പ്രളയബാധിതരെ സഹായിക്കാൻ മുസ്ലിംലീഗ്‌ സംസ്ഥാന കമ്മിറ്റി പിരിച്ച തുക അക്കൗണ്ടിൽ എത്തിയില്ല. കോടിക്കണക്കിന്‌ രൂപ പിരിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇക്കാലയളവിൽ എത്തിയത്‌ 2.75 കോടിമാത്രം. ഈ തുക എങ്ങനെ വിനിയോഗിച്ചെന്ന കാര്യത്തിലും വ്യക്തതയില്ല. കത്വ–- ഉന്നാവോ  ഫണ്ട്‌ വിവാദത്തിൽ മുസ്ലിം യൂത്ത്‌ ലീഗിൽ വിവാദം പുകയുന്നതിനിടയിലാണ്‌ ലീഗിന്റെ പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവരുന്നത്‌.

2018 ലെ പ്രളയബാധിതരെ സഹായിക്കാനാണ്‌ ലീഗ്‌ ഫണ്ട്‌ പിരിച്ചത്‌. ആഗസ്‌ത്‌ 17 മുതൽ 22 വരെയായിരുന്നു  പിരിവ്‌.  അക്കൗണ്ടിൽ 2018 ആഗസ്‌ത്‌ 17ന്‌ ഒരുലക്ഷം രൂപയാണ്‌ ഉണ്ടായിരുന്നത്‌. സെപ്‌തംബർ അഞ്ചിന്‌ 1.59 കോടി സ്ഥിര നിക്ഷേപമായി എത്തി. 20ന്‌ 1.16 കോടിയും. ആകെ 2.75 കോടി രൂപയാണ്‌ ഇക്കാലയളവിൽ അക്കൗണ്ടിൽ എത്തിയത്‌. ബാക്കി തുക എവിടെ നിക്ഷേപിച്ചു എന്നത്‌ ദുരൂഹമാണ്‌. 

സംസ്ഥാന കമ്മിറ്റി  ഫണ്ട്‌ പിരിവിന്‌ അഖിലേന്ത്യാ നേതൃത്വവും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്‌ ഘടകംമാത്രം 1.27 കോടി രൂപ ‌ നൽകി‌. സംസ്ഥാനത്ത്‌ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിലും കോടികൾ പിരിച്ചു. കെഎംസിസി നേതൃത്വത്തിൽ വിദേശത്തും പണപ്പിരിവ്‌ നടത്തി. ലീഗ്‌ ജനപ്രതിനിധികൾ ഒരുമാസത്തെ ഓണറേറിയത്തിന്റെ പകുതി അക്കൗണ്ടിൽ നൽകാനും ആഹ്വാനമുണ്ടായിരുന്നു. മലപ്പുറം ജില്ലയിൽമാത്രം ആയിരത്തഞ്ഞൂറോളം ജനപ്രതിനിധികൾ ലീഗിനുണ്ട്‌.

ഇവരുടെ വിഹിതംമാത്രം 75 ലക്ഷം രൂപവരും. എന്നാൽ, ഈ തുകയൊന്നും അക്കൗണ്ടിലെത്തിയിട്ടില്ലെന്ന്‌ വ്യക്തം. അക്കൗണ്ടിലെത്തിയ 2.75 കോടി എങ്ങനെ വിനിയോഗിച്ചു എന്നതിലും വ്യക്തതയില്ല. പ്രളയബാധിതർക്ക്‌ ബാങ്കുകൾവഴി നേരിട്ട്‌ പണം കൈമാറിയെന്നാണ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ അവകാശപ്പെട്ടത്‌‌. ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ ഇത്തരത്തിൽ വ്യക്തിഗത ഇടപാടുകൾ നടന്നിട്ടില്ലെന്നാണ്‌ അറിയുന്നത്‌. മരണവും ദുരന്തവും ബാധിച്ച മേഖലയിൽ ഒരാൾക്കുപോലും ലീഗിന്റെ പണം ലഭിച്ചിട്ടില്ല.  കാര്യമായ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളും നടന്നിട്ടില്ല.  ഫണ്ട്‌ ശേഖരണവുമായി ബന്ധപ്പെട്ട്‌‌ നിരവധി തെളിവുകൾ പുറത്തുവന്നിട്ടും കണക്കുകൾ വ്യക്തമാക്കാനോ വിശദീകരണം നൽകാനോ ലീഗ്‌ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.
Read more: https://www.deshabhimani.com/news/kerala/muslim-league-flood-relief-scam/926646

Floodfraud, flood_scam, IUML


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *