 242ല്‍ നിന്നും 374ലേക്കു് വര്‍ദ്ധിക്കുവാനിടയായതു്. [TOP]
61. സിഎജി രണ്ടവസരങ്ങളില്‍ ലാവലിന്‍ കരാറിനെ സംബന്ധിച്ചു് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടല്ലോ. അവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ഉ: കെഎസ്ഇബിയുടെ ഓഡിറ്റ് നടത്തിയതിനുശേഷം ആദ്യം ഒരു കരടു് റിപ്പോര്‍ട്ടാണു് സിഎജി പ്രസിദ്ധീകരിച്ചതു്. ഇതാണു് നടപടിക്രമവും. പിന്നീടു് ഓഡിറ്റില്‍ കാട്ടിയ പരാമര്‍ശങ്ങള്‍ക്കെതിരായി ബന്ധപ്പെട്ട വകുപ്പു് അവര്‍ക്കുള്ള മറുപടി സിഎജിയെ അറിയിക്കണം. സിഎജിയുടെ ആദ്യത്തെ ഓഡിറ്റില്‍ പരിഗണിക്കപ്പെടാതെ പോയതോ ശ്രദ്ധിക്കപ്പെടാത്തതോ ആയ വിശദാംശങ്ങളാല്‍ വന്നുപോയ പരാമര്‍ശങ്ങള്‍ ഈ മറുപടിയുടെ അടിസ്ഥാനത്തില്‍ സിഎജി വീണ്ടും പരിശോധിക്കും. ഇങ്ങനെ പരിശോധിച്ചാണു് രണ്ടാമത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയതു്. ആദ്യത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ 90 ശതമാനവും രണ്ടാമത്തെ അന്തിമറിപ്പോര്‍ട്ടില്‍ ഒഴിവാക്കപ്പെടുകയുണ്ടായി.
എന്നാല്‍ 374 കോടിരൂപ (പലിശച്ചെലവടക്കം) ചെലവഴിച്ചു് നടപ്പാക്കിയ ഒരു പദ്ധതിക്കു് അതിനാനുപാതികമായ ഉത്പാദനനേട്ടം കൈവരിക്കാനായില്ല എന്നു് 2005ല്‍ സിഎജി അന്തിമറിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. ഇതിനായി 2005 വരെയുള്ള ഉത്പാദനത്തിന്റെ വിവരമാണു് പട്ടികയായി പരിശോധിച്ചതു്. 2003 മുതല്‍ മാത്രമാണു് പദ്ധതിനിര്‍വ്വഹണം പൂര്‍ത്തിയാക്കി ഉത്പാദനം പൂര്‍ണ്ണമായും ആരംഭിച്ചതെന്ന വസ്തുത ഇതില്‍ കണക്കിലെടുക്കുകയുണ്ടായില്ല. തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളിലും വരള്‍ച്ചയും ജലലഭ്യതയില്‍ വന്ന കുറവും പരിഗണിക്കപ്പെടുകയുണ്ടായില്ല. എന്നാല്‍ നവീകരണംകൊണ്ടു് 35 വര്‍ഷക്കാലത്തേക്കു് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന നേട്ടം സിഎജി നിഷേധിക്കുന്നുമില്ല. അപ്പോള്‍ അത്തരമൊരു പദ്ധതിയിലൂടെ ഉണ്ടാകാവുന്ന ലാഭനഷ്ടങ്ങളുടെ കണക്കു് പദ്ധതികാലയളവിന്റെ പാതിയെങ്കിലും പിന്നിട്ടശേഷം മാത്രമല്ലേ, ശരാശരി ഉത്പാദനം പരിശോധിച്ചു് ശാസ്ത്രീയമായി വിലയിരുത്താനാവുകയുള്ളൂ എന്ന വസ്തുത സിഎജി വിസ്മരിക്കുകയും ചെയ്തു. [TOP]
62. അന്നത്തെ സിഐജിയുടെ നടപടിയില്‍ രാഷ്ട്രീയവിരോധമാരോപിക്കുന്നുണ്ടോ? അന്നത്തെ സിഎജി ഒരു യുഡിഎഫ് നേതാവിന്റെ ഉറ്റബന്ധുവായിരുന്നു എന്ന ആരോപണത്തില്‍ കഴമ്പുണ്ടോ?
ഉ: കാര്യങ്ങള്‍ വിശദമാക്കി തന്നെ പറയാം. ആര്‍എസ്‌പിയുടെ പിളര്‍പ്പിനെ തുടര്‍ന്നു് യുഡിഎഫ് പാളയത്തിലേക്കു് പോയ ബേബി ജോണിന്റെ മരുമകനായ ജയിംസ് ജോസഫ് ആയിരുന്നു, അന്നത്തെ സിഎജി. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയമായി സിഎജി ഇടപെട്ടതായി പിണറായി വിജയനോ സിപിഎമ്മോ നാളിതുവരെ ആക്ഷേപിച്ചിട്ടില്ല. സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുന്നു എന്നതു് നിസ്തര്‍ക്കമായ കാര്യമാണു്. വിവിധ ഭരണഘടനാസ്ഥാപനങ്ങളെ അവരുടെ സ്വതന്ത്ര അധികാരവിനിയോഗത്തില്‍ കൈകടത്തി സ്വന്തം വരുതിക്കു നിര്‍ത്തുന്നകാര്യത്തില്‍ പ്രത്യേകവിരുതു് കോണ്‍ഗ്രസ് എക്കാലത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. അടിയന്തിരാവസ്ഥക്കാലത്തു് സുപ്രീംകോടതി ജഡ്ജിമാര്‍പോലും ഇത്തരം സ്വാധീനങ്ങള്‍ക്കു് വഴങ്ങിയിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ടു്. ഒരുപക്ഷെ അത്തരം ചില അസുഖകരമായ ഓര്‍മ്മകളില്‍ നിന്നാവണം സിഎജിയുടെ കാര്യത്തിലും യുഡിഎഫ് ഇടപെടലിനെപ്പറ്റിയുള്ള ദുസ്സൂചന നിറഞ്ഞ വാര്‍ത്തകള്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞതു്. യുഡിഎഫ് ലാവലിന്‍ കേസില്‍ കാണിച്ചുപോരുന്ന പ്രത്യേക താത്പര്യം വിലയിരുത്തിയാല്‍ യുഡിഎഫ് നേതാവിന്റെ ബന്ധുവല്ലെങ്കില്‍ പോലും ഒരു ഇടപെടല്‍ സാധ്യത ആരെങ്കിലും മണത്താല്‍ അവരെ കുറ്റംപറയാനാകുമോ? രാജ്യം ഞെട്ടിത്തരിച്ച കല്‍ക്കരി കുംഭകോണം പുറത്തുകൊണ്ടുവന്ന സിഎജി വിനോദ് റായിയെ വരുതിക്കു് നിര്‍ത്തുവാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം സംഘടിതമായി ആ ഭരണഘടനാസ്ഥാപനത്തെ ആക്രമിച്ച രീതി നമുക്കു് മറക്കാനാവുമോ? എന്നിട്ടും വഴങ്ങാതെ വന്നപ്പോള്‍ വിനോദ് റായിയെ രാഷ്ട്രീയമായി തേജോവധം ചെയ്യുവാന്‍ പോലും കോണ്‍ഗ്രസ് പരിശ്രമിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ വിനോദ് റായ് കരുക്കള്‍ നീക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനെതിരായി കോണ്‍ഗ്രസ് ഉന്നയിച്ച രാഷ്ട്രീയ ആരോപണം. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ഇടപെടലുകളുടെ കാലങ്ങള്‍ നീണ്ട ചരിത്രം തന്നെയാണു് ഇമ്മാതിരി ഒരാരോപണത്തിനു് വിത്തുപാകിയതു്. [TOP]
63. സിപിഐ(എം) അല്ല, സിഎജിക്കെതിരെ ആരോപണമുന്നയിച്ചതു് എങ്കില്‍ പിന്നെ ഈ ഊഹാപോഹത്തിന്റെ ഉറവിടം ഏതാണു് ?
ഉ: 2004ല്‍ മലപ്പുറത്തു നടന്ന സിപിഐ(എം) സംസ്ഥാനസമ്മേളനത്തിന്റെ കാലയളവില്‍ പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിക്കുന്ന നിലയില്‍ വിവിധ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതു് ഓര്‍മ്മിക്കുമല്ലോ. അന്നു് പാര്‍ട്ടി വെട്ടിപ്പിടിക്കാനിറങ്ങിയ വിഎസിനെ സഹായിക്കാന്‍ അണിനിരന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു, മാധ്യമം ലേഖകനായിരുന്ന പി കെ പ്രകാശ്. ഇന്നു് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിലാണു്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ സാഹചര്യം വിലയിരുത്തി 2009 ജൂണ്‍ 1നു് അദ്ദേഹം മാധ്യമം വാരികയില്‍ ഒരു ലേഖനമെഴുതി. തലക്കെട്ട്, “തോറ്റത് കേരള സമൂഹം തന്നെ”.
അതില്‍ ഇങ്ങനെ പറയുന്നു:
“ഇതിനിടെ പിണറായിക്കെതിരെ പാര്‍ട്ടിക്കകത്ത് വിഎസ് നീക്കം തുടങ്ങിയിരുന്നു. അന്തരിച്ച മുന്‍മന്ത്രി ബേബി ജോണിന്റെ ബന്ധുവായ അക്കൗണ്ടന്റ് ജനറലിനെ ഉപയോഗിച്ച് ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ലാവലിന്‍ റിപ്പോര്‍ട്ടു തയ്യാറാക്കുന്നില്‍ വിഎസ് വിജയിച്ചു. 2006ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിണറായി വരുന്നത് തടയുക മാത്രമായിരുന്നു അതിന്റെ അജണ്ട”.
ചുരുക്കത്തില്‍ ഈ ആരോപണം മലയാളത്തിലെ ഒരു മുഖ്യധാരാവാരികയില്‍ ഒരു പ്രമുഖപത്രപ്രവര്‍ത്തകന്‍ ഉന്നയിച്ചതാണു്. അയാള്‍ക്കാവട്ടെ, പാര്‍ട്ടിയിലെ ഈ പറയപ്പെടുന്ന ഔദ്യോഗികപക്ഷവുമായി ഒരു ബന്ധവുമില്ലായിരുന്നു എന്നു മാത്രമല്ല, ഈ കാലയളവിലെല്ലാം വി എസ് അച്യുതാനന്ദന്റെ ഒപ്പമുണ്ടായിരുന്നയാളാണുതാനും. [TOP]
64. വിദേശ വായ്പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നു വായ്പ ലഭിക്കില്ലായിരുന്നോ?
ഉ: വായ്പയുടെ പലിശയും മറ്റു ചാര്‍ജ്ജുകളും കണക്കിലെടുക്കുമ്പോള്‍ വിദേശവായ്പയേക്കാള്‍ ഒട്ടുംതന്നെ പിഎഫ്‌സി വായ്പ ലാഭകരമല്ലായിരുന്നു. കൂടാതെ സിബിഐ തന്നെ ഹാജരാക്കിയ അക്കാലത്തെ പിഎഫ്‌സിയുടെ വായ്പാ നിബന്ധനകള്‍ അനുസരിച്ചു് വായ്പാ കാലപരിധിക്കകത്തു് കെഎസ്ഇബി ഒരു നഷ്ടവും കൂടാതെ പ്രവര്‍ത്തിക്കണമെന്നും നഷ്ടമുണ്ടായാല്‍ അതു് സംസ്ഥാനസര്‍ക്കാര്‍ സബ്സിഡി നല്‍കി നികത്തണമെന്നും പറയുന്നു. അക്കാലത്തെ കെഎസ്ഇബിയുടെ വാര്‍ഷികനഷ്ടം, ഈ പദ്ധതിക്കു ചെലവിടുന്ന തുകയേക്കാള്‍ കൂടിയതായിരുന്നു. പദ്ധതിച്ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കെഎസ്ഇബിക്കു് അക്കാലത്തു് നഷ്ടംകൂടാതെ പ്രവര്‍ത്തിക്കണമെന്ന നിബന്ധന പാലിച്ചു് പിഎഫ്‌സി വായ്പ എടുക്കാന്‍ സാധ്യമായിരുന്നില്ല. [TOP]
65. ഇത്രയും തുകമുടക്കിയിട്ടും ഉത്പാദനശേഷിയില്‍ വമ്പിച്ച വര്‍ദ്ധനവു് ഉണ്ടായില്ലല്ലോ?
ഉ: ഉത്പാദനശേഷി കൂട്ടാനുള്ള പദ്ധതിയായിരുന്നില്ല, ഇതു്. നവീകരണത്തിനും ആധുനികവത്കരണത്തിനുമായിരുന്നു, കരാര്‍. എന്നാല്‍ കൂടിയും ഉത്പാദനം വര്‍ദ്ധിക്കുകയാണുണ്ടായതു്. ശേഷി കൂട്ടുമ്പോള്‍ പോലും ലഭ്യമായ വെള്ളത്തിനനുസരിച്ചേ വൈദ്യുതോത്പാദനം നടത്താനാകൂ. പദ്ധതി പൂര്‍ത്തീകരിച്ചതിനു ശേഷമുള്ള വര്‍ഷം മഴയില്‍ കാര്യമായ കുറവുണ്ടായിരുന്നതിനാലാണു് ആദ്യവര്‍ഷം ഉത്പാദനത്തില്‍ കാര്യമായ വര്‍ദ്ധന കാട്ടാതെയിരുന്നതു്. എന്നാല്‍ തുടര്‍വര്‍ഷങ്ങളില്‍ കാര്യമായി തന്നെ ഉത്പാദനം വര്‍ദ്ധിച്ചിട്ടുമുണ്ടു്. [TOP]
66. ദീര്‍ഘകാലം ഇലക്ട്രിസിറ്റി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ നേതൃത്വത്തിലിരുന്നവരായിരുന്നില്ലേ, ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്നതു്? അറ്റകുറ്റപ്പണികള്‍ മതിയെന്നു് അവര്‍ പറഞ്ഞതു് അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കില്ലേ?
ഉ: ബാലാനന്ദൻ കമ്മറ്റിയിൽ ഒരു പവർ പ്ലാന്റ് മാറ്റിപ്പണിയണോ അതോ റിപ്പയർ ചെയ്തു് ഉപയോഗിക്കാനാകുമോ എന്നു് കൃത്യമായി പറയാൻ വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തിപരിചയമോ ഉള്ള എത്ര പേർ ഉണ്ടായിരുന്നു? അവർ ഇതിനു മുൻപു് ഇത്തരത്തിൽ ചെയ്തിട്ടുള്ള പ്രോജക്ടുകൾ ഏതൊക്കെ? അവർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഏതൊക്കെ സാധനസാമഗ്രികൾക്കു് കേടുപാടുണ്ടായി എന്നാണു് കണ്ടുപിടിച്ചതു്? അതു് അവർ നിർണ്ണയിക്കുന്നതിനു് ഉപയോഗിച്ച ഉപകരണങ്ങൾ ഏതൊക്കെ? അത്തരത്തിലുള്ള സാങ്കേതിക വിവരങ്ങളടങ്ങിയ റിപ്പോർട്ട് ലഭ്യമാണോ? [TOP]
67. ബാലാനന്ദനെ പോലെ പരിണതപ്രജ്ഞനായ ഒരു ട്രേഡ് യൂണിയനിസ്റ്റിന്റെ അനുഭവജ്ഞാനത്തെ ഇങ്ങനെ ചെറുതാക്കിക്കാണാമോ?
ഉ: ചെറുതാക്കി കാണേണ്ട. പകരം നമുക്കു് ഇ ബാലാനന്ദന്‍ എഴുതി ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ‘നടന്നുതീര്‍ത്ത വഴികള്‍’ എന്ന ആത്മകഥ വായിക്കാം. അതില്‍ ഇങ്ങനെ പറയുന്നു:
“(ആലുവാ ടൗണിലെ ഇന്ത്യന്‍ അലൂമിനിയം) കമ്പനിയുടെ ഇലക്ട്രിക്കല്‍ വിഭാഗം പണിക്ക് കോണ്‍ട്രാക്ട് എടുത്തിരുന്ന ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയുടെ മദിരാശി ശാഖയിലെ പ്രതിനിധികള്‍ അവിടെ വന്നു. അവര്‍ പണിക്കാരെ തിരഞ്ഞെടുത്ത കൂട്ടത്തില്‍ എനിക്കും സെലക്ഷന്‍ കിട്ടി. ഇവരുടെ കീഴിലുളള പണി താരതമ്യേനെ മെച്ചപ്പെട്ടതായിരുന്നു. കുറച്ചു കണക്കെഴുത്തും കൂട്ടത്തില്‍ ചെയ്യേണ്ടി വന്നു. വയറിംഗിനു വേണ്ടിയുളള കമ്പികളും പൈപ്പുകളും മറ്റും ചുമന്നു കൊണ്ടുപോകുന്ന പണിയാണ് ആദ്യം ലഭിച്ചത്. ക്രമേണ അവരുടെ വയറിംഗ് പണിയിലും സഹായിയായി എന്നെ ഉപയോഗപ്പെടുത്തി.അപ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് അലൂമിനിയം കമ്പനിയില്‍ പണിയെടുത്തിരുന്ന രണ്ട് ഇലക്ട്രിക്കല്‍ സബ് എഞ്ചിനീയര്‍മാരുടെ കൂടെയായിരുന്നു. നെയ്യാറ്റിന്‍കരക്കാരനായ ജോര്‍ജും തിരുവനന്തപുരത്തുകാരനായ ഉണ്ണിത്താനും. അവര്‍ രണ്ടുപേരും എന്റെ സ്നേഹിതന്മാരും ഗുരുക്കളും ആയി മാറി. വയറിംഗ് സംബന്ധിച്ച പ്രാഥമിക പുസ്തകങ്ങളും വിദ്യുച്ഛക്തി ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും മറ്റും പ്രമാണങ്ങളും ആവശ്യമായ ഉപകരണങ്ങളും സംഘടിപ്പിച്ച് എന്നെ പഠിപ്പിക്കുകയുണ്ടായി. അവര്‍ പകര്‍ന്നു തന്ന അറിവ് നിത്യവും പ്രയോഗിച്ചു നോക്കാന്‍ മദിരാശി ജിഇസി (ജെനറല്‍ ഇലക്ട്രിക് കമ്പനി) പ്രതിനിധികള്‍ എനിക്ക് ആവശ്യമായ സൗകര്യങ്ങളും തന്നു”.
ഡാമും പവര്‍ സ്റ്റേഷനും ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‍വര്‍ക്കും നിര്‍മ്മിക്കാന്‍ ഇത്തരം ‘അനുഭവജ്ഞാനം’ മതിയോ അതോ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യം വേണോ എന്ന സംശയം ചോദ്യകര്‍ത്താവിനു വിടുന്നു. [TOP]
68. ബാലാനന്ദന്‍ കമ്മിറ്റി പഠിച്ചാണു് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു് വി എസ് അച്യുതാനന്ദന്‍ പറയുന്നുണ്ടല്ലോ?
ഉ: വി എസ് അച്യുതാനന്ദന്‍ പറയുന്നതു് ശരിയാവും. ബാലാനന്ദന്‍ കമ്മിറ്റിയോടു് പഠിക്കാന്‍ ടേംസ് ഓഫ് റഫറന്‍സില്‍ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍ പഠിച്ചിട്ടുതന്നെയാവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതു്. പിഎസ്‌പി പദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ട കാര്യം ടേംസ് ഓഫ് റഫറന്‍സില്‍ വരുന്നതല്ല. ആവശ്യപ്പെടാത്ത കാര്യം എന്തിനു ‘പഠിച്ചു’, പ്രചരിപ്പിച്ചു എന്നു് സിപിഐ(എം)ന്റെ മലപ്പുറം സമ്മേളനത്തിനു മുമ്പുവരെ വിഎസ് തന്നെ ബാലാനന്ദനോടു് ചോദിച്ചിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. പിന്നീടു് ഇക്കാര്യത്തിലെങ്കിലും അച്യുതാനന്ദനും ബാലാനന്ദനും ഏകാഭിപ്രായക്കാരയതിനു് സിപിഐ(എം)ലെ വിഭാഗീയതയ്ക്കു് നന്ദിപറയണം.
ഓര്‍ക്കേണ്ടകാര്യം, വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ പ്രതിനിധി ഹസ്സൻ കോയ ഉള്‍പ്പെടെ ഈ കമ്മിറ്റിയിലുണ്ടായിരുന്നു, എന്നതാണു്. വൈദ്യുതിയുമായി ഹസ്സൻ കോയയ്ക്കു് എന്തു ബന്ധമെന്നു ചോദിക്കരുതു്. ബാലാനന്ദനുണ്ടായിരുന്ന അതേ ബന്ധം ഹസ്സൻ കോയയ്ക്കും വൈദ്യുതിയുമായി ഉണ്ടായിരുന്നു. ഇരുവരും വൈദ്യുതി ഉപയോഗിക്കുമായിരുന്നു.
ബാലാനന്ദൻ എല്ലാം പഠിച്ചേ ചെയ്യൂ എന്ന് ആണയിടുന്നവർ സൈലന്റ് വാലി വിഷയത്തിലും അതേ അഭിപ്രായം പറയുമോ എന്നറിയുന്നതിലും കൌതുകമുണ്ടു്. ബാലാനന്ദന്റെ പഠിച്ച അഭിപ്രായം ശരിവച്ചിരുന്നെങ്കില്‍ ഇന്നു് ആ മഴക്കാടുകള്‍ അവിടെ ഉണ്ടാകില്ലായിരുന്നു. [TOP]
69. ബാലാനന്ദന്‍ കമ്മിറ്റിയില്‍ നാല് സാങ്കേതികവിദഗ്ദ്ധരുണ്ടല്ലോ. അതിനെപ്പറ്റി എന്തുപറയാനുണ്ടു്?
കാര്യങ്ങള്‍ അങ്ങനെ കാണുന്നതാണു് ശരി. പൊതുകാര്യങ്ങളെപ്പറ്റി പഠിക്കുവാന്‍ ട്രേഡ് യൂണിയന്‍കാരും വ്യാപാരി നേതാവ് ഹസ്സൻ കോയ അടക്കമുള്ള മറ്റു സര്‍വ്വാണികളും അടങ്ങുന്ന ഒരു ജംബോ കമ്മിറ്റിയെ സഹായിക്കുവാന്‍ നാലുസാങ്കേതിക വിദഗ്ദ്ധരുടെ (എഞ്ചിനീയര്‍മാര്‍) സേവനം കെഎസ്ഇബി നല്‍കിയിരുന്നു. അപ്പോള്‍ ബാലാനന്ദന്‍ കമ്മിറ്റിയെ ഒരു ടെക്നിക്കല്‍ കമ്മിറ്റി എന്നു പൂര്‍ണ്ണമായും പറയാനാവില്ല എന്നുചുരുക്കം. ഈ വിദഗ്ദ്ധരാവട്ടെ, പിഎസ്‌പി പദ്ധതികളുടെ പ്രവര്‍ത്തനക്ഷമതയെ സംബന്ധിച്ചോ അന്നത്തെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി മറികടക്കുവാന്‍ ഈ പദ്ധതികളുടെ പ്രാധാന്യത്തെ സംബന്ധിച്ചോ പദ്ധതി നവീകരണത്തിനുവേണ്ടി അതിനോടകം ഏര്‍പ്പെട്ടുകഴിഞ്ഞ കരാറുകളെ സംബന്ധിച്ചോ ഒരു വിദഗ്ദ്ധ പഠനം നടത്തിയതായി ഒരു രേഖയും നിലവിലില്ല. മറിച്ചു് ഷോര്‍ട്ട് ടേം ക്രൈസിസ് മാനേജ്മെന്റിനുവേണ്ടി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കൂടിയ ഒരു സബ്കമ്മിറ്റി യോഗത്തില്‍ ചില വിദഗ്ദ്ധര്‍ പങ്കെടുത്തതായും അതിനു് ഒരു മിനിറ്റ്സുള്ളതായും അതില്‍ ഈ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ മാത്രമേ ആവശ്യമുള്ളൂ എന്നു നിരീക്ഷിച്ചതായും 2009ല്‍ സിബിഐ പറയുമ്പോഴാണു് നാമറിയുന്നതു്. ഈ മിനിറ്റ്സ് തന്നെ സബ് കമ്മിറ്റിയിലെ ഒരംഗം സിബിഐക്കു് ഹാജരാക്കിക്കൊടുത്തതായാണു് അവകാശപ്പെടുന്നതു്. ചുരുക്കത്തില്‍ സര്‍ക്കാരിനു മുമ്പാകെ ബാലാനന്ദന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അതില്‍ ഒഴുക്കന്‍ മട്ടില്‍ നടത്തിയ ഒരു പരാമര്‍ശം മാത്രമായിരുന്നു, 1997ല്‍ ഉണ്ടായിരുന്നതു്. ഈയൊരു പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ലാവലിന്‍ കരാര്‍ റദ്ദ് ചെയ്യണമെന്നു് ബാലാനന്ദനോ കമ്മിറ്റിയിലെ മറ്റേതെങ്കിലും അംഗമോ so called വിദഗ്ദ്ധരോ ഈ റിപ്പോര്‍ട്ടില്‍ ശക്തമായ ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ല. [TOP]
70. പാര്‍ട്ടിയുടെ ഒരു പിബി അംഗം അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ വ്യക്തമായി മുന്നിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ മന്ത്രിക്കെങ്ങനെ കഴിഞ്ഞു?
ഉ: സിപിഐ(എം) ഭരണാധികാരം കൈകാര്യം ചെയ്യുന്നതു് നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ നയരൂപീകരണസമിതി സംസ്ഥാനവിഷയങ്ങളില്‍ സംസ്ഥാനകമ്മിറ്റിയും മറ്റുവിഷയങ്ങളില്‍ കേന്ദ്രകമ്മിറ്റിയുമാണു്. സംസ്ഥാനഭരണത്തിലെടുക്കേണ്ട തീരുമാനത്തെ സംബന്ധിച്ചു് പോളിറ്റ്ബ്യൂറോ അംഗം ചെയര്‍മാനായ ഒരു സമിതി ഒരു റിപ്പോര്‍ട്ട് നല്‍കിയാലും അതു് സംസ്ഥാനസമിതി അംഗീകരിക്കേണ്ടതുണ്ടു്. ബാലാനന്ദന്‍ കമ്മിറ്റി വിഷയത്തിലും ഈ നയപരമായ തീരുമാനം പാര്‍ട്ടിയില്‍ എടുത്തശേഷം മാത്രമേ സര്‍ക്കാരിലേക്കു് കൊടുക്കുകയുള്ളൂ. ഇതാണു് സിപിഐ(എം)ലെ രീതി.
അനുബന്ധ കരാര്‍ ഒപ്പിട്ടതു് 10-02-1997ലാണു്. ബാലാനന്ദന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു് 02-02-1997ലാണു്. അപ്പോള്‍ പ്രസക്തമായ ചോദ്യം, കരാറിനു് ഒരാഴ്ച മുമ്പു് റിപ്പോര്‍ട്ട് തന്നിരുന്നില്ലേ, എന്നാണു്. അതിനു് ഉത്തരം പറയേണ്ടതു് സിപിഐ(എം) സംസ്ഥാനകമ്മിറ്റി കൂട്ടായാണു്. 02-02-1997ന്റെ റിപ്പോര്‍ട്ടില്‍ 10-02-1997നകം പാര്‍ട്ടി തീരുമാനമെടുത്തു് പിണറായി വിജയനോടു് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നു് ഇ ബാലാനന്ദന്‍ പാര്‍ട്ടിയിലെ ഒരു ഘടകത്തിലും ആവശ്യപ്പെട്ടതായി ഇന്നേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്തരമൊരു കാര്യത്തില്‍ ഒരു പരാതിയും ബാലാനന്ദനു് പില്‍ക്കാലത്തും ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെയാണു് പിബി അംഗത്തിന്റെ ശുപാര്‍ശ സംസ്ഥാനകമ്മിറ്റിയംഗമായ മന്ത്രി പാര്‍ട്ടി കീഴ്‌വഴക്കങ്ങളെ ലംഘിച്ചു് അട്ടിമറിച്ചു എന്നുപറയുക?
ഇക്കാര്യം സിപിഐ(എം)ലെ എല്ലാ കേഡര്‍മാര്‍ക്കും നല്ലവണ്ണം അറിയുമെന്നുവേണം നമുക്കനുമാനിക്കാന്‍. കാരണം, ബാലാനന്ദന്‍ റിപ്പോര്‍ട്ട് ലാവലിന്‍ കേസില്‍ ഒരു വിവാദമാക്കാന്‍ ഉദ്ദേശിച്ചവരെല്ലാം സിപിഐ(എം)നകത്തു് ഒരു സംഘടനാപ്രശ്നത്തിനുകൂടി വിത്തുപാകാന്‍ കോപ്പുകൂട്ടിയിരുന്നു. പക്ഷെ സിപിഐ(എം)ലെ ഒരു സഖാവും ആ ധൂമകേതുവില്‍ കുടുങ്ങിമരിച്ചില്ല. അതിനര്‍ത്ഥം ബാലാനന്ദന്‍ റിപ്പോര്‍ട്ട് വിവാദം സിപിഐ(എം) സംഘടനയ്ക്കകത്തു് ഒരു നനഞ്ഞ പടക്കം മാത്രമായി എന്നതാണു്. ഇപ്പോള്‍ ബാലാനന്ദന്‍ റിപ്പോര്‍ട്ടിന്റെ ആരാധകരായി അവശേഷിക്കുന്നതു് ഒരു സിബിഐ ഡിവൈഎസ്‌പിയും അദ്ദേഹത്തിന്റെ പ്രോസിക്യൂട്ടറും മാത്രമാണെന്നതാണു് കൌതുകം. അപ്പോള്‍ പിബി അംഗത്തിന്റെ അട്ടിമറിക്കപ്പെട്ട റിപ്പോര്‍ട്ട് എന്ന രാഷ്ട്രീയവിവക്ഷയ്ക്കപ്പുറം കോടതിയിലാണു് ബാലാനന്ദന്‍ റിപ്പോര്‍ട്ടിന്റെ സാംഗത്യം എന്നു ചുരുക്കം.
ഇനിയും സംശയം തീരാത്തവര്‍ 10-02-1997ലെ അനുബന്ധകരാര്‍ ഒപ്പിടല്‍ മാറ്റിവയ്ക്കേണ്ടിയിരുന്നില്ലേ എന്നു ചോദിക്കുന്നുണ്ടു്. ബാലാനന്ദന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു് മുമ്പുതന്നെ 25-01-1997ല്‍ കെഎസ്ഇബിയുടെ ഫുള്‍ബോര്‍ഡ് ഈ കരാര്‍ അംഗീകരിക്കുകയും ഒപ്പിടാന്‍ തീരുമാനിക്കുകയും അതിനു് അന്നത്തെ ചെയര്‍മാന്‍ ശ്രീ രാജഗോപാലിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണു് ഇതിനുള്ള മറുപടി. ഐക്യകണ്ഠേനയെടുത്ത ഈ ബോര്‍ഡ് തീരുമാനത്തില്‍ വിവാദക്കാരുടെ കണ്ണിലുണ്ണിയായ വരദാചാരി കൂടി പങ്കെടുക്കുകയും തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നു എന്നതാണു് വസ്തുത. ഫുള്‍ബോര്‍ഡ് തീരുമാനിച്ച ഒരു കരാറിന്റെ ഒപ്പിടല്‍ കര്‍മ്മം മാത്രം ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നു് മാറ്റിവയ്ക്കേണ്ടിയതായിരുന്നു എന്നു് ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും പറയാനാവില്ല. ദീര്‍ഘമായ അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയയുടെ ഭാഗമായി ബോര്‍ഡ് ചേര്‍ന്നെടുത്ത തീരുമാനപ്രകാരം കരാര്‍ ഒപ്പിടുന്നതിനു് നിശ്ചയിച്ച തീയതിക്കു് കേവലം ഒരാഴ്ച മുമ്പു് അഡ്മിനിസ്ട്രേറ്റീവ് അധികാരങ്ങളില്ലാത്ത ഒരു സമിതി നല്‍കുന്ന ശുപാര്‍ശ പരിഗണിച്ചു് തീരുമാനം നിന്നനില്‍പ്പില്‍ റിവേഴ്സ് ചെയ്യാന്‍ കഴിയില്ല.
ഏതു കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനോ കൊള്ളാനോ ഉള്ള അവകാശം ഗവണ്‍മെന്റിനുണ്ടെന്നു് ഇ ബാലാനന്ദനും വ്യക്തമാക്കിയിട്ടുണ്ടു്. സിപിഐ(എം) കേന്ദ്രകമ്മിറ്റി ഈ വിവാദത്തില്‍ പിണറായി വിജയനു് അനുകൂലമായ നിലപാടെടുക്കുന്നതുതന്നെ, ഈ പശ്ചാത്തലത്തിലാണു്. കൂടാതെ, ധാരണാപത്രം സൃഷ്ടിക്കുന്ന നിയമപരമായ ഊരാക്കുടുക്കും അപ്പോഴത്തെ വൈദ്യുതക്ഷാമവുമായി ബന്ധപ്പെട്ട അടിയന്തിരസാഹചര്യവും നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. [TOP]
71. അങ്ങനെയെങ്കില്‍ പിന്നെ ഏതു സാഹചര്യത്തിലാണു് പിഎസ്‌പി പദ്ധതി സംബന്ധിച്ച ശുപാര്‍ശ ബാലാനന്ദന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കടന്നുവരുന്നതു്?
ഉ: അന്നു് പാര്‍ട്ടിയും ട്രേഡ് യൂണിയനും ഇടയില്‍ ശക്തമായ ആശയസമരം നിലനിന്നിരുന്നു. അതു് വ്യക്തിപരമായ സ്പര്‍ദ്ധയിലേക്കു് കൂടി വ്യാപിച്ചിരുന്ന ഘട്ടമാണതു്. അതിന്റെകൂടി പശ്ചാത്തലത്തില്‍ ഈ പരാമര്‍ശത്തെ വിലയിരുത്തുന്നവര്‍ ഉണ്ടു്. 1995ല്‍ കൊല്ലത്തുവച്ചു നടന്ന സിപിഐ(എം) സംസ്ഥാനസമ്മേളനം മുതല്‍ ഈ വിടവു് പ്രത്യക്ഷമാണു്. 1996ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയിലെ വിഭാഗീയത അതിന്റെ ഉച്ചസ്ഥായിയിലേക്കു് എത്തുകയായിരുന്നു. ബാലാനന്ദന്റെ നേതൃത്വത്തിലുള്ള സിഐടിയു വിഭാഗമാണു് അട്ടിമറിക്കുപിന്നില്‍ എന്ന ആരോപണം അക്കാലത്തു് മര്‍മറിങ് ക്യാമ്പെയ്ന്‍ ആയി പടര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി തീരുമാനമെടുത്ത കാര്യമാണെങ്കില്‍ പോലും അതില്‍ ട്രേഡ് യൂണിയനുള്ള വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിപ്പോകാം എന്നു് ട്രേഡ് യൂണിയന്‍ നേതാക്കളടങ്ങുന്ന കമ്മിറ്റി നിശ്ചയിച്ചിട്ടുണ്ടാവാം. 1997 ഫെബ്രുവരിയിലാണു് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു്. പിറ്റേവര്‍ഷം പാര്‍ട്ടി സമ്മേളനം നടക്കാനിരിക്കെ അതിലേക്കുള്ള കരുതല്‍ നിക്ഷേപമായിരുന്നു ടേംസ് ഓഫ് റഫറന്‍സില്‍ ചോദിച്ചിട്ടില്ലാത്ത പരാമര്‍ശം എന്നു പറഞ്ഞാല്‍ അധികപ്പറ്റാവില്ല. [TOP]
72. പാലക്കാട് സമ്മേളനത്തിലെ ‘വെട്ടിനിരത്തല്‍’ അപ്പോഴേക്കും കഴിഞ്ഞിരുന്നോ?
ഇല്ല. 1998 ജനുവരിയില്‍ നടന്ന പാലക്കാടു് സമ്മേളനത്തിലാണു് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗങ്ങളും ട്രേഡ് യൂണിയന്‍ നേതാക്കളുമായ കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവര്‍ സംസ്ഥാനസമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലൂടെ കമ്മിറ്റിയില്‍ നിന്നു പുറത്തുപോകേണ്ടിവരുന്നതു്. ഇഎംഎസിനെതിരെ പോലും അവിടെ വോട്ടു് വീണു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഐ വി ദാസ്, കെ മൂസാക്കുട്ടി, കെ കെ ചെല്ലപ്പന്‍ തുടങ്ങിയവരും തോല്‍പ്പിക്കപ്പെട്ടു. സി കണ്ണന്‍, ഒ ഭരതന്‍, കെ മാധവന്‍ തുടങ്ങിയവരൊക്കെ അപ്പോഴേക്കും സൈഡ് ലൈന്‍ ചെയ്യപ്പെട്ടിരുന്നു. ഭരതന്‍ പിന്നീടു് പാര്‍ട്ടിക്കു പുറത്തായി. അന്നു് കേരളത്തിലെ പാര്‍ട്ടിയില്‍ അഴിഞ്ഞാടിയ ‘വൈര്യനിര്യാതനബുദ്ധി’ ആരുടേതാണെന്നു് ‘അരിയാഹാരം കഴിച്ചിട്ടുള്ളവര്‍ക്കു്’ അറിയാം. എന്നാല്‍ പിന്നീടു് വൈര്യനിര്യാതനബുദ്ധിക്കാരന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതും ഔദ്യോഗികപാര്‍ട്ടി നേതൃത്വവും സിഐടിയുവും വിഭാഗീയത അവസാനിപ്പിക്കാന്‍ പരിശ്രമിക്കുന്നതുമാണു് കാണുന്നതു്.
ജനകീയാസൂത്രണം പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ വിപുലപ്പെടുത്തുന്ന നിലയിലേക്കു് വളര്‍ന്നതു് ആ നായനാര്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു. എന്നാല്‍ ഈ ജനകീയാസൂത്രണം പോലും പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കുള്ള ആയുധമായി മാറുന്നതിനാണു് പില്‍ക്കാലകേരളം സാക്ഷ്യംവഹിച്ചതു്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ വി ബി ചെറിയാന്‍ പാര്‍ട്ടിക്കു പുറത്തുപോയിരുന്നു. നാലാംലോകവാദത്തിന്റെ പേരില്‍ എം പി പരമേശ്വരനേയും കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്കു് ആവശ്യമായ ശേഷീവികസനത്തിനായി കാപ്ഡെക് എന്ന സർക്കാരിതര സംഘടനയ്ക്കു സ്വിസ് സഹായം തേടിയതുമായി ബന്ധപ്പെട്ട് പ്രൊഫ. ജോയ് ഇളമണ്‍, ഡോ. ബി ഇക്ബാല്‍ എന്നിവരേയും പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കുന്നു. ഡോ. തോമസ് ഐസക്കിനൊപ്പം പുസ്തകമെഴുതിയ റിച്ചാര്‍ഡ് ഫ്രാങ്കി എന്ന ചിന്തകന്‍ അമേരിക്കന്‍ ചാരനാണെന്ന ആരോപണമുയരുന്നു. അന്നു് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായിരുന്ന എം എ ബേബി ലൈംഗിക പെരിസ്ട്രോയിക്കയുടെ ആളാണെന്നതു തുടങ്ങിയ അപവാദപ്രചാരണങ്ങളുണ്ടാവുന്നു.
2004-05 വര്‍ഷത്തില്‍ മലപ്പുറത്തു നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ വിമതപാനല്‍ തുടച്ചുനീക്കപ്പെട്ടതോടെയാണു് പിണറായി വിജയനെ മാപ്പുസാക്ഷിയായി പ്രതിഷ്ഠിച്ചുകൊണ്ടു് ലാവലിന്‍ അഴിമതിയാരോപണം ഉയരുന്നതു്. 2005 മാര്‍ച്ച് 1 -14 തീയതി വച്ചിറങ്ങിയ ക്രൈം വാരികയിലാണു്, ഇങ്ങനെ വ്യംഗ്യമായ ആരോപണം ആദ്യം പ്രത്യക്ഷപ്പെടുന്നതു്. ഇതു് ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. ഐസക്കിനെതിരെ ഉയര്‍ന്ന ആരോപണത്തെ പിണറായി വിജയന്‍ പ്രതിരോധിക്കാന്‍ എത്തിയിടത്തുനിന്നാണു് ഇതിന്റെ തുടക്കം. ഇതടക്കം സിപിഐ(എം)ലെ വിഭാഗീയതയില്‍ ക്രൈം എങ്ങനെയാണു് ഉപയോഗിക്കപ്പെട്ടതു് എന്നു് മനസ്സിലാക്കാന്‍ ലേഖനം വേറെ എഴുതേണ്ടിവരും. പാഠം മാസികയുമായി കൊല്ലത്തുനിന്നു് പ്രൊഫ. സുധീഷ് പാര്‍ട്ടിക്കെതിരെ കടന്നാക്രമണം പ്രഖ്യാപിച്ചിരുന്നു. പില്‍ക്കാലത്തു് ഒരു മാതൃഭൂമി അഭിമുഖത്തില്‍ സിഎംപി നേതാവു് സി പി ജോണ്‍ തുറന്നുപറഞ്ഞതുപോലെ യുഡിഎഫ് കയ്യില്‍കിട്ടിയ ആയുധം എടുത്തുപയോഗിച്ചെങ്കിലും ഈ ആരോപണത്തിന്റെ ഉറവിടം പാര്‍ട്ടിക്കുള്ളില്‍ നിന്നു് തന്നെയായിരുന്നു എന്നതു് നിസ്സംശയം. [TOP]
73. ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശ, മന്ത്രിസഭ തള്ളിക്കളയുകയാണോ ചെയ്തതു്?
ഉ: റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ഉണ്ടായിട്ടില്ല. അതിനുശേഷമാണല്ലോ കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിന്റെ കരാര്‍ ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു് BHELനെ ഏല്‍പ്പിക്കുന്നതു്. ഭെല്ലിനോട് പിണറായിക്കെന്തോ വിപ്രതിപത്തി ഉണ്ടായിരുന്നു എന്ന പ്രചരണത്തിന്റെ മുനയൊടിയുന്ന ഉദാഹരണമാണ് കെഎഎപി. ആ പദ്ധതിയെയാണു് സിഎജി പ്രശംസിച്ചതു്. അതേ വരെ യുഡിഎഫ് സര്‍ക്കാരുകള്‍ തുടര്‍ന്നുപോന്ന എംഒയു റൂട്ട് നിര്‍ത്തലാക്കി, വൈദ്യുതികരാറുകള്‍ക്കു് ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കുന്ന രീതി തുടങ്ങിയതുതന്നെ, എല്‍ഡിഎഫ് ഗവണ്‍മെന്റാണു്. അങ്ങനെ ആക്ഷേപങ്ങള്‍ക്കുള്ള ഇടവും ഇടപാടുകളില്‍ കമ്മിഷന്‍ ലഭിക്കാനുള്ള സാധ്യതയും പൂര്‍ണ്ണമായും അടയ്ക്കുകയാണു് ചെയ്തതു്. [TOP]
74. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നകാര്യം മന്ത്രിസഭയില്‍ നിന്നു മറച്ചുവച്ചല്ലേ, പിണറായി വിജയന്‍ അനുബന്ധ കരാര്‍ ഒപ്പിടാന്‍ അനുമതി വാങ്ങിയതു്? ഈ രേഖ മന്ത്രിസഭ ചര്‍ച്ചചെയ്തതായി മന്ത്രിസഭാ മിനിറ്റ്സില്‍ എവിടെയെങ്കിലുമുണ്ടോ?
ഉ: ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് 1998 ഒക്ടോബറില്‍ പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതുവരെയും അതിനുശേഷം 2001 മെയ് വരെയുള്ള എല്‍ഡിഎഫ് ഭരണകാലയളവിലും മന്ത്രിസഭയുടെ പരിഗണനയ്ക്കു് വയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടില്ല. പിഎസ്പി പദ്ധതികള്‍ക്കു് അംഗീകാരം നല്‍കുന്ന അവസരത്തില്‍ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒരുകാരണവശാലും പ്രസക്തമായിരുന്നില്ല. 02-02-1997നാണു് ബാലാനന്ദന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നതു്. ഇതിനു് മുമ്പു് 25-01-1997നാണു് ഫുള്‍ ബോര്‍ഡ് 10-02-1997നു് അഡന്‍ഡം ഒപ്പിടാനുള്ള അംഗീകാരം നല്‍കിയതു്. ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നതു് കരാറുകളെല്ലാം ഒപ്പിട്ടു് ഒരുവര്‍ഷത്തിനുശേഷം 1998ലായിരുന്നു. ഒപ്പിട്ടു പൂര്‍ത്തീകരിച്ച കരാറുകളെ സംബന്ധിച്ചു് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കു് മന്ത്രിസഭാകുറിപ്പില്‍ എന്തുപ്രാധാന്യമാണു് ഉള്ളതു്?
മന്ത്രിസഭാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണു് പിണറായി വിജയന്‍ തീരുമാനമെടുപ്പിച്ചതു് എന്ന വാദഗതിയും അടിസ്ഥാനരഹിതമാണു്. ആ മന്ത്രിസഭയിലെ ഒരംഗവും അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. അന്നു ധനകാര്യമന്ത്രിയായിരുന്ന ശിവദാസമേനോന്‍ ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ടു്. [TOP]
75. ബാലാനന്ദന്‍ കമ്മിറ്റിയിലെ എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പാക്കപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്താണു് കാരണം?
ഉ: ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ചിലതെല്ലാം കാലക്രമത്തില്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ടെങ്കിലും ചിലതെല്ലാം സര്‍ക്കാരും കെഎസ്ഇബിയും തള്ളിക്കളയുകയാണു് ചെയ്തിട്ടുള്ളതു്. ഉദാഹരണത്തിനു് കെഎസ്ഇബിയുടെ സാമ്പത്തിക ഞെരുക്കം കാരണമായി പറഞ്ഞു് 49 ശതമാനം സ്വകാര്യപങ്കാളിത്തത്തോടുകൂടി ആയിരംകോടി രൂപ മൂലധനമുള്ള ഒരു വൈദ്യുതോത്പാദന കമ്പനി ആരംഭിക്കണമെന്നു് നിര്‍ദ്ദേശിക്കുന്നുണ്ടു്. നിര്‍ദ്ദിഷ്ട കമ്പനിയുടെ എംഒഎ, എഒഎ എന്നിവയും റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ടു്. ഈ നിര്‍ദ്ദേശം തുടര്‍ന്നുവന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല. ഇടതുപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ വൈദ്യുതിമേഖലയിലെ സ്വകാര്യവത്കരണം ഇന്നും ശക്തിയുക്തം എതിര്‍ക്കപ്പെടുന്ന വിഷയമാണു്. പൊളിറ്റ്ബ്യൂറോ മെമ്പറും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ബാലാനന്ദനു് സ്വകാര്യനിക്ഷേപം സംബന്ധിച്ചു് പാര്‍ട്ടി നയം അറിയില്ലെന്നു് വ്യാഖ്യാനിക്കുന്നതു് ശരിയാണോ? അഥവാ ഈ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ ആഗോളവത്കരണത്തെ തുടര്‍ന്നു് ഇന്ത്യാരാജ്യത്തു നടന്ന സ്വകാര്യവത്കരണ നടപടികള്‍ക്കു മുഴുവന്‍ ബാലാനന്ദന്റെ കയ്യൊപ്പ് കോണ്‍ഗ്രസും ബിജെപിയും ചാര്‍ത്തുമായിരുന്നില്ലേ? ഇത്തരമൊരു അപകടകരമായ നിര്‍ദ്ദേശം ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതു് ബാലാനന്ദന്റെ പൂര്‍ണ്ണമായ അറിവോടുകൂടിയായിരുന്നോ? പരിണതപ്രജ്ഞനായ ഒരു ഇടതുപക്ഷനേതാവിന്റെ, മാര്‍ക്സിസ്റ്റിന്റെ ആശയവ്യക്തത ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ ഇത്തരമൊരു നിര്‍ദ്ദേശം ആ റിപ്പോര്‍ട്ടില്‍ കടന്നുകൂടിയതിനു് ഉത്തരവാദികളാരെന്നെങ്കിലും നാം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. [TOP]
76. ഏതുകരാറില്‍ നിന്നും പിന്മാറാനുള്ള അവകാശം രണ്ടുകക്ഷികള്‍ക്കും ഉണ്ടാവില്ലേ? ഇവിടെ മാത്രം എന്താണു് അതു കഴിയില്ല എന്നു് സിപിഐ(എം) വാദിക്കുന്നതു്?
ഉ: കരാറില്‍ നിന്നു് ഏതെങ്കിലും കക്ഷി പിന്മാറുന്നതുസംബന്ധിച്ചു കരാറില്‍ പ്രത്യേകമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യവസ്ഥപ്രകാരം മാത്രമേ പിന്‍മാറ്റം നടക്കൂ. കാര്‍ത്തികേയന്‍ ഒപ്പിട്ട പിഎസ്‌പി കരാറില്‍ ആര്‍ബിട്രേഷന്‍ പരിധി നിശ്ചയിച്ചതു് ഇന്ത്യന്‍ കോടതികളുടെ അധികാരപരിധിക്കു പുറത്തായിരുന്നു. നേരത്തെ നേര്യമംഗലം പ്രോജക്റ്റിലും ഇതേ വ്യവസ്ഥ എബിബി കമ്പനിയുമായുള്ള കരാറില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ കരാര്‍ കേരള സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ എബിബി പുറംനാട്ടിലെ കോടതിയില്‍ പോയി അവര്‍ക്കു് അനുകൂലമായ വിധി സമ്പാദിച്ചു. തത്ഫലമായി നേരത്തെ വ്യവസ്ഥപ്പെടുത്തിയ വിലയ്ക്കു് തന്നെ ആ പ്രോജക്റ്റ് എബിബിയെക്കൊണ്ടു് ചെയ്യിക്കേണ്ടതായും അധികമായി വന്‍തുക പിഴ നല്‍കേണ്ടതായും വന്നു. പിഎസ്‌പി പ്രോജക്റ്റിന്റെ കാര്യത്തിലും സര്‍ക്കാര്‍ കരാറില്‍ നിന്നു പിന്‍വാങ്ങിയിരുന്നെങ്കില്‍ ലാവലിന്‍ വിദേശ കോടതിയില്‍ പോകുകയും അനുകൂലവിധി സമ്പാദിക്കയും ചെയ്യുമായിരുന്നു. പദ്ധതി ലാവലിന്‍ തന്നെ നടത്തണം എന്നു് തീര്‍പ്പ് വരുന്ന പക്ഷം ആ പണത്തിനു പുറമേ നഷ്ടപരിഹാര ഇനത്തില്‍ 24 കോടി രൂപ കൂടി അധികം നല്‍കേണ്ടതായും വരുമായിരുന്നു. അങ്ങനെ വന്‍നഷ്ടത്തില്‍ കലാശിക്കുമായിരുന്ന ഒരു പദ്ധതിയിലാണു്, പലിശനിരക്കു് കുറയ്ക്കുന്നതും കണ്‍സല്‍ട്ടന്‍സി ഫീസ് കുറയ്ക്കുന്നതും, പ്രൊക്യുര്‍മെന്റ് ഫീസ് കുറയ്ക്കുന്നതും അടക്കമുള്ള ലഘൂകരണങ്ങള്‍ കൊണ്ടുവരാനും ആശുപത്രിക്കു് സഹായം എത്തിക്കാനും എല്‍ഡിഎഫിനു സാധിച്ചതു്. [TOP]
77. ലാവലിനുമായി പിഎസ്‌പി പ്രോജക്റ്റിന്റെ സപ്ലൈ കരാര്‍ ഒപ്പിടുംമുമ്പു് ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിരുന്നല്ലോ. അതനുസരിച്ചു് കരാര്‍ പുനഃപരിശോധിക്കേണ്ടിയിരുന്നില്ലേ? ബാലാനന്ദന്റെ എതിര്‍പ്പിനെ മറികടന്നു് പിഎസ്‌പി പദ്ധതിയുമായി സര്‍ക്കാര്‍ മുമ്പോട്ടുപോവുകയല്ലായിരുന്നോ? വേണമെങ്കില്‍ വിദേശത്തു് തര്‍ക്കപരിഹാരത്തിനു് (ആര്‍ബിട്രേഷന്‍) ശ്രമിക്കാമായിരുന്നല്ലോ.
ഉ: ഇതു് നേരത്തെ ഉത്തരം പറഞ്ഞതുതന്നെയാണു്. ചോദ്യം വേറൊരുവിധത്തില്‍ ഫ്രെയിം ചെയ്തതുകൊണ്ടു് ഉത്തരം മാറുന്നില്ല. ഒരു സര്‍ക്കുലാര്‍ ലോജിക്കിലാണു് ചോദ്യകര്‍ത്താവു് എത്തിപ്പെട്ടിരിക്കുന്നതു് എന്നുപറയാം. എങ്കിലും സംശയാലുക്കളായ തോമാസുമാര്‍ക്കുവേണ്ടി ഒരിക്കല്‍ കൂടി വിശദീകരിക്കാം.
ഒന്നാമതു് പിഎസ്‌പി പദ്ധതി പുനഃപരിശോധിക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനല്ല, ബാലാനന്ദന്‍ കമ്മിറ്റിയോടു് ആവശ്യപ്പെട്ടതു്. ടേംസ് ഓഫ് റഫറന്‍സില്‍ ഇല്ലാത്ത കാര്യമാണതു്. രണ്ടാമതു്, ലാവലിനുമായി സപ്ലൈ കരാറില്‍ ഏര്‍പ്പെടുന്നതിനു് കേവലം എട്ടുദിവസം മുമ്പാണു് ബാലാനന്ദന്‍ കമിറ്റിയുടെ റിപ്പോര്‍ട്ട് ലഭ്യമാകുന്നതു്. അത്രയും വലുതും സമഗ്രവുമായ റിപ്പോര്‍ട്ട് പഠിച്ചു് മാറ്റം വരുത്തുവാന്‍ ഏറെ സമയം ആവശ്യമായിരുന്നു. പദ്ധതിയുമായി മുമ്പോട്ടുപോകാനുള്ള തീരുമാനം അതിനുമുമ്പു ബോര്‍ഡ് തലത്തില്‍ എടുത്തുകഴിഞ്ഞിരുന്നു.
വ്യവസായങ്ങള്‍ക്കു് 100% വരെയും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു് ആറുമണിക്കൂര്‍ വരെയും പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്ന കാലമാണതു്. സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതക്ഷാമം പരിഹരിക്കുന്നതിനാണു് മന്ത്രിസഭയും പാര്‍ട്ടിയും മുന്‍ഗണന നല്‍കിയതു്.
കാര്‍ത്തികേയന്‍ ലാവലിനുമായി ഏര്‍പ്പെടുത്തിയ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ നല്‍കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. എന്നിട്ടുകൂടി അതിനുള്ള സാധ്യത ആരായുകയും അതിനെതിരായ നിയമോപദേശം ലഭിക്കുകയും ചെയ്തു. ഈ നിയമോപദേശം ലഭിക്കാനിടയായ സാഹചര്യം നേര്യമംഗലം പ്രോജക്റ്റിന്റെ ആര്‍ബിട്രേഷനില്‍ ഏറ്റ തിരിച്ചടിയായിരുന്നു. അക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടു്.
കരാര്‍ മുമ്പോട്ടുകൊണ്ടുപോകാനുള്ള തീരുമാനം മന്ത്രിതലത്തിലോ മന്ത്രിസഭയില്‍ മാത്രമായോ എടുത്തതല്ല. സിപിഐ(എം) സംസ്ഥാനനേതൃത്വം ആലോചിച്ചുതന്നെയാണു് ആ തീരുമാനം കൈക്കൊണ്ടതു്. ആ തീരുമാനം എടുത്ത കമ്മിറ്റിയില്‍ അന്നു് പിബി അംഗങ്ങളായിരുന്ന ഇഎംഎസ്, ഇ ബാലാനന്ദന്‍, വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍ എന്നിവരും അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനും ഉണ്ടായിരുന്നു. അതായതു് ആ തീരുമാനത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി പിണറായി വിജയന്‍ തനിച്ചല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നാകെയാണു്. പിണറായി വിജയന്‍ അന്നു് പിബിയിലോ സിസിയിലോ ഉണ്ടായിരുന്നില്ല. നാലു പിബി അംഗങ്ങളേയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളേയും മന്ത്രിസഭയേയും പരിപൂര്‍ണ്ണമായി തെറ്റിദ്ധരിപ്പിച്ചു് പാര്‍ട്ടിയില്‍ ജൂണിയറായ പിണറായി വിജയന്‍ ഈ പദ്ധതിയുമായി മുമ്പോട്ടുപോയി എന്ന ആരോപണം യുക്തിസഹമല്ല.
യുഡിഎഫിന്റെ കാലത്തു് 117 മെഗാവാട്ട് വൈദ്യുതി മാത്രം ഉത്പാദിപ്പിച്ചിരുന്നിടത്തുനിന്നു് എല്‍ഡിഎഫ് ഭരണകാലത്തു് ഉത്പാദനം 1000 മെഗാവാട്ട് കവിയുന്നതിലേക്കു് എത്തിയതു് ഈ തീരുമാനത്തിന്റെ കൂടി ഗുണഫലമായാണു്. അല്ലാതെ ആര്‍ബിട്രേഷനു പോയിരുന്നെങ്കില്‍ പദ്ധതി അനന്തമായി വൈകുകയും സംസ്ഥാനം വൈദ്യുതിക്ഷാമത്തില്‍ വലയുകയും ചെയ്യുമായിരുന്നു. ഇക്കാര്യത്തില്‍ വൈദ്യുതമന്ത്രിയായിരുന്ന പിണറായി വിജയന്‍ അനാവശ്യ തിടുക്കംകാട്ടി എന്നാരോപിക്കുന്നവര്‍ വേഗത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇടയാക്കുകവഴി കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിച്ചതു് ഈ തിടുക്കമാണെന്നു് മറക്കുന്നു. പിന്നീടു് നടപ്പാക്കിയ കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിലാവട്ടെ, ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചു് BHELനു് കരാര്‍ നല്‍കുകയാണു്, പിണറായി വിജയന്‍ ചെയ്തതു്. [TOP]
78. അപ്പോള്‍ അഴിമതി തനിക്കുവേണ്ടിയല്ല, പാര്‍ട്ടിക്കുവേണ്ടിയാണു് പിണറായി വിജയന്‍ നടത്തിയതു് എന്നാണോ പറഞ്ഞുവരുന്നതു്?
ഉ: അങ്ങനെ എവിടെപ്പറഞ്ഞു? ലാവലിന്‍ കേസ് സമം പിണറായി വിജയന്റെ അഴിമതി എന്ന ഒരു ചുരുങ്ങിയ വാച്യാര്‍ത്ഥത്തിലേക്കു് കാര്യങ്ങളെ കൊണ്ടെത്തിക്കുവാന്‍ കേരളത്തിലെ വലതുപക്ഷമാദ്ധ്യമങ്ങള്‍ക്കു് കഴിഞ്ഞിട്ടുണ്ടു്. ഈ കേസുമായി ബന്ധപ്പെട്ടു് ഉന്നയിക്കപ്പെട്ട ഏതുതരം ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി സിപിഐ(എം) അവരുടെ വിവിധ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞുവച്ചിട്ടുണ്ടു്. അങ്ങനെ ആരോപണങ്ങളുടെ വിശ്വാസ്യതപോലും തകര്‍ന്നിട്ടുമുണ്ടു്. വരദാചരിയുടെ തലപരിശോധനയുമായി മനോരമ ആരംഭിച്ച ആരോപണപരമ്പരകള്‍ തകര്‍ന്നില്ലാതായതു് ഇതിനൊരുദാഹരണം മാത്രം. ഓരോ പ്രാവശ്യവും തങ്ങളുടെ പരിശ്രമം ദയനീയമായി പരാജയപ്പെടുമ്പോഴും പുതിയൊരാരോപണം നിര്‍മ്മിക്കുകയും അതിനെ പൊതുമണ്ഡലത്തില്‍ നിര്‍ത്തുകയും ഇവര്‍ ചെയ്തുപോരുന്നു. പിണറായി വിജയന്‍ സാമ്പത്തികനേട്ടം കൊയ്തു, ഭാര്യയുടെ പേരില്‍ സിങ്കപ്പൂരില്‍ കമ്പനി തുടങ്ങി, ഉല്ലാസക്കപ്പലില്‍ ഏഴുകടലുകള്‍ ചുറ്റി, തുടങ്ങി എണ്ണമറ്റ സാമ്പത്തിക ആരോപണങ്ങളാണു് വിവാദങ്ങളെ കൊഴിപ്പിക്കുവാന്‍ ക്രൈം വാരികയിലേതുപോലെതന്നെ മനോരമയും മാതൃഭൂമിയും പോലും മത്സരിച്ചു് അച്ചടിച്ചതു്. മൈക്രോസ്കോപ് വച്ചുള്ള അന്വേഷണത്തിനൊടുവില്‍ അത്തരമാരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നു് സിബിഐക്കും പറയേണ്ടിവന്നു. പിണറായി വിജയനു് സാമ്പത്തികനേട്ടം ഒന്നുമുണ്ടായിട്ടില്ലെന്നു് അവര്‍ അസന്നിഗ്ദ്ധമായി കോടതിയിലും പ്രഖ്യാപിച്ചു. പിണറായി വിജയനെതിരെ വ്യക്തിപരമായി ഉന്നയിച്ച ആരോപണങ്ങളുടെ കഴമ്പില്ലായ്മ നൂറുശതമാനം ബോധ്യപ്പെട്ടവര്‍ തന്നെയാണു് അഴിമതി പിണറായി വിജയന്റേതല്ല, പാര്‍ട്ടിയുടേതാണു് എന്നു് പറഞ്ഞുവയ്ക്കുന്നതു്. ആരോപണകര്‍ത്താക്കളുടെ ഉദ്ദേശ്യം ഒന്നുമാത്രം: സംശയത്തിന്റെ പുകമറ മാറാന്‍ അനുവദിക്കാതിരിക്കുക. ഈ ഒരാവശ്യത്തിനുവേണ്ടി absurd ആയ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടു്. ആ ചവറ്റുകൊട്ടയിലേക്കു് തന്നെയാണു് ഈ ആരോപണവും മാറ്റേണ്ടതു്. [TOP]
79. പിണറായി വിജയന്‍ കുറ്റക്കാരനാണെന്നല്ലേ സിബിഐ വാദിക്കുന്നതു്?
കോഴവാങ്ങിയതിനോ സ്വകാര്യലാഭമുണ്ടാക്കിയതിനോ പിണറായി വിജയനെതിരെ തെളിവു ലഭിക്കാത്ത സാഹചര്യത്തില്‍ തലശ്ശേരിയില്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തതു് സ്വാര്‍ത്ഥരാഷ്ട്രീയലാഭത്തിനുവേണ്ടിയായിരുന്നു എന്നാണു് സിബിഐ ഒടുവില്‍ ഉന്നയിക്കുന്ന ആരോപണം. ഇതു തെളിയിക്കാന്‍ ലാവലിന്‍ കമ്പനിയിലെ എക്സിക്യൂട്ടീവ് ക്ലോസ് ട്രെണ്ടിലിനെ വരുത്തണം എന്നാണു് അവര്‍ പറയുന്നതു്. എന്നാല്‍ ഇദ്ദേഹത്തിനു വാറന്റ് എത്തിക്കാന്‍ സിബിഐ ഇതേവരെ തയ്യാറായിട്ടില്ല. കേസ് വിഭജിച്ചുവാദിക്കാനുള്ള പിണറായി വിജയന്റെ ആവശ്യത്തെ ആവര്‍ത്തിച്ചു് പ്രതിരോധിക്കുകയാണു് സിബിഐ ചെയ്തതു്. ഒടുവില്‍ മേല്‍ക്കോടതിവിധി വേണ്ടിവന്നു, കേസ് വിഭജിക്കാന്‍. കേസ് തീര്‍പ്പാക്കി കുറ്റം തെളിയിക്കാനല്ല, മറിച്ചു്, കുറ്റാരോപിതനായി പിണറായി വിജയനെ നിര്‍ത്തുവാനാണു് സിബിഐക്കും മറ്റുചിലര്‍ക്കും താത്പര്യം എന്നുസാരം.
നാട്ടില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുന്നതു് അഴിമതിയാണെങ്കില്‍ പിണറായി വിജയന്‍ അഴിമതിക്കാരനാണു്. പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണു് ഇതു് ചെയ്തതു് എന്നതുകൊണ്ടുതന്നെ, അതില്‍ ഇഎംഎസ്, ഇ കെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍, ഇ ബാലാനന്ദന്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരും പാര്‍ട്ടിയിലെ അന്നത്തെ മറ്റ് സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളും തുല്യപ്രതികളാണു്. പിണറായി വിജയന്റെ മണ്ഡലമായ പയ്യന്നൂരിനുപകരം മുഖ്യമന്ത്രി ഇ കെ നായനാരുടെ മണ്ഡലമായ തലശ്ശേരിയിലാണു് ആശുപത്രി സ്ഥാപിക്കപ്പെട്ടതു്. അതുകൊണ്ടു് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ തീര്‍ച്ചയായും പ്രതിയാണു്. ഇതു് ക്യാബിനറ്റ് തീരുമാനത്തെ തുടര്‍ന്നായതിനാല്‍ നായനാര്‍ മന്ത്രിസഭയിലെ മറ്റു പന്ത്രണ്ടുമന്ത്രിമാരും പ്രതികളാണു്. ഇവര്‍ ചെയ്ത കുറ്റമെന്താണു്? മലബാറിലെ അര്‍ബുദരോഗികള്‍ക്കു് ഒരാശ്രയകേന്ദ്രം തലശ്ശേരിയില്‍ തുറന്നു. ആ കുറ്റത്തിനു് അവര്‍ വിചാരണ നേരിടട്ടെ! [TOP]
80. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതിനെ പിന്നീടു് അദ്ദേഹം നിഷേധിച്ചതു് പാര്‍ട്ടിയുടെ സമ്മര്‍ദ്ദഫലമല്ലേ?
ബാലാനന്ദന്‍ കമ്മിറ്റിയെ നിയോഗിച്ചതു് കേരളത്തിലെ വൈദ്യുതിരംഗത്തെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ചു് റിപ്പോര്‍ട്ട് ചെയ്യാനാണു്. അല്ലാതെ പിഎസ്‌പി പദ്ധതിയെക്കുറിച്ചു് അഭിപ്രായം ആരായാനല്ല. റിപ്പോര്‍ട്ടില്‍ എന്താണു് ശുപാര്‍ശ ചെയ്തിരുന്നതെന്നും എന്നാല്‍ എന്തുകൊണ്ടു് സര്‍ക്കാര്‍ നിയമപരമായി കരാര്‍ തുടരാന്‍ ബാധ്യതപ്പെട്ടിരുന്നുവെന്നും മുകളില്‍ പലതവണ വിശദീകരിച്ചുകഴിഞ്ഞു. ബാലാനന്ദന്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്കു് ശേഷമാണു് പദ്ധതിനിര്‍വ്വഹണവുമായി മുന്നോട്ടുപോയതെന്നും പറഞ്ഞു. അങ്ങനെ വരുമ്പോള്‍ ബാലാനന്ദനടക്കം തീരുമാനിച്ച കാര്യത്തില്‍ അദ്ദേഹത്തിനു് ഉത്തരവാദിത്വമില്ലാതെ വരുന്നില്ലല്ലോ. അതായതു്, തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ അതില്‍ ബാലാനന്ദനും ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടാവും. അങ്ങനെയെങ്കില്‍ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊക്കിപ്പിടിക്കുന്നതില്‍ അസ്വാഭാവികതയുണ്ടു്.
ഇനി കരാറില്‍ നിന്നു പിന്മാറാന്‍ സര്‍ക്കാരിനു് നിയമപരമായി കഴിയില്ലായിരുന്നു എന്നു് ബാലാനന്ദന്‍ പ്രസ്താവിച്ചതു്, പാര്‍ട്ടി അദ്ദേഹത്തെക്കൊണ്ടു വ്യാജമായി പറയിച്ചതാണു് എന്നാണെങ്കില്‍ ബാലാനന്ദന്‍ പാര്‍ട്ടി പറഞ്ഞാല്‍ കള്ളം പറയാന്‍ തയ്യാറാവുന്ന ആളാണു്. അങ്ങനെയാണെങ്കില്‍ കള്ളംപറയാന്‍ മടിയില്ലാത്ത ബാലാനന്ദന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം വിശ്വസനീയമല്ലെന്നു വരും. എന്നാല്‍ നമുക്കറിയാവുന്ന ബാലാനന്ദന്‍ പിബി അംഗമായ വി എസ് അച്യുതാനന്ദനൊപ്പം തനിക്കു് പ്രവര്‍ത്തിക്കാനാവില്ല എന്നു് ഇഎംഎസിനോടു് പറഞ്ഞതായി ആത്മകഥയില്‍ പരസ്യമായി പ്രസ്താവിച്ചയാളാണു്. അതായതു് വേണ്ടിവന്നാല്‍ സിപിഐ(എം) പിബി അംഗങ്ങളെ നിഷേധിക്കാന്‍ മടിയില്ലാത്ത സിഐടിയു അഖിലേന്ത്യ നേതാവായിരുന്നു, അദ്ദേഹം.
അങ്ങനെയുള്ളയാള്‍ വളരെ ജൂണിയറായ, അന്നു് സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്ന പിണറായി വിജയന്‍ തന്റെ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വയ്ക്കാതെ മുക്കുകയും അതിലെ പരാമര്‍ശങ്ങള്‍ക്കു വിരുദ്ധമായി മന്ത്രിസഭയെ തന്നെ കബളിപ്പിച്ചു കരാറുമായി മുന്നോട്ടുപോവുകയും ചെയ്തിട്ടും അതിനെ പിബിയിലോ സിസിയിലോ സംസ്ഥാനകമ്മിറ്റിയിലോ ചോദ്യം ചെയ്യാതിരുന്നു എന്നാണു് വാദമെങ്കില്‍ അതു് ബാലാനന്ദനെ വിലകുറച്ചു കാണുന്നതിനു് തുല്യമാണു്. [TOP]
81. 1997 കാലത്തു് ബാലാനന്ദന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചു് വിഎസിന്റെ അഭിപ്രായം എന്തായിരുന്നു?
1997 ഫെബ്രുവരി 02നാണല്ലോ, ബാലാനന്ദന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു്. അന്നു് പിണറായി വിജയന്‍ സിപിഐ(എം) സംസ്ഥാനസെക്രട്ടേറിയറ്റ് അംഗവും വി എസ് പിബിയംഗവുമാണു്. അന്നു് വിഎസ് ആഗ്രഹിക്കാതെ ഒരു കറിവേപ്പിലപോലും പാര്‍ട്ടിക്കുള്ളില്‍ അനങ്ങാത്ത കാലവുമാണു്. ഇ ബാലാനന്ദന്‍ ‘ഏറെപ്പഠിച്ചു് സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ പിണറായി വിജയന്‍ തന്റെ വ്യക്തിനിഷ്ഠമായ തീരുമാനത്തിനനുകൂലമായി അട്ടിമറിച്ചുവെങ്കില്‍ അതിനെ ചോദ്യംചെയ്യാതിരിക്കാന്‍വണ്ണം അശക്തരായിരുന്നു, പിബി അംഗങ്ങളായ വിഎസും ബാലാനന്ദനും എന്നുകരുതാനാവില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ബാലാനന്ദനോ റിപ്പോര്‍ട്ട് കയ്യില്‍കിട്ടിയ വിഎസോ ഇക്കാര്യം പാര്‍ട്ടിക്കകത്തു് അന്നുന്നയിച്ചിട്ടില്ല. നടപ്പാക്കേണ്ട കാലത്തും സമയത്തും റിപ്പോര്‍ട്ടിനെപ്പറ്റി പറയേണ്ടവേദികളില്‍ പറയാന്‍ ‘മറന്നുപോയി’ എന്നുവേണം നമുക്കനുമാനിക്കാന്‍. ചുരുക്കത്തില്‍ 1997ലെ അച്യുതാനന്ദനു് ബാലാനന്ദന്‍ റിപ്പോര്‍ട്ട് തന്റേതായ കാരണങ്ങളാല്‍ അസ്വീകാര്യമായിരുന്നു. [TOP]
82. ബാലാനന്ദനും വിഎസിനും ഒക്കെ ഇതില്‍ പങ്കുണ്ടോ ഇല്ലയോ എന്നതൊക്കെ പാര്‍ട്ടിക്കാരുടെ കാര്യം. സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നതു്, നിലവാരം കുറഞ്ഞ സാധനങ്ങളാണു് പിഎസ്‌പി പദ്ധതിപ്രകാരം സ്ഥാപിച്ചതു് എന്നാണല്ലോ. അങ്ങനെ ഖജനാവിനു നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം പിണറായിക്കില്ലേ?
ഉ: പാര്‍ട്ടിക്കാരുടെ ആകുലതയല്ല, ചോദ്യകര്‍ത്താവിനുള്ളതെന്നു് ഇപ്പോഴെങ്കിലും തുറന്നുസമ്മതിച്ചതു് നന്നായി. സിഎജിക്കു് ഗുണനിലവാരമളക്കാനുള്ള സാങ്കേതികവിദ്യ എവിടെനിന്നാണു് ലഭിച്ചതു് എന്ന മറുചോദ്യം അവിടെ നില്‍ക്കട്ടെ. സപ്ലൈ കരാര്‍ ഒപ്പുവച്ചയാളല്ല, ഗുണനിലവാരം പരിശോധിക്കുന്നതു്. അതു് ഉദ്യോഗസ്ഥരുടെ കടമയാണു്. ഉദ്യോഗസ്ഥര്‍ അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ അതിനു് കരാര്‍ ഒപ്പിട്ടയാള്‍ കുറ്റക്കാരനാവുന്നില്ല. തന്നെയുമല്ല, പണി പൂര്‍ത്തിയായ ശേഷമാണു് കരാര്‍ തുക നല്‍കുന്നതു്. നിങ്ങള്‍ വീടുപണിയാന്‍ ഏല്‍പ്പിച്ച കരാറുകാരന്‍ നിങ്ങളെ പറ്റിച്ചതായി അറിഞ്ഞാല്‍ നിങ്ങള്‍ കാശുകൊടുക്കുമോ? തുക നല്‍കുംമുമ്പു് സ്ഥാപിക്കപ്പെട്ട സാമഗ്രികളുടെ ഗുണനിലവാരം പരിശോധിച്ചു് ഉറപ്പുവരുത്തേണ്ടതുണ്ടു്. മോശം സാമഗ്രികളാണു് സ്ഥാപിക്കപ്പെട്ടതു് എങ്കില്‍ ഉടനെ നടപടിയെടുക്കണമായിരുന്നു. സപ്ലൈ ചെയ്യപ്പെട്ട ചില ഉപകരണങ്ങള്‍ക്കു് ഫ്രെയിറ്റിനിടയില്‍ ചില്ലറ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അങ്ങനെ സംസ്ഥാന വിദ്യുച്ഛക്തിവകുപ്പു് ചൂണ്ടിക്കാട്ടിയ ഉപകരണങ്ങളെല്ലാം ലാവലിന്‍ കമ്പനി മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതൊക്കെ ഏതൊരു വന്‍കിട കരാറിന്റെയും രീതിയാണു്. [TOP]
83. പണിപൂര്‍ത്തിയായശേഷം ലാവലിനു് കരാറില്‍ പറയുന്ന തുക കൊടുത്തു് ഇടപാടു് തീര്‍ത്തതു് ആരുടെ കാലത്താണു്?
ഉ: ലാവലിനു് കരാര്‍പ്രകാരം കൊടുക്കാനുള്ള തുക കൊടുക്കാന്‍ ഉത്തരവിടുന്നതു് പണി പൂര്‍ത്തിയായ ഘട്ടത്തില്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണു്. എ കെ ആന്റണിയായിരുന്നു, അന്നു മുഖ്യമന്ത്രി. [TOP]
84. ലാവലിനു് പണം കൊടുക്കുംമുന്‍പ് അവര്‍ സ്ഥാപിച്ച സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കിയിരുന്നോ?
ഉ: ആന്റണി രാജിവച്ച ശേഷം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റ കാലത്തു് ഇതേ സംബന്ധിച്ചു് നിയമസഭയില്‍ ചോദ്യമുണ്ടാവുകയും അതിനു് അന്നത്തെ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി പറയുകയും ചെയ്തു. ആ മറുപടിപ്രകാരം ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ചുള്ള സാമഗ്രികള്‍ തന്നെയാണു് സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്. തന്നെയുമല്ല, വീണ്ടും കരാറുകള്‍ ലഭിക്കേണ്ടതുള്ളതിനാല്‍ ഇത്തരം കാര്യങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ സൂക്ഷിച്ചുമാത്രമേ പെരുമാറാനിടയുള്ളൂ. [TOP]
85. അതെന്തായാലും ഇതില്‍ കമ്മിഷന്‍ അടിച്ചുമാറ്റിയിട്ടുണ്ടെന്നുള്ളതു് ഉറപ്പാണു്. അതു കോണ്‍ഗ്രസുകാര്‍ക്കും കിട്ടിക്കാണും. അതാവും രണ്ടുകൂട്ടരും കൂടി ഒത്തുകളിക്കുന്നതു്.
ഉ: വിജിലന്‍സ് അവസാനിപ്പിച്ച കേസ് സിപിഐഎമ്മിനെ വേട്ടയാടുക എന്ന ഉദ്ദേശ്യത്തോടെ വീണ്ടും സിബിഐക്കു് വിട്ടുകൊടുത്തു് അന്വേഷണം പരമാവധി വച്ചുതാമസിപ്പിക്കയും ഓരോ തെരഞ്ഞെടുപ്പുഘട്ടത്തിലും വീണ്ടും ചൂടുപിടിപ്പിക്കുകയും ചെയ്യുന്നതാണോ ഒത്തുകളി? ഈ ഇടപാടില്‍ കമ്മിഷന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനു് എന്തെങ്കിലും തെളിവിന്റെ ലാഞ്ചനയുണ്ടായിരുന്നെങ്കില്‍ സിബിഐ അതെപ്പോഴേ കണ്ടെത്തിയേനെ?
ലാവലിന്‍ publicly listed company ആണു്. ലിസ്റ്റഡ് കമ്പനികള്‍ ചെലവഴിക്കുന്ന ഓരോ നാണയത്തിനും ഓഹരിയുടമകളോടു് കണക്കു് ബോധിപ്പിക്കേണ്ടതുണ്ടു്. ലാവലിന്റെ എല്ലാവര്‍ഷത്തേയും വാര്‍ഷിക ഓഡിറ്റഡ് റിപ്പോര്‍ട്ടും മറ്റും ആര്‍ക്കും ലഭ്യമാണു്. ബിസിനസ് ലഭിക്കാനായി കോഴ കൊടുക്കുന്ന പക്ഷം അതു് കൃത്യമായി business development fund എന്ന ഹെഡില്‍ വിദേശകമ്പനികളെല്ലാം രേഖപ്പെടുത്താറുണ്ടു്. പ്രത്യേകിച്ചു് ഫോറിന്‍ പ്രോജക്റ്റുകള്‍ക്കു് ഇതു് അനുവദനീയമാണു്. 1 മുതല്‍ 4 ശതമാനം വരെയാണു് അന്താരാഷ്ട്രതലത്തില്‍ ഇതിനായി നിയമപരമായി നീക്കിവയ്ക്കാവുന്ന തുക. ബോഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയും ഇസ്രായേല്‍ ആയുധ ഇടപാടില്‍ 600 കോടി രൂപയും ഇങ്ങനെ ഓഡിറ്റഡ് ബാലന്‍സ്ഡ് ഷീറ്റില്‍ ഉള്ളതുകൊണ്ടാണു്, ആ ഇടപാടുകളെ സംബന്ധിച്ചു് അഴിമതിയാരോപണം ഉയര്‍ന്നതു്. ആ പണം എവിടേക്കാണു് ഒഴുകിയതു് എന്നു് കണ്ടെത്തിയാല്‍ മതിയായിരുന്നു. ലാവലിന്‍ ഇടപാടില്‍ അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കട്ടെ. [TOP]
86. ഏതു് പദ്ധതിയെ മാനദണ്ഡമാക്കിയാണെങ്കിലും, പിഎസ്‌പി പദ്ധതിക്കായി 374.5 കോടി രൂപ മുടക്കിയതിനു് ആനുപാതികമായ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല എന്നു് സിഎജി തെളിച്ചു പറയുന്നുണ്ടല്ലോ. അതിനു് ആരെങ്കിലും ഉത്തരവാദിത്വമേല്‍ക്കേണ്ടതല്ലേ?
ഉ: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തന്നെ തന്റെ റിപ്പോര്‍ട്ട് ഹൈലൈറ്റില്‍ ചൂണ്ടിക്കാട്ടുന്നതു്, “the expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the equipment renovated” എന്നാണു്. ഓർക്കുക, കരാറിന്റെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ആനുപാതിക നേട്ടങ്ങൾ ഉണ്ടായില്ല എന്നാണു്. സാങ്കേതിക വിദഗ്ദനല്ലാത്ത പിണറായി എങ്ങിനെ സാങ്കേതിക പ്രശ്നങ്ങൾക്കു് ഉത്തരവാദിയാകും? അതു് ഉറപ്പുവരുത്തേണ്ടതു് ഉദ്യോഗസ്ഥരുടെ ചുമതലയല്ലേ? ചോദ്യകര്‍ത്താവു് വീണ്ടും കുരുക്കിനു ചേര്‍ന്ന കഴുത്തുള്ള ഗോവര്‍ദ്ധനെ അന്വേഷിക്കുകയല്ലേ? പിന്നെ ഈ സാങ്കേതികപ്രശ്നങ്ങള്‍ ഇവയ്ക്കില്ലായിരുന്നുവെന്നു് ആര്യാടന്‍ മുഹമ്മദ് തന്നെ നിയമസഭയില്‍ സമ്മതിച്ചിട്ടുള്ള കാര്യം മുകളില്‍ വ്യക്തമാക്കിയിട്ടുണ്ടു്. അതു് പരിശോധിച്ചശേഷമാണു് കടവൂര്‍ ശിവദാസന്‍ ലാവലിനു് കരാര്‍പ്രകാരമുള്ള പണം കൊടുത്തുതീര്‍ത്തതു്.
തന്നെയുമല്ല, 35 വര്‍ഷത്തിലധികം സ്ഥിരമായി പ്രവര്‍ത്തിക്കേണ്ട ഒരു പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട നേട്ടം ആപേക്ഷികമായോ ആനുപാതികമായോ വിലയിരുത്തുന്നതു് ഇതിന്റെ പകുതിയെങ്കിലും വര്‍ഷം പിന്നിട്ടശേഷമാകേണ്ടതില്ലേ? കേവലം രണ്ടോ മൂന്നോ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി അതെങ്ങനെ ഖണ്ഡിതമായി നിശ്ചയിക്കാനാവും? ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്ധനം ജലം തന്നെയായതിനാല്‍ അതിന്റെ ലഭ്യതയും ലഭിച്ച കാലവര്‍ഷത്തിന്റെ അളവും സഹിച്ച വരള്‍ച്ചയുടെ തോതും എല്ലാം വിലയിരുത്തപ്പെടേണ്ടതല്ലേ? ഇതൊന്നുമില്ലാതെ ആനുപാതികനേട്ടം ലഭിച്ചില്ല എന്ന പരാമര്‍ശം എങ്ങനെ മുഖവിലയ്ക്കെടുക്കണം? [TOP]
87. ലാവലിന്‍ പദ്ധതിയില്‍ എത്രകോടിയുടെ നഷ്ടം ഖജനാവിനു് കണക്കാക്കപ്പെട്ടിട്ടുണ്ടു്?
ഉ: ഇതു് ലാവലിന്‍ പദ്ധതിയല്ല, പിഎസ്‌പി പദ്ധതിയാണു്. ലാവലിനെ തന്നെ ഏര്‍പ്പാടാക്കിയ കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്റ്റിന്റെ നഷ്ടക്കണക്കു് (201 കോടി രൂപ) തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടു്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സി വി പത്മരാജനും ജി കാര്‍ത്തികേയനുമാണു്. പിഎസ്‌പി പദ്ധതി മാത്രമായി കണക്കിലെടുത്താല്‍ സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒഴിവാക്കാമായിരുന്ന മൂന്നു് പ്രശ്നങ്ങളാണു് ഉണ്ടായിട്ടുള്ളതു്. ഒന്നു്, സപ്ലൈക്കരാറില്‍ നിന്നു് കണ്‍സല്‍ട്ടന്‍സി ഫീ തട്ടിക്കിഴിക്കാഞ്ഞതുമൂലമുള്ള 20.31 കോടി രൂപയുടെ നഷ്ടം; രണ്ടു്, കമ്മിറ്റ്മെന്റ് ഫീ, എക്സ്‌പോഷര്‍ ഫീ എന്നിവയില്‍ വകയിരുത്തിയ, ഒഴിവാക്കാനാവുമായിരുന്നു എന്നു സിഎജി അവകാശപ്പെടുന്ന 12.89 കോടി രൂപയുടെ നഷ്ടം; മൂന്നു്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനു് കിട്ടാതെയിരുന്ന 89.32 കോടി രൂപയുടെ നഷ്ടം. ഇവ സഞ്ചിതനഷ്ടമായല്ല, സൂക്ഷിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതു് എന്ന അര്‍ത്ഥത്തിലാണു് പറയുന്നതു്.
അതേസമയം കനേഡിയന്‍ ഉപകരണങ്ങളുടെ വിലയില്‍ കാര്‍ത്തികേയന്റെ കാലത്തു് നിശ്ചയിച്ചിരുന്നതിനേക്കാള്‍ 26.13 കോടിരൂപയുടെ കുറവു് വരുത്താനും കരാര്‍ തീരുംവരെ ഉറപ്പിച്ചവിലകളെല്ലാം പണപ്പെരുപ്പത്തെ ബാധിക്കാതെ അതേ നിലയില്‍ തുടരുമെന്നു് വ്യവസ്ഥപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിനു് സാധിച്ചിരുന്നു. കണ്‍സല്‍ട്ടന്‍സി ഫീസിലും 6.16 കോടിരൂപയുടെ കിഴിവു നേടുകയുണ്ടായി. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിച്ച സഹായം ഇതിനു പുറമേയായിരുന്നു. അതു പൂര്‍ണ്ണമായും ലഭിക്കാതിരുന്നതിനു് കടവൂര്‍ ശിവദാസനും എ കെ ആന്റണിക്കുമാണു് ഉത്തരവാദിത്വം. [TOP]
88. സിഎജി പറയുന്നതു് ശരിയല്ലേ? കണ്‍സല്‍ട്ടന്റായ ലാവലിന്‍ തന്നെ പദ്ധതി നടപ്പാക്കുമ്പോള്‍ പിന്നെ കണ്‍സല്‍ട്ടന്‍സി ഫീ പ്രത്യേകം നല്‍കേണ്ട ആവശ്യമുണ്ടോ?
ഉ: ലാവലിനുമായി ഏര്‍പ്പെട്ട കരാറില്‍ കരാര്‍ തുക എന്നുപറയുന്നതു് കണ്‍സല്‍ട്ടന്‍സി ഫീസും അവര്‍വഴി ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങളുടെ വിലയും പദ്ധതി നിര്‍വ്വഹണത്തില്‍ ചെലവാകുന്ന മറ്റുതുകയും കൂടിയതാണു്. യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തു് സ്ഥാപിക്കുന്ന കരാറുകാരനു് കണ്‍സല്‍ട്ടന്‍സി ഫീ എന്തിനുകൊടുക്കണം എന്ന ചോദ്യമാണു് സിഎജി ഉന്നയിച്ചതു്. ഈ കരാറിന്റെ നാള്‍വഴികള്‍ ഇതിനുമുമ്പു് വിശദമായി പരാമര്‍ശിച്ചിട്ടുണ്ടല്ലോ. 1995ല്‍ ധാരണാപത്രത്തില്‍ തുടങ്ങുകയും പഠനറിപ്പോര്‍ട്ട് തയ്യാറാക്കുകയും വായ്പ ലഭ്യമാക്കുകയും സാധനസാമഗ്രികള്‍ അവയുടെ ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍ നിശ്ചയിച്ചു് വിദേശത്തുനിന്നു് ഇറക്കുമതി ചെയ്തു് പദ്ധതിനിര്‍വ്വഹണം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ജോലിയാണു് ലാവലിനെ ഏല്‍പ്പിച്ചതു്. ഇതിനുള്ള കണ്‍സല്‍ട്ടന്റ് ഫീയാണു് ചര്‍ച്ചാവിഷയം. ഈ ജോലികളെല്ലാം ലാവലിനെ ഏല്‍പ്പിച്ചതു് 1995-96 വര്‍ഷങ്ങളില്‍ ജി കാര്‍ത്തികേയന്റെ കാലത്താണെന്ന വസ്തുത ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുകയാണു്. ലാവലിന്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള പ്രതിഫലം ആയാണു് കണ്‍സല്‍ട്ടന്‍സി ഫീസ് അറിയപ്പെടുന്നതു്. അവര്‍ പദ്ധതിനിര്‍വ്വഹണം നടത്തുമ്പോള്‍ അവര്‍ക്കു് ഈ പ്രതിഫലത്തിനു് അര്‍ഹതയില്ലെന്നു് എങ്ങനെ പറയാനാകും? ഇക്കാര്യമാണു് കെഎസ്ഇബി ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തുതന്നെ (2005-2006) സിഎജിയെ അറിയിച്ചതു്. പദ്ധതി നടത്തിപ്പുകാരന്റെയും അതിനു് സാങ്കേതിക ഉപദേശം നല്‍കുന്നയാളിന്റെയും ഇരട്ടവേഷത്തില്‍ (dual role) ലാവലിന്‍ കെഎസ്ഇബിയുമായി സഹകരിച്ചിരുന്നു എന്നാണു് ആ മറുപടിയുടെ ചുരുക്കം. അങ്ങനെയെങ്കില്‍ ഒരാളെക്കൊണ്ടു് രണ്ടുപ്രത്യേക ജോലികള്‍ ചെയ്യിച്ചാല്‍ അതിനുള്ള ശമ്പളം പ്രത്യേകം പ്രത്യേകം തന്നെ നല്‍കേണ്ടതാണു്. ഇക്കാര്യം കാണാതെയാണു് സിഎജി കണ്‍സല്‍ട്ടന്‍സി ഫീ സംബന്ധിച്ചു് ആരോപണം ആവര്‍ത്തിക്കുന്നതു്. ഇത്തരുണത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ട മറ്റൊരു കാര്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും പന്നിയാര്‍ ജനറേറ്റിങ് സ്റ്റേഷനിലെ പണിയില്‍ ഒരു ജനറേറ്റര്‍ വെട്ടിക്കുറച്ചപ്പോള്‍ അതിനാനുപാതികമായി 1998ല്‍ കണ്‍സല്‍ട്ടന്‍സി ഫീസില്‍ കുറവുവരുത്തി എന്നതാണു്. ഒരു ജനറേറ്റര്‍ സ്ഥാപിക്കുന്ന ജോലി കുറച്ചപ്പോള്‍ അതിനു് ലാവലിന്‍ നല്‍കേണ്ട സേവനവും അതിന്റെ പ്രതിഫലവും ആനുപാതികമായി കുറയ്ക്കപ്പെട്ടുവെന്നു് ചുരുക്കം. അപ്പോള്‍ കണ്‍സല്‍ട്ടന്റ്സ് ഫീയും കരാര്‍ നിര്‍വ്വഹണവും തമ്മിലുള്ള വ്യത്യാസം വ്യക്തമാണല്ലോ.
ലാവലിനു് ഫിക്സ്ഡ് പ്രൈസ് കോണ്ട്രാക്റ്റ് (പദ്ധതിപൂര്‍ത്തീകരണം എത്ര താമസിച്ചാലും ഉപകരണങ്ങള്‍ക്കു് മുന്‍നിശ്ചയിച്ച വിലയില്‍ മാറ്റമുണ്ടാവില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സപ്ലൈക്കരാര്‍) നല്‍കിയപ്പോള്‍ കണ്‍സല്‍ട്ടന്‍സി കരാറിനായി നേരത്തെ നല്‍കിയിരുന്ന 17.8 കോടി രൂപ (പലിശയടക്കം 20.31 കോടി) കുറവുചെയ്യാതെയിരുന്നതാണു് ഒന്നാമത്തെ നഷ്ടമായി പറയുന്നതു്. കണ്‍സല്‍ട്ടന്‍സി കരാര്‍ ഫിക്സ്ഡ് പ്രൈസ് സപ്ലൈ കരാറാക്കുമ്പോള്‍ കണ്‍സല്‍ട്ടന്‍സി ഫീസ് ഒഴിവാക്കണം എന്ന സിഎജിയുടെ വാദത്തിനു് യാതൊരു യുക്തിയുമില്ല. കണ്‍സല്‍ട്ടന്‍സി കരാര്‍ കിട്ടിയ കമ്പനിയും സപ്ലൈ കരാര്‍ കിട്ടിയ കമ്പനിയും രണ്ടായിരുന്നെങ്കില്‍ (അതിനുള്ള സാധ്യത ഉണ്ടായിരുന്നുവെങ്കില്‍) ഈ രണ്ടു ഫീസും പ്രത്യേകം കൊടുക്കേണ്ടിവരുമായിരുന്നു എന്നതില്‍ തര്‍ക്കമില്ലല്ലോ.
കണ്‍സല്‍ട്ടന്റിന്റെ ജോലിയും സപ്ലൈ കരാര്‍ നടപ്പാക്കുന്ന കമ്പനിയുടെ റോളും രണ്ടാണെന്നു് മനസ്സിലാക്കാതെയുള്ള, സിഎജിയുടെ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിലുള്ള പരിമിതിയെ എടുത്തുകാട്ടുന്ന റിമാര്‍ക്കാണിതു്.
വീടുപണിയാന്‍ ഏല്പിക്കുമ്പോള്‍ ആര്‍ക്കിടെക്ചറല്‍ ഡ്രോയിങ്ങിനും പദ്ധതി മേല്‍നോട്ടത്തിനുമായി പ്രത്യേക കരാറും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കരാറും അല്ലേ നല്‍കുന്നതു്? രണ്ടും ചെയ്യുന്നതു് ഒരേ കരാറുകാരനായാല്‍പോലും നിര്‍മ്മാണക്കരാര്‍ നല്‍കി എന്നതുകൊണ്ടു് ആര്‍ക്കിടെക്ചറല്‍ ഫീ നല്‍കാനാവില്ലെന്നു് പറയുമോ? അതുപേക്ഷിക്കാം എന്ന നിലപാടു് കരാറുകാരനെടുക്കാറുണ്ടോ? പുസ്തകം അച്ചടിക്കാന്‍ ഒരു പ്രസില്‍ ഏല്‍പ്പിക്കുമ്പോള്‍ ഡിടിപിയും അവരെക്കൊണ്ടുതന്നെയാണു് ചെയ്യിപ്പിച്ചതെങ്കില്‍ പുസ്തകത്തിന്റെ അച്ചടിക്കരാര്‍ നല്‍കിയതിനാല്‍ ഡേറ്റാ എന്‍ട്രിക്കും ടൈപ്പ് സെറ്റിങ്ങിനുമായി നല്‍കിയ തുക ഒഴിവാക്കണമെന്നു് പറയാനാകുമോ? [TOP]
89. കമ്മിറ്റ്മെന്റ് ഫീയും എക്സ്പോഷര്‍ ഫീയും ഒഴിവാക്കാമായിരുന്നില്ലേ?
ഉ: എക്സ്പോഷര്‍ ഫീ എന്നതു് കരാര്‍ പ്രകാരമുള്ള ലോൺ തിരിച്ചടവിൽ കുടിശ്ശിക വരുത്തുകയാണെങ്കിലുള്ള റിസ്ക് കവർ ചെയ്യുന്നതിന് അന്തർ ദേശീയതലത്തിൽ ഏർപ്പെടുത്തുന്ന ചെറിയൊരു ഫീ ആണ്. ഒരുതരം നോണ്‍ ലൈഫ് ടേം ഇന്‍ഷൂറന്‍സ് പ്രീമിയം എന്നു് വേണമെങ്കില്‍ പറയാം. വായ്പ സ്വീകരിക്കുന്നയാളുടെ സാമ്പത്തികശേഷിയെ ആശ്രയിച്ചാണു് വായ്പാസ്ഥാപനം ക്രെഡിറ്റ് റിസ്ക് കണക്കുകൂട്ടുന്നതു്. കെഎസ്ഇബിയുടെ സാമ്പത്തികാരോഗ്യം ആയിരുന്നു, ഇവിടെ മാനദണ്ഡം. അതിനെ കമ്പോളം എങ്ങനെ കാണുന്നു എന്നതും. അക്കാലത്തു് കെഎസ്ഇബി വലിയ നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന സ്ഥാപനമാണെന്നു് നേരത്തെ പറഞ്ഞിരുന്നല്ലോ.
സി.എ.ജി പറയുന്നതു് കേരള സർക്കാർ 30 കോടിരൂപ ഗ്യാരന്റി നൽകിയതുകൊണ്ടു് എക്സ്‌പോഷര്‍ ഫീ ചർച്ച ചെയ്തു കുറയ്ക്കാനാകുമായിരുന്നു എന്നും അത് ചെയ്തില്ല എന്നുമാണ്. ഇവിടെ ചർച്ചചെയ്തു കുറയ്ക്കാനാകുമായിരുന്നു എന്നത് സിഎജിയുടെ “ആഗ്രഹം” മാത്രമാണു്. ലോൺ കൊടുക്കുന്നവരാണു് ഇതു് ഒഴിവാക്കി കൊടുക്കണമോ എന്നു് തീരുമാനിക്കേണ്ടതു്. അതു് ഉണ്ടായില്ല എന്നതിനാൽ നഷ്ടം വന്നു എന്നു് എങ്ങനെ പറയാനാകും?
ലോണ്‍ ഹോള്‍ഡ് ചെയ്യുന്നതിനുള്ള ഫീസാണു് കമ്മിറ്റ്മെന്റ് ഫീ. അതായതു് വായ്പയ്ക്കു് ധാരണയായ ശേഷം അതു സ്വീകരിക്കുന്ന തീയതി നീണ്ടുപോവുകയോ തിരിച്ചടവിന്റെ തീയതി തെറ്റുകയോ ചെയ്യുന്നതിനുള്ള ഫീ. 1998 ജൂലായിലാണു് പിഎസ്‌പി പദ്ധതിക്കായുള്ള വായ്പ ശരിപ്പെടുത്തുന്നതിനു് SNC Lavalinഉം EDCയും ആയി കരാര്‍ ആവുന്നതു്. ഇവിടെ കെഎസ്ഇബിക്കു വേണ്ടി ലാവലിന്‍ ഇടനില നില്‍ക്കുകയായിരുന്നു. തുടര്‍ന്നു് EDCയും കെഎസ്ഇബിയുമായുള്ള വായ്പാക്കരാര്‍ ഉണ്ടാവുന്നതു് ഓഗസ്റ്റിനുശേഷം മാത്രമാണു്. രണ്ടും തമ്മില്‍ ഒരുമാസത്തിലേറെ time gap ഉണ്ടു്. ലോണ്‍ അപേക്ഷ സ്വീകരിക്കപ്പെട്ട ശേഷമുള്ള ഓരോ ഇന്ററസ്റ്റ് പേമെന്റ് ഡേറ്റിലും നമ്മള്‍ അണ്‍അവെയ്ല്‍ ചെയ്തിരിക്കുന്ന ലോണിന്റെ 0.375% ആണു് കമ്മിറ്റ്മെന്റ് ഫീയായി ഇഡിസിക്കു് നല്‍കേണ്ടിയിരുന്നതു്. വായ്പ കെഎസ്ഇബി സമ്മതിച്ച സമയത്തുതന്നെ എടുത്തിട്ടുണ്ടു്. അതായതു്, KSEBയുടെ ഭാഗത്തുനിന്നു് പേമെന്റ് അണ്‍അവെയ്ല്‍ ചെയ്തിട്ടില്ല എന്നു പറയാം. അതുകൊണ്ടുതന്നെ, ഈയിനത്തില്‍ അധികമായി നല്‍കിയ 1.2 കോടി രൂപ ഒഴിവാക്കാവുമായിരുന്നു എന്നു് സാങ്കേതികമായി വാദിക്കാനാവും.
ഇതു് രണ്ടുകരാറുകള്‍ക്കു് ഇടയിലുള്ള സമയനഷ്ടം മൂലം സംഭവിച്ച ഓപ്പറേഷനല്‍ ഇഷ്യൂവാണു്. അതിന്റെ ഉത്തരവാദിത്വം മന്ത്രിതലത്തിലോ അഡ്മിനിസ്ട്രേറ്റീവ് തലത്തിലോ അല്ല. ഫിനാന്‍ഷ്യല്‍ വിങ് ആണു് ഇക്കാര്യം നോക്കേണ്ടിയിരുന്നതു്. ഇതുതന്നെ, പ്രൊഫഷണല്‍ കെയര്‍ എടുത്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നേ സിഎജി പറയുന്നുള്ളൂ. നഷ്ടമാണെന്നു് തീര്‍ത്തുപറയുന്നില്ല. പ്രൊഫഷണല്‍ കെയര്‍ എടുക്കേണ്ടതു് ഉദ്യോഗസ്ഥതലത്തിലാണു്. [TOP]
90. ജി കാര്‍ത്തികേയന്റെ കാലത്തു് 1996 ഫെബ്രുവരി 24നു് ഒപ്പിട്ട കരാര്‍ അനുസരിച്ചു് മൂന്നുവര്‍ഷത്തിനുള്ളില്‍ പിഎസ്‌പി പ്രോജക്റ്റിനുള്ള സാങ്കേതികസേവനങ്ങള്‍, എഞ്ചിനീയറിങ്, പ്രൊക്യൂര്‍മെന്റ്, സപ്ലൈ, ഉത്പാദനത്തിന്റെയും നടപ്പാക്കലിന്റെയും മേല്‍നോട്ടം എന്നിവ ലാവലിനെ ഏല്‍പ്പിക്കണമെന്നു് വ്യവസ്ഥപ്പെടുത്തിയിരുന്നതായി നിങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ പ്രൊക്യൂര്‍മെന്റിനു് കാനഡയില്‍ പ്രത്യേക ടെന്‍ഡര്‍ വിളിക്കണമെന്നു് ഈ രേഖയില്‍ വ്യവസ്ഥപ്പെടുത്തിയിരുന്നില്ലേ? അതു് ചെയ്യാതിരുന്നതു് നടപടിക്രമത്തിലെ പാളിച്ച (procedural flaw) അല്ലേ?
ഉ: തീര്‍ച്ചയായും അവിടെ നടപടിക്രമത്തില്‍ പാളിച്ച വന്നിട്ടുണ്ടു്. ഈ ഇടപാടിലെ നടപടിക്രമത്തില്‍ വരുന്ന ആദ്യപാളിച്ചയല്ല ഇതു്. ലാവലിനുമായി ധാരണാപത്രം ഒപ്പിട്ട വിവരം തുടര്‍ച്ചയായി ഇരുപതോളം യോഗങ്ങള്‍ കഴിഞ്ഞിട്ടും കെഎസ്ഇ ബോര്‍ഡില്‍ നിന്നു മറച്ചുവച്ചതും പഠനം കൂടാതെ ധാരണാപത്രം ഒപ്പിട്ടതും ഒക്കെ ഇതിനേക്കാള്‍ വലിയ പാളിച്ചയാണു്. എങ്കിലും പിഎസ്‌പി ഇടപാടില്‍ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്തു് നടന്ന കാര്യങ്ങളില്‍ ആരോപിക്കാവുന്ന ഏക പാളിച്ച ഇതുമാത്രമാണു്.
ലാവലിന്‍ കാനഡയില്‍ നിന്നു് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ അതിനോടകം തീരുമാനിക്കപ്പെട്ട ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍ പ്രകാരമുള്ളവ തന്നെയാണോ എന്നു് ഇതിനായി ഓഫര്‍ കൊടുത്ത കമ്പനികളുടെ രേഖകള്‍ പരിശോധിച്ചു് ഉറപ്പുവരുത്തേണ്ട ചുമതല കെഎസ്ഇബിക്കുണ്ടായിരുന്നു. അതിനായി കെഎസ്ഇബി ഒരു സംഘം എഞ്ചിനീയര്‍മാരെ കനഡയിലേക്കു് അയയ്ക്കണമെന്നും അവരും ലാവലിന്‍ കമ്പനിയിലെ വിദഗ്ദ്ധരും ചേര്‍ന്നു് ഇറക്കുമതി ചെയ്യേണ്ട ഉപകരണള്‍ സപ്ലൈ ചെയ്യുന്ന വിവിധ കമ്പനികളുടെ ഓഫറുകള്‍ പരിശോധിച്ചു് നമുക്കാവശ്യമുള്ള ടെക്നിക്കല്‍ സ്പെസിഫിക്കേഷന്‍ ഉറപ്പുവരുത്തണമെന്നും 26-02-1996ലെ കരാറില്‍ വ്യക്തമായി നിഷ്കര്‍ഷിച്ചിട്ടുണ്ടു്. ഈ ആവശ്യത്തിനായി 1999ല്‍ (എസ് ശര്‍മ്മ മന്ത്രിയായ ശേഷം) കെഎസ്ഇബി ഒരു സംഘത്തെ കാനഡയിലേക്കയയ്ക്കുവാന്‍ സര്‍ക്കാരിനോടു് അനുവാദം ചോദിച്ചുവെങ്കിലും അതു് നിരസ്സിക്കപ്പെടുകയുണ്ടായി. സര്‍ക്കാര്‍ അനുമതിയില്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു് വിദേശയാത്രനടത്താന്‍ അനുവാദമില്ല. അപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടതിനാലാണു് പ്രൊക്യുര്‍മെന്റ് പരിശോധിക്കുവാന്‍ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥര്‍ക്കു് അവസരമില്ലാതെ പോയതു് എന്നുകാണാം. അതിനെ തുടര്‍ന്നാണു് ടെന്‍ഡര്‍ ഒഴിവാക്കി Alstomല്‍ നിന്നു് ഉപകരണങ്ങള്‍ വാങ്ങാന്‍ ലാവലിനു് അനുമതി നല്‍കുന്നതു്. ഈ പാളിച്ച ഒഴിവാക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഈ സംഭവം പിണറായി വിജയന്‍ അധികാരമൊഴിഞ്ഞ ശേഷമാണു് ഉണ്ടായതു് എന്നുകൂടി എടുത്തുപറയട്ടെ. [TOP]
91. പിണറായി വിജയന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയോടു് ലാവലിന്‍ കരാര്‍ നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടിരുന്നില്ലേ? അതു് എതിര്‍ത്തതിന്റെ പേരിലല്ലേ, വരദാചാരിയുടെ തല പരിശോധിക്കണം എന്നു മന്ത്രി ഫയലില്‍ എഴുതിയതു്?
ഉ: അല്ല. കരാര്‍ നടപ്പാക്കുവാന്‍ വരദാചാരിയോടു് ആവശ്യപ്പെടേണ്ട ഒരു സാഹചര്യവും പിണറായി വിജയനു് ഉണ്ടായിട്ടില്ല. അത്തരമൊരു ആരോപണം വരദാചാരിയും ഉന്നയിച്ചിട്ടില്ല. 25-01-1997നു് സപ്ലൈ കരാര്‍ കെഎസ്ഇബി ഫുള്‍ ബോര്‍ഡ് അംഗീകരിക്കുമ്പോള്‍ അതില്‍ പങ്കെടുത്ത അംഗമായിരുന്നു, വരദാചാരി. അദ്ദേഹം യാതൊരു തടസ്സവാദവും കരാറുമായി മുന്നോട്ടുപോകുന്നതിനെതിരെ ബോര്‍ഡില്‍ ഉന്നയിച്ചില്ല. ബോര്‍ഡ് ഐക്യകണ്ഠേന ഇക്കാര്യം തീരുമാനിച്ചു. കാര്യങ്ങള്‍ പിന്നീടു് മാറിമറിയുന്നതു് പത്തുവര്‍ഷത്തിനു ശേഷമായിരിക്കും. വരദാചാരി അപ്പോഴേക്കും ബാംഗ്ലൂരില്‍ വിശ്രമജീവിതം നയിക്കുകയാണു്.
1997 കാലത്തുതന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടു് അതാതുഗ്രാമങ്ങളിലെ സഹകരണബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന സഹകരണവകുപ്പിന്റെ ശുപാര്‍ശയില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരി ചില അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സഹകരണബാങ്കുകള്‍ക്കു് വിശ്വാസ്യതയില്ലെന്നു് വരെ അദ്ദേഹമെഴുതി. ഇതിനെതിരെ സഹകരണവകുപ്പുമന്ത്രി കൂടിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്കു് എഴുതിയ കത്തിലാണു് ഇത്തരത്തില്‍ അഭിപ്രായപ്പെട്ട ഉദ്യോഗസ്ഥന്റെ മനോനില പരിശോധിക്കണമെന്നു് പരിഹസിച്ചതു്.
1997 സെപ്തംബര്‍ 11ലെ കേരളകൌമുദി ദിനപ്പത്രത്തിലാണു് ഇതു് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നതു്. പിറ്റേന്നത്തെ മലയാള മനോരമയിലും ഇതു് വാര്‍ത്തയായിരുന്നു. എന്നാല്‍ 2003 മാര്‍ച്ച് 8 ആയപ്പോഴേക്കും ഈ വിഷയം ലാവലിന്‍ ഫയലുമായി ബന്ധപ്പെടുത്തി മനോരമ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ഇതുസംബന്ധിച്ചു് രേഖകളൊന്നും ലഭിച്ചില്ലെങ്കിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വായ്മൊഴിയില്‍ നിന്നു് സംഗതി സത്യമാണെന്ന നിഗമനത്തിലേക്കു് സിബിഐയെപ്പോലും കൊണ്ടുചെന്നെത്തിക്കാന്‍ മനോരമയുടെ ഈ പ്രചാരണത്തിനു കഴിഞ്ഞു. പിന്നീടു് വര്‍ഷങ്ങളോളം ഈ തലപരിശോധനക്കഥ, വിവിധ മാദ്ധ്യമങ്ങളുടെ എഡിറ്റ് പേജ് ലേഖനങ്ങളിലും എഡിറ്റോറിയലിലും അടക്കം സ്ഥാനംപിടിച്ചു.
തന്റെ തലപരിശോധിക്കണമെന്ന പിണറായിയുടെ 97ലെ പരിഹാസത്തിനു് പ്രതികാരമായി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണു് അതുണ്ടായതെന്നു് പത്തുവര്‍ഷത്തിനു ശേഷം 2008ല്‍ വരദാചാരി സിബിഐക്കു് മൊഴികൊടുത്തു. സഹകരണവിഷയത്തില്‍ ഒന്നരപ്പതിറ്റാണ്ടുമുമ്പു് പിണറായി വിജയന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട ആ തല പരിശോധിക്കപ്പെടേണ്ട ഒരു പ്രഹേളികയായി അവശേഷിക്കുന്നു എന്നുചുരുക്കം. [TOP]
92. പ്രൊക്യൂര്‍മെന്റിനു് കാനഡയില്‍ ഇന്റേണല്‍ ടെന്‍ഡര്‍ ചെയ്യണം എന്ന വ്യവസ്ഥ വച്ചതിന്റെ ഉദ്ദേശ്യം കനേഡിയന്‍ കമ്പനിക്കു തന്നെ ടെന്‍ഡര്‍ കിട്ടണമെന്നല്ലായിരുന്നോ? Alstom ഫ്രഞ്ച് കമ്പനിയല്ലേ? അപ്പോള്‍ തന്നെ ക്യാന്‍സര്‍ സെന്ററിന്റെ കാര്യം ഗോപിയായില്ലേ?
ഉ: GE, Seimens എന്നിവ പോലെ ഒരു വമ്പന്‍ ബഹുരാഷ്ട്ര ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണു് ഫ്രാന്‍സ് ആസ്ഥാനമായ Alstom. ഗുണനിലവാരവും സാങ്കേതികമേന്മയും ഉള്ള ഉത്പന്നങ്ങളാണു് അവരുടേതു്. അവരുടെ കനേഡിയന്‍ സബ്സിഡിയറി കാനഡയിലെ കമ്പനി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തു് അവിടെ നികുതിയൊടുക്കി 70 വര്‍ഷമായി കാനഡയില്‍ പ്രവര്‍ത്തിക്കുന്നു. കാനഡയിലെ പ്രധാനപ്പെട്ട എക്വുപ്മെന്റ് മാനുഫാക്ചറിങ് കമ്പനിയാണു് ആള്‍സ്റ്റോം. അതുകൊണ്ടുതന്നെ, അവരില്‍ നിന്നു് പ്രൊക്യൂര്‍ ചെയ്യുന്നതു് സിഡയുടെ നിബന്ധനയ്ക്കു് വിരുദ്ധമാകുന്നില്ല. [TOP]
93. കാര്‍ത്തികേയനുണ്ടാക്കിയ ധാരണപ്രകാരം പ്രൊക്യൂര്‍മെന്റും സപ്ലൈയും കഴിഞ്ഞാല്‍ ഉത്പാദനത്തിന്റെയും നടത്തിപ്പിന്റെയും മേല്‍നോട്ടമല്ലേ, ലാവലിനു കൊടുക്കേണ്ടിയിരുന്നുള്ളൂ? Execution തന്നെ അവരെ ഏല്‍പ്പിക്കേണ്ടതുണ്ടായിരുന്നോ?
ഉ: പണിനടത്താന്‍ ശേഷിയും വൈദഗ്ദ്ധ്യവുമുള്ള വേറെ എത്ര കമ്പനികളുണ്ടായിരുന്നു എന്ന ചോദ്യം പ്രസക്തമല്ലേ? അങ്ങനെയുള്ള മറ്റൊരു കമ്പനിയെ കണ്ടെത്താനുദ്ദേശിച്ചു കാനഡയില്‍ പ്രത്യേക ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നുതന്നെ വയ്ക്കുക. അങ്ങനെ വന്നാലും എത്ര കനേഡിയന്‍ കമ്പനികള്‍ക്കു് കേരളത്തിലേതുപോലെ ഇത്രവലിയ ജലവൈദ്യുതപദ്ധതികള്‍ നടപ്പാക്കി പരിചയമുണ്ടു് എന്ന ചോദ്യം വരുന്നുണ്ടു്. അന്താരാഷ്ട്രതലത്തില്‍ ഇത്തരം പ്രോജക്റ്റുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള കമ്പനികള്‍ വേണം. ഇടുക്കി ജലവൈദ്യുതപദ്ധതി മുതല്‍ എസ്എന്‍സി ലാവലിന്‍ ഇന്ത്യയില്‍ ഇത്തരം പദ്ധതികള്‍ ചെയ്യുന്നുമുണ്ടു്. യുഎസിന്റെയും കാനഡയുടെയും അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തിനു ചുവടെയുള്ള ടണലുകളില്‍ പോയി നോക്കിയാലും കാനഡയിലെ തന്നെ മറ്റ് ഹൈഡല്‍ ഇലക്ട്രിക്‍ പ്രോജക്റ്റുകള്‍ പരിശോധിച്ചാലും അതെല്ലാം ചെയ്തിട്ടുള്ളതു് എസ്എന്‍സി ലാവലിന്‍ തന്നെയാണു്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു എന്നു് പറയാം. [TOP]
94. വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി രാജഗോപാലിന്റെ മരണം കരാര്‍ ഒപ്പിടുന്നതിലുള്ള ഹൃദയവേദനമൂലം ആയിരുന്നില്ലേ?
പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ലാവലിനുമായി 1997 ഫെബ്രുവരി 10നു് അനുബന്ധ കരാര്‍ ഒപ്പിടുന്ന വേളയില്‍ കെഎസ്ഇബിയുടെ ചെയര്‍മാനായിരുന്നു, വി രാജഗോപാല്‍. 1998ല്‍ അദ്ദേഹം പദവിയൊഴിഞ്ഞു. 1999 മാര്‍ച്ചിലാണു് ഇദ്ദേഹം സെക്രട്ടേറിയറ്റിലെ തന്റെ മുറിയില്‍ കുഴഞ്ഞുവീണുമരിക്കുന്നതു്. 98ല്‍ പദവിയൊഴിഞ്ഞ ഒരാള്‍ 97ന്റെ തുടക്കത്തില്‍ ഒപ്പിട്ട കരാറിന്റെ ഹൃദയവേദന മൂലം, 99ല്‍ കുഴഞ്ഞുവീണുമരിച്ചു എന്ന വാദം അതിവിചിത്രമാണു്.
2007 സെപ്റ്റംബര്‍ 12ന്റെ മനോരമയിലെ ഒറ്റക്കോളംവാര്‍ത്തയാണു് ഈ വിവാദം സൃഷ്ടിക്കുന്നതു്. അത്രേ, അറിയുന്നു തുടങ്ങിയ പ്രയോഗങ്ങളില്ലായിരുന്നുവെങ്കില്‍ ഈ കഥയെഴുത്തുകാര്‍ കുഴഞ്ഞുപോയേനെ. മനോരമയുടെ വണ്‍ലൈനറില്‍ തിരക്കഥ പിടിപ്പിക്കുന്നതു് മാതൃഭൂമിയാണു്. രണ്ടാംപക്കം ആറുകോളത്തിലായിരുന്നു മാതൃഭൂമിയുടെ പെരുപ്പീരു്. ‘ലാവലിന്‍ കരാറിനു സമ്മതിപ്പിക്കാന്‍ രാജഗോപാലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി’ എന്നായിരുന്നു വാര്‍ത്ത. ലാവലിനുമായി കരാറിലേര്‍പ്പെടുന്നതില്‍ രാജഗോപാലിനു് വിരുദ്ധാഭിപ്രായമുണ്ടായിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനുവഴങ്ങി ബോര്‍ഡില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന സിദ്ധാര്‍ത്ഥമേനോനും മാത്യു റോയിയും ചേര്‍ന്നു് രാജഗോപാലിനെ നെയ്‌വേലയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ചു് നിലപാടുമാറ്റിച്ചു എന്നുമായിരുന്നു കണ്ടെത്തല്‍. ഇതിനു വഴങ്ങിയെങ്കിലും തിരിച്ചെത്തിയ അദ്ദേഹം സദാസമയവും അസ്വസ്ഥനായിരുന്നു എന്നും ഇക്കാരണങ്ങളാല്‍ രാജഗോപാലിന്റെ ആകസ്മികമരണത്തെക്കുറിച്ചു് അന്വേഷിക്കണമെന്ന ആലോചനയിലാണു് സിബിഐ അന്വേഷണസംഘം എന്നും വാര്‍ത്ത കണ്ടെത്തി.
രണ്ടുവര്‍ഷത്തോളം നീണ്ട ‘അസ്വസ്ഥത’യും അതേത്തുടര്‍ന്നുള്ള ഈ ‘ആകസ്മിക’ മരണവും 2007 സെപ്റ്റംബര്‍ 14ലെ മാതൃഭൂമി എക്സ്‌ക്ലൂസീവായിരുന്നു. അന്വേഷിക്കണമെന്നു് ആലോചിച്ചതേയുള്ളൂ, തൊട്ടുപിറ്റേന്ന് അനുമതിയും കിട്ടി. ‘രാജഗോപാലിന്റെ മരണകാരണവും അന്വേഷിക്കാന്‍ അനുമതി’ എന്ന തലക്കെട്ട് അതേ പത്രത്തില്‍ സെപ്റ്റംബര്‍ 15നു് അച്ചടിമഷി പുരണ്ടു.
വസ്തുതയുടെ നിജസ്ഥിതി ഇനിയെങ്കിലും നാമറിയണം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ, രാജഗോപാല്‍ കെഎസ്ഇബിയുടെ ചെയര്‍മാനായി (കാര്‍ത്തികേയന്റെ കാലത്തു്) അധികാരമേറ്റിരുന്നു. കാര്‍ത്തികേയന്റെ കാലത്തു് ഏര്‍പ്പെട്ട 24-02-1996ലെ കരാറിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു എന്നതാണു് രേഖകള്‍ കൊണ്ടു വ്യക്തമാകുന്നതു്. ചെയര്‍മാനെന്ന നിലയില്‍ രാജഗോപാല്‍ പിണറായി മന്ത്രിയാകുന്നതിനു മുമ്പുതന്നെ ലാവലിനുമായും വായ്പാസ്ഥാപനമായ ഇഡിസിയിലേക്കും നിരവധി കത്തിടപാടുകള്‍ നടത്തിയിരുന്നു. പിണറായി വിജയന്റെ രണ്ടു കാനഡയാത്രയിലും രാജഗോപാല്‍ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. കാനഡയില്‍ ഉന്നതതല സംഘം പോകേണ്ട ആവശ്യകത സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതുതന്നെ രാജഗോപാലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്ള കത്തുമുഖേനയായിരുന്നു. 10-02-1997ലെ സപ്ലൈ കരാര്‍ ഒപ്പിടുന്നതു് രാജഗോപാലാണു്. ലാവലിന്‍ ഉദ്യോഗസ്ഥരുമായി നിരവധി തവണ കെഎസ്ഇബിക്കകത്തെ തന്റെ ചെയര്‍മാന്റെ മുറിയില്‍ അടച്ചിട്ടിരുന്നു് ചര്‍ച്ച ചെയ്തതും രാജഗോപാല്‍ തന്നെയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടു് പിണറായിക്കെതിരെ ഒരാഘോഷമായി മാറ്റുകയാണു് മനോരമയും മാതൃഭൂമിയും ചെയ്തതു്. [TOP]
95. പള്ളിവാസല്‍ – ശെങ്കുളം – പന്നിയാര്‍ പ്രോജക്റ്റിനല്ലേ, പിണറായി വിജയന്റെ കാലത്തു് അനുബന്ധ കരാര്‍ ഒപ്പുവയ്ക്കുന്നതു്. ഇതേ പന്നിയാറിലല്ലേ പെന്‍സ്റ്റോക്‍ പൈപ്പുപൊട്ടി മൂന്നുപേര്‍ മരിക്കുന്നതു്?
ഉ: പന്നിയാര്‍ നിലയത്തിന്റെ നവീകരണത്തില്‍ പെന്‍സ്റ്റോക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അക്കാരണം കൊണ്ടാണു് പന്നിയാര്‍ ദുരന്തമുണ്ടായതെന്നു് പറയുവാന്‍ ഒരു കാരണവശാലും കഴിയില്ല. പെന്‍സ്റ്റോക്‍ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ച അടയ്ക്കുവാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ പൈപ്പുപൊട്ടിയാണു് പന്നിയാര്‍ ദുരന്തമുണ്ടായതു്. വെല്ലില്‍ നിന്നു പെന്‍സ്റ്റോക്കിലേക്കുള്ള ഷട്ടര്‍ മില്ലിമീറ്റര്‍ കണക്കിനു് മെല്ലെ അടയ്ക്കേണ്ടതിനുപകരം പൊടുന്നനെ അടച്ചതുമൂലമാണു് പെട്ടെന്നു് ജലസമ്മര്‍ദ്ദമുയര്‍ന്നു് പൈപ്പ് പൊട്ടുന്നതു്. ഇങ്ങനെ പൊടുന്നനെ ഷട്ടര്‍ താഴ്ത്തിയ ജോസ് എന്ന ഉദ്യോഗസ്ഥന്റെ മൃതശരീരം പോലും ദുരന്തശേഷം കണ്ടെടുക്കാനായില്ല. വാല്‍വ് അടയ്ക്കുന്ന വിവരം മൊബൈലില്‍ മേലുദ്യോഗസ്ഥയുമായി സംസാരിച്ചിരിക്കെയാണു് പൊടുന്നനെ ദുരന്തമുണ്ടാകുന്നതു്. അദ്ദേഹത്തിന്റെ ശരീരം കിണറില്‍ പെട്ട് അരഞ്ഞുപോയിരിക്കണം എന്നാണു് കരുതുന്നതു്. ഇതു് കെഎസ്ഇബിയുടെയും അന്നു് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണത്തില്‍ നിന്നു് വ്യക്തമാണു്. ഈ റിപ്പോര്‍ട്ടുകളില്‍ ഒന്നുംതന്നെ പന്നിയാര്‍ പവര്‍ സ്റ്റേഷനിലെ നവീകരണവും പെന്‍സ്റ്റോക്‍ പൈപ്പ് ദുരന്തവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു് പറഞ്ഞിട്ടില്ല. പള്ളിവാസല്‍ പന്നിയാര്‍ ചെങ്കുളം ജലവൈദ്യുത സ്റ്റേഷനുകളില്‍ ഒരാണി ഇളകിത്തെറിച്ചാലും അതിന്റെ ഉത്തരവാദിത്വം ലാവലിനുണ്ടെന്നു പറയുന്ന ഒരു മാനസികാവസ്ഥയില്‍ നിന്നാണു് ഈ ചോദ്യം തന്നെ ജനിക്കുന്നതു്. നവീകരണത്തിന്റെ തകരാറുകൊണ്ടായിരുന്നെങ്കില്‍ ഇതേ നവീകരണം നടത്തിയ മറ്റുരണ്ടു ജനറേറ്റിങ് സ്റ്റേഷനുകളില്‍ പന്നിയാറിനു സമാനമായ അപകടങ്ങള്‍ എന്തേ ഉണ്ടായില്ല എന്നു പരിശോധിക്കേണ്ടതുണ്ടു്.
ഇനി മൂഴിയാര്‍ പദ്ധതിയുടെ കാര്യമെടുക്കാം. ബാലാനന്ദന്‍ കമ്മിറ്റി ആഗ്രഹിച്ചപ്രകാരം ലഘുവായ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിപ്പോവുകയായിരുന്നു, ഇവിടെ. എന്നാല്‍ പിന്നീടു് ഇവിടത്തെ പവര്‍ ജനറേറ്ററുകള്‍ തകരാറിലാവുകയും ഇവിടെ നിന്നുള്ള ഊര്‍ജ്ജോത്പാദനം പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു. ബാലാനന്ദന്‍ കമ്മിറ്റിയുടെ പഠനം പോലെയല്ല, യാഥാര്‍ത്ഥ്യം എന്നുകൂടി വ്യക്തമാക്കുന്നുണ്ടു്, ഈ അപകടങ്ങള്‍. [TOP]
96. പന്നിയാര്‍ പെന്‍സ്റ്റോക്‍ ദുരന്തം അട്ടിമറിയായിരുന്നില്ലേ?
2007 സെപ്റ്റംബര്‍ 18നാണു് പന്നിയാറില്‍ പെന്‍സ്റ്റോക്‍ പൈപ്പ് പൊട്ടി മൂന്നുപേര്‍ മരിച്ചതു്. മാതൃഭൂമിയാണു് ഈ അപകടത്തെ ലാവലിന്‍ കരാറുമായി ബന്ധപ്പെടുത്തി ആദ്യം വാര്‍ത്ത ചമയ്ക്കുന്നതു്. ‘പന്നിയാര്‍ പൈപ്പ് പൊട്ടല്‍ : സിബിഐ അന്വേഷണ സംഘമെത്തും’ എന്ന ഒറ്റക്കോളം വാര്‍ത്തയില്‍ (2007 സെപ്റ്റംബര്‍ 20) ‘അപ്രതീക്ഷിതമായ ദുരന്തത്തിനുപിന്നില്‍ ദുരൂഹതയുണ്ടായിരുന്നുവെന്നാണ് സിബിഐ സംശയിക്കുന്നത്’ എന്ന വാചകമായിരുന്നു, പഞ്ച് ലൈന്‍.
സെപ്റ്റംബര്‍ 22ന്റെ മലയാള മനോരമയില്‍ ഇതു് എട്ടുകോളം തലക്കെട്ടായി. ‘പന്നിയാര്‍ ദുരന്തം അട്ടിമറി?’ എന്ന ചോദ്യക്കൊളുത്തോടെ വന്ന ബഹുവര്‍ണത്തലക്കെട്ടിനു ചുവടെ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വൈദ്യുതിയന്ത്രങ്ങളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കാന്‍ സിബിഐ തയ്യാറെടുക്കെ തെളിവുനശിപ്പിക്കാന്‍ ചില നിഗൂഢശക്തികള്‍ നടത്തിയ അട്ടിമറിയാണു് പന്നിയാര്‍ ദുരന്തം എന്നായിരുന്നു, വ്യാഖ്യാനം.
2007 നവംബര്‍ 15-30 ലക്കം ക്രൈമിന്റെ കവര്‍ സ്റ്റോറിയും ഈ വിഷയമായിരുന്നു. ‘പന്നിയാര്‍ ദുരന്തം: പിണറായിക്കും ലാവലിനുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം’ എന്നായിരുന്നു ക്രൈമിന്റെ ആവശ്യം. ലാവലിന്‍ കരാറനുസരിച്ചു നടന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത മൂലമാണു് പെന്‍സ്റ്റോക്ക് പൊട്ടി ദുരന്തമുണ്ടായതെന്നായിരുന്നു വാരികയുടെ കണ്ടെത്തല്‍. ഉപയോഗശൂന്യമായ ഉപകരണങ്ങളുപയോഗിച്ചു എന്നു് വാരികയിലെ വൈദ്യുതിവിദഗ്ദ്ധന്‍ അസന്ദിഗ്ദ്ധമായ പ്രഖ്യാപിച്ചു.
എന്നാല്‍ പന്നിയാര്‍ അപകടം അന്വേഷണം അട്ടിമറിക്കാനായി ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്ന നിരീക്ഷണമോ സൂചനയോ സംശയമോ പോലും സിബിഐ അന്വേഷണറിപ്പോര്‍ട്ടില്‍ ഇല്ല. പിഎസ്‌പി നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചതു് കാലഹരണപ്പെട്ട ഉപകരണങ്ങളാണു് എന്ന കണ്ടെത്തലും സിബിഐ അന്വേഷണം അവശേഷിപ്പിക്കുന്നില്ല. സിബിഐയുടെ അന്തിമറിപ്പോര്‍ട്ടിനു ശേഷം ഈ അട്ടിമറിക്കഥയും, മറ്റുപല കഥകളും പോലെ അനാഥമായി. [TOP]
97. കാര്യമൊക്കെ ശരി. കമ്മ്യൂണിസ്റ്റ് തത്വമെന്നു് പറയുന്നതു്, പാര്‍ട്ടിയാണു് പ്രധാനമെന്നല്ലേ? പിണറായി വിജയനെക്കാള്‍ പ്രധാനം പാര്‍ട്ടിതന്നെയല്ലേ? അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും വിശദീകരണത്തിന്റെ ആവശ്യമുണ്ടായിരുന്നോ?
ഉ: വാസ്തവത്തില്‍ പിണറായി വിജയന്‍ സിപിഐ(എം) സെക്രട്ടറിയായതുകൊണ്ടു മാത്രമാണു് ഈ വിധം മാദ്ധ്യമവേട്ടയാടലുകള്‍ക്കു് വിധേയനാകേണ്ടിവന്നതു്. ഇതിനുമുമ്പു് ഇഎംഎസിനെതിരെയും അഴീക്കോടന്‍ രാഘവനെതിരെയും ഒക്കെ ഇത്തരം ആരോപണങ്ങളുയരുകയും അവയൊക്കെ പില്‍ക്കാലത്തു് ശരിയല്ലെന്നു് തെളിയുകയും ചെയ്തതാണു്. അഴീക്കോടന്‍ രാഘവന്റെ മരണശേഷം മാത്രമാണു്, അദ്ദേഹത്തിനെതിരായ ആരോപണങ്ങളിലെ പൊള്ളത്തരം വെളിപ്പെടുന്നതു്. അതിനെയൊക്കെ കടത്തിവെട്ടുന്ന നെറികെട്ട മാദ്ധ്യമവേട്ടയാണു് പിണറായി വിജയനെതിരെ നടന്നതു്.
പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തുനിന്നു് മാറ്റുക എന്ന മലപ്പുറം സമ്മേളനത്തോടുകൂടി ഒഴിഞ്ഞുപോയ സ്വപ്നം വികലമായ ആരോപണങ്ങളിലൂടെ പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നു, പില്‍ക്കാലത്തു്. ഇതിന്റെ ഭാഗമായിട്ടുതന്നെവേണം ലാവലിന്‍ ആരോപണങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ പാര്‍ട്ടിസ്ഥാനം ഒഴിയേണ്ടതല്ലേ എന്ന വാദവും ഉയര്‍ന്നുവന്നതു്. തികച്ചും പാര്‍ട്ടി വിഭാവനം ചെയ്യുന്ന ജനാധിപത്യക്രമത്തിനും അതിന്റെ ഭരണഘടനയ്ക്കും അനുസരിച്ചു് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരുതുടരണം, ആരു തുടരരുതു് എന്നു നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം ചിലര്‍ക്കുണ്ടു് എന്ന ധാര്‍ഷ്ഠ്യത്തിലാണു് ഈ വാദം ഉന്നയിക്കപ്പെടുന്നതു്. അത്തരമൊരു കീഴടങ്ങലിനു് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു കഴിയുകയില്ല. അതുകൊണ്ടുതന്നെ ഈ ഇടപെടലുകളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനമാണു് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി സ്വീകരിച്ചതു്.
ഈ ആരോപണം ഉയര്‍ന്നതിനുശേഷം ഇതെഴുതുന്ന ഓഗസ്റ്റ് 2013 വരെ പിണറായി വിജയന്‍ ഏതെങ്കിലും ജനപ്രതിനിധിസഭയിലേക്കു് മത്സരിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെ കാര്യപ്രാപ്തിയും ജനസമ്മതിയും ഉള്ള ഒരു നേതാവിനെ ദീര്‍ഘകാലം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു് ഒഴിച്ചുനിര്‍ത്തുന്നതുപോലും ഒരുപക്ഷെ അദ്ദേഹത്തിനെ അകാരണമായി ശിക്ഷിക്കുന്നതിനു തുല്യമായ നടപടിയായി പാര്‍ട്ടിക്കുപുറത്തുള്ളവര്‍ കണക്കുകൂട്ടിയേക്കാം. എന്നാല്‍ സിപിഐ(എം)നെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും പാര്‍ലമെന്ററി സ്ഥാനത്തേക്കാളും വിലപ്പെട്ട പാര്‍ട്ടി സെക്രട്ടറിയാണു് അദ്ദേഹം.
ഒരു പാര്‍ട്ടിയുടെ സെക്രട്ടറി ആരെന്നു തീരുമാനിക്കുന്നതു് ആ പാര്‍ട്ടിയാണു്. എന്നാല്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ഇടപെടാനുള്ള ശ്രമമാണു് പാര്‍ട്ടി സ്നേഹികളെന്നു് സ്വയം അവകാശപ്പെട്ട ഒരു വിഭാഗം നടത്തിയതു്. സിപിഐ(എം)ല്‍ ഉണ്ടായ വിഭാഗീയതയില്‍ ഒരു പക്ഷം പിടിച്ചു് അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്നു് മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കാനുള്ള പരിശ്രമമായിരുന്നു അവരുടേതു്.
ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ വിജിലന്‍സ് അന്വേഷിച്ചു് തെളിവില്ലെന്നു പറഞ്ഞു് തള്ളിയ കേസാണു് വീണ്ടും സിബിഐയെ ഏല്‍പ്പിച്ചു് പിണറായിവേട്ട തുടങ്ങിയതെന്നോര്‍ക്കുക. സിബിഐ അന്വേഷണത്തിന്റെ കാലപരിധി 1995 മുതല്‍ 2003 വരെ ആണെന്നിരിക്കെ രാഷ്ട്രീയ പകപോക്കലിനായി 1998വരെയാക്കി പരിമിതപ്പെടുത്തിയതുതന്നെ, ഈ ഏകപക്ഷീയവേട്ടയ്ക്കു് തെളിവാണു്. ഇത്തരം കുത്സിതനീക്കങ്ങള്‍ക്കു് വഴങ്ങിക്കൊടുത്താല്‍ മേലിലും ഇതു് ഒരു താപ്പായിക്കരുതി പാര്‍ട്ടിക്കെതിരായ ആക്രമണത്തിനു പകരം പാര്‍ട്ടി സെക്രട്ടറിയ ആക്രമിച്ചു് വിശ്വാസ്യത തകര്‍ക്കുക എന്ന രീതി പാര്‍ട്ടി ശത്രുക്കള്‍ തുടര്‍ച്ചയായി അവലംബിക്കാന്‍ ഇടയാക്കും. പാര്‍ട്ടിക്കു് അദ്ദേഹത്തിലുള്ള വിശ്വാസമാണു്, ആരോപണശേഷവും അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നതിനു് കാരണമെന്നു് അവര്‍ കൂടി മനസ്സിലാക്കേണ്ടതുണ്ടു്. [TOP]
98. പാര്‍ട്ടിക്കുള്ളില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ പുറത്തിട്ടു് അലക്കുന്നതിലൂടെ നിങ്ങള്‍ വിഭാഗീയപ്രവര്‍ത്തനമല്ലേ ചെയ്യുന്നതു്?
ഉ: ഏകപക്ഷീയമായ മാദ്ധ്യമവിചാരണയാണു് ഇത്രയും കാലം ഈ കേസില്‍ നടന്നതു്. എപ്പോഴും ഒരുഭാഗം മാത്രമാണു് പുറത്തുവരുന്നതു്. പരസ്യപ്രസ്താവനകള്‍ക്കും വിവിധ വാരികകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ പാര്‍ട്ടിക്കോ ആരോപണവിധേയനായ സംസ്ഥാനസെക്രട്ടറിക്കോ കഴിയാറില്ല. പിണറായി വിജയനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും മറുപടി പറയുമ്പോള്‍ വളരെ സൂക്ഷിക്കണം. കേസില്‍ തന്റെ ഭാഗം മാത്രം നോക്കിയാല്‍ പോര, പകരം തനിക്കു ശേഷം മന്ത്രിയായ എസ് ശര്‍മ്മയേയും സംരക്ഷിക്കണം. ബാലാനന്ദനെ തള്ളിപ്പറയാതെ നോക്കണം. പാര്‍ട്ടിയെ സംരക്ഷിക്കണം. വി എസിന്റെ ഒളിയമ്പുകളേല്‍ക്കണം. ഇതിനുപുറമേയാണു് വലതുപക്ഷത്തുനിന്നുമുള്ള ആക്രമണങ്ങള്‍. ഈ സാഹചര്യത്തില്‍ മൂന്നാംകക്ഷി എന്ന നിലയില്‍ അഭിപ്രായം പറയുന്നതു് വിഭാഗീയതയെ ഏതെങ്കിലും വിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നുവെങ്കില്‍ അതു് ഉദ്ദേശിച്ചിട്ടില്ല. ഇനി സത്യം തുറന്നുപറയുന്നതുകൊണ്ടു് ആളിക്കത്തുന്നതാണു് വിഭാഗീയതയെങ്കില്‍, ആ വിഭാഗീയതയില്‍ വെന്തുവെണ്ണീറാകാനുള്ളതേയുള്ളൂ, പാര്‍ട്ടിയെങ്കില്‍ , ആ തുമ്മിയാല്‍ തെറിക്കുന്ന മൂക്കങ്ങോട്ടു് തെറിക്കട്ടെ. [TOP]
99. നിങ്ങളപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ അനുമതിയോടെയാണല്ലേ, ഇതെഴുതുന്നതു്? ഇതിനെന്തുതന്നു?
ഉ: പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു മൂന്നാംകക്ഷിക്കു് അഭിപ്രായം പറയണമെങ്കില്‍ അതിനു പാര്‍ട്ടിയിലെ ഏതെങ്കിലും വിഭാഗത്തിന്റെയോ തലതൊട്ടപ്പന്റെയോ അനുമതിയും ആശീര്‍വാദവും വേണമെന്നു് അറിയില്ലായിരുന്നു. ഇനി അറിഞ്ഞാലും അതിനു് അപേക്ഷവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്തെങ്കിലും പ്രതിഫലം വാങ്ങി ഇക്കാര്യങ്ങളൊക്കെ ചെയ്തിരുന്നതുകൊണ്ടാവാം, എന്തുതന്നു എന്ന ചോദ്യം. നൂറേക്കറിനകത്തു് ഒരു വലിയ ബംഗ്ലാവു്. ബംഗ്ലാവിനു ചുറ്റും കിടങ്ങ്. കിടങ്ങില്‍ നിറയെ മുതലക്കുഞ്ഞുങ്ങള്‍. ഒന്നു നില്‍ക്കണേ, അതുങ്ങള്‍ക്കു് വിശക്കും. പോയി തീറ്റകൊടുത്തിട്ടുവരട്ടെ. [TOP]
100. എങ്കിലും സത്യം പറ. പിണറായി വിജയന്‍ ഇതില്‍ നിന്നു് എത്രകോടി പിടുങ്ങി?
ഉ: *&^%$#@! [TOP]
_
(നന്ദി: ഈ ചോദ്യോത്തരം തയ്യാറാക്കുന്നതിനായി മുമ്പു് പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളും ബ്ലോഗ് പോസ്റ്റുകളും ഡോ. തോമസ് ഐസക് എഴുതിയ ഇനിയെന്തു ലാവ്‌ലിന്‍ എന്ന പുസ്തകവും കിരണ്‍ തോമസ്, മാരീചന്‍, നൊടിച്ചില്‍, വിനോദ് നാരായണന്‍, എന്നീ സുഹൃത്തുക്കളുടെ ഫേസ്ബുക്‍ പോസ്റ്റുകളും സഹായകമായിട്ടുണ്ടു്.)
സെബിന്‍ ഏബ്രഹാം ജേക്കബ്
________________________________
0 Comments